ചെകുത്താന്‍ വനം 4 [Cyril]

Posted by

 

ചെകുത്താന്‍ വനം 4 റോബിയും നന്മ എന്ന ശത്രുക്കളും

CHEKUTHAN VANAM PART 4 ROBIYUM NANMA ENNA SHATHRUKKALUM

AUTHOR : CYRIL

[ PREVIOUS PART [https://kambimaman.com/tag/cyril/] ]

 

“ഈ പ്രപഞ്ചം നിലനില്‍ക്കാന്‍ ചെകുത്താന്‍ ലോകത്തേക്കുള്ള നിന്റെ വരവ് അനിവാര്യമാണ്.
അതിന്റെ കാരണം നിന്റെ പിതാവ് പറയും. ഇപ്പോൾ നിനക്ക് തീരുമാനിക്കാം.” ബാൽബരിത്
പറഞ്ഞു.

“തീരുമാനിക്കാന്‍ ഒന്നുമില്ല. എന്റെ ചോദ്യങ്ങള്‍ക്കുള്ള എല്ലാ ഉത്തരങ്ങളും
ചെകുത്താന്‍ ലോകത്ത് നിന്നും ലഭിക്കും — അതാണ്‌ എന്റെ മനസ്സ് പറയുന്നത്. ഞാൻ
വരുന്നു.”

“ഞങ്ങളും വരുന്നു.” എന്റെ ഇരുവശത്ത് നിന്നുകൊണ്ട്, എന്റെ കൈയിൽ പിടിച്ചിട്ട്
വാണിയും അഡോണിയും ഒരേ സമയത്ത്‌ പറഞ്ഞു.

പെട്ടന്ന് എന്റെ മനസ്സിൽ വാണിയോടുള്ള മതിപ്പും സ്നേഹവും നിറഞ്ഞൊഴുകി. അഡോണിയോട്
എനിക്ക് ആദ്യമായി ബഹുമാനം തോന്നി. എന്റെ മുഖത്ത് വലിയൊരു പുഞ്ചിരി വിടര്‍ന്നു.

“അതേ, ചെകുത്താന്‍ ലോകത്തേക്ക് ഞങ്ങൾ വരുന്നു.”

അത് കേട്ട് ബാൽബരിത് നടയില്‍ നിന്നും പുറത്ത്‌ വന്ന് എന്റെ മുന്നില്‍ നിന്നു.

വാണി എന്റെ കൈയിൽ മുറുക്കി പിടിച്ചു. ഞാൻ അവളെ നോക്കി. ആ മുഖത്ത് ആശങ്ക ഞാൻ കണ്ടു.
ഒരുപക്ഷേ ചെകുത്താന്‍ ലോകത്ത് പോകുന്നതില്‍ ഞാൻ കൂടുതൽ ഉത്സാഹം കാണിച്ചത്
കൊണ്ടാവും. ചിലപ്പോ ബാൽബരിത് അടുത്ത് വന്നത് കൊണ്ടാവും. അതുമല്ലെങ്കിൽ ഞങ്ങൾ
ചെകുത്താന്‍ ലോകത്ത് എത്തി കഴിഞ്ഞാൽ എന്റെ നല്ല സ്വഭാവം മാറി ചെകുത്താന്റെ സ്വഭാവം
ഞാൻ സ്വീകരിക്കും എന്ന പേടി ആയിരിക്കും അവൾക്ക്.

എന്റെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി ഇപ്പോൾ വല്യ ചിരിയായി മാറി. ബാൽബരിത് ഒന്നും
മനസ്സിലാവാതെ എന്നെ നോക്കി. അതോടെ എന്റെ ചിരി പൊട്ടിച്ചിരിയായ് മാറി.

പല തരത്തിലുള്ള വികാരത്തോടെ അവർ മൂന്ന് പേരും എന്നെ നോക്കി.

“ഇവർ രണ്ട് പേരെയും ചെകുത്താന്‍ ലോകത്ത് കൊണ്ട്‌ വരണം എന്നാണോ നിന്റെ തീരുമാനം?
അതിന്റെ ആവശ്യം ഇല്ല എന്നാണ് ഞാൻ കരുതുന്നത്.” എന്നെ പേടിപ്പെടുത്താൻ എന്നപോലെ
ബാൽബരിത് ഒരു തണുപ്പൻ മട്ടില്‍ അഹങ്കാരത്തോടെ എന്നോട് പറഞ്ഞു.

പോരാത്തതിന് ബാൽബരിത് എന്റെ മനസില്‍ കടന്ന് കൂടാനും ശ്രമിക്കുന്നത് ഞാനറിഞ്ഞു.

അവന്റെ അധികാര ധ്വനി എനിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നെ അവന്റെ നുഴഞ്ഞ് കയറ്റം
അതെന്റെ കോപത്തെ ഉണര്‍ത്തി. എന്റെ തലക്കകത്ത് അവനു കടക്കാന്‍ കഴിഞ്ഞെങ്കിലും ഗിയ
യുടെ രക്ഷാ കവചത്തെ ഭേദിച്ച് എന്റെ മനസില്‍ കടക്കാന്‍ ബാൽബരിത് നു കഴിഞ്ഞില്ല.

അതുകൊണ്ട്‌ എന്റെ ഉള്ളില്‍ നിന്നും ബാൽബരിത് നു ഒന്നും മനസിലാക്കാനും
കഴിഞ്ഞിരുന്നില്ല.

പക്ഷേ അവന്‍ പിന്‍മാറാതെ എന്റെ മനസില്‍ ശക്തി കുറഞ്ഞ ഭാഗം അവന്‍ തിരക്കുന്നത് ഞാൻ
അറിഞ്ഞു. എന്റെ കോപം ഇരട്ടിച്ചു. ബാൽബരിത് എന്നെക്കാളും ശക്തന്‍ ആയിരിക്കാം, പക്ഷേ
എന്റെ സമ്മതം ഇല്ലാതെ ആരും എന്റെ ഉള്ളില്‍ കടക്കില്ല…. അത് രണ്ടാം നിരയിലുള്ള
ചെകുത്താന്‍ ആയാല്‍ പോലും ഞാൻ അനുവദിക്കില്ല.

ഒട്ടും സമയം കളയാതെ എന്റെ ചെകുത്താന്റെ ശക്തിയും മാന്ത്രികന്റെ ശക്തിയും പ്രപഞ്ച
വാളിന്റെ ശക്തിയും ഞാൻ കൂട്ടി ചേർക്കാൻ ശ്രമിച്ചു. പക്ഷേ ആ മൂന്ന് ശക്തികളും
ഒന്നായി മാറാൻ സഹകരിച്ചില്ല.

ഞാൻ എന്റെ മനസ്സ് കൊണ്ട്‌ പിന്നെയും കഠിനമായി ശ്രമിച്ചു. പെട്ടന്ന് എന്റെ ഉള്ളില്‍
എന്തോ പൊട്ടിയത് പോലെ എനിക്ക് അനുഭവപ്പെട്ടു. ആ മൂന് ശക്തികളും ഒരുപോലെ എനിക്ക്
വഴങ്ങി.

പെട്ടന്ന് എന്റെ മൂന്ന് ശക്തികളും സഹകരിച്ച് ഒറ്റ ശക്തിയായി മാറി. ഒരു നിമിഷം എന്റെ
ഹൃദയത്തിൽ കഠിനമായ വേദന ഞാൻ അനുഭവിച്ചു. പക്ഷേ, ഉടന്‍തന്നെ അത് മാറി. എന്റെ ശക്തി
പല മടങ്ങായി ഉയരുന്നത് ഞാൻ അറിഞ്ഞു.

ആ വന്‍ ശക്തിയെ, എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഗിയയുടെ മഞ്ഞ് പോലത്തെ രക്ഷാ
കവചത്തിലേക്ക് പകർന്ന് കൊടുത്തു.

അതിന്റെ ഫലം ഞാൻ വിചാരിച്ചതിനേ ക്കാളും ഭയങ്കരമായിരുന്നു. നൊടിയിട കൊണ്ട്‌ മൂന്ന്
കാര്യങ്ങളാണ് സംഭവിച്ചത്.

ആദ്യം ബാൽബരിത് ൻറ്റെ മന രക്ഷാ കവചം മഞ്ഞ് പോലെ ഉരുകി പോയി. ആ സന്ദര്‍ഭം മുതലാക്കി
ഞാൻ അവന്റെ മനസ്സില്‍ കടന്ന് കൂടി. അവന്റെ മനസ്സ് മുഴുവനും വായിക്കാനുള്ള സമയം
എനിക്ക് കിട്ടിയില്ല. എന്നാലും, ഒരു ചില കാര്യങ്ങൾ എനിക്ക് അവനില്‍ നിന്നും
മനസ്സിലാക്കാൻ കഴിഞ്ഞു.

രണ്ടാമത് — എന്റെ ഉള്ളില്‍ നിന്നും തീവ്രമായ ഒരു അദൃശ്യ ശക്തി അവന്റെ മന
സാന്നിധ്യത്തെ എന്റെ ഉള്ളില്‍ നിന്നും, ഒരു പന്തിനെ പോലെയാണ് എന്നില്‍ നിന്നും
തെറിപ്പിച്ചത്.

മൂന്നാമത് — എന്റെ ഉള്ളില്‍ നിന്നും അതേ അദൃശ്യ ശക്തി മിന്നല്‍ വേഗത്തിൽ
പുറത്തേക്ക് വന്ന്, പാഞ്ഞ് വന്ന ലോറി പോലെ ബാൽബരിത് ൻറ്റെ മേല്‍ പതിച്ചു. ആ
ആക്രമണത്തിന്‍റെ ഫലമായി ബാൽബരിത് ഇരുപത് മീറ്റർ അകലെ തെറിച്ച് പോയ് വീണു. ആരോ എന്നെ
പിടിച്ച് തള്ളിയത് പോലെ ഞാനും രണ്ട് അടി പിന്നോട്ട് വെച്ച് പോയി.

എനിക്ക് ചെറിയൊരു ക്ഷീണം അനുഭവപ്പെട്ടെങ്കിലും അത് പെട്ടന്ന് മാറി. പക്ഷേ ഞാൻ
കുനിഞ്ഞ് നിന്ന് നല്ലതുപോലെ കിതക്കുന്നുണ്ടായിരുന്നു. ഒരു സെക്കന്റ് കൊണ്ട്‌ ആ
കിതപ്പും അടങ്ങി. ‘എന്താണ്‌ സംഭവിച്ചത്?’ ഞാൻ സ്വയം ചോദിച്ചു.

‘ബാൽബരിത് നിന്നൊക്കാളും ശക്തനല്ല എന്നാണ് ഇതില്‍ നിന്നും ഞാൻ മനസ്സിലാക്കുന്നത്.
കുറച്ച് മുമ്പ്‌ വരെ അവന്‍ നിന്നെക്കാൾ ശക്തനായിരുന്നു….. പക്ഷേ എപ്പോൾ നി നിന്റെ
ഉള്ളിലുള്ള മൂന്ന് ശക്തികളെയും ഒന്നായി ലയിപ്പിച്ചുവോ, അന്നേരം നിന്റെ ജീവ ജ്യോതി
വേറെ എന്തോ ആയി രൂപാന്തര പ്പെട്ടിരിക്കുന്നു.’ എന്റെ സഹജാവബോധം പറഞ്ഞു.

‘എന്ത് മാറ്റമാണ് സംഭവിച്ചത്…. എങ്ങനെ മാറി?’ ഞാൻ ചോദിച്ചു. പക്ഷേ ആ കള്ള ഗുണം
കെട്ട സഹജാവബോധം മറുപടി തന്നില്ല.

എന്റെ ഉള്ളില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയതും കുനിഞ്ഞ് നിന്നിരുന്ന എന്റെ തോളില്‍
വാണി തൊട്ടു.

പരീക്ഷണം നടത്താനുള്ള സമയമല്ല ഇപ്പോൾ. ഉടനെ ഞാൻ നിവര്‍ന്ന് നിന്ന് അവളെ നോക്കി.
പക്ഷെ വാണി ജിജ്ഞാസയോടെ വേറെ എവിടെയോ നോക്കുന്നു. അഡോണി അതേ ഭാഗത്ത് നോക്കി
പുഞ്ചിരിക്കുന്നു. ഞാനും അവർ നോക്കുന്ന ഭാഗത്തേക്ക് നോക്കി.

അവിടെ ബാൽബരിത് തറയില്‍ കിടക്കുന്നതാണ് ആദ്യം ഞാൻ കണ്ടത്. അവന്റെ മുഖത്ത് ചെറിയൊരു
ഭയം ഉണ്ടായിരുന്നു. ഒരു സെക്കന്റ് നേരത്തേക്ക് അവന്റെ രൂപം ഒന്ന് മങ്ങി, ആ
സെക്കന്റ് കൊണ്ട്‌ അവന്‍ ചാടി എഴുന്നേറ്റ് നില്‍ക്കുന്നത് ഞാൻ കണ്ടു — ഉടനെ അവന്റെ
രൂപം പിന്നെയും നല്ലപോലെ തെളിഞ്ഞു കണ്ടു.

എനിക്ക് കാര്യം മനസ്സിലായി. വാണി യുടെയും അഡോണി യുടെയും കാഴ്ചപ്പാടില്‍ —ഒരു
കാരണവും ഇല്ലാതെ ബാൽബരിത് തെറിച്ച് പോയി തറയില്‍ വീണു. തറയില്‍ വീണ് കിടന്ന
ബാൽബരിത് ആദ്യം അപ്രത്യക്ഷനായി, പിന്നെ അവന്‍ പ്രത്യക്ഷപ്പെട്ടത് നില്‍ക്കുന്ന
പോസിൽ ആയിരുന്നു.

“എന്താണ്‌ സംഭവിച്ചത് റോബി? എല്ലാ ചെകുത്താന്‍മാരും ഇത് അര്‍ഹിക്കുന്നു, പക്ഷേ
ഇപ്പോൾ ഒരു കാരണവും ഇല്ലാതെ ഇങ്ങനെ പ്രവർത്തിക്കാൻ കാരണം…?” ചിരിച്ചുകൊണ്ട് തന്നെ
അഡോണി ചോദിച്ചു.

ഒരിക്കല്‍ കൂടി ബാൽബരിത് ൻറ്റെ രൂപം മങ്ങി തെളിഞ്ഞു. ഇപ്പോൾ അവന്‍ എന്നില്‍ നിന്നും
അഞ്ച് മീറ്റർ അകലം പാലിച്ച് നിന്നു. ഒരിക്കല്‍കൂടി അവന്റെ മുഖത്ത് ഭയം
മിന്നിമറഞ്ഞു. പക്ഷേ അവന്റെ മനസ്സ് വാണിയുടെ നേര്‍ക്ക് തിരിയുന്നത് പോലെ എനിക്ക്
തോന്നി.

ഞാൻ ചിരിച്ചു. പക്ഷേ എന്റെ ഉള്ളില്‍ കോപം നിറഞ്ഞ് തുളുമ്പി. പിന്നെ കുപിതമായ എന്റെ
മനസ്സ് തിളച്ച് മറിഞ്ഞ് എന്തോ എന്റെ കണ്ണിലൂടെ പുറത്ത്‌ ഒഴുകുന്നത് പോലെ എനിക്ക്
തോന്നി.

അഡോണി എന്റെ അടുത്ത് നിന്നും പേടിയോടെ അകന്ന് മാറി. വാണിയുടെ മനസ്സിലുള്ള ഭയം ഞാൻ
അറിഞ്ഞു, പക്ഷേ വാണി എന്റെ അടുത്ത് തന്നെ നിന്നു. പെട്ടന്ന് അവളില്‍ നിന്നും ആ
സ്വര്‍ണ്ണ പ്രകാശം എന്നെ വലയം ചെയ്തു. പക്ഷേ അതിൽ നിന്നും ഒരു ഗുണവും ഞാൻ
അറിഞ്ഞില്ല.

പകരം, എന്നില്‍ നിന്നും ചെറിയ തോതില്‍ എന്റെ ശക്തി വാണിയുടെ ജീവ ശക്തിയില്‍
ചേരുന്നത് മാത്രം എനിക്ക് അറിയാൻ കഴിഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. എന്റെ
ശക്തിയെ വാണി വലിച്ചെടുക്കുന്ന പോലെ എനിക്ക് തോന്നി. പക്ഷേ ഞാൻ അതിനെ തടഞ്ഞില്ല.
പിന്നീട് അവളോട് തന്നെ ചോദിക്കാം.

തെരുവ് നായയെ നോക്കുന്നത് പോലെ ബാൽബരിത് നെ ഞാൻ നോക്കി. ബാൽബരിത് അവന്റെ ഭയത്തെ
മറയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു.

അവനെ നോക്കി ഞാൻ പറഞ്ഞു, “എന്നില്‍ നിന്നും, എന്റെ കൂട്ടുകാരിൽ നിന്നും അകന്ന്
നില്‍ക്കുന്നതാണ് നിനക്ക് നല്ലത് — അത് ഞങ്ങളുടെ ദേഹം ആയാലും ഞങ്ങളുടെ ദേഹി ആയാലും.

ഞാൻ പറഞ്ഞ്‌ കഴിഞ്ഞതും അനുസരണയുള്ള പട്ടിയെ പോലെ ബാൽബരിത് എന്നെ നോക്കി സമ്മത
ഭാവത്തില്‍ തലയാട്ടി. പക്ഷേ അവനെ കാണും തോറും എന്റെ കോപം ഇരട്ടിച്ചു കൊണ്ടെ പോയി.

എന്റെ സ്വന്തം ശബ്ദം കേട്ട് ഞാൻ നടുങ്ങി. കാരണം, മലവെള്ളം പാച്ചിൽ പോലെയായിരുന്നു
എന്റെ ശബ്ദം. പക്ഷേ ആ ശബ്ദത്തില്‍ ഒരു വശീകരണം ഉണ്ടായിരുന്നു.

എന്റെ കൈയിൽ പിടിച്ചിരുന്ന വാണിയുടെ കൈ നടുങ്ങി. അവൾ എന്നിലേക്ക് കൂടുതൽ ചേര്‍ന്ന്
നിന്നു. അഡോണി ഏതോ മായ ലോകത്ത് എത്തിപ്പെട്ടത് പോലെ എല്ലാം മറന്ന് എവിടെയോ നോക്കി
നില്‍ക്കുന്നു.

എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന കോപം ഞാൻ അടക്കാൻ ശ്രമിച്ചു. പെട്ടന്ന് വാണിയുടെ ജീവ
ജ്യോതി എന്റെ ശക്തി ചോര്‍ത്തുന്നത് മതിയാക്കി. കുറച്ച് കഴിഞ്ഞ് ഒരു വിറയലോടെ വാണി
തറയില്‍ ഇരുന്നു. വാണി അവശ നിലയില്‍ ആയിരുന്നു. എന്താണ്‌ അവള്‍ക്ക് സംഭവിച്ചത്.

‘ഒരു ഉത്തരം മാത്രമേ ഉള്ളു. ബാൽബരിത് വാണിയുടെ മനസില്‍ കടന്ന് കൂടാൻ ശ്രമിച്ചു.
വാണി അതിനെ തടഞ്ഞു. പക്ഷേ അവൾട ശക്തി കൊണ്ട്‌ കഴിയാതെ വന്നപ്പോൾ അവൾ പോലും അറിയാതെ
വാണിയുടെ മനസ്സ് നിങ്ങളുടെ ആത്മബന്ധത്തിലൂടെ നിങ്ങളില്‍ ശരണം പ്രാപിച്ചു.
അന്നേരമാണ് നിന്റെ ശക്തി വാണിയുടെ ജീവ ജ്യോതിയില്‍ കടന്ന്, ബാൽബരിത് നെ തടയാനുള്ള
ശക്തിയെ അവള്‍ക്ക് പകര്‍ന്ന് കൊടുത്തത്. ആ ശക്തി അവനെ വാണിയുടെ മനസില്‍ നിന്നും
പുറന്തള്ളി.’ എന്റെ സഹജാവബോധം പറഞ്ഞു.

പക്ഷേ എന്തിനാണ് ബാൽബരിത് എന്റെ മനസില്‍ കടന്ന് കൂടാൻ ശ്രമിച്ചത്? എന്നെ
നിയന്ത്രിക്കാനോ, അതോ അടിമ പെടുത്താൻ വേണ്ടിയോ? ഒരുപക്ഷേ വെറുതെ എന്റെ മനസ്സ്
വായിക്കാൻ ആയിരിക്കുമോ?

മൂന്ന് തൊട്ട് അതിന്റെ മുകൾ നിരയിലുള്ള എല്ലാ ചെകുത്താന്‍ മാര്‍ക്കും അവരെക്കാള്‍
ശക്തി കുറഞ്ഞവരുടെ മനസ്സിൽ കടന്ന് അവരുടെ മനസ്സിനെ വായിക്കാന്‍ കഴിയുമെന്ന് എനിക്ക്
അറിയാമായിരുന്നു.

