ഒരു ചിരിയോടെ അവളിറങ്ങി. വാതിൽ തുറന്നതും “ഒരു നിമിഷം ഈ ഫോൺ ഒന്ന് അറ്റന്റ് ചെയ്യൂ”എന്ന ശംഭുവിന്റെ വാക്കുകളും ഫോണിൽ നിന്നും കേട്ട വീണയുടെ ശബ്ദവും സാഹിലയെ അവിടെ പിടിച്ചുനിർത്തി.
അവൾ തന്നെ വാതിൽ ലോക്ക് ചെയ്തു.വിയർക്കുന്നുണ്ടായിരുന്നു അവൾ.ശംഭു ഒരു കുപ്പി വെള്ളം അവൾക്ക് നീട്ടി.
“എന്തു പറ്റി ഇത്താ?വെള്ളം ഇനിയും വേണോ?”ഒന്ന് കളിയാക്കിക്കൊണ്ട് ശംഭു വീണ്ടും ചോദിച്ചു.
“നിങ്ങൾക്കിതെങ്ങനെ……?”സാഹില തിരിച്ചു ചോദിച്ചു.
“കോഫി കുടിച്ചു പോയ സാഹില ഒരിക്കൽ തിരികെ വന്നു.നിരാശ ആയിരുന്നു ഫലം.ഇപ്പോൾ ഞങ്ങൾ അത് മുതലെടുക്കുന്നു.അത്രമാത്രം.”
സാഹില വെട്ടിവിറക്കുകയായിരുന്നു.
“എന്താ……..എന്താ നിങ്ങൾക്ക് വേണ്ടത്?”സാഹില ചോദിച്ചു.
പിന്നീട് ശംഭുവിന്റെ വാക്കുകൾ വീണ പഠിപ്പിച്ചതായിരുന്നു.അവളത് മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്നു.
അവളെയത് ഇരുത്തി ചിന്തിപ്പിച്ചു.
ശംഭുവിനെ പിണക്കിവിടുന്നത് ബുദ്ധിയല്ല എന്നും പറഞ്ഞതിൽ ചില വസ്തുതകളുണ്ടെന്നും പിടികിട്ടിയ സാഹില ഒന്ന് ആലോചിക്കണം, തീരുമാനം അറിയിക്കാം എന്ന് മാത്രം പറഞ്ഞുകൊണ്ട് അവനോട് പിരിഞ്ഞു.
ഒന്നുമില്ലെങ്കിലും സ്വയം രക്ഷിച്ചു നിർത്താൻ ഒരു തവണയെങ്കിലും ശംഭുവുമായി ധാരണയിൽ എത്തണം എന്നത് അവളെയതിന് പ്രേരിപ്പിച്ചു.
തനിക്ക് കൂടി ഉതകുന്ന രീതിയിൽ ദീർഘകാലത്തെക്ക് സ്ഥിരമായിട്ടുള്ള ഒരു പരിഹാരം,അതിനുള്ള മാർഗം അതാണ് തിരിച്ചു പോകുമ്പോഴും അവൾ ആലോചിച്ചുകൊണ്ടിരുന്നത്.
*****
സാഹിലയെയും കണ്ട് മടങ്ങുന്ന
വഴിയിൽ ഇരുമ്പിനെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതിയാണ് ശംഭു ഫാക്ടറിയിലെക്കെത്തിയത്.അവനെ പ്രതീക്ഷിച്ചുകൊണ്ട് സുരയും അവിടെയുണ്ട്.
“എന്നാലും ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചതല്ല ശംഭു.രാജീവനെ പൂട്ടാനുള്ള താഴ് കിട്ടിയെന്ന് മാഷ് പറയുമ്പോഴും ഞാനിത്ര കരുതിയില്ല.”
“ചിലപ്പോൾ അങ്ങനെയാണ് ഇരുമ്പേ.
പ്രതീക്ഷിക്കാതെ ചിലത് കിട്ടും.ഇപ്പൊ അവനെ പൂട്ടാനുള്ള പൂട്ട് അവൻ തന്നെ ഇട്ടുതന്നത് കണ്ടില്ലേ?”
“പിന്നല്ല………..നിന്റെ മാഷ് എന്ത് പറഞ്ഞു.”
“ഇപ്പൊ വല്യ സന്തോഷത്തിലാ.ഒരു വലിയ പ്രശ്നം ഒന്നുമല്ലാതെയായ ആശ്വാസം ആ മുഖത്തുണ്ട്.
എന്നാലും ഒന്ന് സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞു.”
“ഇതിപ്പോ ഡബിൾ ചാൻസ് ആണ് മോനെ.മന്ത്രി പീതാംബരൻ എന്നും മാഷിന് തലവേദന കൊടുത്തിട്ടേ ഉള്ളൂ.രാജീവനെ ഒതുക്കുന്ന കൂടെ അങ്ങനെയൊരു ലാഭവും കിട്ടും.”