അടുക്കളയിൽ ചെന്ന് കല്യാണ തലേന്ന് വെള്ളം കൊടുക്കാൻ വാങ്ങിയ ഡിസ്പോസിബിൾ ഗ്ലാസ് കുറേ എണ്ണം നോക്കാതെയെടുത്ത് അരയിൽ തിരുകി കിച്ചു. ചിക്കൻ വറുത്തത് പ്ളേറ്റിലാക്കി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചപ്പോ പുറകീന്ന് ഒരു വിളി.
“ഡാ. ആർക്ക് വേണ്ടിയാടാ ചിക്കനെടുത്തു കൊണ്ടുപോണത്?.”
“അത്.. അമ്മെ..ടിവി..സിനിമ കാണുമ്പോ കൊറിക്കാൻ.”
“ടിവി കാണുമ്പോ കൊറിക്കാനാണോടാ അരയിൽ ഗ്ലാസ് തിരുകി വച്ചേക്കുന്നത്. അച്ഛന്റെ മോൻ തന്നെ. കള്ളത്തരം പോലും ആളറിയാതെ ചെയ്യാൻ അറിയില്ല. കഷ്ടം.”
“എനിക്കൊന്നും അറിയില്ല. അച്ഛൻ നിർബന്ധിച്ചിട്ടാ. ഞാൻ അപ്പഴേ പറഞ്ഞതാ നല്ലൊരു ദിവസമായിട്ട് ഇതൊന്നും വേണ്ടെന്ന്.”
“എനിക്കറിയാല്ലോ രണ്ടിനേം. എടുത്തോണ്ട് പോടാ. നിന്റച്ഛൻ വല്ലപ്പോഴും അടിക്കണതിന് ഞാൻ എതിരൊന്നും അല്ല. രണ്ടിന്റേയും കള്ളി കാണുമ്പോഴാ എനിക്ക് കലിച്ചു വരുന്നത്.”
“താങ്ക്സ് മമ്മീ.” ശാലുവിനെ കെട്ടിപിടിച്ചു ഉമ്മയും കൊടുത്തു കിച്ചു പുറത്തേക്ക് ഇറങ്ങി.
“അച്ഛന്റെ കൂടെ വേറെ ആരാടാ?”
“വാസു അങ്കിൾ മാത്രേ ഉള്ളു.”
“ആ..ബെസ്റ്റ് ആളാണ് കൂടെ.”
പുറത്തിറങ്ങി നോക്കിയപ്പോ ബാബു അവിടെ ഇല്ല. വീടിന്റെ സൈഡിൽ വാസുവിന്റെ മതിലിനോട് ചേർന്ന് ആളനക്കം കണ്ടപ്പോ കിച്ചു അങ്ങോട്ട് നടന്നു. ഒരു ഗ്ലാസും കുപ്പിയുമായി പേപ്പർ വിരിച്ചു മാവിൻ ചോട്ടിൽ ഇരുന്ന ബാബുവും വാസുവും കിച്ചുവിനെ കണ്ടപ്പോ കൈകാണിച്ച് അങ്ങോട്ട് വിളിച്ചു.