ഞാനും പൂജയും കാര്യമറിയാതെ സൂരജിനെ നോക്കി.
സൂരജ് : ” പൂജ പോകാൻ വരട്ടെ…… ഈ പ്രശ്നം അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല ”
പൂജ : ” പ്രശ്നമോ എന്ത് പ്രശ്നം. ഒരു പ്രശ്നവും ഇല്ല. താക്കോൽ താ ഞാൻ പോട്ടെ പെട്ടെന്ന് ”
സത്യത്തിൽ ഈ സൂരജിന് പൂജയോട് ചെറിയ ഇഷ്ടം ഒക്കെ ഉണ്ട്. ആശാൻ ഗോൾ അടിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ കേറി സ്കോർ ചെയ്യാൻ നോക്കുകയാണ്.
സൂരജ് : ” അതല്ല പൂജ. ഇവന്റെ കയ്യിലിരുപ്പ് അങ്ങനെ വെറുതെ വിടാമോ. ചുമ്മാ പെൺപിള്ളേരെ കുറിച്ച് വേണ്ടാത്തതൊക്കെ ബുക്കിൽ എഴുതി വയ്ക്കുക. പിന്നെ അത് പ്രചരിപ്പിക്കുക. ”
ചുറ്റും വലിയ ആൾക്കൂട്ടമായി.
പൂജ വളരെ ശബ്ദം താഴ്ത്തി സൂരജിന് കേൾക്കാൻ മാത്രം പാകത്തിൽ പറഞ്ഞു : ” പ്ലീസ് അധികം ആരുടേയും ചെവിയിൽ റൂമർ എത്തിയിട്ടില്ല. എന്നെ ഒന്ന് പോകാൻ അനുവദിക്ക് ”
സൂരജ് വിടുവോ.
സൂരജ് : ” സുഹൃത്തുക്കളെ. മണ്ടൻ പരമു പൂജയോട് പരസ്യമായി മാപ്പ് പറയണം. അല്ലാതെ ഇവനെ വെറുതെ വിട്ടാൽ പറ്റില്ല. ”
സൂരജിന്റെ മൂഡ് താങ്ങുന്ന കൊറേ എണ്ണം അന്നേരം കയ്യടിച്ചു വിസിലടിച്ചു അതങ്ങ് മാസ്സ് ആക്കി.
പണ്ടാരം
സത്യത്തിൽ പൂജയോട് പരസ്യമായി മാപ്പ് പറയാൻ എനിക്ക് ഒരു മടിയുമില്ല. പക്ഷെ ഈ അലവലാതി ഇത്രയും പട്ടി ഷോ കാണിച്ചത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല.
ഞാൻ : ” മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഇതിനൊക്കെ വിധി പറയാൻ ഇവനാരാ. പൂജയ്ക്ക് പ്രോബ്ലം ഉണ്ടെങ്കിൽ അത് ഞങ്ങൾ തമ്മിൽ തീർത്തോളാം ”
അത് ആരും പ്രതീക്ഷിച്ചില്ല. എന്റെ വായിൽ നിന്ന് അങ്ങനെ ഒരു ഡയലോഗ് വരുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിക്കില്ല. സൂരജ് അടക്കം എല്ലാവരും ഒന്ന് ഞെട്ടി.
ഒരുത്തൻ : ” വിധി പറയാൻ സൂരജ് ആരാണെന്നോ. എടാ ഇവിടെ സൂരജിനെ പോലെ വേറെ ആരാ ഉള്ളെ. ഈ മണ്ടൻ പരമു മര്യാദക്ക് മാപ്പ് പറഞ്ഞിട്ട് പോടാ ”
ഒരുത്തൻ : ” അത് തന്നെ. മാപ്പ് പറയടാ ”
ഒരുത്തൻ : ” പക്ഷെ അളിയൻമാരെ….. പരമു ഇത്രയും കോൺഫിഡൻസ് ഒക്കെ ഇട്ട് മാപ്പ് പറയില്ല എന്നൊക്കെ പറയുന്നു. പൂജ ആണേൽ മിണ്ടുന്നുമില്ല. ഇനിയിപ്പോ ഇവർ തമ്മിൽ ശെരിക്കും പ്രണയമാണോ? ”
അതുകേട്ടു എല്ലാവരും കൂട്ടച്ചിരി ചിരിച്ചു. പൂജ നിന്ന നിപ്പിൽ ഉരുകി.
പൂജ : ” സൂരജ്…. താക്കോൽ താ എനിക്ക് പോണം ”
സൂരജ് : ” നിൽക്ക് പൂജ….. ”
സൂരജ് ഒരുത്തനെ കണ്ണ് കൊണ്ട് എന്തോ ആംഗ്യം കാണിച്ചു.
അവൻ : ” ഹാ ചുമ്മാ ഇരിയടാ. സൂരജിനെ പോലെ ഒരു കിടു മച്ചാൻ ഇവിടെ നിക്കുമ്പോ ആരേലും ഈ മരപ്പാഴ് പരമുവിനെ ഒക്കെ പ്രണയിക്കുമോ ”
സൂരജിന്റെ മറ്റൊരു ശിങ്കിടി : “അല്ലേലും പൂജയെ പോലെ ഒരു കൊച്ചിന് ചേരുന്നത് സൂരജ് മച്ചാനാ ”
മറ്റൊരു ശിങ്കിടി : ” എടാ അളിയന്മാരെ പൂജയ്ക്ക് ശെരിക്കും ഇഷ്ടം സൂരജ് മച്ചാനെ ആണ്. അതല്ലേ മച്ചാൻ ഈ പ്രശ്നത്തിൽ കയറി ഇടപെടുന്നത് ”