“ജ്ജ് ന്നെ ന്യായം പഠിപ്പിക്കണ്ട ഹമുക്കേ…” അവന്റെ ആ സംസാരം ഇഷ്ട്ടപെടാതെ ഹാജിയാരും ശബ്ദമുയർത്തി. അയാളുടെ മുഖം ചുവന്നിരുന്നു. ഇത് വരെ ആരും കാണാത്ത ഭാവം. പൊതുവെ സൗമ്യനായ ഹാജിയാരുടെ പുതിയ മുഖം കണ്ട് എല്ലാവരും ഞെട്ടി.
പത്രോസ് കള്ളനാണെന്ന് എല്ലാവരും പറഞ്ഞ് അയാളും കേട്ടിട്ടുണ്ട്. എന്നിട്ടും തന്റെ കടയിൽ ജോലി കൊടുത്തത്, അങ്ങനെ ഒരു ദുസ്വാഭാവം അവനുണ്ടെങ്കിൽ ഒരു ജോലി കിട്ടി ശമ്പളം ഒക്കെ ആവുമ്പോൾ മാറും എന്ന നല്ല ഒരു ചിന്തയിലായിരുന്നു. തന്റെ കളിക്കൂട്ടുകാരൻ പീലിയുടെ മോനല്ലേ എന്ന സ്നേഹവും അതിനുപിന്നിലുണ്ടായിരുന്നു. പത്രോസിനെ ആദ്യമായി അടുത്ത് കണ്ട് സംസാരിച്ചപ്പോൾ തന്നെ ഹാജ്യാർക്ക് അവനെ വിശ്വാസമായി. കുറച്ച് കാലം കടയിൽ നിർത്തിയപ്പോൾ അവൻ അധ്വാനിയും വിശ്വസ്തനുമാണെന്ന് അയാൾ വിശ്വസിച്ചു. അതിലുപരി അവനെ അയാൾക്ക് ഇഷ്ട്ടമായിരുന്നു. ആ വിശ്വാസത്തെയും അവനോടുള്ള സ്നേഹത്തെയും മറ്റൊരാൾ ചോദ്യം ചെയ്തത് അയാൾക്ക് ഇഷ്ടമായില്ല.
പിന്നീട് ആ സദസിൽ വാക്വാദങ്ങളും മുറു മുറുപ്പുകളും അലറുന്ന ശബ്ദങ്ങളും നിറഞ്ഞു. ഇതൊക്കെ കേട്ട് ഒരു പ്രതിയെ പോലെ പത്രോസ് തലതാഴ്ത്തി ഒരു മൂലയിലിരുന്നു. പത്രോസിന് വേണ്ടി വാദിക്കാൻ ഹാജ്യാര് മാത്രമേ ഉണ്ടായിരുന്നുള്ളു. അവനെതിരെ ഇരുപതോളം നാവുകൾ ശബ്ദിച്ചു. ആ ശബ്ദങ്ങൾ അത്രയും അവന്റെ നെഞ്ചിലേക്ക് അസ്ത്രം കണക്കെ തറച്ച് കയറി.
“അവനെ ഇവിടെന്ന് പിരിച്ച് വിടണം അല്ലാതെ ഞങ്ങൾ ഇനി ജോലിക്ക് കയറില്ല…” ഇരുപത് പേര് ഒരേ സ്വരത്തിൽ പറഞ്ഞത് ഹാജ്യാരെ വല്ലാതെ കുഴക്കി. അയാൾ ദയനീയമായി പത്രോസിനെ നോക്കി. പത്രോസിന്റെ മുഖത്തെ നിസ്സംഗത ഹാജ്യാരെ കൂടുതൽ വിഷമത്തിലാഴ്ത്തി. അയാൾ അവന്റെ അടുത്ത് ചെന്ന് തോളിൽ തട്ടി.
“നീ വെസമികണ്ട… നിനക്കു ഇവിടെ അല്ലെങ്കിൽ വേറെ എവിടെങ്കിലും ഞാൻ പണി സെരിയാക്കും… ഇപ്പൊ നീ വീട്ടിൽ പൊക്കോ..” ഹാജ്യാര് മനസ്സ് നൊന്ത് പറഞ്ഞു. അത് കേട്ട് മറ്റുള്ളവരുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. ആ മുഖങ്ങളിലേക്ക് നോക്കാതെ പത്രോസ് തല താഴ്ത്തി കടയിൽ നിന്നും ഇറങ്ങി തന്റെ ബൈക്കും എടുത്ത് വീട്ടിലേക്ക് തിരിച്ചു.
മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായത് പോലെ പത്രോസിന് തോന്നി. താൻ ആണ് മോഷ്ടിച്ചതെന്ന് തെളിയിക്ക പെട്ടിട്ടില്ലെങ്കിലും തന്നെ ഒരു കുറ്റവാളിയെ പോലെയാണ് അവര് പെരുമാറിയത് എന്നാലോചിച്ചപ്പോൾ അവൻ സ്വയം പുച്ഛം തോന്നി. തന്റെ ഉള്ളിൽ നിന്ന് ഒരിക്കലും എടുത്ത് കളയാൻ കഴിയാത്ത ആ സ്വഭാവത്തെ അവൻ ശപിച്ചു. എല്ലാം നിർത്തി നല്ല ഒരു കുടുമ്പ ജീവീതം സ്വപ്നം കണ്ട തനിക്ക് ആ ഒരു നിമിഷം തോന്നിയ പൈശാചിക ചിന്തയുടെ പരിണത ഫലം ആലോചിച്ചപ്പോൾ കുറ്റബോധം കൊണ്ട് മനസ്സ് നീറി. താൻ മോഷ്ടിച്ചിട്ടില്ലെങ്കിലും കളവ് നടന്നാൽ തന്നെ ജനങ്ങൾ സംശയിക്കും എന്ന് അവൻ അതോടെ പൂർണ്ണ ബോദ്യമായി.