ഒരുപക്ഷേ ബാൽബരിത് നും എന്നെപ്പോലെ മറ്റുള്ളവരുടെ ജീവ ശക്തിയെ കാണാന്‍ കഴിയുമോ?
ചെന്നായ്ക്കളുടെ മനസില്‍ കടന്ന് കൂടി ഞാൻ അതിനെ കൊന്നത് പോലെ ബാൽബരിത് നും കഴിയുമോ.
എന്നെ കൊല്ലാന്‍ വേണ്ടിയാണോ ബാൽബരിത് ശ്രമിച്ചത്?

“ഇവിടെ എന്താ സംഭവിച്ചത്?” അഡോണിയുടെ ശബ്ദം എന്നെ എന്റെ ചിന്തയില്‍ നിന്നും
ഉണര്‍ത്തി.

ഞാനോ ആ ചെകുത്താനോ അഡോണിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

“നാളെ രാത്രി പന്ത്രണ്ട് മണിക്ക് നിങ്ങൾ ഇവിടെ വരണം. പന്ത്രണ്ട് മണിക്കും ഒരു
മണിക്കും മധ്യേ ഉള്ള സമയത്ത് മാത്രമേ ചെകുത്താന്‍ ലോകത്തേക്കുള്ള പ്രവേശന കവാടം
സൃഷ്ടിക്കാന്‍ കഴിയുകയുള്ളു.” എന്നെ നോക്കാതെ പറഞ്ഞിട്ട് ബാൽബരിത് ആ ഒഴിഞ്ഞ
വീട്ടില്‍ കേറി പോയി.

അഡോണിയുടെ മുഖത്ത് ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു.

“ഇപ്പോൾ നമുക്ക് തിരികെ പോകാം. ചെകുത്താന്‍ ലോകത്ത് പോകുന്നതിന് മുമ്പ്‌ എനിക്ക്
ചില കാര്യങ്ങൾ ചെയ്ത്‌ തീര്‍ക്കണം.” ഞാൻ പറഞ്ഞു.

“എനിക്കും അച്ഛനോടും മറ്റുള്ളവരോടും സംസാരിക്കണം. റോബി ശെരിക്കും ആ ചെകുത്താന്‍
പറഞ്ഞത് വിശ്വസിക്കുന്നുണ്ടോ? നിന്റെ അമ്മ ചെകുത്താന്‍ ലോകത്ത് ഉണ്ടെന്ന് അവന്‍
കള്ളം പറഞ്ഞതാണെങ്കിൽ? അഡോണി ചോദിച്ചു.

ഞാൻ ഒന്നും പറയാതെ വാണിയുടെ കൈ പിടിച്ച് അവളെ സഹായിച്ചു. ഒരു പുഞ്ചിരിയോടെ വാണി
പതിയെ എഴുന്നേറ്റു. അവളെയും കൂട്ടി ഞാൻ ജീപ്പ് ലക്ഷ്യമാക്കി നടന്നു.

അഡോണി എന്തോ ചിന്തിക്കും പോലെ ഞങ്ങൾക്കൊപ്പം നടന്നു. അയാൾ മറ്റുള്ള രണശൂരൻ മാരുമായി
മനസ്സ് കൊണ്ട്‌ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാര്യം എനിക്ക് ബോധ്യമായി.

ജീപ്പിലുള്ള ബാക് സീറ്റില്‍ കേറിയ പാടെ വാണി സീറ്റില്‍ ചാരിയിരുന്ന് മയങ്ങാൻ
തുടങ്ങി. അഡോണി മുന്നില്‍ കേറി. ഞാൻ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തതും അഡോണി എന്റെ
നേര്‍ക്ക് തല തിരിച്ച് നോക്കി.

“ചെകുത്താന്‍ ലോകത്ത് നമ്മൾ ശെരിക്കും പോകേണ്ട കാര്യമുണ്ടോ?” അഡോണി ചോദിച്ചു.

“എന്റെ കൂടെ ചെകുത്താന്‍ ലോകത്ത് നിങ്ങൾ വരുമെന്ന് പറഞ്ഞത് വെറുതെയാണോ?” ഞാൻ വണ്ടി
ഓടിച്ച് കൊണ്ട് ചോദിച്ചു.

“അപ്പോൾ ഞാൻ കാര്യമായിട്ട് തന്നെയാ പറഞ്ഞത്. ആ സമയം അതാണ് ശരിയെന്ന് തോന്നി.” അഡോണി
ശബ്ദം താഴ്ത്തി പറഞ്ഞു.

“ഇപ്പോൾ എന്ത് തോനുന്നു?”

എന്റെ ചോദ്യത്തിന് കുറച്ച് നേരത്തേക്ക് അഡോണി ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞ്
അയാൾ പറഞ്ഞു, “നാളെ രാത്രി വരെ സമയം ഉണ്ടല്ലോ നമുക്ക് നല്ലത് പോലെ ആലോചിച്ച്
തീരുമാനം എടുക്കാം.”

അതിന്‌ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. വേഗം തന്നെ ഞങ്ങൾ അഡോണിയുടെ വീട്ടിനു
മുന്നില്‍ എത്തിപ്പെട്ടു.

അഡോണി ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു. ഞാൻ വാണിയേ നോക്കി. അവൾ ശാന്തമായി
ഉറങ്ങുന്നു. അവളെ ഉണര്‍ത്താൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ അഡോണിയുടെ പുറകെ നടന്നു.

ഞങ്ങൾ അഡോണിയുടെ പരിശീലന കേന്ദ്രത്തില്‍ കയറി. അവിടെ കൊല്ലപ്പെട്ട മൂന്ന് രണശൂരൻമാർ
ഒഴികെ, എല്ലാവരും അഡോണിയുടെ ഉണ്ടായിരുന്നു. ഭാനു എന്നെ നോക്കി ചെറുതായി
പുഞ്ചിരിച്ചു.

“വാണി എവിടെ റോബി?” എന്നെ കണ്ടതും എന്റെ നേര്‍ക്ക് പാഞ്ഞ് വന്നിട്ട് ഭയം കലര്‍ന്ന
സ്വരത്തില്‍ രാധിക ചേച്ചി ചോദിച്ചു.

“പേടിക്കേണ്ട ചേച്ചി.” ഞാൻ പറഞ്ഞു. “വാണി ജീപ്പിൽ ഉണ്ട്. അവളിപ്പോള്‍ വണ്ടിയില്‍
കിടന്ന് മയങ്ങുന്നു.”

ഒരു നിമിഷം രാധിക ചേച്ചി എന്റെ മുഖത്ത് സൂക്ഷിച്ച് നോക്കി. എന്നിട്ട് പറഞ്ഞു,
“എന്ത് സംഭവിച്ചെന്ന് തെളിച്ച് പറ റോബി.”

“എന്ത് ഉദ്ദേശത്തോടെയാണ് ചെകുത്താന്‍ ലോകത്ത് പോകാൻ നി ആ ചെകുത്താനോട് സമ്മതം
പറഞ്ഞത്…..? ഞങ്ങളോട് ഒന്നും ആലോചിക്കാതെ ആ തീരുമാനം നി സ്വയം എന്തിന്‌ എടുത്തു….?”
അച്ഛൻ കഠിനമായ കോപത്തോടെ എന്നെ നോക്കി നടന്ന് വന്ന് കൊണ്ട്‌ ഉറക്കെ ചോദിച്ചു.
പെട്ടന്ന് മറ്റുള്ളവരും ഞങ്ങൾക്കടുത് വന്ന് നിന്നു.

“ചെകുത്താന്‍ ലോകത്ത് പോകാൻ ഞങ്ങൾ നിന്നെ അനുവദിക്കില്ല.” വേറൊരു രണശൂരൻ പറഞ്ഞു.

“ഉചിതമല്ലാത്ത തീരുമാനമാണ് നി എടുത്തിരിക്കുന്നത്.” തിരുമേനി രോഷാകുലനായ് പറഞ്ഞു.

“ഒരിക്കലും നി ചെകുത്താന്‍ ലോകത്ത് പോകരുത്.” കൂട്ടത്തില്‍ നിന്നും ആരോ പറഞ്ഞു.

“കണ്ടോ! അവനെ വിശ്വസിക്കാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞത് എത്ര സത്യമായി….!” മുഖം
കാണിക്കാതെ ആരോ കൂട്ടത്തില്‍ ഒളിച്ചിരുന്ന് പാഞ്ഞു.

എന്റെ തല പെരുത്ത് കേറി. എന്നെ വിശ്വസിക്കാൻ കഴിയില്ല പോലും….. എനിക്ക് നല്ലപോലെ
ദേഷ്യം വന്നു. ഞാൻ ഇവരെയും വിശ്വസിക്കുന്നില്ല എന്ന് അവര്‍ക്കും അറിയില്ലല്ലോ.

എന്റെ എല്ലാ കാര്യവും അഹങ്കാരികളായ ഇവരാണോ തീരുമാനിക്കേണ്ടത്? എല്ലാം ഞാൻ ഇവരോട്
ചോദിച്ച് മാത്രം ചെയ്യണം എന്നാണോ അവർ കരുതുന്നത്?

ഇവിടെ ഉള്ള ഭൂരിപക്ഷ ആളുകളും എന്നെ വിശ്വസിക്കുന്നില്ല എന്ന് എനിക്കറിയില്ല എന്നാണോ
ഇവർ കരുതിയത്? പല സാഹചര്യങ്ങളില്‍ എന്റെ യോഗ്യത ഞാൻ തെളിയിച്ചിട്ടുണ്ട് — എന്നിട്ട്
പോലും — ഇപ്പോഴും, പലരും എന്നെ സംശയ മനോഭാവത്തോടെ നോക്കുന്നത് ഞാൻ അറിയുന്നില്ല
എന്നാണോ ഇവർ കരുതുന്നത്? എന്റെ ക്രോധം നുരഞ്ഞ് പൊങ്ങി.

ചെന്നായ്ക്കള്‍ ഈ ഗ്രാമത്തെ ആക്രമിച്ചപ്പോൾ എനിക്ക് അവരുടെ കൂടെ പക്ഷം ചേരാന്‍
കഴിയുമായിരുന്നു — ഞാൻ ചെയ്തില്ല.

റണ്ടൽഫസ് ൻറ്റെ ക്ഷണം സ്വീകരിച്ച് അവന്റെ കൂടെ എനിക്ക് പോകാമായിരുന്നു — ഞാൻ
പോയില്ല.

ഡെറ്ബഫാസ് ൻറ്റെ കൂടെ ചെകുത്താന്‍ ലോകത്ത് എനിക്ക് പോകാമായിരുന്നു — ഞാൻ പോയില്ല.

ആ രണശൂരൻ റ്റെ ഹൃദയം ഭക്ഷിച്ചും അവന്റെ രക്തം പാനം ചെയ്തും എനിക്ക് ചെകുത്താന്റെ
പക്ഷത്ത് ചേരാന്‍ കഴിയുമായിരുന്നു — അതും ഞാൻ ചെയ്തില്ല.

ഇന്ന് ഞാൻ ഇവർക്കൊപ്പം ചേർന്ന് എല്ലാ കാര്യത്തിലും സഹകരിച്ചു — പുതിയ ശക്തിയേറിയ
രണവാൾ അവര്‍ക്ക് ഞാൻ നല്‍കി. അത് കാരണം അവര്‍ക്ക് ഭാനു വിനെ രക്ഷിക്കാൻ കഴിഞ്ഞു.
രണ്ട് മൂന്നാം നിരയിലുള്ള ചെകുത്താന്‍മാരെ നശിപ്പിക്കാനും കഴിഞ്ഞു…. ഇതില്‍ കൂടുതൽ
എന്ത് ചെയ്ത് എനിക്ക് ഇവരുടെ വിശ്വസം നേടാൻ കഴിയും?

“നിന്റെ സിരകളിൽ ഇപ്പോഴും ചെകുത്താന്റെ രക്തം ഉണ്ട്. അത് എപ്പോഴും നിന്നില്‍
ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട്‌ ഞങ്ങൾക്ക് നിന്നെ പൂര്‍ണമായി വിശ്വസിക്കാൻ
കഴിയില്ല!” ഫ്രെഡറിൻ എന്റെ മുഖത്തടിച്ചത് പോലെ പറഞ്ഞു.

പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല. കാരണം ഇപ്പോൾ ഇവിടെയുള്ള ഭൂരിഭാഗം ആളുകളും
അതുതന്നെയാണ് വിശ്വസിക്കുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു.

“ചെകുത്താന്‍ ലോകത്ത് പോയാൽ മാത്രമേ എനിക്ക് പല കാര്യങ്ങളും വ്യക്തമാവുകയുള്ളു.
അവിടെ പോണം എന്ന് എന്റെ മനസ്സ് പറയുന്നു. അതുകൊണ്ട്‌ ആരും എന്നെ തടയരുത്. നാളെ ഞാൻ
പോകും.” കോപം അടക്കി പല്ല് കടിച്ചു പിടിച്ച് കൊണ്ട്‌ ഞാൻ പറഞ്ഞു.

“നിന്നെ കുരുക്കിൽ ആക്കാന്‍ വേണ്ടിയാണ് നിന്നെ ആ ചെകുത്താന്‍ അവരുടെ ലോകത്തേക്ക്
കൊണ്ട്‌ പോകുന്നത്. അവിടെ പോയാൽ നിന്റെ ശക്തി ഒന്നുമല്ല റോബി. നിനക്ക് പിടിച്ചു
നിൽക്കാൻ കഴിയില്ല. നി നന്മയെ മറക്കും, എന്നിട്ട് ചെകുത്താന്റെ പക്ഷം ചേര്‍ന്ന
ഞങ്ങളുടെ ലോകത്തെ നരകമാക്കാൻ നി വരും.” തിരുമേനി പറഞ്ഞു.

“അങ്ങനെ സംഭവിക്കില്ല. എനിക്ക് പോയേ മതിയാകൂ.” ഞാൻ തറപ്പിച്ച് പറഞ്ഞു.

“ഇല്ല റോബി, നി എങ്ങും പോകില്ല. അത് ഞങ്ങൾ ഉറപ്പ് വരുത്തും.” അച്ഛൻ തറപ്പിച്ച്
പറഞ്ഞു.

ഉടനെ അച്ഛന്റെ കൈയിൽ മഴവില്ല് കൊണ്ട്‌ സൃഷ്ടിച്ചത് പോലെ തോന്നിക്കുന്ന ഒരു വലിയ
വളയം പ്രത്യക്ഷപെട്ടു. ഞാൻ കണ്ണടച്ച് തുറക്കും മുന്നേ അയാൾ ആ വളയം എന്റെ നേര്‍ക്ക്
എറിഞ്ഞു. ഉടനെ അത് എന്റെ തല വഴി വീണ് കഴുത്തിൽ എത്തിയതും ആ വളയം എന്റെ കഴുത്തിൻറ്റെ
അളവിനൊത്ത് താന്നെ ചുരുങ്ങി.

ആ വളയം എന്റെ ശക്തിയെ അമര്‍ച്ച ചെയ്യാൻ തുടങ്ങി. എന്റെ ശക്തിയെ ആ വളയം അതിലേക്ക്
വലിച്ച് എടുക്കാൻ ശ്രമിച്ചു. പിന്നെ കുറച്ച് നേരത്തേക്ക് എന്റെ ശക്തി ചോരുന്നത്
പോലെ എനിക്ക് തോന്നി.

പക്ഷേ ഞാൻ എന്റെ മനസ്സിനെ ആ വളയത്തിനുള്ളിൽ കടത്തി. അത് എന്നെ തടയാൻ
ശ്രമിച്ചെങ്കിലും അതിന്‌ എന്നെ തടയാനുള്ള ശക്തി ഇല്ലായിരുന്നു. ആ വളയം എന്താണെന്ന്
ദ്രാവക മൂര്‍ത്തി എന്റെ മനസില്‍ പറഞ്ഞത് തന്നു.

‘ഞാൻ എന്താണെന്ന് നി അറിയുന്നില്ലയോ?’ ആ മാന്ത്രിക വളത്തോട് ഞാൻ ചോദിച്ചു.

‘ഞാൻ അറിയുന്നു. അതിൽ ഞാൻ ഖേദിക്കുന്നു. പക്ഷേ നിങ്ങൾ എന്നെ കിരണചന്ദ്രൻ റ്റെ
അധീനതയിൽ നിന്നും മുക്തമാക്കിയാൽ മാത്രമേ എനിക്ക് നിങ്ങളെ അനുസരിക്കാൻ
കഴിയുകയുള്ളു. കാരണം, അയാളുടെ ശക്തി എന്നില്‍ പകര്‍ന്ന് തന്നത് കൊണ്ട് അയാളുടെ
ഉത്തരവ് പാലിക്കേണ്ട ചുമതല എനിക്കുണ്ട്.’

ഞാൻ ആ വളയം നിരീക്ഷിച്ചു. ശെരിയാണ്, തിരുമേനിയുടെ ശക്തിയേ ഞാൻ തിരിച്ചറിഞ്ഞ് അതിനെ
ഞാൻ വളയത്തിൽ നിന്നും അകറ്റി. ഉടന്‍തന്നെ എന്റെ ചോർത്തപ്പെട്ട ശക്തി അത്രയും ആ
വളയത്തിൽ നിന്നും എന്റെ ഉള്ളില്‍ തിരിച്ച് വന്നു.

“എന്താണ് നിങ്ങൾ ചെയ്തത്!” രാധിക ചേച്ചി കോപത്തോടെ അലറുന്നത് ഞാൻ കേട്ടു.

“നമുക്ക് വേറെ നിവർത്തി ഇല്ല രാധിക, റോബി ചെകുത്താന്‍ ലോകത്ത് പോകാന്‍ പാടില്ല.
പോയാൽ അവന്റെ മനുഷ്യത്വം നഷ്ടപ്പെടും എന്നാണ് ഞങ്ങളില്‍ പലരും കരുതുന്നത്.
അതുതന്നെയാണ് സത്യവും.” അച്ഛൻ പറഞ്ഞു.

“ഇത് ശെരിയല്ല, കിരണചന്ദ്രൻ. റോബി സർ ഒരിക്കലും ഈ അനീതി അര്‍ഹിക്കുന്നില്ല.” ഭാനു
ദേഷ്യത്തോടെ പറഞ്ഞു.

“എന്താണ്‌ നിങ്ങൾ ഈ കാണിക്കുന്നത്….?” വാതില്‍ക്കല്‍ നിന്നുകൊണ്ട് വാണി കോപത്തോടെ
അലറുന്നത് ഞാൻ കേട്ടു. എന്നിട്ട് വാണി എന്റെ നേര്‍ക്ക് പാഞ്ഞ് വന്നു.

പാഞ്ഞ് വന്ന വാണിയേ തിരുമേനി പിടിച്ചുനിർത്തി. “ഈ മാര്‍ഗ്ഗം മാത്രമാണ്‌ ഇപ്പോൾ
ഞങ്ങൾ കാണുന്നതു.”

“അദ്ദേഹം നമുക്ക് എതിരായി ഒന്നും പ്രവർത്തിച്ചില്ല, നമുക്ക് വേണ്ടിയും നമ്മുടെ
ലോകത്തിന് വേണ്ടിയും അദ്ദേഹം നല്ലത് മാത്രമാണ് ചെയ്തത്. എന്നിട്ടിപ്പോ നിങ്ങൾ
ഇങ്ങനെയാണോ പ്രത്യുപകാരം ചെയ്യേണ്ടത്?” വാണി കരഞ്ഞുകൊണ്ട് ചോദിച്ചു.

ഞാൻ എന്റെ കോപം അടക്കി കൊണ്ട്‌ വെറുതെ നിന്നു.

“വാണി പറയുന്നതിൽ കാര്യമുണ്ട്. ഈ തർക്കം നമുക്കിവിടെ അവസാനിപ്പിക്കും.” അഗ്നേഷ്വർ
പറഞ്ഞു. “റോബിയെ കൂടാതെ പത്തൊന്‍പത് പേര്‍ ഇവിടെ ഉണ്ട്. നമുക്ക് ഭൂരിപക്ഷം
നോക്കാം.”

അച്ഛൻ ഒന്ന് മടിച്ചു. പക്ഷേ മറ്റുള്ളവർ സമ്മതിച്ചു. അതോടെ അച്ഛനും സമ്മതിച്ചു. ഉടൻ
തന്നെ എന്റെ കാര്യത്തില്‍ ഒരു തീരുമാനവും ആയി.

