യുഗം 15 [Achilies]

Posted by

എല്ലാവരും കാത്തിരിക്കുന്നു.

ജീവിതത്തിന്റെ തിരക്കിലും സന്തോഷം കണ്ടെത്താൻ എനിക്ക് ദൂരെ ഒന്നും പോവേണ്ടിയില്ലായിരുന്നു, എന്റെ വീട്ടിൽ എത്തേണ്ട കാര്യം മാത്രം.

ആഹ് ഒരു ദിവസം, ഏറെ കാത്തിരുന്ന ദിവസം.
തോട്ടങ്ങൾ ഇപ്പോൾ ഒരുപാട് ഉണ്ടെങ്കിലും മൂന്നാറിലെ ആഹ് ആദ്യ തോട്ടം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ മാസത്തിൽ ഒരു ദിവസമെങ്കിലും ഞാൻ അവിടെ പോകും, അത്തി അവിടത്തെ കാര്യങ്ങൾ എല്ലാം മല്ലിയോടോപ്പം ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. പരുക്കനായ അത്തിയിലും ഒരു സൗമ്യത കൈ വരുന്നത് ഞാൻ കണ്ടു, മല്ലി കാരണം ആണെന്ന് പറയേണ്ടതില്ലല്ലോ.

അന്ന് അതുപോലെ മൂന്നാറിലെ തോട്ടത്തിൽ നിന്നും തിരികെ വരുകയായിരുന്നു ഞാൻ. നാളെ ഗംഗയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കണം പെണ്ണിന് ഡേറ്റ് പറഞ്ഞിരിക്കുന്നത് നാല് ദിവസം കൂടി കഴിഞ്ഞിട്ടാണെങ്കിലും ഒന്ന് സൂക്ഷിക്കാൻ വേണ്ടിയാണ് നേരത്തെ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. പെണ്ണിന് ചെറിയ പേടി പിടികൂടിയിരുന്നത് കൊണ്ട് എന്നെ എപ്പോഴും വിളിയാണ്, അതുകൊണ്ട് തന്നെയാണ് രാത്രി വൈകിയേ അവിടെ എത്തൂ എന്നറിഞ്ഞിട്ടു കൂടി ഞാൻ പുറപ്പെട്ടത്.
നാളെ പോവും മുൻപ് ഇന്ന് രാത്രി എന്റെ നെഞ്ചിൽ കിടക്കണോന്നു ഗംഗ പറഞ്ഞതും എനിക്ക് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല പെണ്ണിന്റെ സ്വരം വല്ലാതെ വിറച്ചിരുന്നു…..അവള് വീണു പോകുവോ എന്ന പേടി ആയിരിക്കണം, ഞാൻ കൂടെ ഉണ്ടായാൽ അവൾക്ക് അതൊരു ധൈര്യം പകരും എന്നറിയാവുന്നത് കൊണ്ട് ഞാൻ വണ്ടിയുമെടുത്തു ഇറങ്ങുകയായിരുന്നു.

വീട്ടിലെത്താൻ അര മണിക്കൂർ കൂടി ഉള്ളപ്പോഴാണ് വസുവിന്റെ കാൾ വരുന്നത് കണ്ടത്…..ഞാൻ ഡ്രൈവിങ്ങിൽ ആണെങ്കിൽ അവൾ അങ്ങനെ വിളിക്കാറില്ല, ഇതിപ്പോൾ എന്താണാവോ എന്നാലോചിച്ചാണ് ഞാൻ കാറിലെ ഹാൻഡ്സ് ഫ്രീ ഉപയോഗിച്ചു എടുത്തത്.

“ആഹ്ഹ്………ഹ്ഹഹ്ഹ…….

“മോളെ ഒന്നൂല്ല…..നമ്മൾ ഇപ്പൊ ഹോസ്പിറ്റലിൽ എത്തും…നീ ഒന്ന് പിടിച്ചു നിക്ക്.”

കാൾ എടുത്തതും കേട്ടത് ഒരലർച്ചയാണ്, ഒപ്പം വസുവിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദവും.

“എന്താ വസൂ എന്താ പറ്റിയെ….”

ഞാൻ പെട്ടെന്ന് പേടിയുടെ പടുകുഴിയിലേക്ക് വീണു. ഇപ്പോഴും മറുവശത്ത് ഉയർന്ന കിതപ്പ് കേൾക്കാം.

“വസൂ പേടിപ്പിക്കാതെ കാര്യം പറ.”

“ആഹ്….. ഹരി….ഗംഗയ്ക്ക് പെട്ടെന്ന് പെയിൻ വന്നു. ഞങ്ങൾ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുവാ.”

“അവൾക് ഡേറ്റ് പറഞ്ഞത് നാല് ദിവസം കഴിഞ്ഞല്ലേ..”

“എടാ ഇതങ്ങനെ കൃത്യമായിട്ടു പ്രവചിക്കാൻ ഒന്നും പറ്റില്ല.”

“അമ്മാ……..ഇച്ചേയി……..”

പുറകിൽ ഗംഗയുടെ കരച്ചിൽ കേട്ടതും എന്റെ നെഞ്ച് കിടന്നു ഇടിക്കാൻ തുടങ്ങി അറിയാതെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ഇറങ്ങി.

“വസൂ എന്റെ ഗംഗ…..”

“ഒന്നും പറ്റത്തില്ലട നീ പേടിക്കാതെ…..ഞങ്ങൾ ഇപ്പൊ ഹോസ്പിറ്റലിൽ എത്തും.”

“ശെരി ഞാനും ദേ എത്തി.”

“നിക്ക് നീ വീട്ടിലേക്ക് ചെല്ല്. അവിടെ മീനുവുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *