“നമുക്കൊന്നിരിക്കണം എന്ന് പറയാൻ പറഞ്ഞു മാഷ്.”
“ഇനിയെന്താ പ്രത്യേകിച്ച് തീരുമാനിക്കാൻ?”
“ഇരുമ്പേ……ഇവിടെ കൈക്കരുത്തല്ല,
ആട്ടിൻകുട്ടികളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായയാവുക,
അതാണ് വേണ്ടത്.പക്ഷെ ഇവിടെ തിരിച്ചു പറയേണ്ടിവരും,ഒരുപറ്റം ചെന്നായകളെ തമ്മിലടിപ്പിക്കുക എന്ന്.
ഞാൻ പറഞ്ഞില്ലേ,ഇന്ന് സാഹിലയെ കണ്ടതും അവരോട് സംസാരിച്ചതും. അതിന് മുന്നേ ഇന്നൊരു ദിവസം അവരെ പിന്തുടർന്നതും ചേർത്തു വച്ച് നോക്കുമ്പോൾ എന്തോ നമ്മൾ അറിയാത്ത ചിലത് കൂടിയുണ്ട്.
ഒന്നുറപ്പാണ് ഇരുമ്പേ രാജീവൻ അറിയാതെ എന്തോ അവർ ചെയ്യാൻ ഉറപ്പിച്ചിട്ടുണ്ട്.അവരുടെ പുതിയ സുഹൃത്തുക്കൾ എന്റെ സംശയം ഉറപ്പിക്കുന്നു.ചന്ദ്രചൂഡനും ചിത്രയും ഒപ്പം സാഹിലയും സലിമും…….എന്തും
പ്രതീക്ഷിക്കണം.”
“അങ്ങനെയൊരു അപകടമുണ്ടല്ലെ,
എങ്കിലതൊന്നറിയണമല്ലോ?”
“അതെ ഇരുമ്പേ……..ഒന്നന്വേഷിച്ചു വക്ക്.ബാക്കിയെല്ലാം ഒന്നിരുന്നിട്ട് പറയാം.”
“അതെനിക്ക് വിട്.
നമ്മളിരിക്കുമ്പോൾ ആ നാൽവർ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്റെ പക്കലുണ്ടാവും.”
വൈകാതെ ശംഭു അവിടെനിന്നും ഇറങ്ങി.ഇരുമ്പിനോട് സംസാരിക്കുന്ന
സമയമത്രയും അവന്റെ ഫോൺ അവർക്കിടയിൽ ശല്യമായി വന്നു.
വീണയാണ്,അതുകൊണ്ട് തന്നെ പെട്ടെന്ന് വീട്ടിലെത്തുക എന്ന ചിന്ത അവന് വന്നു.അതാണ് ധൃതി പിടിച്ച് ഇറങ്ങിയതും.അതറിയുന്ന സുര പിന്നെ ആവാം ബാക്കി സംസാരം എന്നുപറഞ്ഞ് അവനെ ഫ്രീയാക്കി.
അവന്റെ മറുപടി കിട്ടാത്തത് മൂലം നിർത്താതെ വീണ വിളിച്ചുകൊണ്ട് തന്നെയിരുന്നു.”ദാ ഇറങ്ങി എന്റെ പെണ്ണെ.നേരെ അങ്ങോട്ട് വരുവാ. ”
ഒടുവിൽ കാറിലേക്ക് കയറും വഴി കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ശംഭു പറഞ്ഞു.
“ഇതങ്ങ് നേരത്തെ ചെയ്തിരുന്നേൽ ഞാൻ ഇങ്ങനെ ടെൻഷൻ അടിക്കണോ ശംഭുസെ?”വീണയുടെ പരാതി അപ്പോൾ തന്നെ വന്നു.
“ഇങ്ങനെയൊരു സാധനം.എപ്പഴും വിളിച്ചോണ്ടിരിക്കാൻ ഞാൻ നാട് വിട്ട് പോയതൊന്നുമല്ലല്ലോ?”അവൻ തന്റെ നീരസം പ്രകടിപ്പിച്ചു.
“അതെ……..അതെന്റെ സൗകര്യം.
ഞാൻ വിളിക്കും വിളിക്കാതിരിക്കും.
സഹിച്ചേ പറ്റൂ.ഇനി അതല്ലയെങ്കിൽ എവിടെയെങ്കിലും പൊക്കോ.”
“ഒടുക്കം അത് വേണ്ടിവരും.”
“എങ്കിൽ എന്റെ കൈക്ക് പണിയാവും.എന്നെയിട്ടിട്ട് പോകാൻ നോക്കിയാ കാല് തല്ലിയൊടിച്ചു വീട്ടിലിരുത്തും.പോകും പോലും.”
ശംഭുവിന്റെ പറച്ചിൽ കേട്ട് വീണക്ക് കലിയിളകി.കിട്ടേണ്ടത് കിട്ടിയതും ഫോൺ കട്ട് ചെയ്ത് ഒരു ചിരിയോടെ അവൻ വണ്ടി മുന്നോട്ടെടുത്തു.
അവരിങ്ങനെയാണ്.പലപ്പോഴും ഫോൺ സംഭാഷണം അവസാനിക്കുന്നത് ഇതുപോലെയും.