ഉച്ചഭക്ഷണവും അതിനിടയിലെ കളിയും കഴിഞ്ഞു പത്രോസ് കടയിൽ എത്തുമ്പോൾ എന്നത്തേതിലും സമയം വൈകിയിരുന്നു. കടയ്ക്ക് മുന്നിലെ ഷെഡിനകത്ത് ബൈക്ക് കയറ്റി വെച്ച് അവൻ അകത്തേക്ക് കയറി. മൊയ്തു ഹാജിയുടെ മേശക്ക് മുന്നിൽ എല്ലാ ജോലിക്കാരെയും വിളിച്ച് ചേർത്തിയിരിക്കുന്നതാണ് അകത്തേക്ക് കയറി ചെന്ന പത്രോസ് കണ്ടത്. ഏറ്റവും പിറകിൽ നിന്ന് ഒരു പയ്യനെ തോണ്ടി കൊണ്ട് പത്രോസ് കണ്ണ് കാണിച്ച് ‘എന്താ… എന്താ പ്രശ്നം’ എന്ന് ചോദിച്ചു. അവൻ ഒന്നും പറയാതെ മുഖം തിരിച്ചു. അവന്റെ മുഖത്ത് വെറുപ്പോ അവജ്ഞയോ ദേഷ്യമോ ഒക്കെ പത്രോസിന് തോന്നി.
പത്രോസ് കൂടി നിൽക്കുന്ന പത്ത് ഇരുപത് ജോലിക്കാരെയും തട്ടി മാറ്റി ഇടയിലൂടെ മുന്നിലേക്ക് ചെന്നു. അവന്റെ കയ്യിലുണ്ടായിരുന്ന ബൈക്കിന്റെ കീ ഹാജിയാരുടെ മുന്നിലേക്ക് വെച്ചു. അവിടെ നടക്കുന്നത് എന്തെന്നറിയാതെ അവൻ ചോദിച്ചു.
“എന്താ… എന്താ.. ഹാജിയാരെ പ്രശ്നം…?”
“ഒന്നും ഇല്ലെടാ… ഇയ്യ് ഇങ്ങട്ട് വന്നേ..” ഹാജ്യാര് കസേരയിൽ നിന്നും എഴുന്നേറ്റ് അവൻറെ കയ്യും പിടിച്ച് തൊട്ടടുത്ത വാതിൽ തുറന്ന് അകത്തേക്ക് കയറി. ഇത് കണ്ട മറ്റു ജോലിക്കാരുടെ മുഖത്ത് അനിഷ്ട്ടത്തിന്റെ നിഴൽ വീണു.
“എന്താ.. എന്തുപറ്റി….” അകത്തേക്ക് കയറിയ പത്രോസ് ആകാംഷയോടെ ഹാജിയാരോട് ചോദിച്ചു.
“ഡാ… നമ്മടെ പൈസ്സന്റെ പെട്ടീന്ന് കുറച്ച് പൈസ കാണാണ്ട് പോയിണ്… ” ഹാജ്യാര് പറയുന്നത് കേട്ട പത്രോസിന്റെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി. പണം എടുത്തത് താനണെന്ന കാര്യം ഹാജ്യാര് പറയുന്നത് വരെ പത്രോസ് മറന്നിരിക്കുകയായിരുന്നു. പെട്ടെന്ന് കേട്ടപ്പോൾ അവന്റെ അടിവയറ്റിൽ ഒരു പൊള്ളൽ അനുഭവപെട്ടു. ഉള്ളിൽ തോന്നിയത് ഒന്നും മുഖത്ത് വരാതെയിരിക്കാൻ അവൻ പണിപ്പെട്ടു.
“ഡാ.. ചെറുക്കന്മാർ മുഴുവൻ നീ എടുത്തെന്ന പറയണേ…, ഞമ്മക്കറിയ…. അന്നേ നമ്മൾ കഴിക്കാൻ വിട്ടതിന് ശേഷം ഏതോ ഹിമാർ എടുത്തിട്ട്… നിന്റെ തലേൽ വെച്ചതാ….” ഹാജ്യാര് ദേഷ്യത്തോടെ പല്ല് ഞെരിച്ച് പറഞ്ഞു.
അത് കേട്ട പത്രോസിന്റെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപെട്ടു. ഹാജ്യാർക്ക് തന്നെ സംശയം ഇല്ലല്ലോ എന്നതിലെ ആശ്വാസം അവനിൽ നിന്നും ഒരു നിശ്വാസമായി പുറത്തേക്ക് വന്നു.
“എത്ര ഉണ്ടായിരുന്നു…?” ഒന്നും അറിയാത്തവനെ പോലെ പത്രോസ് ചോദിച്ചു.
“രണ്ട്…” ഹാജ്യാര് വിഷമത്തോടെ പറഞ്ഞു. അൽപനേരം രണ്ടു പേരും പരസ്പ്പരം എന്ത് പറയണമെന്നറിയാതെ മുഖത്തോട് മുഖം നോക്കി നിന്നു. പത്രോസ് മുഖത്ത് കുറച്ച് ദുഃഖ ഭാവം വിതറി. കുറച്ച് കഴിഞ്ഞ് ഹാജ്യാര് പത്രോസിന്റെ തോളിൽ തട്ടി ‘വാ.. നീ വെസമിക്കണ്ട …’ എന്നും പറഞ്ഞ് പുറത്തേക്ക് പോയി. കൂടെ പത്രോസും ചെന്നു.
ഹാജിയാര് കസേരയിൽ ഇരുന്നപ്പോൾ തന്നെ കൂടി നിന്നവരുടെ ഇടയിൽ നിന്നും മുറു മുറുപ്പുകൾ തുടങ്ങി. അത് കേട്ട് പത്രോസ് തല താഴ്ത്തി നിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു. അത് കണ്ട ഹാജ്യാര് മറ്റുള്ളവരോട് ശബ്ദമെടുത്തു.
“നിങ്ങൾ ഓനെ കള്ളനാകണ്ട… ഞമ്മക്കറിയ ഒനല്ല അത് ചെയ്തത്… ഓനെ ഞമ്മൾ കഴിക്കാൻ വിട്ടതിന് ശേഷാണ് കളവ് പോയത്… അതോണ്ട് ഇങ്ങളിലെ ഒരു ഹിമാറാണ് അത് ചെയ്തത് … വേഗം പറഞ്ഞോളി… ഇല്ലേൽ.. ഞാൻ പോലീസിനെ വിളിക്കും..”