യുഗം 15 [Achilies]

Posted by

പുറത്തെ ആകാശത്തെ നോക്കികൊണ്ട് പ്രായമായിട്ടും തേജസ്സ് ഒഴിയാത്ത മുഖവുമായി ഒരു മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു. അവന്മാരുടെ അച്ഛൻ ആയിരിക്കുമെന്ന് മനസ്സിലായി, ആഹ് കണ്ണുകളിൽ പക്ഷെ വിഷമം ഇല്ല ഒരു നിസ്സംഗത തളം കെട്ടി കിടപ്പുണ്ട്. കസേരയുടെ കാലിൽ ചാരി ഒരു പെണ്ണിരിപ്പുണ്ട് അവളുടെ മടിയിൽ തല വെച്ച് കിടക്കുന്ന മറ്റൊരുവളും, കരഞ്ഞു കണ്ണീർ വറ്റിയപോലെ രണ്ടു പേരുടെ മുഖങ്ങളും വീർത്തു നിൽക്കുന്നു. കണ്ണിൽ ആഹ് വൃദ്ധന്റെ കണ്ണിൽ കണ്ട അതെ നിസ്സംഗത.
അവരുടെ ശവ ശരീരത്തിന് മുമ്പിൽ ഞാനും വസുവും അൽപനേരം നിന്നു, എനിക്ക് വിരോധമോ ദേഷ്യമോ തോന്നിയില്ല… മുന്നിൽ കിടക്കുന്ന മരിച്ച ശവ ശരീരത്തിനോട് എന്തിന് ദേഷ്യം തോന്നണം.
അൽപ നേരം നിന്നിട്ടു ഞാൻ ഒരു വശത്തേക്ക് മാറി, വസൂ അപ്പോഴേക്കും മുന്നോട്ടു നടന്നു ചെന്ന് അങ്ങേരുടെ മുമ്പിൽ നിന്നു.

“അമ്മാവാ….”

ഒന്ന് മടിച്ചിട്ടാണ് വസൂ വിളിച്ചത്.
വിളി കേട്ട അദ്ദേഹം ഒന്ന് തിരിഞ്ഞു നോക്കി, ചുളിവ് വീണ മുഖത്ത് ചെറിയ ഒരു പ്രകാശം നിഴലിട്ടു. കണ്ണുകളിൽ ചെറിയ ജലാംശവും ഏറി വന്നു.

“മോളെ…..”

ഇടറി മുറിഞ്ഞു അത്രയും മാത്രമേ പുറത്തു വന്നുള്ളൂ.
തൊണ്ട അടഞ്ഞു പോയ പോലെ അദ്ദേഹം വിങ്ങി പൊട്ടിയപ്പോൾ വസൂ രണ്ട് കയ്യിലും ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.
താഴെ ഇരുന്ന രണ്ടു പേരും ഇത് കണ്ട് കണ്ണ് നിറയ്ക്കുന്നത് കണ്ടപ്പോൾ വസൂ ഒന്നിരുന്നു അവരെയും ചേർത്ത് പിടിച്ചു, ജഗന്റെയും ജീവന്റെയും ഭാര്യമാരാണെന്നു അവിടെ നിന്നവരിൽ നിന്നും പിന്നീട് അറിഞ്ഞു, മുറപ്രകാരം വസൂ അവരുടെ ഏട്ടത്തി ആണ്.
രണ്ടു പേരുടെയും തലയിൽ തലോടി വസൂ എഴുന്നേൽക്കുമ്പോഴേക്കും ഞാൻ വസുവിന്റെ ചാരത്തെത്തിയിരുന്നു, എന്നെ കണ്ട ആഹ് മൂന്ന് കണ്ണുകളിൽ ആരാണെന്ന ചോദ്യം കണ്ടപ്പോൾ വസൂ എന്റെ കയ്യിൽ ചുറ്റി ചേർന്ന് നിന്നു, ഒരു പ്രഖ്യാപനം പോലെ.
അത് കണ്ട ആഹ് വൃദ്ധൻ എന്റെ കൈ കവർന്നു ഒപ്പം ഒരു കൈ വസുവിന്റെ നെറുകയിലും വെച്ചു.

“നല്ലതേ വരൂ….”

അത് മാത്രം പറഞ്ഞു വീണ്ടും കസേരയിലേക്ക് ചാഞ്ഞു.
താഴെ ഞങ്ങളെ നോക്കി ഇരുന്ന രണ്ടു പേരോടും കണ്ണ് കൊണ്ട് തന്നെ യാത്ര പറഞ്ഞു ചിത ഉയരും മുൻപ് തിരികെ ഇറങ്ങി.

*************************************

കാറിൽ ഇരുന്നപ്പോഴും വസൂ സീറ്റിലേക്ക് ചാഞ്ഞു, കണ്ണടച്ച് ഇരിപ്പ് മാത്രം ആയിരുന്നു.

“എന്താ വസൂ…..ഇത്. നീ ഇങ്ങനെ തളർന്നു പോയാൽ എങ്ങനാ..?”

അവളുടെ ഇരിപ്പ് കണ്ടു സഹിക്കാൻ കഴിയാതെ ആയപ്പോൾ ഞാൻ ചോദിച്ചു.
വീണ്ടും മൗനം.

“പോലീസ് വന്നു ചോദിക്കുമ്പോൾ ഞാൻ എന്താ പറയേണ്ടത് ഹരി……….
അവർ പോലും അറിയാത്ത ഒരു സെമിനാറിന്റെ കഥയോ..?”

കയ്യിലെ സ്റ്റിയറിംഗ് ഞെട്ടലിൽ ഒന്ന് തെറ്റി, അതിന്റെ പ്രതിഫലനത്തിൽ കാറും ഒന്ന് പാളി.
കിതപ്പടക്കി വണ്ടി എന്റെ കൈപ്പിടിയിൽ ആകുമ്പോഴേക്കും എന്റെ നില വിട്ടു പോവുന്നുണ്ടായിരുന്നു.

“ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ല….?”

വീണ്ടും അവളുടെ സ്വരം.

Leave a Reply

Your email address will not be published. Required fields are marked *