പോകുമെന്ന് കരുതിയ തന്റെ പ്രിയതമനെ വീണ്ടും തന്റെ മുന്നിലേക്ക് ദൈവമായിട്ട് എത്തിച്ച് തന്നപ്പോഴും തന്റെ മനസ് കാണുവാൻ അമലിന് ആവുന്നില്ലല്ലോ എന്ന സങ്കടം ഷിൽനയുടെ ഉള്ളിൽ ഒരു നീറ്റൽ ആയി കിടക്കുന്നു. മൺപാതകൾ പിന്നിട്ട് പാട വരമ്പിലൂടെ നടന്ന് അവസാനം ഷിൽന തന്റെ ഏട്ടനേയും കൂട്ടി നേരെ നടന്നത് വർഷം മുഴുവൻ വറ്റാതെ ഒഴുകികൊണ്ടിരിക്കുന്ന തന്റെ പ്രിയപ്പെട്ട തോട്ടിൻ കരയിലാണ്. ഇവിടെ വച്ചാണ് ആദ്യമായി തന്റെ ഏട്ടനെ ഞാൻ മറ്റൊരു കണ്ണിൽ കണ്ടു തുടങ്ങിയത് എന്ന് അവൾ മധുരമായി ഓർത്തെടുത്തു. കൈനിറയെ ആമ്പൽ പൂക്കളുമായി തന്റെ അടുത്തേക്ക് ഈറനോടെ കയറിവന്ന അമലിന്റെ മുഖം മായാതെ ഇന്നും കിടപ്പുണ്ട് അവളുടെ ഉള്ളിൽ. വെൺ പുലരിയിൽ തന്റെ പ്രിയതനുമൊത്ത് ചരിത്ര ശേഷിപ്പുകൾ ഉറങ്ങുന്ന ഈ കലുങ്കിൽ ഇരുന്നുകൊണ്ട് പുൽനാമ്പുകളെ വകഞ്ഞുമാറ്റി ഒഴുകുന്ന തെളിനീരിൽ കാൽ നനയ്ക്കുവാൻ എത്ര കൊതിച്ചതാണ്.
ഒത്തിരി ദൂരം നടന്നു വന്നതിന്റെ കിതപ്പോടെ കലുങ്കിൽ ഇരുന്നുകൊണ്ട് ഷിൽന തന്റെ ഓർമകൾ അയവിറക്കി.. എന്ത് രസമാണ് ഈ പ്രഭാതത്തിന്. എന്നും എന്റെ ഏട്ടന്റെ കൂടെ ഇതുപോലെ ഇരിക്കുവാൻ കഴിഞ്ഞെങ്കിൽ എന്നവൾ ആശിച്ചു.
: ഷി…. നീ എന്താ ആലോചിക്കുന്നേ
: ഏട്ടന് ഓർമയുണ്ടോ… പണ്ട് നമ്മൾ ഇവിടെ വന്നതും, ഏട്ടൻ വെള്ളത്തിൽ ചാടി എനിക്കുവേണ്ടി ആമ്പൽ പറിച്ചതും ഒക്കെ… എന്ത് രസായിരുന്നു അല്ലേ…
: ഉം… ഇവിടെ നിന്ന് നമ്മൾ എത്ര മീൻ പിടിച്ചിട്ടുണ്ട്. ഇപ്പൊ ആമ്പലും ഇല്ല മീനും ഇല്ല… ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും ഇതൊന്നും വേണ്ടെന്ന് തോനുന്നു. ആ കണ്ടത്തിൽ ഒക്കെ മഴക്കാലത്ത് പന്ത് കളിക്കാൻ എന്ത് രസമായിരുന്നു. അവിടെ നിന്നും കളി കഴിഞ്ഞാൽ നേരെ ഈ തോട്ടിൽ വന്ന് ചാടും. അടിപൊളി ഒരു കുളിയും കഴിഞ്ഞിട്ടേ വീട്ടിലേക്ക് പോകു.
: ഉം… ഏട്ടന് ഇത്രയും നടന്ന് വന്നിട്ട് എന്തെങ്കിലും ബുദ്ദിമുട്ട് തോന്നുന്നുണ്ടോ…
: ഹേയ് … എന്ത് ബുദ്ദിമുട്ട്.. നീ എന്നെ രോഗി ആക്കുവാണോ.
: എന്റെ ഏട്ടന് ഒരു അസുഖവും ഇല്ല…ഇനി എന്തേലും ഉണ്ടെങ്കിൽ തന്നെ എന്താ… ഞാൻ നോക്കില്ലേ
: അങ്ങനെ ഇപ്പൊ നീ നോക്കണ്ട… നീ ആദ്യം കാര്യം പറ. ബാക്കി പറയാം എന്ന് പറഞ്ഞിട്ടല്ലേ കൂട്ടികൊണ്ട് വന്നത്
: ആ പറയാം…. പക്ഷെ ഏട്ടൻ തിരിഞ്ഞ് ഇരിക്കണം. പിന്നെ ഞാൻ പറഞ്ഞു കഴിയുന്നത് വരെ ഇങ്ങോട്ട് ഒന്നും ചോദിക്കരുത്… ഓകെ ആണോ
: ആ ഓകെ. മുഴുവൻ പറയണം…