ജോലി നഷ്ട്ടപെട്ടവനായി അമ്മയുടെ മുന്നിലേക്ക് ചെല്ലാൻ അവൻ തോന്നിയില്ല. അവന്റെ മനസ്സ് കലങ്ങി മറിഞ്ഞിരുന്നു. പത്രോസ് വണ്ടി നേരെ പള്ളിയിലേക്ക് വിട്ടു. ഒന്ന് കുമ്പസാരിക്കണം. കർത്താവിന് മുന്നിൽ മുട്ട് കുത്തണം. ദൈവത്തെ കുറിച്ചോർത്തപ്പോൾ അവന്റെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപെട്ടു.
അവൻ കുന്ന് കയറി. ദൂരെ സൂര്യൻ ചുമന്ന് തുടങ്ങിയിരിക്കുന്നു. മുകളിലേക്ക് കയറുതോറും തണുപ്പ് കൂടി. പള്ളിയുടെ ഗെയ്റ്റിന് മുന്നിൽ അവൻ വണ്ടി നിർത്തി. വണ്ടിയിലിരുന്നു തന്നെ അവൻ ആ പള്ളിയിലേക്ക് നോക്കി. ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന വലിയ കുരിശ്ശ്. തന്നെ സ്വീകരിക്കാൻ ദൈവം കൈ ഉയർത്തി നിൽക്കുന്നത് പോലെ അവൻ തോന്നി. അവൻ പള്ളിയുടെ മതിലിനോട് ചാരി വണ്ടിയൊതുക്കി. അടഞ്ഞു കിടന്ന ഗെയ്റ്റ് തുറന്ന് അവൻ മുറ്റത്തേക്ക് കടന്നു.
എവിടെ നിന്നോ അവനിലേക്ക് ഒരു കാറ്റ് വീശി. അത് അവന്റെ അന്തഃരംഗങ്ങളെ തണുപ്പിച്ചു. പള്ളി മുറ്റത്ത് തൂക്കിയ സ്വർണ മാണിയിൽ വെയിൽ തട്ടി തിളങ്ങി. ആകാശം മുട്ടുന്ന കാറ്റാടി മരങ്ങൾ തലയാട്ടി. പള്ളി മേടയിൽ കൂടു കൂട്ടിയ പ്രാവുകൾ കുറുകി. നിശബ്ദമായ ആ അന്തരീക്ഷത്തിൽ കാറ്റ് ചൂളം വിളിച്ചു.
ആ നിമിഷവും ആ പ്രകൃതിയും തന്നെ സ്വീകരിക്കുകയാണെന്ന് കരുതി പത്രോസ് പള്ളിയിലേക്ക് കയറി. വിശാലമായ ഹാളിൽ നിന്നും ദൈവത്തിന്റെ ഗന്ധം അവന്റെ നാസികയെ തൊട്ടു. നിരത്തിയിട്ട ബെഞ്ചുകളിൽ മാലാഖമാരിരിക്കുന്നതായി അവൻ തോന്നി. അവരുടെ വെളുത്ത ചിറകുകളാൽ അവനെ അവർ തലോടി. അവൻ അൾത്താരക്ക് മുന്നിൽ മുട്ട് കുത്തി. ദൈവത്തിനെ മനസ്സിലോർത്ത് കണ്ണുകളടച്ച് തല കുമ്പിട്ട് നിന്നു. മനസ്സിൽ നിറഞ്ഞു വന്ന എല്ലാ ആവലാതികളും അവൻ മനസ്സറിഞ്ഞു പറഞ്ഞു. തന്റെ ഉള്ളിൽ കുടിയിരിന്ന, തന്നെ മോഷ്ടിക്കാൻ പ്രേരിപ്പിക്കുന്ന ആ പൈശാചിക ചിന്തയെ ഉന്മൂലനം ചെയ്യണമെന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.
അല്പനേരത്തെ പ്രാർത്ഥനക്ക് ശേഷം അവൻ എഴുന്നേറ്റു. മനസ്സിൽ ഒരു ഭാരം ഒഴിഞ്ഞത് പോലെ അവൻ തോന്നി. ഉച്ച കഴിഞ്ഞ നേരമായതിനാൽ ആ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. കുമ്പസരിക്കാൻ വേണ്ടി അച്ഛനെ തിരഞ്ഞ് പള്ളിക്ക് ചുറ്റും നടന്നു. അവിടെ ഒന്നും അച്ഛനെ കണ്ടില്ല. പള്ളിയിൽ നിന്നും അല്പം മാറി അച്ഛൻ താമസിക്കുന്ന ഒരു കൊച്ചു വീടുണ്ട്. പള്ളിയുടെ പിറകിൽ നിന്നും നോക്കിയാൽ മാത്രം കാണുന്ന ആ വീടിലേക്ക് ചെറിയ ഒരു നടപ്പാതയാണ് ഉള്ളത്. ഏകദെശം പള്ളിയിൽ നിന്നും ഒരു നൂർ മീറ്റർ ദൂരം കാണും. ആൾ പൊക്കത്തിൽ പുല്ല് വളർന്ന് നിൽക്കുന്ന സെമിത്തേരിയോടെ ചാരിയാണ് ആ വഴി പോകുന്നത്.
പത്രോസ് ആ വഴിയിലേക്ക് കയറി. പകുതി നടന്ന് അവൻ സെമിത്തേരിയിലേക്ക് നോക്കി. കിഴക്കേ മൂലയിൽ തന്റെ അപ്പനെ അടക്കിയിരിക്കുന്ന കല്ലറ അവൻ കണ്ടു. പുല്ല് വളർന്നു കാട് പിടിച്ചിരിക്കുന്നു. ‘എത്ര വർഷമായി താൻ പള്ളിയിലും അപ്പന്റെ കുഴിമാടത്തിലും വന്നിട്ട്..’ അവൻ ഒരു നെടുവീർപ്പോടെ ഓർത്തു.