“അപ്പോൾ റോബിക്ക് എതിരായി പന്ത്രണ്ട് പേരും, റോബിക്ക് പിന്തുണയായ് ഏഴ് പേരും.
ഭൂരിപക്ഷം ആളുകളും റോബിക്ക് എതിരാണ്.” അച്ഛൻ പറഞ്ഞു.

“ഞങ്ങളോട് ക്ഷമിക്കണം റോബി, ലോക നന്മയ്ക്കായി ഞങ്ങൾക്ക് ഇത് ചെയ്തേ പറ്റു.”
തിരുമേനി പറഞ്ഞു.

ഞാൻ ഒന്നും പറയാതെ എനിക്ക് തുണയായി നിന്ന ആ ഏഴ് പേര്‌ ആരൊക്കെ എന്ന് നോക്കി. കാരണം
ഇപ്പോൾ അവർ മാത്രമാണ് എന്റെ മിത്രങ്ങള്‍.

വാണി, ഭാനു, രാധിക ചേച്ചി, കൃഷ്ണന്‍ ചേട്ടൻ, മൂര്‍ത്തി ചേട്ടൻ, അഗ്നേഷ്വർ, റാഫേല്‍
ഇത്രയും പേരാണ് എനിക്ക് പിന്തുണ നല്‍കിയത്. ഞാൻ ചിരിച്ചു — ഇത്രയും പേര്‍ എനിക്ക്
പിന്തുണ നല്‍കുമെന്ന് ഞാൻ വിചാരിച്ചില്ല. എന്റെ കൂടെ ചെകുത്താന്‍ ലോകത്ത് വരാൻ
തയ്യാറായ അഡോണി എനിക്ക് തുണയായി നിന്നില്ല. പിന്നെയും അഡോണി നാടകം കളിച്ചു.

“ആ വളയം എന്താണെന്ന് റോബിക്ക് അറിയാമോ?” അച്ഛൻ ചോദിച്ചു. എനിക്ക് അറിയാമായിരുന്നു
പക്ഷേ ഞാൻ മിണ്ടിയില്ല.

“അപ്പോ ഞാൻ കരുതിയത് പോലെ നിനക്ക് ഒരുപാട്‌ കാര്യങ്ങൾ അറിയില്ല.” അച്ഛൻ ചെറു
ചിരിയോടെ പറഞ്ഞു. “ഞങ്ങളോട് ദേഷ്യം തോന്നരുത് റോബി — എല്ലാവരുടെയും നന്മയേ
കരുതിയാണ് ഞങ്ങൾ നിന്നോടിത് ചെയ്യുന്നത്. നി സ്വയം ചെകുത്താന്‍ ലോകത്ത് പോകാൻ
തീരുമാനിച്ചു. ഇവിടെ നീയാണ് തെറ്റ് ചെയ്തത്. പക്ഷേ ആ തെറ്റ് അനുവദിക്കാന്‍
ഞങ്ങൾക്ക് കഴിയില്ല. എത്ര നല്ലവന്‍ ആയാലും ചെകുത്താന്‍ ലോകത്ത് പോയാൽ, നിന്റെ
ചെകുത്താന്‍ രക്തം നിന്നെ തിന്മയിലേക് നയിക്കും.”

“നീ വഴി ചെകുത്താന്‍മാര്‍ നമ്മുടെ ഒരുപാട്‌ രഹസ്യങ്ങള്‍ മനസ്സിലാക്കും. അതോടെ
നമ്മുടെ ലോകം നശിക്കും.” അഡോണി പറഞ്ഞു.

“നിന്റെ കഴുത്തില്‍ കാണുന്ന ആ വളയം നിന്റെ ശക്തിയെ അടിച്ചമര്‍ത്തും. അത് നിന്റെ
കഴുത്തില്‍ ഉള്ളിടത്തോളം കാലം നിന്റെ സ്വന്തം ശക്തി പോലും നിനക്ക് അലഭ്യമാണ്.
നിന്റെ ശക്തിയെ നി വരിക്കാൻ ശ്രമിക്കുമ്പോള്‍ എല്ലാം, നിന്റെ ശക്തി നിന്നില്‍
നിന്നും വഴുതി പോകും. ആ ശക്തിയെ വളയം ശേഖരിക്കും, എന്നിട്ട് ചെറിയ തോതില്‍ നിന്റെ
ശക്തിയെ വള ചേര്‍ത്തി കൊണ്ടേ ഇരിക്കും. നിന്റെ ആചാര്യന്‍ ക്രൗശത്രൻ സ്വയം
ഉണ്ടാക്കിയതാണ്, എല്ലാ രണശൂരൻ മാർക്കും ക്രൗശത്രൻ ഓരോ വളയം നല്‍കിയിട്ടുണ്ട്. അതി
ശക്തമാരായ മാന്ത്രികന്‍ മാരുടെ ശക്തിയെ പോലും അടിച്ചമര്‍ത്താൻ ഈ വളയത്തിന് കഴിയും.
സ്വമേധയാ ആ വളയത്തിൻറ്റെ പിടിയില്‍ നിന്നും നിനക്ക് രക്ഷപ്പെടാൻ കഴിയില്ല.”
ഫ്രെഡറിൻ പറഞ്ഞു.

“ഇത് എന്റെ വളയമാണ്, റോബി.” അച്ഛൻ പറഞ്ഞു. “എന്റെ വളയം നിന്റെ കഴുത്തിൽ
കിടക്കുന്നിടത്തോളം കാലം വരെ, ഞാൻ പറയുന്നത് എല്ലാം നി അനുസരിക്കും, ആ വളയം മുഖേനെ
എനിക്ക് നിന്നെ അനുസരിപ്പിക്കാന്‍ കഴിയും. നിന്റെ മനസില്‍ പോലും എനിക്ക് കടക്കാന്‍
കഴിയും. എന്റെ വളയത്തെ എനിക്ക് മാത്രമേ നിന്റെ കഴുത്തിൽ നിന്നും അകറ്റാൻ
കഴിയുകയുള്ളു. എന്റെ അനുവാദം ഉണ്ടെങ്കിൽ മാത്രമേ, അതും ഞാൻ പറയുന്നത് മാത്രമേ
നിനക്കിനി ചെയ്യാൻ കഴിയുകയുള്ളു.” അച്ഛൻ പറഞ്ഞു.

ഒരു വികാരവും പുറത്ത് കാണിക്കാതെ ഞാൻ അച്ഛന്റെ മുഖത്ത് നോക്കി.

“നിങ്ങൾ എല്ലാവരെയും വിശ്വസിച്ചതിന് ഇതാണോ എനിക്ക് നിങ്ങൾ ഒരുക്കിയ സമ്മാനം?, ഈ വള
എന്റെ കഴുത്തിൽ ഇട്ട് എന്നെ ഒരു പട്ടിയെ പോലെ അടിമയായി മാറ്റുന്നതാണോ നിങ്ങളുടെ
രണശൂര ധര്‍മം?” ഞാൻ സാവധാനം ചോദിച്ചു.

“നി സ്വയം തിരഞ്ഞെടുത്ത വഴിയാണ് ഇത്, റോബി. ചെകുത്താന്‍ വിരിച്ച വലയിലേക്ക് നി
മൂക്കും കുത്തി വീണു. നിന്റെ അമ്മ ചെകുത്താന്‍ ലോകത്ത് ഉണ്ടെന്ന് കരുതിയ നീയൊരു
വിഡ്ഢിയാണ്. നിന്നെ ഒരു പൂര്‍ണ ചെകുത്താനായ് മാറ്റി, നിന്നെ ഞങ്ങൾക്ക് നേരെ
തൊടുക്കാൻ വേണ്ടിയാണ് ചെകുത്താന്‍ രാജാവ് ശ്രമിക്കുന്നത്. പക്ഷേ അത് മനസ്സിലാക്കാൻ
നി തയ്യാറായില്ല.” അച്ഛൻ കോപത്തോടെ പറഞ്ഞു.

“ഈ വള എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന് നിനക്ക് അറിയാമോ?” ആന്ത്രിയസ് എന്നോട്
ഗൗരവത്തോടെ ചോദിച്ചു.

ഞാൻ ഒന്നും പറയാതെ അയാളുടെ കണ്ണില്‍ ചൂഴ്ന്ന് നോക്കി. ആന്ത്രിയസ് വേഗം നോട്ടം
മാറ്റി.

“നി ഈ മാന്ത്രിക ലോകത്ത് പുതിയതാണ്. അതുകൊണ്ട്‌ ഞങ്ങൾ പറയുന്നത് നി വിശ്വസിക്കില്ല,
ചിലത് നിനക്ക് മനസ്സിലാവില്ല.” ആന്ത്രിയസ് പിന്നെയും ഗൗരവത്തോടെ പറഞ്ഞു.

ഞാൻ ചിരിച്ചു. അതുകണ്ട് അയാൾ അമ്പരന്ന് പോയി. ഈ അവസ്ഥയിലും ഞാൻ ചിരിച്ചത്
അയാള്‍ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

പെട്ടന്ന് അച്ഛൻ ആ വളയുടെ ശക്തി ഉപയോഗിച്ച് എന്റെ മനസില്‍ കടക്കാന്‍ ശ്രമിച്ചു.
എന്റെ മനസില്‍ കടന്ന് എന്നെ നിയന്ത്രിക്കാൻ വേണ്ടിയാവണം അയാളുടെ ഈ പരാക്രമം. പക്ഷേ
എന്റെ കഴുത്തിലുള്ള അയാളോട് സഹകരിച്ചില്ല.

ഞാൻ പിന്നെയും ചിരിച്ചു.

കുറച്ച് കഴിഞ്ഞ് തോല്‍വി സമ്മതിച്ച് അച്ഛൻ പിന്മാറി. ഇതൊന്നും ഞാൻ അറിയുന്നില്ല
എന്നായിരുന്നു അയാളുടെ വിചാരം. അപമാനം കൊണ്ട്‌ അയാളുടെ മുഖം ഇരുണ്ടിരുന്നു.

‘ഈ വള കൊണ്ട് നിന്നെ നിയന്ത്രിക്കാൻ കഴിയുമെന്ന്, ഈ രണശൂരൻമാർ കരുതാനുള്ള കാരണം
എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.’ എന്റെ സഹജാവബോധം പറഞ്ഞു.

ആന്ത്രിയസ് പിന്നെയും തുടർന്നു, “ഗിയ — നമ്മുടെ ഭൂമിയാണ്. അതിന്‌ ജീവനുണ്ട്. പണ്ട്‌
പ്രപഞ്ച കാവല്‍ക്കാരന്ന് ഗിയ തന്റെ ഒരു തുള്ളി രക്തവും ഒരു തുള്ളി കണ്ണീരും
സമ്മാനമായി നല്‍കിയിരുന്നു. അത് കൊണ്ട്‌ ഉണ്ടാക്കുന്ന ആയുധം കൊണ്ട്‌ മറ്റുള്ളവരുടെ
ശക്തിയെ അടിച്ചമര്‍ത്താൻ കഴിയുമെന്ന് ഗിയ അയാളോട് പാഞ്ഞു. അങ്ങനെ പ്രപഞ്ച
കാവല്‍ക്കാരന്‍, തനിക്ക് ഗിയ നല്‍കിയ സമ്മാനത്തെ ക്രൗശത്രനു നല്‍കി.”

അയാളെ ഞാൻ പുച്ഛത്തോടെ നോക്കി നിന്നു.

ആന്ത്രിയസ് തുടർന്നു, “ഒരു തുള്ളി രക്തവും ഒരു തുള്ളി കണ്ണീരും ക്രൗശത്രൻ അയാളുടെ
ലോകത്ത് കൊണ്ട്‌ പോയി അതിനെ ഒരു കുളമായി മാറ്റി എന്നാണ് അയാൾ പറഞ്ഞത്. അതും, പിന്നെ
രണവാൾ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ലോഹം — ഇത്രയും ഉപയോഗിച്ചാണ് ഈ വളയം അയാൾ
ഉണ്ടാക്കിയത്. അന്ന് തൊട്ട്, തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന പല മാന്ത്രികന്‍
മാരെയും വളയം ഉപയോഗിച്ച് ഞങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ട് വന്നിട്ടുണ്ട്.”

ആന്ത്രിയസ് പറഞ്ഞ കുളം, ആ കുളം തന്നെയാണോ ക്രൗശത്രൻറ്റെ തോട്ടത്തില്‍ ഞാൻ കണ്ടത്.
അതിലാണോ അന്ന് ഞാൻ ഇറങ്ങി നിന്നത്? ഞാൻ ചിന്തിച്ചു.

ആന്ത്രിയസ് പറഞ്ഞത് വക വൈക്കത്തെ ഞാൻ അച്ഛനെ നോക്കി. ആ മുഖത്ത് പല സംശയങ്ങളും
ചിന്തകളും മിന്നി മറയുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.

എന്നിട്ട് ഞാൻ മറ്റുള്ള എല്ലാവരെയും ശാന്തമായി നോക്കി. വാണിയുടെ മുഖത്ത് ദേഷ്യവും
സങ്കടവും ഉണ്ടായിരുന്നു. അത് കണ്ടിട്ട് എനിക്ക് വിഷമവും കുറ്റബോധവും തോന്നി.

രാധിക ചേച്ചി കോപത്തോടെ തിരുമേനിയോട് തര്‍ക്കിക്കുന്നത് ഞാൻ കണ്ടു. എന്നെ
പിന്താങ്ങിയ മറ്റുള്ള അഞ്ച് പേരും നിസ്സഹായതയോടെ എന്നെ നോക്കി. എനിക്ക് എതിരായി
തിരിഞ്ഞവർ അവർ ചെയ്തത് ശെരിയാണ് എന്ന പോലെ എന്നെ തുറിച്ച് നോക്കി നിന്നു.

“നിങ്ങളുടെ ഈ തെറ്റായ തീരുമാനം മാറ്റാനായി കുറച്ച് സമയം ഞാൻ നിങ്ങള്‍ക്ക് തരുന്നു.
അതുവരെ മാത്രമേ നിങ്ങളെ എന്റെ മിത്രങ്ങളായ് ഞാൻ കരുതുകയുള്ളു. അതുകൊണ്ട്‌ നിങ്ങളുടെ
തെറ്റിധാരണ തിരുത്തി എന്റെ കഴുത്തിൽ നിന്നും ഈ വള നിങ്ങൾ സ്വമേധയാ എടുത്ത് മാറ്റാൻ
ഞാൻ അവസരം തരുന്നു. അങ്ങനെ ചെയ്താല്‍, നിങ്ങൾ എനിക്ക് സമ്മാനിച്ച ഈ അപമാനം മറക്കാൻ
പോലും ഞാൻ തയാറാണ്. ഓര്‍ക്കുക — ഇത് എന്റെ അപേക്ഷയല്ല രണശൂരൻമാരെ, ഇത് ഞാൻ
നിങ്ങള്‍ക്ക് തരുന്ന താക്കീത് ആണ്.” അത്രയും പറഞ്ഞിട്ട് ഞാൻ ഒരു കസേരയില്‍ ഇരുന്നു.

ഒരു കൂസലുമില്ലാതെ എന്റെ സംസാരം കേട്ട് അവർ എല്ലാവരും പരസ്പ്പരം നോക്കി. പിന്നെ
രഹസ്യം പറച്ചിലും, എന്നെ തുറിച്ച് നോക്കാനും, എന്നെ കളിയാക്കുന്നത് പോലെ
നോക്കാനും…… അങ്ങനെ കുറെ നാടകം അരങ്ങേറി. ചിലരുടെ മുഖത്ത് ഭയം ഉണ്ടായിരുന്നു.

എന്റെ ക്ഷമ നശിച്ച് കൊണ്ടേ പോയി. ഞാൻ എന്റെ കണ്ണടച്ച് കൊണ്ട്‌ മിണ്ടാതിരുന്നു.
‘ധിക്കാരികൾ, നന്നി ഇല്ലാത്തവർ, ദ്രോഹികൾ. അഹങ്കാരികൾ, തിരിച്ചറിവ്‌ ഇല്ലാത്ത
അല്‍പ്പ ശക്തികള്‍ —’ എന്റെ സഹജാവബോധം നിര്‍ത്താതെ പുലമ്പി.

എല്ലാ സഹജാവബോധവും ഇങ്ങനെയാണോ? അതോ എന്റേത് മാത്രമാണോ ഇങ്ങനെ…. അതോ ക്രൗശത്രൻറ്റെ
തും എന്റെയും ഒന്നായി ലയിച്ചത് കൊണ്ട്‌ ഇങ്ങനെ മാറിയതാണോ? എനിക്ക് മനസ്സിലായില്ല.

“നിന്നെ ഞങ്ങൾക്ക് സ്വതന്ത്രമാക്കാൻ കഴിയില്ല. ഈ ലോകത്തിന് തന്നെ നി ആപത്തായി
തീരും. നാളെ ഞാൻ നിന്നെ എന്റെ കൂടെ പവിഴമല ഗ്രാമത്തിൽ കൊണ്ട്‌ പോകും. അവിടെ നി
എന്റെ നിന്റെ റേഞ്ച് ഫോറസ്റ്റ് ഓഫീസരുടെ ജോലി എന്താണോ അത് നി ചെയ്യും. പിന്നെ ഞാൻ
പറയുന്നത് മാത്രം നി അനുസരിക്കും. ഇനി ഒരു ചര്‍ച്ചയും ഇല്ല. പിന്നെ ഇന്നുതന്നെ
ബാൽബരിത് നെ ഞങ്ങൾ കൈകാര്യം ചെയ്തോളാം.” ഒരു കൊച്ച് കുഞ്ഞിനോട് എന്നപോലെ അച്ഛൻ
എന്നോട് പറഞ്ഞു.

കസേരയില്‍ ഇരുന്നുകൊണ്ട് എന്റെ കണ്ണ് ഞാൻ ഇറുക്കി അടച്ച് പിടിച്ച് എന്നെ
നിയന്ത്രിക്കാൻ ഞാൻ എത്രയോ ശ്രമിച്ച് നോക്കി, പക്ഷെ കഴിഞ്ഞില്ല. ആദ്യം എന്റെ
ഉള്ളില്‍ ഉണ്ടായിരുന്ന ഗിയ യുടെ മഞ്ഞ് പോലത്തെ കവചത്തിൽ എന്റെ ശ്രദ്ധ തിരിച്ചതും —
എന്റെ കഴുത്തില്‍ ഉണ്ടായിരുന്ന വളയത്തിൽ നിന്നും ഗിയ യുടെ കണ്ണുനീരിന്‍റെ അംശം
അലിഞ്ഞ് എന്റെ മന രക്ഷാ കവചത്തിൽ ലയിച്ച് ചേർന്നു.

പിന്നെ ഗിയ യുടെ രക്തം…. എന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ഗിയ യുടെ രക്തം വളയത്തിൽ
ഉണ്ടായിരുന്ന രക്തത്തിന്റെ അംശത്തിനെ വലിച്ചെടുത്ത് എന്നിലേക്ക് പകർന്ന് തന്നു.

ഇപ്പോൾ എന്റെ കഴുത്തില്‍ വെറും ഒരു ലോഹം മാത്രം ഉണ്ടായിരുന്നു — ദ്രാവക
മൂര്‍ത്തിയുടെ ശക്തി കുറഞ്ഞ ലോഹം. എന്റെ ആവശ്യം ഞാൻ അതിനെ അറിയിച്ചതും അത് ഉരുകി
അപ്രത്യക്ഷമായി. പലരുടെ വായിൽ നിന്നും പലതരത്തിലുള്ള അല്‍ഭുതം നിറഞ്ഞ സ്വരങ്ങള്‍
പുറത്ത്‌ വന്നു.

എന്റെ കോപം ഞാൻ എങ്ങനെയോ അടക്കി കൊണ്ട്‌ എന്റെ കണ്ണ് ഞാൻ പതിയെ തുറന്നു. പക്ഷേ
രണവാളും പിടിച്ച് കൊണ്ട്‌ എന്റെ തൊട്ട് മുന്നില്‍ നില്‍ക്കുന്ന അച്ഛനെ കണ്ടപ്പോൾ
എന്റെ കെട്ടടങ്ങിയ കോപം പിന്നെയും ആളി കത്തി.

ഞാൻ എന്റെ കൈ നീട്ടി അച്ഛന്റെ രണവാളിൽ പിടി മുറുക്കി. ഉടനെ രണവാൾ അലിഞ്ഞ്
അപ്രത്യക്ഷമായി, എന്റെ അദൃശ്യമായ മോതിരം മുഖേനെ അതിന്റെ ലോകത്തിൽ എത്തിപ്പെട്ടു.

എന്റെ മനഃശക്തി കൊണ്ട് അച്ഛനെ ഞാൻ പതിയെ തള്ളിയതും അയാൾ തെറിച്ച് വീണു.

