ബെല്ലടിച്ചപ്പോൾ നയന മീന ടീച്ചറുടെ അടുത്തെത്തി .
“‘ തരാം .. പക്ഷെ ഇത് സാങ്കല്പികമായി പേരെഴുതാൻ പറഞ്ഞതാണ് . അല്ലാതെ തനിക്കെഴുതിയതല്ല.ഇതൊരു കാരണമായി പ്രണയം തുടങ്ങരുത് കേട്ടോ . താത്കാലിക ജോലിയാ . ഇത് കാരണം എന്റെ ഭാവി കളയരുത് “” മീന ടീച്ചർ പുഞ്ചിരിയോടെ പറഞ്ഞിട്ട് നയനയുടെ കയ്യിൽ കത്ത് കൊടുത്തു . അവളത് മറിച്ചു നോക്കുമ്പോൾ താഴ്നെഴുതിയ പേപ്പർ അതാണെന്ന് മനസ്സിലായി . നയന അത് വാങ്ങി മടക്കി ബാഗിൽ വെച്ചിട്ട് നോക്കിയ നോട്ടം ഇന്നും മനസ്സിൽ കിടപ്പുണ്ട് .
“‘ മക്കൂ …എന്റെ വിവാഹമുറപ്പിച്ചു . എനിക്ക് നിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം എന്നായിരുന്നു ആഗ്രഹം . നിനക്കൊരു ജോലി .. ഇനിയും വയ്യടാ എന്നെക്കൊണ്ട് “”‘
അമേരിക്കയിൽ സെറ്റിലായ ഫാമിലിയിലെ പയ്യനുമായി കല്യാണമുറപ്പിച്ചു എന്ന് കേട്ടയുടനെ അവളെ കാണാൻ പോയപ്പോൾ മതിലനപ്പുറം നിന്ന് നയന പറഞ്ഞ വാക്കുകൾ ആണവ . കവിളൻ മടൽ കുത്തിച്ചാരി നിർത്തി അവളെയൊന്നവസാനമായി കാണുവാൻ വേണ്ടി നോക്കിയപ്പോൾ തിരിഞ്ഞു നോക്കിക്കൊണ്ട് വീടിനുള്ളിലേക്ക് കേറിയ അവളുടെ നോട്ടത്തെക്കാൾ താനോർക്കാൻ ഇഷ്ടപ്പെടുന്നത് ബാഗിലേക്ക് അന്നാ കത്തുവെച്ചിട്ട് നയന നോക്കിയ നോട്ടമാണ് .
ടീച്ചറുടെ പക്കൽ നിന്ന് കത്തും വാങ്ങി നയന പോയതിന്റെ പിറ്റേന്ന് പത്രമിട്ടിട്ട് സൈക്കിളിന്റെ പെഡൽ ചവിട്ടാനായുമ്പോഴാണ് കാലെടുത്തുവെക്കുമ്പോഴാണ് “‘ഡാ മക്കൂ “‘എന്നുള്ള വിളി കേൾക്കുന്നത് . അവറാച്ചൻ മുതലാളിയുടെ വീട്ടിൽ നിന്നാരാണ് വിളിക്കുന്നതെന്ന് ചിന്തയിൽ നോക്കുമ്പോൾ മുറ്റമടിക്കുന്ന ചൂലുമായി നയന
“‘അതേയ് .. എനിക്ക് കിട്ടുന്ന ആദ്യത്ത പ്രണയ ലേഖനം . എനിക്കിഷ്ടപ്പെട്ടു കേട്ടോ “”
“‘ഞാൻ ..ഞാൻ ചുമ്മാ ഒരു പേര് വെച്ചതാണ് “” അത് കേട്ടതും നയനയുടെ മുഖം വിളറി . ചൂലെടുത്തു വലിച്ചെറിഞ്ഞിട്ടവൾ അകത്തേക്കോടി പോയപ്പോൾ താൻ അമ്പരന്നു നിന്നു
അന്നവൾ സ്‌കൂളിൽ വന്നില്ല .
പിറ്റേന്ന് സ്ക്കൂളിനപ്പുറത്തെ ചായപ്പീടികയിൽ , അമ്മയിൽ നിന്ന് വളരെ വിരളമായി കിട്ടുന്ന ഒരു രൂപ തുട്ടുകൾ സൂക്ഷിച്ചു വെച്ച് ഉണ്ടാക്കിയ പൈസ കൊണ്ട് പുതുതായി വന്ന അതിഥി ”പൊറോട്ട “‘ യും സാമ്പാറും തട്ടുമ്പോൾ നയനയുടെ അപ്പനവിടെ വന്നു .
“‘ കഴുവേർട മോനെ … നിനക്കെന്റെ കൊച്ചിനെ പ്രേമിക്കണം അല്ലേടാ “”‘ മുഖമടച്ചുള്ള അടിയിൽ നിന്ന് രക്ഷപെടുത്തിയത് പഴയ നക്സലൈറ്റ് പീതാംബരൻ ചേട്ടനാണ്
സ്‌കൂളിലേക്കാണ് അവറാച്ചൻ മുതലാളി പിന്നെ വന്നത് .
അച്ഛന്റെ അടിയേക്കാൾ വിഷമപ്പെടുത്തിയത് അമ്മയുടെ കരച്ചിലായിരുന്നു.
പിന്നെ ഈ കാരണത്താൽ ജോലി പോയ മീന ടീച്ചറും .