അവൾ ഇറങ്ങി പോകാൻ ആജ്ഞാപിച്ച ശേഷം ഒരു മൂളൽ മാത്രമാണ് അവൻ പിന്നീട് കേട്ടത്.
ഇരമ്പിയാർത്തു വന്ന സങ്കടക്കടൽ ഉള്ളിൽ പിടിച്ചു വച്ച് അവൻ നിന്നു.
അവളെ നേരിടാൻ സാധിക്കാതെ അവന്റെ മുഖം താഴ്ന്നു പോയി. അത് കണ്ടതും പറഞ്ഞത് കുറച്ചു കൂടിപ്പോയെന്ന് അരുണിമയ്ക്ക് തോന്നി.
അവൾ സ്വന്തം നാവിനെ പഴിച്ചു കൊണ്ട് അവനെ നോക്കി.
“ഇങ്ങനാണോ മോളെ വീട്ടിൽക്ക് വന്ന അതിഥിയോട് പറയാ ? ”
ആശ കൈയിൽ ആവി പറക്കുന്ന ചായ ഗ്ലാസുമായി അങ്ങോട്ടേക്ക് രംഗ പ്രവേശനം ചെയ്തു.അരുണിമ മുഖം ചുളിച്ചു അമ്മയെ നോക്കി.
എന്നാൽ അത് കാര്യമാക്കാതെ അവൾ ചായ ഗ്ലാസ് അനന്തുവിന് നേരെ നീട്ടി. അനന്തു പരിഭ്രമത്തോടെ അരുണിമയേയും അമ്മയേയും മാറി മാറി നോക്കി.
അനന്തുവിന്റെ വെപ്രാളം കണ്ട് അമ്മ ചിരിയോടെ ഗ്ലാസ് അവന്റെ കൈയിൽ പിടിപ്പിച്ചു കൊണ്ടു പറഞ്ഞു.
“മോൻ ഓള് പറയണത് കാര്യാക്കണ്ട.. അമ്മയല്ലെ ചായ തരണേ, ധൈര്യായിട്ട് കുടിച്ചോ”
അമ്മയുടെ വാക്കുകൾ കേട്ടതും അൽപം ആശ്വാസത്തോടെ അനന്തു ചായ ഗ്ലാസ് ചുണ്ടോടടുപ്പിച്ചതും അരുണിമ അടുത്ത വെടി പൊട്ടിച്ചു.
“എന്നാൽ ശരി…ചായ കുടിച്ചിട്ട് വേഗം പൊക്കോ… ഇപ്പൊ ചെന്നാല് ഊണ് കാലാകുമ്പോ വീട്ടിലേക്ക് എത്താലോ? ”
അതു കേട്ടതും അനന്തു നിസഹായതയോടെ അവളെ നോക്കി.അരുണിമ മുഖം വെട്ടിച്ചു വീടിന്റെ ഉത്തരത്തിലേക്ക് നോക്കി നിന്നു.
അനന്തു വിമ്മിഷ്ട്ത്തോടെ ആ ചായ പതിയെ കുടിച്ചു കൊണ്ടിരുന്നു. ഇങ്ങോട്ട് അവളെ കാണാൻ വരേണ്ടിയിരുന്നില്ല എന്നവന് തോന്നി.
എങ്കിലും ആദ്യം മുതലേ ചോദിക്കാൻ വിചാരിച്ചിരുന്ന കാര്യം അവൻ അവൾക്ക് മുമ്പിൽ എടുത്തിട്ടു.
“ഇപ്പൊ വേദന കുറവുണ്ടോ?”
“ഹ്മ്മ്മ് കുറവുണ്ട് ”
അരുണിമ ഒഴിഞ്ഞ മട്ടിൽ മറുപടി നൽകി.
“മരുന്നൊക്കെ സമയത്ത് കഴിക്കണേ”
അനന്തുവിന്റെ സ്വരം അവളുടെ കാതിൽ ആർദ്രമായി പതിഞ്ഞു.അനന്തുവിന്റെ സ്നേഹവും കരുതലും അതിലൂടെ അവൾ അറിഞ്ഞു തുടങ്ങി.
അവൻ എപ്പോഴും കൂടെയുണ്ടാകുവാൻ അവളുടെ മനസ് ആശിച്ചെങ്കിലും എന്തോ ഒരുതരം അകൽച്ച അവനോട് തോന്നി ക്കൊണ്ടിരുന്നു. തൽക്കാലം ചിന്തകൾക്ക് വിട നൽകി അവൾ പറഞ്ഞു.
“മരുന്ന് കഴിച്ചില്ലെങ്കീ ? ”
ചോദ്യത്തോടൊപ്പം പുരികം പൊക്കിയുള്ള അവളുടെ സംശയം നിറഞ്ഞ നോട്ടം കണ്ടതും അനന്തുവിന്റെ വായിലെ വെള്ളം വറ്റി.
എന്ത് പറയണമെന്ന് ഒരു നിശ്ചയമില്ലാതെ അവൻ തല ചൊറിഞ്ഞു.അനന്തുവിന്റെ ഭാവമാറ്റം കണ്ട് ഉള്ളിൽ ചിരിയോടെ പുറമേ ഗൗരവം പേറിക്കൊണ്ട് അവൾ നിന്നു.
അവൻ ചായ കുടിച്ചു കഴിയുന്ന വരെ അരുണിമ ഉത്തരത്തിലേക്ക് കണ്ണും നട്ടിരുന്നു. അവളുടെ നോട്ടം കണ്ട് അനന്തുവും മുഖമുയർത്തി മുകളിലേക്ക് നോക്കി.
മുകളിലെ ഓടിട്ട മേൽക്കൂര കണ്ടതും അനന്തു മുഖം ചുളിച്ചു അവളെ നോക്കി.