അറിഞ്ഞൊ എങ്ങനെ ആരു പറഞ്ഞു .
നമ്മുടെ കോയാനെ ഒരു ദിവസം കണ്ടിരുന്നു . ഓനാണു പറഞ്ഞതു കാര്യങ്ങളൊക്കെ .
ഓഹ് കോയാക്കയാണൊ പറഞ്ഞതു . കോയാക്കാന്റെ പെങ്ങളുടെ മോനില്ലെ ഒരു ഹനീഫ . ഓനാണു റജീനാനെ കെട്ടാന്‍ പോണതു . ഓരു തമ്മിലു വല്യ ഇഷ്ടത്തിലാ . കൊറച്ചു പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നെ കോയാക്ക തന്നെ കല്യാണം നടത്തിക്കോന്നു റസിയാനോടുല്പപറഞ്ഞു അങ്ങനെ തുടങ്ങിയതാ . .
ഓഹ് കോയാന്റെ പെങ്ങളുടെ മോനാ ല്ലെ . . ഹനീഫ ഇനിക്കോര്‍മ്മയുണ്ടു . .
ഇങ്ങളു മറക്കൂല്ലല്ലൊ ഓന്റെ ഉമ്മ റസിയാനെ . . നല്ല പരിചയമുള്ളതല്ലെ . .
ഖദീജാ ഇനിയതൊന്നും എന്നെ ഓര്‍മ്മിപ്പിക്കാണ്ടാ . അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലെ .
ഇങ്ങളു മറന്നാലും ഇനിക്കു റസിയാനെ മറക്കാന്‍ പറ്റൂല ഓളുള്ളതു കൊണ്ടാ ഞാനൊന്നു കര കേറിയതും ഇന്നു നല്ല രീതിയില്‍ ജീവിക്കുന്നതും . ഇങ്ങള്‍ക്കു വെശക്കുണുണ്ടൊ എങ്കി കേറിവാ ചോറു വെളമ്പാം . . വരീ അകത്തുക്ക് കേറി വരീ . .
വെശക്കുന്നുണ്ടു . . പക്ഷെ ഞാനതൊന്നും പ്രതീക്ഷിച്ചല്ല ഖദീജ വന്നതു . നിന്നേം കുട്ടികളേയും ഒന്നു കാണണം അത്രയെയുള്ളു .
അതിപ്പൊ ന്താ കണ്ടൊളീ റജീന ഇപ്പൊ വരും ഓളൊരു കൂട്ടുകാരിയെ കാണാന്‍ പോയതാ . . റിയാസിനെ കാണണമെങ്കി കല്യാണത്തിനേ പറ്റൂ . വാ വന്നിരിക്കു ഞാന്‍ ചോറെടുക്കാം .
ബീരാന്‍ പുറത്തേക്കിറങ്ങി കൈ കഴുകിയതിനു ശേഷം അകത്തേക്കു കേറിചെന്നു അവിടെ മേശയുടെ അടുത്തിട്ടിരുന്ന കസേരയിലിരുന്നു . അപ്പോഴേക്കും ഖദീജ പാത്രം കൊണ്ടു വെച്ചു ചോറു വിളമ്പി .