“എന്റെ കഴുത്തില്‍ നിന്നും ആ വള അകറ്റാനുള്ള മനസ്സ് നിങ്ങൾ കാണിച്ചില്ല, അതുകൊണ്ട്‌
അതെനിക്ക് സ്വയം ചെയ്യേണ്ടി വന്നു.” ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“ഇത് സാധ്യമല്ല….!” തറയില്‍ കിടന്നുകൊണ്ട് അച്ഛൻ ഉറക്കെ കരഞ്ഞു.

കസേരയില്‍ നിന്നും ഞാൻ പതിയെ എഴുന്നേറ്റു.

ഉടനെ അച്ഛൻ തറയില്‍ നിന്നും ചാടി എഴുന്നേറ്റു. പിന്നെ അച്ഛനും എനിക്ക് എതിരായി
തിരിഞ്ഞ രണശൂരൻമാരും എന്നെ ചുറ്റി വളഞ്ഞു. എന്റെ മനസ്സ് കോപം കൊണ്ട്‌ ഇളകി മറിഞ്ഞു.
പക്ഷേ പുറത്ത്‌ ഞാൻ ശാന്തത നടിച്ച് അവരെ നോക്കി.

ഉടനെ പന്ത്രണ്ട് രണശൂരൻമാരും കൈകൾ ഉയർത്തി, പക്ഷേ പതിനൊന്ന് വളയം മാത്രമാണ്
പ്രത്യക്ഷപെട്ടു.

അപമാനം നിറഞ്ഞ മുഖം കൊണ്ട്‌ അച്ഛൻ അയാളുടെ വെറും കൈയിൽ നോക്കി. അയാളുടെ വളമവും
രണവാളും നഷ്ടമായ കാര്യം ഇത്ര പെട്ടന്ന് മറന്ന് പോയോ?

അതൊന്നും കാര്യമാക്കാതെ ആ പതിനൊന്ന് പേരും അവരുടെ വളയം എന്റെ നേര്‍ക്ക് എറിഞ്ഞു.

പക്ഷേ അതിലുള്ള ശക്തിയെ എന്റെ ശരീരവും ശേഷിച്ച ലോഹത്തെ എന്റെ അദൃശ്യമായ മോതിരവും
വലിച്ചെടുത്തു.

എല്ലാവരും ശ്വാസം വലിച്ച് പിടിച്ച് നിന്ന് എന്നെ തുറിച്ച് നോക്കി.

“നി കീഴടങ്ങുന്നതാണ് നല്ലത് റോബി. ഞങ്ങളെ കൊണ്ട്‌ ഇത് ചെയ്യിക്കരുത്.” അച്ഛൻ
കോപത്തോടെ പറഞ്ഞു.

“ഇല്ലെങ്കില്‍……?” ഞാൻ കോപത്തോടെ ചോദിച്ചു.

പെട്ടന്ന് എന്നെ ചുറ്റി നിന്ന പതിനൊന്ന് പേരുടെയും കൈയിൽ രണവാൾ പ്രത്യക്ഷപെട്ടു.
അവരുടെ തല തൊട്ട്‌ കാല്‍ വരെയുള്ള രക്ഷാ കവചവും പ്രത്യക്ഷപെട്ടു. ആ രക്ഷാ കവചം
പോലും, ദ്രാവക മൂര്‍ത്തിയേ ലോഹമാക്കി മാറ്റി സൃഷ്ടിക്കപ്പെട്ടതായിരുന്നു.

‘എന്താണ്‌ ഇവരുടെ പ്രശ്നം, എന്തിനാണ് ഇവര്‍ക്ക്‌ എന്നോട് ഇത്ര ശത്രുത. എന്തുകൊണ്ട്‌
ആരും എന്നെ വിശ്വസിക്കുന്നില്ല?’ ഞാൻ സ്വയം ചോദിച്ചു.

എന്നിട്ട് ഞാൻ വേഗം അവിടെ നിന്നും മറഞ്ഞ് ദ്രാവക മൂര്‍ത്തിയുടെ ലോകത്ത്
പ്രത്യക്ഷപെട്ടു.

“ഈ വളയം ഉണ്ടാക്കേണ്ട വിദ്യ എനിക്ക് അറിയണം” എന്റെ മുന്നില്‍ എന്റെ അതേ രൂപം പൂണ്ട്
നിന്ന ദ്രാവക മൂര്‍ത്തിയോട് ഞാൻ പറഞ്ഞു.”

ഉടനെ ആ ക്രിയ എന്റെ മനസ്സില്‍ തെളിഞ്ഞു.

“അപ്പോ ഗിയ യുടെ രക്തവും കണ്ണീരും…..?” ഞാൻ ചോദിച്ചു.

ദ്രാവക മൂര്‍ത്തി പൊട്ടിച്ചിരിച്ചു. “നിങ്ങള്‍ക്കുള്ളിൽ തന്നെ അത് രണ്ടും ഉണ്ട്.
പിന്നെ അത് സൃഷ്ടിക്കാന്‍ ആവശ്യമുള്ള ദ്രാവകം നിങ്ങള്‍ വിചാരിക്കേണ്ട താമസം അതും
ലഭിക്കും. പിന്നെ ആ ക്രിയയ്ക്ക് ആവശ്യമുള്ള നിങ്ങളുടെ ശക്തി ഞങ്ങൾക്ക് മോതിരം
മുഖേനെ പകര്‍ന്ന് തന്നാല്‍ മാത്രം മതി. വളയം മാത്രമല്ല, നിങ്ങളുടെ മനസ്സിൽ നിങ്ങൾ
രൂപം നല്‍കുന്ന ഏത് ആയുധം ആയാലും അത് ഞങ്ങൾ സ്വയം സൃഷ്ടിച്ച് നിങ്ങളുടെ മോതിരത്തിൽ
ഞങ്ങൾ സൂക്ഷിക്കും. അത് നിങ്ങള്‍ക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.”

“അപ്പോൾ, ഒന്നും ഞാൻ സ്വയം ചെയ്യേണ്ട കാര്യമില്ല എന്നാണോ നിങ്ങൾ പറയുന്നത്?” ഞാൻ
അതിനോട് ചോദിച്ചു.

“ശെരിയാണ്, നിങ്ങളുടെ ചിന്തയും നിങ്ങളുടെ ശക്തിയും ഞങ്ങൾക്ക് പകര്‍ന്ന് തന്നാല്‍
മാത്രം മതി, മറ്റുള്ള എല്ലാ ക്രിയകളും ഞങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയും. പിന്നെ ആ
ആയുധം ഞങ്ങൾ നിങ്ങളുടെ മോതിരത്തിൽ സൂക്ഷിക്കും.” ദ്രാവക മൂര്‍ത്തി പറഞ്ഞു.

എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അപ്പോ എന്റെ ജോലി എന്ന് പറയുന്നത്
— എനിക്ക് വേണ്ടത് ഞാൻ വിചാരിക്കണം, എന്നിട്ട് കുറച്ച് ശക്തി എന്റെ മോതിരം മുഖേനെ
ദ്രാവക മൂര്‍ത്തിക്ക് പകർന്ന് കൊടുക്കണം — ആയുധം തയ്യാറായി കഴിഞ്ഞു. ഞാൻ ചിരിച്ചു.

പിന്നെ എന്റെ അവിടത്തെ ആവശ്യങ്ങള്‍ കഴിഞ്ഞ് ഞാൻ എന്റെ ലോകത്ത് പ്രത്യക്ഷപെട്ടു. ഞാൻ
പോയതും വന്നതും പോലും അറിയാതെ രണശൂരൻമാർ ഇപ്പോഴും എന്നെ വട്ടം ചുറ്റി തന്നെ
നില്‍ക്കുന്നു.

അച്ഛന്റെ കൈയിൽ ഒരു കഠാര ഞാൻ കണ്ടു. പക്ഷേ അന്ന് അതുകൊണ്ട്‌ എന്നെ ഒന്നും ചെയ്യാൻ
കഴിഞ്ഞില്ല. ഇന്ന് അതേ കഠാര കൊണ്ട്‌ എന്നെ എന്ത് ചെയ്യാൻ പോകുന്നു?

എനിക്ക് ചുറ്റും കൂടിനിന്ന രണശൂരൻമാരെ ഞാൻ നോക്കി. അവരോട് ഞാൻ പറഞ്ഞു, “ഈ രണവാൾ
നിങ്ങള്‍ക്ക് പ്രധാനം ചെയ്യാൻ മാത്രമല്ല, അതെനിക്ക് തിരിച്ചെടുക്കാനും കഴിയും.
എന്നെ കൊണ്ട് അത് ചെയ്യിക്കരുത്.” ഞാൻ താക്കീത് നല്‍കി. “അവസാനമായി നിങ്ങള്‍ക്ക്
ഞാൻ ഒരു അവസരം കൂടി തരുന്നു.”

ഒന്നും പറയാതെ അവരെല്ലാം എന്നെ തുറിച്ച് നോക്കി. ചിലരുടെ മുഖത്ത് കുറ്റബോധം ഞാൻ
കണ്ടു, പ്രത്യേകിച്ച് അച്ഛന്റെ മുഖത്ത്.
“ഞാനല്ല നിങ്ങളുടെ ശത്രു, രണശൂരൻമാരെ. എന്തുകൊണ്ട്‌ നിങ്ങള്‍ക്കത് മനസ്സിലാക്കാൻ
കഴിയുന്നില്ല? ഇതാണോ രണശൂരൻമാരുടെ ധര്‍മം? ഇങ്ങനെയാണോ ഇത്രയും കാലം നിങ്ങൾ നീതി
നടപ്പാക്കിയത്? നന്മയും തിന്മയും തിരിച്ചറിയാത്ത നിങ്ങള്‍ക്കും
ചെകുത്താന്‍മാര്‍ക്കും എന്താണ് വിത്യാസം?” ഞാൻ കുറ്റപ്പെടുത്തി.

മൂന് പേര്‍ ഒഴികെ മറ്റുള്ളവർ പരസ്പരം വേദനയോടെ നോക്കി.

“ ലവലേശം പോലും തിരിച്ചറിവ്‌ ഇല്ലാത്ത നിങ്ങൾ ഈ ലോകത്തൈ എങ്ങനെ രക്ഷിക്കും?
എന്നെപോലെ എത്ര നിരപരാധികളെയാണ് നിങ്ങളുടെ വിവരം ഇല്ലായ്മ കൊണ്ട് കൊന്നൊടുക്കിയത്?
സ്വന്തം മനസ്സിനെ, സ്വന്തം ബുദ്ധിയെ അന്ധകാരത്തില്‍ തള്ളിയ നിങ്ങൾ എങ്ങനെ നീതി
നടപ്പിലാക്കും?” ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

അച്ഛന്റെ കൈയിലുള്ള കഠാര പതിയെ താഴ്ന്നു.

“ഈ ലോകത്തിന്റെ രക്ഷകന്‍ മാരെന്നു പറയുന്ന നിങ്ങൾ ഈ ലോകത്തെ ആരുടെ കൈയിൽ നിന്നും
രക്ഷിക്കും? — നേര്‍ക്കുനേര്‍ നിന്ന് യുദ്ധം ചെയ്യുന്ന ചെകുത്താന്‍മാരിൽ നിന്നാണോ ഈ
ലോകത്തെ രക്ഷിക്കേണ്ടത് — അതോ നിങ്ങളെ വിശ്വസിച്ചവരെ പോലും ചതിയിലൂടെ അടിമയാക്കി
മാറ്റാൻ ശ്രമിച്ച നിങ്ങൾ രണശൂരൻമാരുടെ കൈയിൽ നിന്നുമാണോ ഈ ലോകത്തെ രക്ഷിക്കേണ്ടത്?”

പെട്ടന്ന് മൂന്ന് രണവാൾ ഒഴികെ മറ്റുള്ള രണവാളുകൾ രണശൂരൻമാരുടെ കൈയിൽ നിന്നും
മറഞ്ഞു.

“അഹങ്കാരം, അസൂയ, നെറികേട് — ഇത് മാത്രമാണ് നിങ്ങൾ രണശൂരൻമാരുടെ മനസില്‍ ഉള്ളത്.
അപ്പോൾ ഏത് അടിസ്ഥാനത്തില്‍ നിങ്ങൾ നീതി നടപ്പിലാക്കും? ചെകുത്താന്റെ രക്തം എന്റെ
ഉള്ളില്‍ ഉണ്ടായിട്ട് പോലും ഞാൻ നല്ലത് മാത്രമാണ്‌ ഇന്നുവരെ ചെയ്തത്. എന്നിട്ടും
നിങ്ങൾ എന്നെ ശിക്ഷിക്കാൻ തുനിഞ്ഞു. ഇപ്പോൾ എന്നെ കൊല്ലാന്‍ വരെ ശ്രമം നടത്തുന്നു.”

“ഞങ്ങൾ രണശൂരൻമാരെ നി ബഹുമാനിക്കുന്നില്ല — ഞങ്ങൾക്ക് നേതാവ് എന്നപോലെ നി
പ്രവര്‍ത്തിക്കുന്നു — ഞങ്ങളോട് അഭിപ്രായം ചോദിക്കുന്നില്ല — നി പറയുന്നത് എല്ലാം
ഞങ്ങൾ അനുസരിക്കണം എന്ന് നി കരുതുന്നു — നാലായിരത്തി ചില്ലറ വർഷങ്ങളായി ഈ ലോകത്തെ
ഞങ്ങൾ ദുഷ്ട ശക്തിയില്‍ നിന്നും രക്ഷിച്ച് കൊണ്ടേ പോകുന്നു, പക്ഷേ നി ഞങ്ങളെ
നിസ്സാരമായി കാണുന്നു.” ഇപ്പോൾ രണവാൾ ഉയർത്തി പിടിച്ചിരുന്ന മൂന്ന് പേരില്‍ ഒരാൾ
ഉറക്കെ പറഞ്ഞു. അയാളുടെ കണ്ണില്‍ നിന്നും കോപത്തിൻറ്റെ കണ്ണീര്‍ ഒലിച്ചിറങ്ങി.

അയാളെ ഞാൻ തറപ്പിച്ച് നോക്കി. എന്റെ മൂക്കില്‍ നിന്നും ചുടു നിശ്വാസം പുറത്ത്‌
വന്നു. ആ ചൂട് കൂടുന്നത് ഞാൻ അറിഞ്ഞു. എന്റെ കോപം ഞാൻ നിയന്ത്രിച്ചു.

“എന്റെ കൈ തണ്ടയിൽ ഒരു വാളിന്റെ അടയാളം കണ്ട പേരില്‍, സുഹൃത്തുക്കൾ എന്ന് ഞാൻ
വിശ്വസിച്ച രണ്ട് പേർ എന്നെ കൊല്ലാന്‍ ശ്രമിച്ചു. അങ്ങനെ ഉള്ളവരെ ബഹുമാനിക്കാൻ
എനിക്ക് എങ്ങനെ കഴിയും?”

അച്ഛനും തിരുമേനിയും തല കുനിച്ച് നിന്നു.

“ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ മാന്യനായ അഡോണി എന്റെ ഓഫീസില്‍ വന്ന് നാടകം
കളിച്ചു. എന്റെ ചെകുത്താന്‍ വശത്തിന് ഞാൻ അടിമ പെട്ടിരുന്നെങ്കിൽ സഹോദരി ഗ്രാമം
വെറും ശ്മശാനമായി തീരുമായിരുന്നു. അതിന്റെ ഉത്തരവാദി വിവരം ഇല്ലാത്ത നിങ്ങൾ
രണശൂരൻമാരും.” അത്രയും പറഞ്ഞിട്ട് ഞാൻ അഡോണിയെ നോക്കി.

അയാളുടെ കണ്ണ് പുറത്ത്‌ തള്ളിയിരുന്നു. ഇപ്പോഴാണ് അയാള്‍ക്ക്, അയാളുടെ നാടകം കളി
തെറ്റായ തീരുമാനമായിരുന്നു എന്ന് മനസ്സിലായത്.

“പിന്നേ പലപ്പോഴും ഏതെങ്കിലും രണ്ട് രണശൂരൻമാർ എന്നെ പിന്തുടർന്ന് എന്റെ ഓരോ
പ്രവര്‍ത്തിയും നിരീക്ഷിക്കുന്നത് എന്റെ ശ്രദ്ധയിൽ പെടുന്നില്ല എന്ന് കരുതിയോ?
എത്രതന്നെ നല്ലത് ചെയ്താലും, എത്രതന്നെ നിങ്ങളെ സഹായിച്ചാലും എന്നെ പലരും
അവിശ്വാസിക്കുന്നു — നിങ്ങളില്‍ പലരും എന്നെ വെറുക്കുന്നു. ഇപ്പോൾ കൊല്ലാന്‍ പോലും
നിങ്ങൾ മടിച്ചില്ല. ഞാൻ എങ്ങനെ നിങ്ങളെ ബഹുമാനിക്കും?”

എന്റെ കുറ്റപ്പെടുത്തൽ കേട്ട് പ്രഹരം ഏറ്റത് പോലെ ആ ഒന്‍പത് പേരും നാലഞ്ച്‌ അടി
പിന്നോട്ട് വെച്ചു. അവർ ചെയ്തത് തെറ്റാണെന്ന്‌ തിരിച്ചറിഞ്ഞ അവർ ലജ്ജ മൂലം തല
താഴ്ത്തി നിന്നു.

പക്ഷേ മൂന്ന് പേർ മാത്രം ഒരു കൂസലുമില്ലാതെ രണവാളും ഏന്തി എന്റെ മുന്നില്‍ നിന്നു.

“ഇത്തരത്തിലുള്ള അനുഭവമാണ് എനിക്ക് നിങ്ങളില്‍ നിന്നും ഉണ്ടായത്. അപ്പോൾ നിങ്ങൾ
അര്‍ഹിക്കാത്ത ബഹുമാനവും മറ്റും എന്നില്‍ നിന്നും പ്രതീക്ഷിക്കാൻ എന്ത് യോഗ്യതയാണ്
നിങ്ങള്‍ക്കുള്ളത്?” ഇപ്പോഴും രണവാൾ ഏന്തി നില്‍ക്കുന്ന ആ മൂന് പേരേ നോക്കി ഞാൻ
ചോദിച്ചു.

അവരുടെ മുഖത്ത് കോപം കത്തി ജ്വലിച്ചു. അച്ഛൻ അവരോട് എന്തെങ്കിലും പറയുന്നതിന്
മുന്നേ — ആരെങ്കിലും അവരെ തടയുന്നതിന് മുന്നേ അവർ മൂന്ന് പേരും എന്റെ മേല്‍ ചാടി
വീണ് രണവാൾ കൊണ്ട്‌ എന്നെ ആക്രമിച്ചു.

എന്റെ കഴുത്തിന് നേരെ പാഞ്ഞ് വന്ന രണ്ട് രണവാൾ നെ എന്റെ നഗ്ന കൈകൾ കൊണ്ട്‌ ഞാൻ
പിടിച്ചു. എന്റെ ഹൃദയത്തിന് നേരെ വന്ന രണവാളിനെ ഞാൻ തടയാനോ അതിന്റെ ലക്ഷത്തില്‍
നിന്നും ഞാൻ ഒഴിഞ്ഞ് മാറാനും ശ്രമിച്ചില്ല. കാരണം — ഞാൻ എന്താണെന്നും, എനിക്ക്
എന്ത് ചെയ്യാൻ കഴിയുമെന്നും, അവര്‍ക്ക് എന്നെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നും
എല്ലാ രണശൂരൻമാരും മനസ്സിലാക്കണം.

പെട്ടന്ന് അവിടെ കൂട്ട നിലവിളിയും, ഒച്ചയും ബഹളവും എല്ലാം ഉണ്ടായി. ആരെല്ലാമോ എന്റെ
നേര്‍ക്ക് ഓടി വന്നു. അതൊന്നും ഞാൻ ശ്രദ്ധിച്ചില്ല.

എന്റെ നെഞ്ചിന് നേരെ വന്ന വാൾ എന്നെ തോടും മുന്നേ ഉരുകി അപ്രത്യക്ഷമായി. അതുപോലെ
ഞാൻ പിടിച്ചിരുന്ന രണ്ട് വാളും ഉരുകി മറഞ്ഞു. മൂന് രണശൂരൻമാരും വായും പൊളിച്ച്
നിന്നു.

ഉടന്‍തന്നെ ഞാൻ എന്റെ ഉള്ളം കൈ മലർത്തി നീട്ടി പിടിച്ചതും എന്റെ കൈയിൽ മൂന്ന് വളയം
പ്രത്യക്ഷപെട്ടു. കടും കറുപ്പ് നിറത്തില്‍ ഉള്ള വളയം ആയിരുന്നു. ‘ങേ.. ഇതെന്ത്?’ ആ
നിറം കണ്ടിട്ട് ഞാൻ പോലും ഞെട്ടി.

