“ഞാൻ പറയുന്നത് മുഴുവനും കേൾക്ക് പെണ്ണെ.. എന്നിട്ട് നീ തീരുമാനമെടുക്ക് പോകണോ വേണ്ടയോ എന്ന്. ”
അവനിജ അവളെ പോകുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തികൊണ്ടിരുന്നു.
“ഹ്മ്മ്. എന്താ നിനക്ക് പറയാൻ ഉള്ളത്. ഞാൻ കേൾക്കാം. എന്നിട്ട് ഞാൻ എന്റെ ഡിസിഷൻ പറയാം. സോ ടെൽ മീ ”
പുച്ഛത്തോടെ റിതിക അവളെ നോക്കി.
“എനിക്ക് പറയാൻ ഉള്ളത് വേറൊന്നുമല്ല, കുറച്ചു മുൻപ് നീ പുച്ഛിച്ച ആളില്ലേ ആദി, അയാളുടെ കഥയാണ് എനിക്ക് പറയാൻ ഉള്ളത്. ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ് വീൽ ചെയറിൽ ആയിപോയ കഥ. നീ അത് കേൾക്കണം. ”
അവനിജയുടെ കണ്ണുകൾ ചുവന്നു വന്നു. മുഖം വലിഞ്ഞു മുറുകി. പ്രതികാരവാഞ്ഛയോടെ അവൾ ഇരുന്നു.
“റിതിക അവൾ പറയുന്നത് കേൾക്കുവാൻ കാത് കൂർപ്പിച്ചു.
”
ഈ കഥ നടക്കുന്നത് ഇപ്പോഴൊന്നുമല്ല വർഷങ്ങൾക്ക് മുൻപാണ്. 2018 ൽ.. ആദി സാറിനു 25 വയസ്സുള്ളപ്പോൾ. സാർ അന്ന് ഒരു സ്കൂളിൽ ഫിസിക്സ് ടീച്ചർ ആയിരുന്നു.ഒരു അനാഥാലയത്തിൽ വളർന്നതുകൊണ്ട് സാറിനു ബന്ധുക്കൾ എന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല.അധികം കൂട്ടുകാരും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നും ഏകാന്തതയിൽ ജീവിക്കാൻ ആയിരുന്നു അദ്ദേഹത്തിന് ഇഷ്ട്ടം.ആരോടും ഒരു പരാതിയും പരിഭവവും ഇല്ലാതെ തന്റെ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു ആദി സാർ. അപ്പോഴാണ് സാറിന്റെ ജീവിതത്തിലേക്ക് ഒരാളുടെ അപ്രതീക്ഷിതമായ എൻട്രി ഉണ്ടായത്.”
“ആരായിരുന്നു അത്? ”
ആകാംക്ഷയോടെ കഥ കേൾക്കാനുള്ള ത്വരയിൽ റിതിക ചോദിച്ചു.റിതികയുടെ ചോദ്യം കേട്ടതും അവനിജ പുഞ്ചിരിച്ചു. അവളുടെ കണ്ണുകളിലൂടെ പല തരം ചിത്രങ്ങൾ മിന്നി മറിഞ്ഞു.
(flash back )
(2018)
രാവിലെ തന്നെ മുഷിപ്പോടെ ബസ്റ്റാന്റിൽ ഇരിക്കുകയായിരുന്നു ആദി ശങ്കർ.DEO യുടെ വിസിറ്റ് ഉള്ളതിനാൽ ടീച്ചിങ് നോട്ട്സും മറ്റും ബാഗിൽ തന്നെ ഉണ്ടെന്നു അവൻ കൂടെ കൂടെ ഉറപ്പ് വരുത്തി
ബാഗ് നെഞ്ചോട് ചേർത്തു വച്ചു വിദൂരതയിലേക്ക് നോക്കി ബസിനു വേണ്ടി അവൻ അക്ഷമയോടെ കാത്തിരുന്നു.
എത്തേണ്ട സമയമായിട്ടും ബസ് വരാത്തതിനാൽ ആദി അല്പം ടെൻഷനിൽ ആയിരുന്നു. 9 മണിക്ക് മുൻപ് തന്നെ ഓഫീസിൽ പോയി രജിസ്റ്ററിൽ ഒപ്പ് വയ്ക്കേണ്ടതിനാൽ മൂട്ടിനു തീ പിടിച്ച പോലെ അവൻ നിൽക്കുകയും എഴുന്നേൽക്കുകയും ഇരിക്കുകയും ചെയ്തോണ്ടിരുന്നു.
പെട്ടെന്ന് അങ്ങോട്ടേക്ക് ഒരു ഓട്ടോ ചേട്ടൻ കടന്നു വന്നു.
“8.45 ന്റെ ബസ് ഇന്നില്ലാ.. ഇനി 10 മണിക്കേ ഉള്ളൂ. ഓട്ടോ പിടിക്കുന്നവർ അങ്ങനെ പൊക്കോ.. അല്ലേൽ ഒറ്റ നടത്തം അങ്ങട് നടന്നോ… ”
ബസ്റ്റാന്റിൽ ഇരുന്ന കുട്ടികൾ പരസ്പരം മുഖാമുഖം നോക്കി. പിന്നെ എന്തൊക്കെയോ അടക്കം പറഞ്ഞു. ഓട്ടോ ചേട്ടന്റെ പ്രഖ്യാപനം കേട്ടതും ആദി കാറ്റ് പോയ ബലൂൺ പോലെ അവിടെ ചുരുണ്ടിരുന്നു.
HM ഒരു ചൂടൻ ആയോണ്ട് ഇന്നത്തെ ദിവസം ഏകദേശം പോയി കിട്ടിയെന്നു അവനു ഉറപ്പ് ഉണ്ടായിരുന്നു. ബാഗ് കയ്യിൽ പിടിച്ചു അവൻ റോഡിലേക്ക് ഇറങ്ങി നിന്നു.
റിട്ടേൺ പോകുന്ന ഏതേലും ഓട്ടോകൾ ആയിരുന്നു അവന്റെ ലക്ഷ്യം. ഒന്ന് രണ്ട് ഓട്ടോയ്ക്ക് കൈ നീട്ടിയെങ്കിലും അവ നിർത്താതെ പോയി.
അതിന്റെ ദേഷ്യം നിലത്തു കിടക്കുന്ന കല്ലിലേക്ക് അവൻ അമർത്തി തൊഴിച്ചുകൊണ്ട് തീർത്തു. ഈ സമയം ദൂരെ നിന്നും പാഞ്ഞു വന്ന സ്കൂട്ടി വെടിച്ചില്ലുപോലെ അവനെ മറി കടന്നു പോയി.
ആ സമയം ഗട്ടറിലേക്ക് അതിന്റെ ടയർ കയറിയിറങ്ങിയതും കുഴിയിൽ കിടന്നിരുന്ന മലിന ജലം ആദിയുടെ ദേഹത്തേക്ക് ഊക്കിൽ തെറിച്ചു.
തന്റെ പുത്തൻ ലൈറ്റ് കളർ ബ്ലു ഷർട്ടിൽ ചെളി തെറിച്ചു വീണത് കണ്ട് ആദിക്ക് പൊട്ടി കരയുവാൻ തോന്നി. കൈകൊണ്ട് ദേഹത്തേക്ക് തെറിച്ച ചളി