കണ്ണാടിയിൽ നോക്കി നിന്ന് അവളിട്ടിരുന്ന വെളളയിൽ ഡിസൈനുകളുള്ള ചുരിദാറിന്റെയും മുടി ഈരി ഒതുക്കിയതിന്റെ ഭംഗിയും കണ്ട് മതി മറന്ന് നിന്നിരുന്ന പെണ്ണിന്റെ കൈയ്യിൽ ഞാൻ ഒരു നുള്ള് കൊടുത്തു. അതോടെ ദേഷ്യം വന്ന പെണ്ണ് “ഉഫ്ഫ് … എന്റെ തൊലി പറിഞ്ഞു പോയി … നിനക്കെന്തിന്റെ കേടാ ആദി? നീ വെറുതെ പിച്ചിയതെന്തിനാ” പെണ്ണ് ഞാൻ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് പറഞ്ഞു.
“നിനക്ക് വേദനയെടുത്തല്ലേ ഞാൻ കരുതി നല്ല സുഖമായിരിക്കുമെന്ന്. നീ എന്നെ ഇടയ്ക്ക് പിച്ചുമ്പോഴും എനിയ്ക്ക് ഇങ്ങനെ തന്നെയാട്ടോ വേദനയെടുക്കാറ്”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ പിച്ചിയതിന്റെ പേര് പറഞ്ഞ് പെണ്ണ് കണ്ണാടിയിൽ നോക്കി മൂഖം വീർപ്പിച്ച് നിൽപ്പായി. ഈ കോലത്തിൽ അവളെ പുറത്ത് കൊണ്ടു പോയാൽ ശരിയാകില്ലാന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പെണ്ണിനെ പിറകിൽ ചെന്ന് വട്ടം കെട്ടിപിടിച്ചിട്ട് കവിളിൽ ഒരുമ്മ കൊടുത്തു. അതോടെ പെണ്ണിന്റ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വന്നത് ഞാൻ കണ്ണാടിയിൽ കണ്ടു.
“ഇപ്പോ എന്റെ സുന്ദരി കുട്ടിയുടെ പിണക്കമൊക്കെ മാറിയോ?” ഞാൻ പെണ്ണിനെ ഒന്നമർത്തി കൊണ്ട് ചോദിച്ചു.
” അതിന് ഞാൻ പിണങ്ങിയൊന്നൂലാലോ മോനു”
“ഉം …പിന്നെ ഞാൻ കണ്ടാണല്ലോ അനൂസ് മുഖം വീർപ്പിച്ച് നിന്നത്
അത് കണ്ടിട്ടല്ലേ ഞാൻ അടുത്തേയ്ക്ക് വന്നത്”
” എനിയ്ക്കിപ്പോ നീ മാത്രല്ലേ മോനു ഉള്ളത് നീ എന്തേലും കടുപ്പിച്ച് പറയുമ്പോൾ എനിയ്ക്കെന്താന്നറീല പെട്ടെന്ന് സങ്കടം വരുണു”
പെണ്ണ് സ്വരം ഇടറി കൊണ്ട് പറഞ്ഞു.
“എന്റെ അനൂസ്സേ നീ ഇങ്ങനെ തൊട്ട വാടി ആവണത് എനിക്കിഷ്ടല്ലാ ട്ടോ എനിക്കാ പഴയ ബോൾഡ് ആയിട്ടുള്ള അനുവിനെയാ ഇഷ്ടം.
പെണ്ണതിന് മറുപടിയായി നല്ലൊരു പുഞ്ചിരി തന്നു.
“വാ നമ്മുക്കിറങ്ങാം ഇപ്പോ തന്നെ വൈകി” ഞാൻ കെട്ടിപിടിച്ച് നിന്നിരുന്ന അനുവിനെ വിട്ട് മാറി കൊണ്ട് പറഞ്ഞു.
ഞാനാദ്യം പോയി കാറിൽ കേറി ഇരുന്നു. അനു വേഗത്തിൽ വീട് പൂട്ടി വന്ന് കാറിൽ കേറി. ആദ്യം ബീച്ചിൽ തന്നെ പോകാമെന്ന് അവൾ പറഞ്ഞതോണ്ട് വണ്ടി അങ്ങോട്ട് തന്നെ വിട്ടു. വൈകുന്നേരമായതോണ്ട് റോഡിലൊക്കെ വാഹനങ്ങളുടെ നല്ല തിരക്ക് ഒരു ഇരുപത് മിനിറ്റിനകം ഞങ്ങൾ ബീച്ചിലെത്തി.
ബീച്ചിൽ അനുവിന്റെ കൈ കോർത്ത് പിടിച്ച് ഞാൻ നടന്നു. ആളുകളൊക്കെ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.
ആൾക്കാരുടെ തറപ്പിച്ചുള്ള നോട്ടം കണ്ട് ചൂളിയ അനു എന്നോട് കൂടുതൽ ചേർന്ന് നടന്നു.
” ഇവരെന്താ മനുഷ്യരേ കണ്ടിട്ടില്ലേ എന്തിനാ ഇങ്ങനെ തറപ്പിച്ച് നോക്കുന്നെ”
പെണ്ണ് എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു.
“അനൂസേ, അങ്ങോട്ട് നോക്ക്യേ ആൺ പിള്ളേരൊക്കെ നിന്നെയാ നോക്കുന്നെ”
പെണ്ണിന്റെ മുഖം പിടിച്ച് വലത്ത് വശത്തേയ്ക്ക് തിരിച്ചിട്ട് ഞാൻ പറഞ്ഞു.
” എന്നെ മാത്രമൊന്നുമല്ല നോക്കുന്നെ ദേ ആ ഗ്യാങ് ആയിട്ട് വന്നിരിക്കണ പെൺ പിള്ളേര് മോനൂസിനെയാ നോക്കുന്നെ, ഇപ്പോ അങ്ങോട്ട് തിരിയല്ലേ പതിയെ ഇടം കണ്ണിട്ട് ഒന്ന് നോക്ക് അപ്പോ കാണാം അവര് നോക്കുന്നത് “