അതിനെ ഞാൻ അവര്‍ക്ക് നേരെ എറിഞ്ഞതും അത് മൂന്നും പെട്ടന്ന് അപ്രത്യക്ഷമായി
എന്നിട്ട് ഉടന്‍തന്നെ അവരുടെ കഴുത്തിൽ അത് പ്രത്യക്ഷപെട്ടു.

അവർ മൂന്ന് പേരും ഒരുപോലെ നിലവിളിച്ച് കൊണ്ട്‌ ബോധം കെട്ട് തറയില്‍ വീണു.

‘പേടിക്കേണ്ട കുറച്ച് കഴിഞ്ഞ് അവർ ഉണരും. ഇപ്പോൾ അവരുടെ മനസില്‍ അവർ ചെയ്ത ഓരോ
പ്രവര്‍ത്തിയും തെളിയും. തെറ്റും ശരിയും തിരിച്ചറിയും വരെ എന്നും ഇത് തുടരും.
അവരുടെ തെറ്റുകള്‍ മനസ്സിലാക്കി, അംഗീകരിച്ചു മാനസാന്തരം പ്പെടുന്നത് വരെ ആ വള
അവരുടെ കഴുത്തിൽ ഉണ്ടാവും.’ ദ്രാവക മൂര്‍ത്തി എന്റെ മനസില്‍ പറഞ്ഞു.

രാധിക ചേച്ചി ഓടിവന്ന് ആദ്യം എന്റെ കൈയും പിന്നെ എന്റെ നെഞ്ചും പരിശോധിച്ചു. അവരുടെ
കണ്ണില്‍ കോപം കത്തി ജ്വലിച്ചു. അവരെന്നെ രൂക്ഷമായി നോക്കി. എന്നെ തല്ലുമെന്ന്
എനിക്ക് ഉറപ്പായിരുന്നു. എന്റെ രണ്ട് കവിളും ഞാൻ എന്റെ രണ്ട് കൈ കൊണ്ട്‌ പൊത്തി
പിടിച്ചു.

“ഒരു തെറ്റും ചെയ്യാത്ത എന്നെ മാത്രം എന്തിനാ എപ്പോഴും ചേച്ചി തല്ലുന്നത്?” ഞാൻ
ചോദിച്ചു.

പക്ഷേ എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്‌ രാധിക ചേച്ചി എന്നെ കെട്ടിപ്പിടിച്ചു.
“തല്ലാന്‍ അല്ല എന്റെ കുട്ടി, താലോലിക്കാന്‍ വേണ്ടിയാ ഞാൻ വന്നത്.” ചേച്ചി
ആശ്വാസത്തോടെ പതിഞ്ഞ സ്വരത്തില്‍ എന്റെ ചെവിയില്‍ പറഞ്ഞു.

“റോബി ഞങ്ങളോട് ക്ഷമിക്കണം.” അച്ഛൻ ആത്മാര്‍ത്ഥമായി പറഞ്ഞു.

ഞാൻ പുഞ്ചിരിച്ചു. പക്ഷേ ഈ പന്ത്രണ്ട് പേരില്‍ നിന്നും, പിന്നെ ഭാവിയില്‍ കാണാന്‍
പോകുന്ന മറ്റുള്ള രണശൂരൻമാരെയും കണ്ണടച്ച് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല. കാരണം ലോക
നന്മയുടെ പേരില്‍ ഇനിയും അവരെന്നെ കൊല്ലാൻ ശ്രമിക്കില്ല എന്ന് എന്താണ് ഉറപ്പു?

പിന്നെയുള്ള ഏഴു പേരില്‍ അഗ്നേഷ്വർ, റാഫേല്‍ — ഇവർ രണ്ട് പേരെയും കൂടാതെ
മറ്റുള്ളവരെ എനിക്ക് വിശ്വാസമാണ്.

അതുകൊണ്ട്‌, തെറ്റാണെന്ന്‌ അറിയാം — പക്ഷേ എന്റെ ജീവൻ അതിനേക്കാള്‍ വലുതാണ്,
അതുകൊണ്ട്‌ ഞാൻ ഈ രണ്ട് രണശൂരൻ മാരുടെയും മനസില്‍ നുഴഞ്ഞ് കേറി.

പക്ഷേ എനിക്കെതിരായ ഒരു ചിന്തയും അവരുടെ മനസില്‍ ഇല്ലായിരുന്നു. അപ്പോ അവർ രണ്ട്
പേരെയും വിശ്വസിക്കാൻ കഴിയും.

‘ഈ രണശൂരൻ മാരുടെ കവചം എവിടെ നിന്നാണ്, എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്?’ എന്റെ
മനസില്‍ ഞാൻ ചോദിച്ചു.

‘ചെറിയ അളവിലുള്ള ദ്രാവകത്തെ ക്രൗശത്രൻ ലോഹമാക്കി മാറ്റിയ ശേഷമാണ് ഞങ്ങളെ ഞങ്ങളുടെ
ലോകത്ത് നിന്നും കൊണ്ട് പോയത്. അതിൽ നിന്നാണ് രണവാളും, പിന്നെ എല്ലാ രണശൂരൻ
മാരുടെയും വലത് കൈ വിരലില്‍ കാണുന്ന ആ മോതിരവും ഉണ്ടാക്കിയത്. ആ മോതിരമാണ് അവരുടെ
കവചമായി മാറുന്നത്. രണവാളും മോതിരവും ഉണ്ടാക്കാനുള്ള ക്രിയ ഒന്ന് തന്നെയാണ്, പക്ഷേ
രൂപവും ഉപയോഗവും വെവ്വേറെ എന്ന് മാത്രം.’ ദ്രാവക മൂര്‍ത്തി എന്റെ മനസില്‍ പറഞ്ഞു.

‘ആ ചെറിയ അളവ് കൊണ്ട്‌ ഇത്രയേറെ ആയുധങ്ങള്‍ അയാള്‍ക്ക് എങ്ങനെ ഉണ്ടാക്കാൻ കഴിഞ്ഞു?’
എന്റെ സംശയം ഞാൻ ഉന്നയിച്ചു.

‘ചെറിയ അളവ് എന്ന് പറഞ്ഞാൽ — അയ്യായിരം വാൾ ഉണ്ടാക്കേണ്ട ലോഹമാണ് അയാൾ കൊണ്ട്‌
പോയത്. ഞങ്ങളുടെ മൊത്ത അളവ് വെച്ച് നോക്കുമ്പോള്‍ അത് വളരെ ചെറിയ അളവായി തോന്നും.’

‘ഓ… ഇപ്പൊ മനസ്സിലായി. പിന്നെ, നമ്മൾ സൃഷ്ടിച്ച രണവാൾ പോലെ ഉന്നത നിലവാരമുള്ള കവചം
എനിക്ക് വേണം.’ ഞാൻ ആവശ്യപ്പെട്ടു.

‘ഏത് രൂപത്തിൽ?’

‘രണശൂരൻമാർ ഇപ്പോൾ ധരിച്ചിരിക്കുന്നത് പോലെ ആ മോതിര രൂപത്തിൽ തന്നെ മതി.’

‘മോതിരം ഞങ്ങൾക്ക് സൃഷ്ടിക്കാന്‍ കഴിയും. പക്ഷേ ഉയർന്ന നിലവാരം വേണമെങ്കിൽ പ്രപഞ്ച
ഭാഷ കൊണ്ട്‌ നിങ്ങൾ അതിനെ അലങ്കരിക്കണം.’ ദ്രാവക മൂര്‍ത്തി പറഞ്ഞു. ഞാൻ ഉടനെ
സമ്മതിച്ചു.

“റോബി….. റോബി!!”

രാധിക ചേച്ചി ഉറക്കെ വിളിച്ചത് കേട്ട് ഞാൻ ഞെട്ടി.

“പലപ്പോഴായി എന്റെ ശ്രദ്ധയില്‍ പെട്ടതാണ്. എന്തിനാ നീ ചില നേരത്ത് ഇങ്ങനെ കണ്ണും
പൂട്ടി നില്‍ക്കുന്നത്? പത്തും പതിനഞ്ചും നിമിഷം വരെ നി അതുപോലെ നില്‍ക്കുന്നത്
കാണുമ്പോൾ നി ഈ ലോകത്തല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്തിനാ ഇടയ്ക്കിടെ ഇതുപോലെ
നി നിക്കുന്നേ?” സംശയ ഭാവത്തോടെ അവർ ചോദിച്ചു.

“ങേ, പത്തും പതിനഞ്ചും മിനിറ്റ് നേരമോ?” അതിശയത്തോടെ ഞാൻ ചോദിച്ചു.

“ചില സമയങ്ങളില്‍ അതിലും കൂടുതൽ നേരം അങ്ങനെ നില്‍ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്!”
വാണി പറഞ്ഞു.

“ങേ…! നേരോ…?” വിശ്വസിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു. ആളുകൾ ഉള്ള സമയം ഇനി മനസില്‍
സംസാരിക്കരുത്. ഞാൻ തീരുമാനിച്ചു.

“ഇവരെ ഞങ്ങൾ എന്ത് ചെയ്യണം?” അച്ഛൻ തെല്ലു ദേഷ്യത്തോടെ ചോദിച്ചു.

നേരത്തെ ബോധംകെട്ടു കിടന്ന മൂന്ന് രണശൂരൻമാരും ഇപ്പോൾ തറയില്‍ ഇരുന്നുകൊണ്ട്
ചുറ്റുപാടും നോക്കി. അവരെ ചൂണ്ടിക്കാട്ടി കൊണ്ടാണ്‌ അച്ഛൻ ചോദിച്ചു.

‘എന്നെ എന്തെല്ലാം ചെയ്ത്‌ നന്നാകണം എന്ന് നിങ്ങൾ എല്ലാവരും കരുതിയോ അതെല്ലാം
അവരില്‍ പയറ്റി അവരെ നല്ല വഴിക്ക് കൊണ്ടുവരാന്‍ നിങ്ങളെ ഞാൻ ഏല്‍പ്പിക്കുന്നു.”
നിന്ദ തുളുമ്പുന്ന സ്വരത്തില്‍ ഞാൻ പറഞ്ഞു.

“അത് ചെയ്യാൻ ആ വളയം ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു, റോബി. വളരെ കാലമായി ഞങ്ങൾക്ക്
അവരെ അറിയാം. ഞങ്ങൾ അവരോട് കാര്യം പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കാം. നിന്നെ
കൊല്ലാന്‍ ഉദ്ദേശിച്ച് കൊണ്ടല്ല അവർ നിന്നെ ആക്രമിച്ചത്. ആ വളയം തിരികെ എടുക്ക്
റോബി.” അച്ഛൻ അധികാര സ്വരത്തില്‍ കല്‍പിച്ചു.

അത് കേട്ട് ദേഷ്യം വരുന്നതിന് പകരം ചിരിയാണ് എനിക്ക് വന്നത്. പക്ഷേ ഞാനത് പുറത്ത്‌
കാണിച്ചില്ല.

ഒന്‍പത് രണശൂരൻമാരെയും തീക്ഷ്ണമായി ഞാൻ നോക്കി. അച്ഛൻ ഒഴികെ മറ്റുള്ളവർ തറയില്‍
നോക്കി. രാധിക ചേച്ചി എന്റെ കൈയിൽ തൊട്ടു. ഞാൻ അവരെ നോക്കി. അവരും അച്ഛനെ
പിന്തുണയ്ക്കും എന്നാണ്‌ ഞാൻ വിചാരിച്ചത്.

പക്ഷേ അവർ മിണ്ടാതെ നിന്നു. നിനക്ക് ശരിയെന്ന് തോന്നുന്നത് നി ചെയ് എന്ന മുഖഭാവം
ആയിരുന്നു അവർക്ക്. ഞാൻ വാണിയേ നോക്കി, അവളും ഒന്നും മിണ്ടിയില്ല. പിന്നെ എന്റെ
പക്ഷം പിടിച്ച മറ്റുള്ള അഞ്ച് പേരെയും നോക്കി. ആരും അച്ഛനു വേണ്ടി വായ് തുറന്നില്ല.

“അവരെ എനിക്ക് തീരെ വിശ്വാസമില്ല.” അച്ഛനോട് ഞാൻ പറഞ്ഞു. “അതുകൊണ്ട്‌ ആ വളയം അവരുടെ
കഴുത്തിൽ തന്നെ ഉണ്ടാവും. നിങ്ങൾക്ക് മുന്നില്‍ രണ്ട് വഴി ഞാൻ കാണുന്നു. ഒന്ന് —
അവരെ നിങ്ങള്‍ക്ക് കൊണ്ടുപോയി നല്ല കാര്യങ്ങൾ പഠിപ്പിക്കാം. രണ്ട് — ഞാൻ അവരെ
എനിക്കൊപ്പം ചെകുത്താന്‍ ലോകത്തേക്ക് കൊണ്ട്‌ പോകാം.”

“എല്ലാ രണശൂരൻ മാർക്കും ഞാനാണ് അധിപന്‍. അതുകൊണ്ട്‌ അവരെ എന്ത് ചെയ്യണമെന്ന് ഞാൻ
തീരുമാനിക്കും.” അച്ഛൻ ചീറി.

‘ഹും… അയാള്‍ക്ക് പദവിയും അഹങ്കാരവും തലയ്ക്ക് പിടിച്ച് പോയി. നാലായിരം വര്‍ഷക്കാലം
എല്ലാ രണശൂരൻ മാർക്കും അധിപനായിരുന്ന അയാൾ എങ്ങനെ നിന്നെ അനുസരിക്കും? നിന്നില്‍
നിന്നും നിര്‍ദ്ദേശം എങ്ങനെ സ്വീകരിക്കും? പക്ഷേ രണശൂരൻമാരുടെ നിയമപ്രകാരം ആര്‍ക്ക്
വേണമെങ്കിലും അയാളെ വെല്ലുവിളിക്കാൻ കഴിയും. ആരാണ്‌ ശക്തനെന്ന് ഒരു
ബലപ്രയോഗത്തിലൂടെ തെളിയിക്കണം. വിജയിക്കുന്നവർ എല്ലാ രണശൂരൻ മാർക്കും അധിപനായി
മാറും.’ എന്റെ സഹജാവബോധം പറഞ്ഞു.

എല്ലാം ചിന്തിച്ച് എനിക്ക് തല വേദനിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് അച്ഛൻ ഇത്ര വാശി
പിടിക്കുന്നത്? എന്റെ കഴുത്തിൽ വളയം ഇട്ട് കൊണ്ട്‌ പോകാൻ അയാൾ ഉത്സാഹം
കാണിച്ചിരുന്നു. പക്ഷേ ഇപ്പോൾ അയാള്‍ക്ക് സഹിക്കുന്നില്ല….

അധികനേരം ഇവിടെ നിന്നാൽ എന്റെ സമനില തെറ്റും.

“നിങ്ങളോട് തര്‍ക്കിക്കാന്‍ എനിക്ക് നേരമില്ല. ഈ പ്രശ്നത്തിന്‌ മൂന്ന് പരിഹാരം
ഇപ്പോൾ ഞാൻ കാണുന്നു. ഒന്ന് — വളയം അണിഞ്ഞ ആ മൂന്ന് പേരെ നിങ്ങള്‍ക്ക് കൊണ്ടുപോകാം.
രണ്ട് — അവരെ ഞാൻ ചെകുത്താന്‍ ലോകത്ത് കൊണ്ട്‌ പോകും.” അത്രയും പറഞ്ഞ്‌ ഞാൻ
നിർത്തി.

“എന്താണ്‌ മൂന്നാമത്തെ പരിഹാരം?” അച്ഛൻ അക്ഷമയോടെ ചോദിച്ചു.

“നിങ്ങളെ ഞാൻ വെല്ലുവിളിക്കുന്നു കിരണചന്ദ്രൻ — ഏത് തരത്തിലുള്ള മന്ത്ര ശക്തി
വേണമെങ്കിലും നിങ്ങള്‍ക്ക് ഉപയോഗിക്കാം, ഏത് ആയുധം വേണമെങ്കിലും ഉപയോഗിക്കാം,
കൂട്ടിന് മറ്റുള്ള രണശൂരൻമാരെയും നിങ്ങള്‍ക്ക് കൂടെ കൂട്ടി എന്നോട് പൊരുതാം. പക്ഷേ
അതിന് മുതിരുന്നതിന് മുമ്പ്‌ ഒരു കാര്യം കൂടി ഞാൻ വ്യക്തമായി പറയാം.” ഒരു
പുഞ്ചിരിയോടെ എല്ലാ രണശൂരൻമാരെയും നോക്കി ഞാൻ പറഞ്ഞു.

“എന്ത് കാര്യം…?” അഡോണി പുരികം ഉയർത്തി കൊണ്ട് ചോദിച്ചു.

“നിങ്ങളുടെ സാധാരണ ഗതിയിലുള്ള പോരാട്ടം ആയിരിക്കില്ല ഇവിടെ നടക്കാൻ പോകുന്നത്.
മറിച്ച്, ഇവിടെ ജീവ മരണ പോരാട്ടം നടക്കും. ഈ പോരാട്ടത്തിന് ഒടുവില്‍
ജീവിച്ചിരിക്കുന്നവർ വിജയിക്കും.”

പെട്ടന്ന് അച്ഛന്റെ കൂടെ നിന്നവർ പേടിയോടെ അച്ഛനെ നോക്കി. അച്ഛന്റെ കണ്ണിലും ഭയം
മിന്നി മറഞ്ഞു.

രണശൂരൻമാർ മനസ്സ് കൊണ്ട്‌ സംസാരിക്കാന്‍ തുടങ്ങിയത് ഞാൻ മനസ്സിലാക്കി. അവരുടെ മുഖം
കണ്ടിട്ട് എല്ലാവരും അച്ഛനെ കുറ്റപ്പെടുത്തുന്നു എന്ന് തോന്നി. അഗ്നേഷ്വർ, റാഫേല്‍
— ഇവർ രണ്ട് പേരും തിരുമേനിയോട് എന്തോ സംസാരിക്കുന്നത് ഞാൻ കണ്ടു.

നല്ലത്, താമസിയാതെ എല്ലാവരും എന്റെ വഴിക്ക് വരുമെന്ന് ഞാൻ ഊഹിച്ചു.

“ഇങ്ങനെ പോരാടാന്‍ നമ്മൾ ശത്രുക്കൾ അല്ല റോബി….!!, പിന്നെ നമ്മൾ തമ്മില്‍ തല്ലു
കൂടുന്നത് മണ്ടത്തരമാണ്. ഞങ്ങളാരും നിന്നെ ശത്രുവായി കാണുന്നില്ല എന്ന സത്യം നി
മനസ്സിലാക്കണം.” ശ്രീമന്യു നിരസത്തോടെ പറഞ്ഞു.

“ആണോ?” കോപത്തോടെ ഞാൻ ചോദിച്ചു. “നിങ്ങള്‍ക്ക് എതിരായി ഞാൻ ഇതുവരെ ഒരു വിരൽ പോലും
അനക്കിയില്ല….. ഒരു ആയുധം പോലും നിങ്ങള്‍ക്ക് നേരെ പിടിച്ചില്ല, പക്ഷേ എന്താണ്
നിങ്ങൾ എന്നോട് ചെയ്തത്?” അയാളോട് ഞാൻ ചോദിച്ചു.

അയാൾ ചുണ്ട് കടിച്ച് പിടിച്ച് നിന്നു.

“സാഹചര്യം കിട്ടുമ്പോൾ എല്ലാം നിങ്ങൾ എനിക്ക് എതിരായി തിരിയുന്നു, എന്നെ
പിന്തുടരുന്നു, പലരോടും എന്നെ ദുഷിച്ച് സംസാരിക്കുന്നു. ഇന്നിപ്പോള്‍ ആദ്യം എന്നെ
അടിമ പെടുത്താൻ ശ്രമിച്ചു — കഴിയാതെ വന്നപ്പോൾ എന്നെ വധിക്കാനായി ഇന്ന് നിങ്ങൾ
രണവാൾ ഉയർത്തി. ഇതില്‍ കൂടുതൽ എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല. എന്ത് വേണമെന്ന്
നിങ്ങള്‍ക്ക് തീരുമാനിക്കാം.” അത്രയും പറഞ്ഞിട്ട് ഞാൻ അകലെ മാറി നിന്നു.

