യുഗം 15 [Achilies]

Posted by

“അത് സാരമില്ല അവിടെ ഇന്ദിരാമ്മയോ ഹേമേടത്തിയോ ഉണ്ടാവുമല്ലോ, ഈ അവസ്ഥയിൽ എനിക്ക് ഗംഗയെ കണ്ടില്ലെങ്കിൽ ശ്വാസം കിട്ടില്ല.”

“ഡാ ഇന്ദിരാമ്മ ഉച്ചക്ക് അനിയന്റെ വീട്ടിൽ പോയി നാളെ എത്താന്ന് പറഞ്ഞു. ഹേമേടത്തി എന്റെ കൂടെ ഉണ്ട് ഗംഗയെം കൊണ്ട് പെട്ടെന്ന് പോരേണ്ടി വന്നപ്പോൾ മീനുവിനെ ഞങ്ങൾക്ക് ഒപ്പം കൂട്ടാൻ പറ്റിയില്ല, പെണ്ണവിടെ തനിച്ചാ ഞങ്ങൾ ഇറങ്ങും മുൻപ് കുറച്ചു പേടിച്ച പോലാ കൊച്ചിരുന്നത് , നീ അതുകൊണ്ട് വീട്ടിൽ കയറി അവളേം കൊണ്ട് പോര്.”

“മോളെ വസൂ വേഗം……..ഒന്നൂല്ല ഗാംഗമോളെ…..എന്റെ കയ്യിൽ മുറുക്കെ പിടിച്ചോ.”

വസുവിന്റെ ശബ്ദത്തോടൊപ്പം ഹേമേട്ടത്തിയുടെ ശബ്ദവും കേട്ടു പിന്നീടൊന്നും കേൾക്കാൻ കഴിയാതെ ഫോൺ കട്ട് ആയി.

ഒതുക്കിയിട്ട വണ്ടി ഒന്നിരപ്പിച്ചു മുന്നോട്ടു എടുക്കുമ്പോൾ ടെൻഷനും പേടിയും കൊണ്ട് ഞാൻ ചെറുതായി വിറക്കുന്നുണ്ടായിരുന്നു, ഉള്ളിൽ അപ്പോൾ ഒരു പ്രാർത്ഥന മാത്രം നിഴലിച്ചു.
എന്റെ ഗംഗയ്ക്ക് ഒന്നും വരുത്തല്ലേ…..എന്ന് മാത്രം.

*************************************

വീടിന്റെ ഗേറ്റ് കടന്നു കാർ ചീറിച്ചുകൊണ്ടാണ് ഞാൻ വീട്ടിലേക്കെത്തിയത്, മീനു എന്റെ കൂടെ ഒറ്റയ്ക്ക് വരുമോ എന്നറിയില്ല, എന്നെ അവൾക്ക് ഇപ്പോൾ പേടി ഇല്ല പക്ഷെ……….
ആഹ് നോക്കട്ടെ ഒന്നും പറ്റിയില്ലേൽ പെണ്ണിനെ കൂച്ചിപ്പിടിച്ചു വണ്ടിയിലിടാം, ഹോസ്പിറ്റലിൽ എത്തുമ്പോൾ ഹേമേടത്തിയെയും വസൂനെയുമൊക്കെ കാണുമ്പോൾ ശെരി ആയിക്കോളും വാതിലൊക്കെ തുറന്നു കിടപ്പുണ്ട് അകത്തും പുറത്തുമെല്ലാം ലൈറ്റുമുണ്ട്….
ഞാൻ ഓടി അകത്തേക്ക് കയറി.

“മീനു……….മീനു……എവിടെയാ…”

അകത്തു മുഴുവൻ ഓടി നടന്നു ഞാൻ വിളിച്ചു, പെണ്ണ് ഒറ്റയ്ക്ക് അങ്ങനെ ഇരിക്കില്ല അതുകൊണ്ട് തന്നെ ആരും അവളെ വിളിക്കുകയോ, വിളിച്ചാൽ തന്നെ അവൾ വിളികേൾക്കുകയോ ചെയ്യാറില്ല.
പക്ഷെ ഈ ടെന്ഷനിൽ എനിക്ക് എത്രയും പെട്ടെന്ന് മീനുവിനെ എങ്ങനെ എങ്കിലും കണ്ടുപിടിച്ചു അവളെയും കൂട്ടി ഹോസ്പിറ്റലിൽ എത്തണം എന്ന ചിന്ത മാത്രമേ ഉള്ളു.
മനസ്സിൽ ഗംഗയുടെ മുഖവും.
എല്ലായിടത്തും കയറി ഇറങ്ങി ഞാൻ നോക്കി, ഒരിടത്തും മീനുവിനെ കാണുന്നില്ല.
അകാരണമായ ഭയം എന്നിൽ ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു.
അവൾ പുറത്തേക്ക് പോവില്ല, അത് ഉറപ്പാണ് പിന്നെ എവിടെ പോയി… ഒറ്റയ്ക്ക് ആണെങ്കിൽ മുറിയിൽ തന്നെ ഇരിക്കും. അതാലോചിച്ചപ്പോൾ ഞാൻ വേഗം താഴത്തെ അവളുടെ റൂമിലേക്ക് ഒന്നൂടെ കയറി ചെന്നു.

“മീനു….. മീനു…..”

വിളിച്ചുകൊണ്ട് ഞാൻ കട്ടിലിനടിയിൽ ഒന്ന് കുനിഞ്ഞു നോക്കി.
അവിടെയും കണ്ടില്ല…..
എന്റെ തലയാകെ പെരുത്ത് കയറുന്ന പോലെയായി.
തലയിൽ കൈ വെച്ച് ചുറ്റും നോക്കുമ്പോഴാണ് കട്ടിലിൽ കിടന്ന ഒരു കത്ത് ഞാൻ കണ്ടത്.
ഞാൻ അതെടുത്തു നോക്കി.
അതിലൂടെ കണ്ണോടിച്ച എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, അത് ഉതിർന്നു അതിലേക്ക് വീണപ്പോൾ എന്റെ കണ്ണീരിന് കൂട്ടെന്നോണം ഉണങ്ങി തുടങ്ങിയിട്ടും ഉണങ്ങാൻ കൂട്ടാക്കാതെ നേരത്തെ അതെഴുതിയ ആൾ പൊഴിച്ച കണ്ണീരും എന്നെ നോക്കി വേദന നിറഞ്ഞ ഒരു പുഞ്ചിരി തൂകി.

Leave a Reply

Your email address will not be published. Required fields are marked *