വേശ്യായനം 9
Veshyayanam Part 9 | Author : Valmeekan | Previous Part
ഈ കഥ തികച്ചും സാങ്കല്പികം ആണ്. ജീവിച്ചവരോ അതോ മരിച്ചവരോ ആയി ഏതെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം ആണ്.
ഈ അധ്യായത്തിലെ കുറെ സംഭാഷണങ്ങൾ ഇന്ഗ്ലീഷിലാണ്. അത് മുഴുവൻ തർജ്ജമ ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം മലയാളത്തിലാണ് എഴുതുന്നത്. ചില വാക്കുകളുടെ ശരിയായ അർഥം കിട്ടുവാൻ ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചിട്ടുണ്ട്.
—————————————————————————————————————————
ബോധം വന്നപ്പോൾ കൃഷ്ണദാസ് ഒരു വലിയ കിടപ്പുമുറിയിലായിരുന്നു. അയാളുടെ കട്ടിലിനു ചുറ്റും പല തരം മെഡിക്കൽ മെഷീനുകൾ ഘടിപ്പിച്ചിട്ടുണ്ട്. ദേഹമാസകലം ട്യൂബുകൾ വഴി മരുന്ന് കയറ്റുന്നു. അവൻ പതിയെ ചുറ്റും നോക്കി. കുറെ നഴ്‌സുമാർ പല ജോലികൾ ചെയ്യുന്നു. കൃഷ്ണദാസ് കണ്ണുതുറന്നത് കണ്ട് ഒരു നഴ്‌സ് ഓടിപ്പോയി ഡോക്ടറെ വിളിച്ചു വന്നു. ഡോക്ടറുടെ കൂടെ ആന്റണിയും പീറ്ററും ഉണ്ടായിരുന്നു.
“എമിലി…” കൃഷ്ണദാസ് കഷ്ടപ്പെട്ട് ചുണ്ടനക്കി .
ആന്റണി അവൻ്റെ അരികെ വന്ന് പതുക്കെ ചുമലിൽ കൈ വച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“എമിലി എവിടെ…” കൃഷ്ണദാസ് വീണ്ടും ചോദിച്ചു .
“അവൾ പോയി…” ആന്റണി വിതുമ്പി.
“നീ ഒരു മാസമായി ഈ കിടപ്പു തുടങ്ങിയിട്ട്. പുഴയുടെ തീരത്ത് നീ ബോധമില്ലാതെ കിടക്കുന്നത് കണ്ട ആരോ പോലീസിലറിയിച്ചു. ഞങ്ങൾ അറിഞ്ഞു എത്തിയപ്പോളേക്കും….” ആന്റണിക്ക് മുഴുമിപ്പിക്കാനായില്ല.
“നീ വിശ്രമിക്ക്. നമുക്ക് പിന്നീട് സംസാരിക്കാം” പീറ്റർ അടുത്തു വന്നു പറഞ്ഞു. അയാൾ ആന്റണിയെയും കൊണ്ട് പോയി.
കൃഷ്ണദാസിന് ലോകം കീഴ്മേൽ മറിയുന്ന പോലെ തോന്നി. എമിലി ഇല്ലാത്തൊരു ജീവിതം അവനു ചിന്തിക്കാൻ പറ്റുമായിരുന്നില്ല. അവൻ്റെ കണ്ണുകളിൽ ഇരുളടഞ്ഞു.
വീണ്ടുമൊരു മാസം കൊണ്ട് കൃഷ്ണദാസ് ആരോഗ്യം വീണ്ടെടുത്തു. പക്ഷെ മാനസികമായി അവൻ ആകെ തളർന്നിരുന്നു. നാട്ടിലേക്ക് വിളിച്ചിട്ട് അമ്മയെയും ആതിരയെയും കിട്ടിയില്ല. അവർക്കെന്തു പറ്റിയെന്നറിയാതെ അവൻ പരിഭ്രമിച്ചു. ജോൺ വഴി അന്വേഷിച്ചപ്പോൾ തറവാട് വിറ്റു പോയെന്നും അമ്മയും ആതിരയും എങ്ങോട്ടോ പോയെന്നും അറിഞ്ഞു. കൃഷ്ണദാസിന് എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ഈ അവസ്ഥയിൽ അവിടെ നിന്നും മാറി നിൽക്കാനും അവനു മനസ്സ് വന്നില്ല. ഒരു ദിവസം ആന്റണി അവനെ വിളിപ്പിച്ചു.
ആന്റണിയുടെ ഓഫീസ് റൂമിലേക്ക് ചെന്നപ്പോൾ അയാൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ആന്റണി ആകെ അവശനായി കാണപ്പെട്ടു. കൃഷ്ണദാസിനെ കണ്ടപ്പോൾ ആന്റണി മേശയിൽ നിന്ന് ഒരു ബോക്സ് എടുത്തു പുറത്തു വച്ചു. കൃഷ്ണദാസിനോട് അത് തുറക്കാൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ അതിനുള്ളിൽ ഉപയോഗിച്ച രണ്ട് വെടിയുണ്ടകൾ ഉണ്ടായിരുന്നു.