“നി കാണിക്കുന്നത് അക്രമം ആണ് റോബി.” രാധിക ചേച്ചി എന്റെ അടുത്ത് വന്ന് എന്റെ
ചെവിയില്‍ പറഞ്ഞു. “പക്ഷേ ഇവിടെ വേണ്ടിയിരുന്നതും അതുതന്നെയായിരുന്നു. ശത്രു ആര്
മിത്രം ആര് എന്നുപോലും അവർ മനസ്സിലാക്കുന്നില്ല. നി ചെയ്തതാണ് ശെരി.” മുഖത്ത്
വിടര്‍ന്ന പുഞ്ചിരി മറച്ച് കൊണ്ട്‌ അവർ പറഞ്ഞു.

“ഇത്ര കടുപ്പിച്ച് സംസാരിക്കണ്ടായിരുന്നു, സർ..” കൃഷ്ണൻ ചേട്ടൻ എന്റെ അടുത്ത് വന്ന്
പതിയെ പറഞ്ഞു.

വാണി, മൂര്‍ത്തി, ഭാനു — മൂന്ന് പേരും എന്റെ അടുത്ത് വന്ന് നിന്നു.

“ഗുഹയില്‍ നിന്നും എന്നെ രക്ഷിച്ചതിന് നന്നി. നാളെ എന്നെയും നിങ്ങൾ ചെകുത്താന്‍
ലോകത്ത് കൊണ്ട്‌ പോകണം. എനിക്ക് നിങ്ങളെയും നമുടെ ലോകത്തെയും സഹായിക്കണം. ” ഭാനു
പറഞ്ഞു.

“നിന്നെ രക്ഷിച്ചത് ഞാന—” ഞാൻ തുടങ്ങി, പക്ഷേ ഭാനു തലയാട്ടി.

“നിങ്ങൾ നേരിട്ട് വന്നില്ല, പക്ഷേ നിങ്ങൾ കാരണമാണ് എല്ലാം സാധ്യമായത്.”

“ഈ കറുത്ത വള….. മറ്റ വളയെ പോലെയാണോ?” മൂര്‍ത്തി ചോദിച്ചു. “അതിനെ കാണുമ്പോള്‍
എന്തോ ഒരു ഭയം ഉള്ളില്‍ തോനുന്നു.”

ആ വള എന്ത് ചെയ്യുമെന്ന് ഞാൻ അവരോട് വിവരിച്ചു.

കൃഷ്ണൻ ചേട്ടൻ എന്നോട് എന്തോ പറയാന്‍ തുടങ്ങി. അയാളെ ഞാൻ തടുത്തു. “നിങ്ങൾ അഞ്ച്
പേരോട് എനിക്ക് ഒരുപാട്‌ കാര്യങ്ങൾ പറയാനുണ്ട്. ഇവിടത്തെ പ്രശ്നത്തിന്‌ പരിഹാരം
ഉണ്ടാക്കിയിട്ട് നമുക്ക് എന്റെ ക്വൊട്ടെസിൽ പോകാം. അവിടെ വെച്ച് ഞാൻ നിങ്ങളോട്
എല്ലാം തുറന്ന് സംസാരിക്കാം. അതുവരെ ആരും എന്നോട് ഒന്നും ചോദിക്കരുത്.”

 

“ഞങ്ങൾ നിന്നോട് ചെയ്തത് തെറ്റാണെന്ന്‌ റോബി, ഞങ്ങൾ സമ്മതിക്കുന്നു. എങ്ങനെയാണ്
നമ്മൾ ഈ സാഹചര്യത്തിൽ എത്തിപ്പെട്ടത് എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. പക്ഷേ
നമുക്കിടയിലെ ഈ ശത്രുത അവസാനിക്കണം റോബി. അതുകൊണ്ട്‌ നമുക്കൊരു ഒത്തുതീര്‍പ്പിന്
വരാം.” തിരുമേനി പറഞ്ഞു.

പക്ഷേ എന്റെ നോട്ടം അച്ഛന്റെ മുഖത്ത് മാത്രമായിരുന്നു. എത്ര നേരം ഞാൻ ആ മുഖത്തും
അയാൾ എന്റെ കൈയിലും നോക്കി നിന്നു എന്നറിയില്ല. അവസാനം അച്ഛൻ വാ തുറന്നു.

“ഞങ്ങൾ ചെയ്തത് തെറ്റാണ്.” അച്ഛൻ തറയിൽ നോക്കി പറഞ്ഞു. “അതുപോലെ ആ തെറ്റ്
തിരുത്താനും ഞങ്ങൾ തയ്യാറാണ്.” അയാൾ എന്റെ കണ്ണില്‍ കുറച്ച് നേരം നോക്കിയിട്ട്
പിന്നെയും തല താഴ്ത്തി.

അയാൾ തുടർന്നു, “ഞങ്ങളുടെ ശക്തിയും അധികാരവും ഞങ്ങളുടെ ബുദ്ധിയെ മറച്ചു. നിന്നില്‍
ഉള്ള ചെകുത്താന്റെ രക്തം മാത്രമാണ്‌ ഞങ്ങളുടെ മനസില്‍ എപ്പോഴും തെളിഞ്ഞ് നിന്നത്.
അതുകാരണം നി ചെയ്ത നല്ല കാര്യങ്ങൾ ഞങ്ങൾ കണക്കിലെടുത്തില്ല. നിന്റെ ചെകുത്താന്‍ വശം
മാത്രമാണ്‌ ഞങ്ങളെ എപ്പോഴും അലട്ടിയിരുന്നത് റോബി. അതുകൊണ്ടാണ് എപ്പോഴും നിന്നെ
സംശയത്തോടെ ഞങ്ങൾ നോക്കിയത്‌…. അതുകൊണ്ടാണ് പലപ്പോഴും ഞങ്ങളില്‍ ചിലര്‍ നിന്നെ പല
സാഹചര്യങ്ങളില്‍ പിന്തുടര്‍ന്ന് വന്നത്….. അതുകൊണ്ടാണ് നിന്നെ ഞങ്ങളില്‍ ഒന്നായി
അംഗീകരിക്കാന്‍ കഴിയാതെ പോയത്. ആ തെറ്റ് ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു.” പിന്നെയും
അയാൾ എന്റെ മുഖത്ത് നോക്കി.

അയാളുടെ കണ്ണില്‍ ഇപ്പോൾ ഞാൻ ആത്മാര്‍ത്ഥത കണ്ടു. ഞാൻ അച്ഛന്റെ കൂടെ നിന്ന മറ്റുള്ള
രണശൂരൻമാരെ നോക്കി. എല്ലാ കണ്ണിലും ഞാൻ കുറ്റബോധം കണ്ടു.

കഴുത്തില്‍ വളയം അണിഞ്ഞിരുന്ന മൂന്ന് രണശൂരൻമാർ പോലും ലജ്ജിച്ചു തല താഴ്ത്തി.

“ഇനി എന്ത് ചെയ്യണമെന്ന് റോബി പറയൂ?” അച്ഛൻ താഴ്മയായി ചോദിച്ചു.

ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല കാരണം അവരുടെ സാഹചര്യം അതാണ്‌ — ഞാൻ പകുതി
ചെകുത്താനാണ്, എപ്പോൾ വേണമെങ്കിലും നന്മയെ ഞാൻ എന്റെ പുറങ്കാൽ കൊണ്ട്‌ തൊഴിച്ച്
മാറ്റിയിട്ട് തിന്മയുടെ പാത സ്വീകരിക്കും എന്നാണ് അവരുടെ വിശ്വസം. ചിലപ്പോൾ അത്
ശരിയായി തീരാനും സാധ്യത ഉണ്ട്.

പിന്നെ, ഞാനും അവരെ പൂര്‍ണമായി വിശ്വസിച്ചില്ല…… വിശ്വസിക്കുകയുമില്ല — എപ്പോൾ
വേണമെങ്കിൽ അവർ എന്റെ മുതുകത്ത് കുത്തും എന്ന് എനിക്ക് നല്ലത് പോലെ അറിയാം. കാരണം
ഞാൻ പകുതി ചെകുത്താന്‍ ആണ്. ആ ഒരു കാരണം അവര്‍ക്ക് മതി.

പക്ഷേ ഇപ്പോൾ വേണ്ടത് ഒരു തീരുമാനമാണ്. ഞാൻ അവരെ വിശ്വസിക്കുന്നു എന്ന് തന്നെ അവർ
വിശ്വസിച്ചോട്ടെ. കാരണം ആ വിശ്വസം ഞങ്ങളുടെ ഇപ്പോഴത്തെ ഈ പ്രശ്നത്തിന്‌ ഒരു
പരിഹാരമായി തീരും. ഇപ്പോൾ എനിക്കും അതാണ് വേണ്ടത്. പക്ഷേ അവരുടെ മേല്‍ എന്റെ കണ്ണ്
എപ്പോഴും ഉണ്ടാകും. അവര്‍ക്കിടയില്‍ ഞാൻ എപ്പോഴും ജാഗരൂകനായി ഇരിക്കണം.

ഞാൻ അച്ഛനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് എന്റെ മനസില്‍ ഞാൻ വിചാരിച്ച ഉടനെ ആ
മൂന്ന് രണശൂരൻമാരുടെ കഴുത്തിൽ നിന്നും വളയം അപ്രത്യക്ഷമായി. അവർ മൂന്ന് പേരും
ആശ്വാസത്തോടെ എന്നെ നോക്കി. എന്നിട്ട് അവർ പുഞ്ചിരിച്ചു. പക്ഷേ ആ പുഞ്ചിരി അവരുടെ
കണ്ണില്‍ തൊട്ടില്ല.

അപ്പോ അവരെ സൂക്ഷിക്കണം എന്ന് സാരം.

അവർ മൂന്ന് പേര്‍ക്കും ഞാൻ അവരുടെ രണവാൾ തിരികെ കൊടുത്തു. ഉടനെ അച്ഛൻ പുഞ്ചിരിച്ചു.

“ഈ ലോകത്തെ നിങ്ങൾ രണശൂരൻമാർ എന്ത് വില കൊടുത്തും രക്ഷിക്കുമെന്ന് എനിക്കറിയാം. ആ
വിശ്വാസത്തിന്റെ പേരില്‍, പരിശീലനം കഴിഞ്ഞ് നില്‍ക്കുന്ന അറുപത്തി മൂന് പേര്‍ക്കും
രണവാൾ നൽകാൻ ഞാൻ തയ്യാറാണ്.”

അതുകേട്ട് എല്ലാവരും പുഞ്ചിരിച്ചു.

“ആ അറുപത്തി മൂന് പേരില്‍ മൂന്ന് പേര്‍ക്ക് — കൃഷ്ണൻ, മൂര്‍ത്തി, ഭാനു —
എന്നിവര്‍ക്ക് രണവാൾ ലഭിച്ച് കഴിഞ്ഞു.”

അതുകേട്ട് അവർ മൂന്നുപേരും തല കുലുക്കി.

“ഇപ്പോൾ എന്റെ പക്കല്‍, അവസാനത്തെ ക്രിയ കഴിയാത്ത പതിനൊന്ന് രണവാളുകൾ ഉണ്ട്. ബാക്കി
രണവാളുകളും സൃഷ്ടിച്ച് കഴിഞ്ഞ് അവസാനത്തെ ക്രിയയും പൂര്‍ത്തിയാക്കി, നാള സന്ധ്യക്ക്
മുന്നേ അച്ഛന്റെ പക്കല്‍ ഞാൻ എല്ലാം ഏല്‍പ്പിക്കും. അതിനായി എനിക്ക് അവരുടെ നാമം
എഴുതി തന്നാല്‍ എനിക്ക് ഇവിടെ നിന്നും ഉടനെ പോയി എന്റെ ജോലി തുടങ്ങാൻ കഴിയും. നാളെ
ഞങ്ങൾ ചെകുത്താന്‍ ലോകത്ത് പോകും.”

പെട്ടന്ന് അച്ഛന്റെ മുഖം കറുത്തു. ഉടനെ അയാൾ അത് മറക്കുകയും ചെയ്തു.

“ഞാനും വരാം റോബി.” അഡോണി പറഞ്ഞു.

‘ചെകുത്താനെ വിശ്വസിച്ചാലും അവനെ മാത്രം ഒരിക്കലും നി വിശ്വസിക്കരുത്’ എന്റെ
സഹജാവബോധം കോപത്തോടെ പറഞ്ഞു.

‘അപ്പോൾ കോപം എന്ന വികാരം നിനക്ക് ഉണ്ട്’ ഞാൻ പറഞ്ഞു.

“വേണ്ട.” അഡോണിയെ ഞാൻ നോക്കാതെ പറഞ്ഞു. “നിന്റെ കാഴ്ചപ്പാടില്‍ ഞാനും ചെകുത്താനും
ഒന്നാണ്. അതുകൊണ്ട്‌ നിനക്ക് വേണമെങ്കില്‍ ചെകുത്താന്‍ ലോകത്തേക്ക് തനിച്ച് പോകാം.”
അത്രയും പറഞ്ഞിട്ട് ഞാൻ അവിടേ നിന്നും മാറി.

തിരുമേനിയും മറ്റുള്ളവരും ഒത്തുകൂടി സംസാരവും എഴുത്തും തുടങ്ങി.

“എനിക്ക് നിന്നോട് ഒറ്റക്ക് സംസാരിക്കണം റോബി.” അച്ഛൻ പറഞ്ഞു. ഞാൻ ഉടനെ സമ്മതിച്ചു.

ഞങ്ങൾ അഡോണിയുടെ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങി നടന്നു. മരവും, ചെടിയും,
പൂക്കളും, ഇളം കാറ്റും എന്റെ മനസ്സിനെ ആകര്‍ഷിച്ചു. അതെല്ലാം ആസ്വദിച്ച്‌ ഞാൻ
അച്ഛന്റെ ഒപ്പം നടന്നു.

ഞാൻ മനസില്‍ വിചാരിച്ചതും അച്ഛന്റെ രണവാൾ എന്റെ കൈയിൽ പ്രത്യക്ഷപെട്ടു. അത് ഞാൻ
അയാള്‍ക്ക് നല്‍കി. ഒന്നും പറയാതെ അയാള്‍ അത് സ്വീകരിച്ചു.

“നമുക്കിടയിലെ ഈ പ്രശ്നത്തിന്‌ ഒരു പരിഹാരം ലഭിച്ചത്‌ കൊണ്ട്‌ ഇപ്പോൾ ഞാൻ വളരെയധികം
സന്തോഷിക്കുന്നു റോബി. ഞങ്ങളാരും നിന്നെ വെറുക്കുന്നില്ല, പക്ഷേ നിന്റെ ചെകുത്താന്‍
രക്തത്തെ അവിശ്വസിച്ചു. ഇപ്പോൾ എല്ലാ തെറ്റിദ്ധാരണയും ഞങ്ങൾക്ക് മാറി. ആരോടും
നിനക്ക് ദേഷ്യവും വൈരാഗ്യവും തോന്നരുത് റോബി. എല്ലാവർക്കും വേണ്ടി ഞാൻ നിന്നോട്
ക്ഷമ ചോദിക്കുന്നു.”

ഞാൻ ചിരിച്ചു. “നമ്മൾ എല്ലാരും ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ചെയ്തിട്ടുള്ളവരാണ്
അച്ചോ. അതേ തെറ്റുകൾ നമ്മൾ പിന്നെയും ചെയ്യാതെ നോക്കണം എന്നാണ് ഞാൻ എന്റെ മനസ്സിനെ
പഠിപ്പിച്ചത്.”

“അപ്പോ ചെകുത്താന്‍ ലോകത്ത് പോകാൻ തന്നെയാണോ നിന്റെ തീരുമാനം? ”

“അതേ അച്ചോ, അതുതന്നെയാണ് എന്റെ തീരുമാനം.” ഞാൻ കൂടുതൽ വിവരിക്കാൻ നിന്നില്ല.

അച്ഛന്റെ മുഖത്ത് കോപം കണ്ടെങ്കിലും അയാൾ അത് അടക്കി.

“എന്റെ അമ്മയുടെ ജനനത്തെ കുറിച്ച് ബാൽബരിത് പറഞ്ഞതില്‍ എന്തെങ്കിലും സത്യം ഉണ്ടോ?”
ഞാൻ ചോദിച്ചു.

ഒരുപാട്‌ നേരം കഴിഞ്ഞാണ് അച്ഛൻ വായ് തുറന്നത്. പക്ഷേ ഞാൻ ചോദിച്ചതിന് മറുപടി തരാന്‍
വേണ്ടിയല്ല എന്ന് മാത്രം.

“ചെകുത്താന്‍മാരുടെ കുരുക്കിൽ വീഴരുത് റോബി. അവിടെ ഒരിക്കലും നി സുരക്ഷിതമല്ല എന്ന്
എപ്പോഴും മനസില്‍ കരുതണം. അതുമാത്രമാണ് എനിക്ക് പറയാനുള്ളത്.” അത്രയും പറഞ്ഞിട്ട്
അച്ഛൻ വേഗം തിരിച്ച് നടന്നു.

ഞാൻ അകത്ത് പോയില്ല. പെട്ടന്ന് അഡോണിയുടെ മക്കളെ ഞാൻ വിചാരിച്ചു. ‘എന്തുകൊണ്ട്‌
അവരില്‍ ഒരാൾ പോലും രണശൂരൻറ്റെ പരിശീലനത്തിന് വിധേയരായില്ല?’

‘ഒരു തരി എങ്കിലും മാന്ത്രിക ശക്തി ഉള്ളവര്‍ക്ക് മാത്രമേ രണശൂരൻ ആക്കാന്‍
കഴിയുകയുള്ളു. ഒരുപക്ഷേ അവര്‍ക്ക് ഒരു നുള്ള് പോലും മന്ത്ര ശക്തി കാണില്ല.’ എന്റെ
സഹജാവബോധം പറഞ്ഞു.

ഞാൻ നടന്ന് എന്റെ ജീപ്പിന്റെ അടുത്ത് എത്തി. എന്റെ പുറകില്‍ കാലൊച്ച കേട്ട് ഞാൻ
തിരിഞ്ഞ് നോക്കി.

വാണി, ഭാനു, രാധിക ചേച്ചി, കൃഷ്ണൻ ചേട്ടൻ, മൂര്‍ത്തി — അഞ്ച് പേരും നടന്ന് എന്റെ
അടുത്ത് വന്ന് നിന്നു. വാണി ഒരു ലിസ്റ്റ് എന്റെ കൈയിൽ തന്നു. അത് ഞാൻ വാങ്ങി.

പിന്നെ ഒന്നും മിണ്ടാതെ ഞാൻ ജീപ്പിൽ കേറി. മറ്റുള്ളവരും കേറി.

ക്വൊട്ടെസിൽ വന്നതും വാണിയും രാധിക ചേച്ചിയും ഭക്ഷണം തയ്യാറാക്കി. എല്ലാവരും
കഴിച്ചിട്ട് ഹാളില്‍ വന്നു.

“കുറച്ച് നേരം നിങ്ങൾ വിശ്രമിക്കു, എനിക്ക് രണവാൾ പണിയണം. അതുകഴിഞ്ഞ്‌ നമുക്ക്
സംസാരിക്കാം.”

“അത്രയേറെ രണവാൾ നിനക്ക് ഈ കുറഞ്ഞ സമയം കൊണ്ട്‌ സൃഷ്ടിക്കാന്‍ കഴിയുമോ റോബി?” രാധിക
ചേച്ചി സംശയത്തോടെ ചോദിച്ചു.

ഞാൻ മനസില്‍ ചിരിച്ചു. ദ്രാവക ലോകത്ത് പോയാൽ എനിക്ക് ഒരുപാട്‌ സമയവും ഉണ്ടാവും.
എന്റെ ജോലി കഴിഞ്ഞ് ഇവിടെ നിന്നും മറഞ്ഞ അതേ സെക്കന്റില്‍ എനിക്ക് തിരിച്ച് വരാനും
കഴിയും.

“കഴിയും ചേച്ചി.” ഞാൻ പറഞ്ഞു.

“കഴിഞ്ഞ തവണ മുപ്പത് രണവാൾ നിങ്ങളെ വല്ലാതെ തളര്‍ത്തി കളഞ്ഞു എന്ന് ഓര്‍ക്കണം.
നിങ്ങളുടെ ജീവനു ആപത്ത് സംഭവിക്കും എന്നുവരെ ഞങ്ങള്‍ ഭയന്നു. ഇപ്പോൾ നാല്‍പത്തി
ഒന്‍പത് രണവാൾ സൃഷ്ടിക്കുന്ന കാര്യമാണ് നമ്മൾ സംസാരിക്കുന്നത്!” കൃഷ്ണൻ ചേട്ടൻ
തലയാട്ടി കൊണ്ട്‌ പറഞ്ഞു.

ഞാൻ ചിരിച്ചു. “സംസാരിച്ച് നിന്നാൽ നമ്മൾ സമയം വെറുതെ കളയും. നിങ്ങൾ വിശ്രമിക്കു.
എനിക്ക് പോണം. ഞാൻ എന്റെ ജോലി ചെയ്യട്ടെ.”

