“ഏട്ടൻ ഇപ്പോഴും എന്റെ മുടി ചീകുമ്പോ എന്തിനാ മുഖം അവിടെ ചേർത്ത് പിടിക്കുന്നത്”
“അത് പണ്ടേ ഉള്ള ശീലമാണ് മോളെ, മാറ്റാൻ പറ്റുന്നില്ല”
“പണ്ടെന്നു പറയുമ്പോ”
“മോളുടെ അമ്മയും ഇതുപോലെ മുടിയുള്ള പെണ്ണായിരുന്നു. ചെറുപ്പത്തിൽ അമ്മയുടെ കുളി കഴിഞ്ഞു ഈറൻ മുടിയുണ ക്കുമ്പോ ഞാൻ ആ കാർകൂന്തൽ കയ്യില് പിടിച്ചു മണത്തിരുന്ന ഓർമ്മയാ..”
“അപ്പൊ മുത്തശ്ശി എന്ത്യേ, ഇവിടെ ഇല്ലായിരുന്നോ ഏട്ടാ”
“നിന്റെ മുത്തശ്ശി നീ ജനിച്ചതിനു ശേഷമാണ് നമ്മുടെ അച്ഛനോടുള്ള പിണക്കം മറന്നു ഇങ്ങോട്ട് വന്നത്”
“അതെന്താ ഏട്ടാ പിണങ്ങിപ്പോയത് ?”
“മുത്തശ്ശി നമ്മുടെ അച്ഛനെ അത്രയും സ്നേഹിച്ചു വളർത്തി, എന്നിട്ട് മുത്തശ്ശിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കുടുംബത്തിലെ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നപ്പോൾ, മുത്തശ്ശിയ്ക്ക് ദേഷ്യം വരില്ലേ ? അതുകൊണ്ട് അവരുടെ കൂടപ്പിറപ്പുകൾക്ക് ഒപ്പം മുത്തശ്ശി പിന്നീട് താമസമായി.”
“ഓഹ് അത് ശരി.”
ദീപൻ ഒരു സ്വർണ പാദസരം അവളുടെ കാലിൽ അണിയിച്ചു.
“ഇത് അമ്മയുടെയാണ്….”
“നന്നായിട്ടുണ്ട് ഏട്ടാ ..”