“ഞാനും വരുന്നു. എനിക്ക് നിങ്ങളെ സഹായിക്കണം സർ….” ഭാനു പറഞ്ഞു. ഞാൻ അയാളെ നോക്കി.
“അത് മാത്രമല്ല…. പിന്നെ… ഞാനും… ഞാനും നിങ്ങള്‍ക്കൊപ്പം ചെകുത്താന്‍ ലോകത്ത്
വരും…. ദയവായി എതിര് പറയരുത്.” ഭാനു കെഞ്ചി.

“ഞാനും വരുന്നു. ഇപ്പോൾ ഇവിടെ സഹായിക്കാനും, പിന്നെ നാളെ ചെകുത്താന്‍ ലോകത്തും.”
വാണി തീര്‍ത്ത് പറഞ്ഞു. ഞാൻ അവളെയും ഭാനുവിനേയും മാറിമാറി നോക്കി.

രാധിക ചേച്ചി ചിരിച്ചു. ഒപ്പം കൃഷ്ണൻ ചേട്ടനും മൂര്‍ത്തി ചേട്ടനും ചിരിച്ചു.

“ആരാ ഇപ്പൊ വെറുതെ നിന്ന് സമയം കളയുന്നത്?” രാധിക ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു.
“പിന്നേ നിങ്ങൾ മൂന്നുപേരും ഒരുമിച്ച് ചെകുത്താന്‍ ലോകത്ത് പോകണമെന്നാണ് എന്റെ
മനസ്സ് പറയുന്നത്.” ചേച്ചി ഗൌരവത്തോടെ പറഞ്ഞു.

അവർ രണ്ട് പേരെയും എന്റെ കൂടെ കൂട്ടാൻ എന്റെ മനസ്സ് പറഞ്ഞു. ‘ദ്രാവക മൂര്‍ത്തിയുടെ
ലോകത്ത് മറ്റുള്ളവര്‍ക്ക് വരാൻ കഴിയുമോ?’ എന്റെ മനസ്സിൽ ദ്രാവക മൂര്‍ത്തിയോട് ഞാൻ
ചോദിച്ചു.

‘അവര്‍ക്ക് മാത്രമായി കഴിയില്ല. നിങ്ങള്‍ക്ക് അവരെ കൊണ്ട്‌ വരാൻ കഴിയും.’ ഉടനെ
എനിക്ക് മറുപടി കിട്ടി.

ഞങ്ങൾ മൂന്ന് പേരും എന്റെ മുറിയില്‍ കയറി.

“ഇവിടെ വെച്ചാണോ നിങ്ങൾ രണവാൾ സൃഷ്ടിക്കാന്‍ പോകുന്നത്.” ജിജ്ഞാസയോടെ ഭാനു
ചോദിച്ചു. വാണി ആകാംഷയോടെ എന്നെ നോക്കി.

ഞാൻ ചിരിച്ചു. എന്നിട്ട് അവർ രണ്ട് പേരുടെയും കൈയിൽ പിടിച്ചുകൊണ്ട് ഞാൻ ദ്രാവക
മൂര്‍ത്തിയുടെ ലോകത്ത് പ്രത്യക്ഷപെട്ടു.

“ങേ, ഇത് ഏത് ലോകം?” അത്ഭുതത്തോടെ ചുറ്റും നോക്കിക്കൊണ്ട് ഭാനു ചോദിച്ചു.

“റോബി ചേട്ടാ ഇതിനെ കാണാന്‍ നിങ്ങളെ പോലെ ഉണ്ടല്ലോ.” എന്റെ കൈയിൽ പിടിച്ചുകൊണ്ട്
ഞങ്ങൾക്ക് മുന്നില്‍ നിന്ന ദ്രാവക മൂര്‍ത്തിയെ നോക്കി വാണി അത്ഭുതത്തോടെ പറഞ്ഞു.

ഞാൻ അദ്യം തൊട്ട് അവസാനം വരെയുള്ള എല്ലാം കാര്യവും അവരോട് വിസ്തരിച്ചു പറഞ്ഞു.

“ഞാൻ ഒരുപാട്‌ തവണ ഇതുപോലത്തെ ഒരു ലോകത്തെ എന്റെ സ്വപ്നത്തില്‍ കണ്ടിട്ടുണ്ട്.
പക്ഷേ അത് ഭൂമിക്കടിയിലെ ഒരു കുളമായിരുന്നു — തേൻ പോലെ തോന്നിക്കുന്ന ഒരു കുളം.”
ഭാനു പറഞ്ഞു.

ഭാനു പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. “ആ കുളം ഒരു തോട്ടത്തില്‍ ആയിരുന്നോ?” ഞാൻ
ചോദിച്ചു.

ഭാനു എന്നെ അത്ഭുതത്തോടെ നോക്കി. “അതേ!! നിങ്ങള്‍ക്ക് എങ്ങനെ അറിയാം? അവിടെ ഒരു
പെണ്‍കുട്ടി ചെടി നനയ്ക്കുന്ന ദൃശ്യമാണ്‌ ഞാൻ എപ്പോഴും കാണുന്നത്. ആ പെണ്‍കുട്ടി
എപ്പോഴും നിങ്ങളുടെ പേര് പറഞ്ഞതും ഞാൻ സ്വപ്നത്തില്‍ നിന്നും ഉണരും.”

“മാലാഖമാരുടെ പുത്രാ — ഞങ്ങളുടെ ഭൂമി മാതാവ് നിന്നെ സ്വാഗതം ചെയ്യുന്നു.” ദ്രാവക
മൂര്‍ത്തി ഭാനുവിനെ നോക്കി പറഞ്ഞു. “ഐറീൻ വംശ പുത്രി ഞങ്ങളുടെ ഭൂമി മാതാവ്
നിന്നെയും സ്വാഗതം ചെയ്യുന്നു.” ദ്രാവക മൂര്‍ത്തി വാണിയേ നോക്കി പറഞ്ഞു.

എന്നിട്ട് അത് എന്നെ നോക്കി പറഞ്ഞത്, “നിങ്ങൾ ഈ മാലാഖയേയും ദാർശനിയേയും
കൂട്ടിക്കൊണ്ടു ഭൂമി മാതാവിനെ പോയി കാണണം. മാതാവ് നിങ്ങളെയും നോക്കി ഇരിക്കുന്നു.”

എനിക്ക് ഒന്നും മനസ്സിലായില്ല. ഗിയ ഇവരെ നോക്കി ഇരിക്കണമെങ്കില്‍ എന്തെങ്കിലും
കാരണം ഉണ്ടാവണം. അതുകൊണ്ട്‌ ഞാൻ അവരെ കൂട്ടിക്കൊണ്ട് ആ പിളർപ്പിനെ ലക്ഷ്യമാക്കി
നടന്നു. കല്‍പ്പടവുകള്‍ ഇറങ്ങി ഞങ്ങൾ തോട്ടത്തില്‍ വന്നു. ഭാനു ഉടനെ അദ്ഭുതത്തോടെ
ശ്വാസം ഉള്ളിലേക്ക് വലിച്ചത് ഞാൻ കേട്ടു.

“ഈ പെണ്‍കുട്ടി …… എന്റെ സ്വപ്നം…. ഞാൻ കണ്ടത്….” ഭാനു എന്തെല്ലാമോ പറഞ്ഞു.

ഗിയ ചിരിച്ചു. “അതേ എന്നെയാണ് നി നിന്റെ സ്വപ്നത്തില്‍ കണ്ടത്, ഭാനൂഷ് മേത്രിദ.
എന്റെ തോട്ടത്തിലേക്ക് സ്വാഗതം. .”

“സാദ്ധ്യമല്ല…. എങ്ങനെ….. എങ്ങനെ…. ഭാനു… അപ്പോ ഭാനു എന്റെ….. എന്റെ സഹോദരൻ ആണോ!”
വാണി എന്റെ കൈയിൽ പിടി മുറുക്കി കൊണ്ട് ഗിയയേ നോക്കി ചോദിച്ചു.

ഭാനു കണ്ണും മിഴിച്ച് ഞങ്ങൾ എല്ലാവരെയും നോക്കി. എന്നിട്ട് വാണിയേ നോക്കി ചിരിച്ചു.

“അതുതന്നെയാണ് സത്യം വാണി മേത്രിദ. നിങ്ങള്‍ക്ക് മാതാവ് രണ്ടാണെങ്കിലും പിതാവ്
ഒന്ന് തന്നെയാണ്. മാലാഖയായ നിങ്ങളുടെ പിതാവിന്റെ നാമം മാത്രമല്ല ‘മേത്രിദ’ അതി
ശക്തരായ ആദ്യ നിരയില്‍ ഉള്ള മാലാഖമാരുടെ വര്‍ഗ്ഗ പേര്‌ കൂടിയാണ് മേത്രിദ വര്‍ഗ്ഗം.”

“പക്ഷേ എന്റെ അച്ഛൻ സാധാരണ മനു—”

“ഇല്ല വാണി, നിന്റെ പിതാവ് സാധാരണ മനുഷ്യന്‍ അല്ല. അതുപോലെ ഭാനു അസാധു എന്ന്
പറയപ്പെടുന്ന ശക്തി ഇല്ലാത്ത മാലാഖ അല്ല. അതുപോലെതന്നെ നീയും, വെറുമൊരു അല്‍പ്പ
ശക്തിയുള്ള ദാർശനി ഒന്നുമല്ല. നിങ്ങൾ ജനിച്ച ശേഷം മേത്രിദ തന്റെ ശക്തി ഉപയോഗിച്ച്
നിങ്ങളുടെ യഥാര്‍ത്ഥ ശക്തിയെ നിങ്ങളില്‍ നിന്ന് മറച്ചു.”

“എന്തിന്….? ” വാണിയും ഭാനുവും ഒരേ സമയത്ത്‌ ചോദിച്ചു.

“മേത്രിദ യുടെ സ്വപ്നത്തിലൂടെ ഞാൻ പറഞ്ഞത് കൊണ്ട്‌.”

“എന്ത് കാരണം കൊണ്ടാണ് നിങ്ങൾ അങ്ങനെ ചെയ്തത്?” ഭാനു തെല്ല് കോപത്തോടെ ചോദിച്ചു.

“അന്ന് നിങ്ങളുടെ ആ ശക്തിയേ മറച്ചിരുനില്ലെങ്കിൽ പല ദുഷ്ട ശക്തികളും നിങ്ങളിലേക്ക്
ആകര്‍ഷിക്കപ്പെട്ട് നിങ്ങളെ വധിക്കാന്‍ ശ്രമിക്കുമായിരുന്നു. കാരണം, നിങ്ങള്‍ക്ക്
മൂന്നാം നിരയിലുള്ള ചെകുത്താന്റെ ശക്തിയെ പോലും അമര്‍ച്ച ചെയ്യാനുള്ള ശക്തി
നിങ്ങളില്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ രണ്ടാം നിരയിലുള്ള ചെകുത്താന്റെ ശക്തിയെ പോലും
അമര്‍ച്ച ചെയ്യാൻ കഴിയുമായിരുന്നു. അതുകൊണ്ട്‌ ഈ ലോകവും മറ്റുള്ള ലോകവും നിങ്ങളെ
കുറിച്ച് അറിയാതിരിക്കാൻ വേണ്ടിയാണ് നിങ്ങളുടെ ശക്തിയെ നിങ്ങളില്‍ നിന്നും…. മറ്റ്
പല വന്‍ ശക്തികളില്‍ നിന്നും മറച്ച് വയ്ക്കേണ്ട സാഹചര്യം ഉണ്ടായത്.”

“ചെകുത്താന്‍ രാജാവിന്റെ ശക്തിയെ ഞങ്ങൾക്ക് അമര്‍ച്ച ചെയ്യാൻ കഴിയുമോ?” ഭാനു
ഉത്സാഹത്തോടെ ചോദിച്ചു.

ഗിയ പൊട്ടിച്ചിരിച്ചു. “രണ്ടാം നിര ചെകുത്താനെ പോലും നിങ്ങള്‍ക്ക് അമര്‍ച്ച ചെയ്യാൻ
കഴിഞ്ഞെന്ന് വരില്ല കുഞ്ഞുങ്ങളെ. അപ്പോള്‍ പിന്നെ ചെകുത്താന്‍ രാജാവ്‌…..”

“ഞാനും റോബി സർനെ പോലെ നാലായിരം വര്‍ഷം മുമ്പ് ജനിച്ചതാണോ?” ഭാനു ചോദിച്ചു.

ഞാൻ അവനെ തുറിച്ച് നോക്കി. വാണി പുഞ്ചിരിച്ചുകൊണ്ട് എന്റെ കൈയില്‍ ചുരണ്ടി.

ഗിയ പിന്നെയും ചിരിച്ചു. “ഇല്ല ഭാനു നീ ഇരുപത്തി ഏഴ് വർഷങ്ങൾക്ക് മുമ്പും വാണി
ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജനിച്ചത്. വെറും രണ്ട് വര്‍ഷത്തിന്റെ
ഇടവേള മാത്രമാണ്‌ നിങ്ങള്‍ക്കിടയിൽ ഉള്ളത്. പക്ഷേ റോബി നാലായിരം വർഷങ്ങൾക്ക്
മുമ്പ്‌ ജനിച്ചു എങ്കിലും അവന്റെ സമയം മുപ്പത് വര്‍ഷം മുമ്പ്‌ വരെ നിശ്ചലം
ആയിരുന്നു.”

വാണിയും ഭാനുവും മനസ്സിലാവാത്തത് പോലെ പരസ്പ്പരം നോക്കി.

ഗിയ പുഞ്ചിരിച്ചു. “അതായത്‌ ക്രൗശത്രൻറ്റെ നിശ്ചല ലോകത്ത് നാലായിരം വര്‍ഷം മുമ്പ്‌
തൊട്ട് മുപ്പത് വര്‍ഷം മുമ്പ് വരെ റോബി നവജാത ശിശുവായി തന്നെ ഗാഢമായ നിദ്രയില്‍
ആയിരുന്നു. അതുകൊണ്ട്‌ റോബിക്ക് ഇപ്പോൾ വെറും മുപ്പത് വയസ്സ് മാത്രമേയുള്ളു.”

“അപ്പോൾ ഞങ്ങളുടെ പിതാവ്—”

“നിങ്ങളെ ഉപേക്ഷിച്ചില്ല ഭാനു. ഇപ്പോഴും അതേ പിതാവ് തന്നെയാണ് വാണിയുടെ വീട്ടില്‍
ഉള്ളത്. നിന്നെ മനുഷ്യ ലോകത്ത് ഇപ്പോഴത്തെ നിന്റെ മാതാപിതാക്കളുടെ കൈയിൽ ഏല്പിച്ച
ശേഷവും, നിന്നെ സംരക്ഷിക്കാൻ വേണ്ടിയാണ് നിന്റെ പിതാവ് മനുഷ്യ രൂപത്തിൽ നിങ്ങളുടെ
ലോകത്ത് തന്നെ താമസിച്ചത്. ആ സമയത്താണ് ശക്തയായ ദാർശനിയേ മേത്രിദ കണ്ട്
ഇഷ്ട്ടപെട്ട് വിവാഹം കഴിച്ചത്. അവരുടെ പുത്രിയാണ് വാണി.”

“അപ്പോ എന്റെ അമ്മ —”

“മാലാഖമാര്‍ മനുഷ്യരെ പോലെയല്ല ഭാനു. അവർ വിവാഹം കഴിക്കില്ല അതുപോലെ ഇണയായി
ജീവിക്കില്ല. നിങ്ങളുടെ ജനനം മനുഷ്യരുടെ ജനനം പോലെയുമല്ല. മാലാഖമാര്‍ ഇണ ചേര്‍ന്ന്
കഴിഞ്ഞാല്‍ ആ ഇണയുടെ ജീവ ജ്യോതിയില്‍ നിന്നും ചെറിയൊരു അംശം ശക്തി പ്രകാശമായി
അവരുടെ ശരീരത്തിൽ നിന്നും പുറത്ത്‌ വരും. ആ ശക്തിയാണ് ശിശുവായി
രൂപാന്തരപ്പെടുന്നത്.”

“അപ്പോ ഇണ ചേര്‍ന്ന്‌ കഴിഞ്ഞ ഉടനെ അവര്‍ക്ക് കുഞ്ഞ് ലഭിക്കും എന്നാണോ?” വാണി
നാണത്തോടെ ചോദിച്ചു.

“അതേ, ആ കുഞ്ഞ് അതിന്റെ അച്ഛന്റെ പരിപാലനത്തിൽ തന്നെ വളരും. മാലാഖമാരുടെ ലോകം തന്നെ
അവര്‍ക്ക് വേണ്ടുന്ന ശക്തി പകര്‍ന്നു കൊടുക്കും. അങ്ങനെയാണ് കുഞ്ഞുങ്ങള്‍
വളരുന്നതും. പക്ഷേ അസാധുവായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആ ലോകത്തിന്റെ ശക്തി
പകര്‍ന്നു കൊടുക്കാന്‍ കഴിയില്ല. അതുകാരണം ആ കുഞ്ഞുങ്ങള്‍ക്ക്‌ അധികകാലം മാലാഖയുടെ
ലോകത്ത് ജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അങ്ങനെയുള്ള കുഞ്ഞുങ്ങളെ മാലാഖമാര്‍
മനുഷ്യര്‍ക്ക് കൈ മാറുന്നത്. കാരണം ആ കുഞ്ഞുങ്ങള്‍ക്ക്‌ മനുഷ്യ കുഞ്ഞിനെ പോലെ
മാത്രമേ ജീവിക്കാൻ കഴിയുകയുള്ളു.”

“അപ്പോ നിങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ കളിക്കുന്നു…” ഞാൻ ഗിയയെ കുറ്റപ്പെടുത്തി.

“എന്നെ നി തെറ്റിദ്ധരിക്കേണ്ട കാര്യമില്ല റോബി. ഞാൻ ഗിയ. ചിലപ്പോഴൊക്കെ ഭാവിയില്‍
സംഭവിക്കാന്‍ സാധ്യതയുള്ള ചില സൂചനകള്‍ എനിക്ക് ദര്‍ശനമായ് ലഭിക്കാറുണ്ട്. ഈ
പ്രപഞ്ചത്തിന്റെ നാശം സംഭവിക്കാതിരിക്കാന്‍ എനിക്ക് ചില കാര്യങ്ങളില്‍
ഇടപെടാതിരിക്കാൻ കഴിയില്ല.”

ഞാൻ മിണ്ടാതെ നിന്നു.

“എന്റെ കണ്ണുനീര്‍ കൊണ്ടുള്ള സ്നാനം സ്വീകരിക്കാനുള്ള നേരം നിങ്ങള്‍ക്ക്
വന്നിരിക്കുന്നു. ആ സ്നാനം സ്വീകരിക്കുന്നത് വഴി നിങ്ങളില്‍ നിന്നും ഒഴിഞ്ഞ്
നില്‍ക്കുന്ന നിങ്ങളുടെ പൂര്‍ണ ശക്തി നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അതിനായി നിങ്ങൾ
രണ്ട് പേരും ആ കുളത്തിൽ മുങ്ങി എഴിക്കണം.” വാണി, ഭാനു — അവരെ നോക്കി ഗിയ പറഞ്ഞു.
“മുകളില്‍ പോയി നിനക്ക് ചെയ്യാനുള്ളത് ചെയ്യാം, റോബി. ആ കുളത്തിൽ നിന്നും കര കയറാൻ
ഇവര്‍ക്ക്‌ ഒരുപാട്‌ സമയം വേണ്ടിവരും. അതുകഴിഞ്ഞ് അവരെ ഒരുപാട്‌ കാര്യങ്ങൾ
പഠിപ്പിക്കാനും ഉണ്ട്. എല്ലാം കഴിഞ്ഞാൽ അവർ നിന്റെ അടുത്ത് വരും.” ഗിയ എന്നോട്
പറഞ്ഞു.

ഇവിടെ നിന്നും എന്നെ പറഞ്ഞ്‌ വിടുന്നു എന്ന് എനിക്ക് മനസ്സിലായി. ഞാൻ മുകളില്‍
വന്നു. എന്നെയും കാത്തു ദ്രാവക മൂര്‍ത്തി അവിടെ ഉണ്ടായിരുന്നു.

“നമുക്ക് ഒരുപാട്‌ ജോലി ഉണ്ട്.” ഞാൻ അതിനോട് പറഞ്ഞു.

അദ്യം ഞങ്ങൾ രണവാൾ സൃഷ്ടിക്കാന്‍ തുടങ്ങി. ഒരേ സമയം മുപ്പത് രണവാൾ സൃഷ്ടിക്കാന്‍
എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. എന്നില്‍ ഉണ്ടായിരുന്ന എല്ലാ ശക്തികളും ഞാൻ
ഉപയോഗിച്ചു. മുപ്പത്തിൽ നിന്നും കൂടുതൽ രണവാൾ ഒരേ സമയത്ത്‌ എനിക്ക് സൃഷ്ടിക്കാന്‍
കഴിയുമെന്ന് തോന്നി, പക്ഷേ അതിന്‌ ഞാൻ മുതിർന്നില്ല. അങ്ങനെ മുപ്പത് രണവാൾ വീതം
മൂന്ന് തവണ ഞാൻ ഉണ്ടാക്കി.

ഇവിടെ ഞാൻ എത്ര സമയം കളഞ്ഞാലും ഞങ്ങളുടെ ലോകത്ത് തിരിച്ച് എത്തുംപോൾ ഒരു സെക്കന്റ്
പോലും കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ട്‌ എല്ലാം ഞാൻ സമയം എടുത്ത് സാവധാനം ചെയ്തു.
ക്ഷീണം തോന്നുമ്പോള്‍ വിശ്രമിച്ചു. ഈ ലോകത്ത് എനിക്ക് വിശപ്പും ദാഹവും ഉണ്ടായില്ല.

ഇവിടെ ഞാൻ ഒരുപാട്‌ ദിവസങ്ങൾ ചെലവഴിച്ചത് പോലെ തോന്നി. എന്നിട്ടും വാണിയും ഭാനുവും
വന്നില്ല.

വേറെ പല ആയുധങ്ങളും ഞങ്ങൾ സൃഷ്ടിച്ചു.

ആവശ്യമുള്ളത് എന്ന് തോന്നിയ വേറെയും അമൂല്യമായ പലതും ഞാൻ സൃഷ്ടിച്ചു. എന്റെ എല്ലാം
ശക്തിയും കൂട്ടിയിണക്കി ഒറ്റ ശക്തിയായി മാറ്റപ്പെട്ട ശക്തി ഉപയോഗിച്ചാണ് ഞാൻ എല്ലാം
ഉണ്ടാക്കിയത്.

അങ്ങനെ ഓരോ സൃഷ്ടിയുടേയും അവസാന ഘട്ടം എത്തുമ്പോള്‍ — ഗിയയുടെ സാന്നിധ്യം
അല്ലെങ്കിൽ പ്രപഞ്ച ശക്തിയുടെ സാന്നിധ്യം എന്റെ മനസില്‍ പ്രത്യക്ഷപ്പെട്ട് എനിക്ക്
ചില നിർദ്ദേശങ്ങൾ നല്‍കിയ ശേഷം, എന്റെ സൃഷ്ടികള്‍ക്ക് ശക്തി പകര്‍ന്ന് തന്നിട്ട്
അപ്രത്യക്ഷമായി. ഉടനെ അത് ഞാൻ എന്റെ മോതിരത്തിൽ സൂക്ഷിക്കും.

പിന്നെയും ഒരുപാട്‌ പരീക്ഷണങ്ങൾ നടത്തി പലതിലും ഞാൻ വിജയം നേടി.

“ഈ ആയുധങ്ങൾ എല്ലാം എന്റെ മോതിരത്തിൽ സൂക്ഷിക്കാനുള്ള സ്ഥലം ഉണ്ടാവുമോ?” കുന്ന്
പോലെ കൂടി കിടന്ന, ഞങ്ങൾ സൃഷ്ടിച്ച പലതരത്തിലുള്ള ആയുധങ്ങളെ നോക്കി ഒരിക്കല്‍ ഞാൻ
ദ്രാവക മൂര്‍ത്തിയോട് ചോദിച്ചു.

“ഈ മോതിരം ഒരു വലിയ ലോകം പോലെയാണ്. അതിൽ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും, എത്ര
വേണമെങ്കിലും സൂക്ഷിക്കാന്‍ കഴിയും.” ദ്രാവക മൂര്‍ത്തി മറുപടി പറഞ്ഞു.

എനിക്ക് ആവശ്യം എന്ന് തോന്നിയ എല്ലാം ഞാൻ ഉണ്ടാക്കി. ഈ ലോകത്ത് രാവും പകലും
ഇല്ലാത്തത് കൊണ്ട്‌ എത്ര ദിവസം കഴിഞ്ഞ് കാണുമെന്ന് എനിക്ക് ഒരു പിടിയും
ഇല്ലായിരുന്നു. വെറും മണിക്കൂറുകൾ ആണോ അതോ മാസങ്ങളും വര്‍ഷങ്ങളും കടന്ന് പോയോ എന്ന്
പോലും എനിക്ക് അറിയില്ല.

‘എന്നാണ് നി നിന്റെ ജീവ ജ്യോതിയെ നോക്കാൻ പോകുന്നത്. അതിന്‌ സംഭവിച്ച മാറ്റം
എന്താണെന്ന് നിനക്ക് അറിയാൻ താല്‍പര്യം ഇല്ലേ?’ എന്റെ സഹജാവബോധം ചോദിച്ചു.

‘ഓ…. അത് ഞാൻ മറന്നു.’ ഞാൻ മറുപടി കൊടുത്തു.

ചെകുത്താന്‍, മാന്ത്രികന്‍, പ്രപഞ്ച വാൾ — ഈ മൂന്ന് ശക്തികളെയും ഞാൻ കൂടി
ചേര്‍ത്തപ്പോൾ എന്റെ ജീവ ജ്യോതിക്ക് മാറ്റം സംഭവിച്ചു എന്നാണ് എന്റെ സഹജാവബോധം
പറഞ്ഞിരുന്നത്. അത് എന്താണെന്ന് നോക്കാന്‍ ഞാൻ തീരുമാനിച്ചു.

എന്റെ ഉള്ളില്‍ ഞാൻ സ്വയം നോക്കി. നേരത്തെ പകുതി തൂവെള്ള പകുതി ചുവപ്പ് നിറത്തില്‍
ഉണ്ടായിരുന്ന എന്റെ ജീവ ശക്തി ഗോളം ഇപ്പോൾ ആകപ്പാടെ മാറിയിരിക്കുന്നു.

അതിനെ കണ്ടിട്ട് എന്റെ ശരീരം ഒന്ന് വിറച്ചു. മനസ്സില്‍ ഒരു ഭയം തോന്നി. നിലവിളിച്ച്
കൊണ്ട്‌ ഓടാന്‍ തോന്നി. കാരണം, എന്റെ ജീവ ശക്തി ഗോളം സ്ഥിതി ചെയ്യേണ്ട സ്ഥാനത്ത്
ഒരു ഇരുണ്ട പ്രവേശന കവാടം മാത്രമാണ്‌ ഞാൻ കണ്ടത്. അതിനെ നോക്കുമ്പോള്‍ എനിക്ക്
എന്തോ ഒരു ഭയം തോന്നി. എന്റെ ദേഹമാസകലം വിറച്ചു.

‘അകത്ത് കയറി നോക്ക്.’ എന്റെ സഹജാവബോധം എന്നെ പ്രേരിപ്പിച്ചു.

‘ഞാൻ പോവില്ല.’ പേടിയോടെ ഞാൻ പറഞ്ഞു.

‘അപ്പോ പിന്നെ അകത്ത് എന്താണുള്ളത് എന്ന് നി എങ്ങനെ അറിയും?’

‘നിനക്ക് അറിയാമല്ലോ അകത്ത് എന്താണെന്ന്, എന്നോട് നീതന്നെ പറഞ്ഞാൽ മതി.’

‘അതിന്റെ ഉള്ളില്‍ കടക്കാനുള്ള എന്റെ ശ്രമം പാഴായി. ഏതോ ശക്തി എന്നെ തടയുന്നു.
നിന്റെ മനസ്സിന് മാത്രമേ അതിന്‌ കഴിയുകയുള്ളു എന്ന് ഞാൻ കരുതുന്നു.’ എന്റെ
സഹജാവബോധം പറഞ്ഞു.

‘പക്ഷേ, അതിന്റെ ഉള്ളില്‍ കടക്കാന്‍ ഇപ്പോൾ എനിക്ക് കഴിയില്ല. ആ കവാടത്തിൽ കാണുന്ന
ഇരുള്‍ എന്റെ ഭയത്തെ ഉണർത്തുന്നു. ഇന്ന് എനിക്ക് കഴിയില്ല. പക്ഷേ ഇത് എങ്ങനെ
സംഭവിച്ചു?’

‘നിന്റെ ഉള്ളില്‍ ഉള്ള എല്ലാ ശക്തികളേയും നി ലയിപ്പിച്ച്, അതിനെ ഒറ്റ ശക്തിയായി
മാറ്റിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്.’ എന്റെ സഹജാവബോധം പറഞ്ഞു.

‘എന്റെ പ്രപഞ്ച വാൾ എവിടെ?’ അതെനിക്ക് നഷ്ടമായി എന്ന ഭയത്തോടെ ഞാൻ ചോദിച്ചു. കാരണം
എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന പ്രപഞ്ച വാൾ അപ്രത്യക്ഷമായിരിക്കുന്നു.

എപ്പോൾ സംഭവിച്ചു എന്നോ, എങ്ങനെ എന്നോ, എന്തിന്‌ എന്നോ എനിക്ക് മനസ്സിലായില്ല.

‘ഒരുപക്ഷേ അത് നിന്റെ ജീവ ജ്യോതിയില്‍ അലിഞ്ഞ് ചേർന്ന് കാണും. ആ വാൾ നിനക്ക്
എന്നെന്നേക്കുമായി നഷ്ടമായി കഴിഞ്ഞിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്.’ എന്റെ
സഹജാവബോധം പറഞ്ഞു.

ഞാൻ എന്റെ മനസില്‍ നിന്നും പുറത്ത്‌ വന്നിട്ട് വേഗം എന്റെ കൈയിൽ നോക്കി. ഭാഗ്യം,
എന്റെ കൈയിലെ വാൾ ഇപ്പോഴും ഉണ്ട്. ഞാൻ എന്റെ ഇടത് നെഞ്ചില്‍ നോക്കി. “ങേ….!” ഞാൻ
ഉറക്കെ കരഞ്ഞു.

ജന്മനായുള്ള…. അല്ല….. ഉണ്ടായിരുന്ന, ഫിനിക്സ് പക്ഷിയുടെ അടയാളം കാണുന്നില്ല. അത്
ഉണ്ടായിരുന്നതിൻറ്റെ ചെറിയ പാട് പോലും കണ്ടില്ല. ‘ഇത് എപ്പോൾ സംഭവിച്ചു’

‘ഒരുപക്ഷേ അതും നിന്റെ ജീവ ജ്യോതിയില്‍ അലിഞ്ഞ് ചേര്‍ന്ന് കാണാനാണ് സാധ്യത.’

പെട്ടന്ന് എനിക്ക് ദേഷ്യം വന്നു. “നി മാത്രം എന്തിനാണ് എന്റെ തലക്കകത്ത്
ഒളിച്ചിരിക്കുന്നത്…. നിനക്കും പോയി അതിൽ അലിഞ്ഞ് ചേരാന്‍ പാടില്ലായിരുന്നോ….?” ഞാൻ
അലറി വിളിച്ചു.

എന്റെ സഹജാവബോധം ഒന്നും പറഞ്ഞില്ല. ഞാൻ കുറച്ച് നേരം എന്തെല്ലാമോ ചിന്തിച്ച്
കൊണ്ട്‌ ആ ലോകത്ത് അലഞ്ഞ് നടന്നു. കുറച്ച് കഴിഞ്ഞ് ഞാൻ താന്നെ അടങ്ങി.

വെറുതെ ഞാൻ എന്തിന്‌ ദേഷ്യപ്പെടണം. വാളും പോയി പക്ഷിയും പോയി — പക്ഷേ എന്റെ ശക്തി
കൂടുക മാത്രമാണ്‌ ചെയ്തത്.

പക്ഷേ പ്രപഞ്ച വാൾ….. എനിക്ക് വിഷമം ഉണ്ടായി.

നാളെ ചെകുത്താന്‍ ലോകത്ത് പോകുന്ന കാര്യം ഞാൻ ഓര്‍ത്തു. എന്നെ തടയാൻ ഇനിയും
അച്ഛന്റെ കൈയിൽ വല്ല പ്രയോഗവും ഉണ്ടോ എന്ന് ഞാൻ സംശയിച്ചു. അച്ഛനെയും തിരുമേനിയെയും
എനിക്ക് തീരെ വിശ്വാസമില്ല. ഒറ്റ രണശൂരൻമാരെയും എനിക്ക് വിശ്വസം ഇല്ല….
വിശ്വസിക്കുകയും ഇല്ല. അതുപോലെ രണശൂരൻമാർക്കും എന്നെ വിശ്വസം ഇല്ല.

ഞങ്ങൾ ചെകുത്താന്‍ ലോകത്ത് പൊക്കുന്ന കാര്യവും പറഞ്ഞ് അച്ഛനും കൂട്ടരും നാളെയും
പ്രശ്നം ഉണ്ടാക്കുമോ? അതിന്‌ ഞാനായിട്ട് സാഹചര്യം ഉണ്ടാക്കി കൊടുക്കാന്‍ പാടില്ല.

എന്റെ മനസില്‍ ഒരു ആശയം തോന്നി. ഞാൻ വേഗം ബാൽബരിത് ഉള്ള വീട്ടിന്റെ മുന്നില്‍
പ്രത്യക്ഷപ്പെട്ടു. എന്നിട്ട് ഞാൻ എന്റെ ഇന്ദ്രിയകാഴ്ച്ച കൊണ്ട്‌ വീട്ടിന്റെ
ഉള്ളില്‍ നോക്കി.

എന്റെ വരവ് ബാൽബരിത് അറിഞ്ഞിരിക്കുന്നു. അവന്‍ പുറത്ത്‌ വരുന്നതാണ്‌ ഞാൻ കണ്ടത്.
അവന്‍ പുറഞ്ഞ് വന്ന് എന്നെ നോക്കി ചിരിച്ചു.

“എന്താണ് ഈ വരവിന്റെ ഉദ്ദേശം?” അവന്‍ എന്റെ ചുറ്റുപാടും നിരീക്ഷിച്ച് കൊണ്ട്‌
ചോദിച്ചു.

“ഒരു കാര്യം ചോദിക്കാൻ വന്നതാണ്.” ഞാൻ പറഞ്ഞു.

“ഞാൻ ഉത്തരം തന്നില്ലെങ്കില്‍….? അവൻ ചോദിച്ചു.

അത് കേട്ട് ദേഷ്യത്തില്‍ എന്റെ കണ്ണുകൾ വെട്ടി തിളങ്ങുന്നത് പോലെ എനിക്ക്
അനുഭവപ്പെട്ടു.

“ഞാൻ എന്ത് ചോദിച്ചാലും നി ഉത്തരം പറയും.” കോപത്തോടെ ഞാൻ പറഞ്ഞു. എന്റെ ശബ്ദം
മാറിയത് പോലെ എനിക്ക് തോന്നി.

പെട്ടന്ന് ബാൽബരിത് ൻറ്റെ മുഖത്ത് ഭയം ഞാൻ കണ്ടു.

“ഇന്ന്‌ രാത്രി ~ നിനക്ക് ചെകുത്താന്‍ ലോകത്തേക്കുള്ള കവാടം ~ തുറക്കാന്‍ കഴിയില്ല
യോ ~?” ഞാൻ ചോദിച്ചു. അതൊരു പാട്ട് പോലെയാണ്‌ എന്റെ കാതില്‍ പതിച്ചത്.

പേടിയോടെ ബാൽബരിത് എന്റെ മുഖത്ത് നോക്കി. ഞാൻ അവന്റെ കണ്ണില്‍ നോക്കി. ഉടനെ അവന്‍
എന്റെ കണ്ണില്‍ നിന്നും നോട്ടം മാറ്റാൻ ശ്രമിച്ചു — പക്ഷേ അവനു നോട്ടം മാറ്റാൻ
കഴിഞ്ഞില്ല. എങ്ങനെയോ അവനെ ഞാൻ കുടുക്കി എന്ന് എനിക്ക് ഒരു തോന്നല്‍ ഉണ്ടായി.

“എല്ലാ മാസവും പൂര്‍ണ ചന്ദ്രൻ ഉദിക്കുന്ന ആദ്യ രാത്രിയും അത് കഴിഞ്ഞുള്ള
അടുത്തടുത്ത രണ്ട് രാത്രിയിലും, പന്ത്രണ്ട് മണി തൊട്ട് ഒരു മണിക്കിടയിൽ എന്റെ
അത്രയും ശക്തിയുള്ള വെറും ഒരാളെ കൊണ്ട്‌ പോലും ലോക കവാടം സൃഷ്ടിക്കാന്‍ കഴിയും.”

“ആ മൂന്ന് ദിവസങ്ങളില്‍ ~ ആ സമയത്തിന് ~ എന്താണ് പ്രത്യേകത ~?” പിന്നെയും എന്റെ
സംസാരം ഒരു പാട്ട് പോലെയാണ് എന്റെ കാതില്‍ പതിച്ചത്.

“ഈ പ്രപഞ്ചത്തില്‍ ഉള്ള എല്ലാ ലോകത്തിന്റെയും അന്തരീക്ഷത്തില്‍ ഉള്ള ശക്തി
താല്‍ക്കാലികമായി ക്ഷയിക്കുന്നത് ആ മൂന്ന് ദിവസത്തില്‍ വരുന്ന ആ സമയത്താണ്. ആ
സമയത്ത് ഒരു ലോക കവാടം സൃഷ്ടിക്കാന്‍ എന്റെ അത്രയും ശക്തിയുള്ള ഒരാൾ മാത്രം
മതിയാകും.” ബാൽബരിത് പറഞ്ഞു.

“അപ്പോൾ ~ മറ്റുള്ള സമയത്തും നിനക്ക് ~ ലോക കവാടം സൃഷ്ടിക്കാന്‍ കഴിയും ~ എന്നാണോ
നി പറയുന്നത് ~?” എന്റെ സംശയം ഞാൻ ചോദിച്ചു.

“മറ്റുള്ള സമയത്ത് ലോക കവാടം സൃഷ്ടിക്കാന്‍ എന്റെ അത്രയും ശക്തിയുള്ള ഏഴ് പേര്‍
ഒരുമിച്ച് കൂടി പന്ത്രണ്ട് മണിക്കൂര്‍ ശ്രമിച്ചാൽ മാത്രമേ ലോക കവാടം സൃഷ്ടിക്കാന്‍
കഴിയുകയുള്ളു. പക്ഷേ അത്ര നേരം ഒരു ചെകുത്താനും ക്ഷമയോടെ ഇരിക്കാൻ കഴിയില്ല.
അതുകൊണ്ട്‌ ആയിരം തവണ ശ്രമിച്ചാൽ ഒരിക്കല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ .”

“നമുക്ക് നാളെ പോകാം ~ എന്ന് പറയാൻ ~ എന്തെങ്കിലും കാരണം ഉണ്ടോ ~?” ഞാൻ പിന്നെയും
പാടി.

“കാരണം ഉണ്ട്. ചിന്തിക്കാനുള്ള സമയം കിട്ടിയാല്‍ നിന്റെ കൂടെയുള്ള മറ്റ് രണ്ട്
പേരും ചെകുത്താന്‍ ലോകത്ത് വരാതെ പിന്മാറും എന്ന ഉദ്ദേശമാണ് അതിന്‌ കാരണം.”

“ഞാൻ ഒറ്റക്ക് വരണം എന്ന് ~ എന്തിനാണ് നിനക്ക് ഇത്ര നിര്‍ബന്ധം ~?”

“നിന്നെ തനിച്ച് കൊണ്ട്‌ വരണം, അതായിരുന്നു എന്റെ രാജാവിന്റെ കല്‍പ്പന.”

“എന്നെ കൊല്ലാൻ വേണ്ടിയാണോ ~ കൊണ്ടുപോകുന്നത് ~?”

“അറിയില്ല. പക്ഷെ കൊല്ലാൻ വേണ്ടിയാണെങ്കില്‍ ഞാൻ ഇവിടെ വെച്ച് തന്നെ കൊല്ലാന്‍
ശ്രമിക്കുമായിരുന്നു.”

കുറച്ച് നേരം ഞാൻ ആലോചിച്ചു.

“ഇന്ന് രാത്രി ~ നമ്മൾ ~ ചെകുത്താന്‍ ലോകത്ത് പോകും ~ ഞങ്ങൾ വരുമ്പോൾ നി തയ്യാറായി
നില്‍ക്കണം ~.” ഞാൻ അധികാരത്തോടെ പറഞ്ഞു….. അല്ല, പറഞ്ഞില്ല — ഞാൻ പാടി.

“ഞാൻ കാത്തിരിക്കും.”

ഞാൻ ചിരിച്ചു. എന്നിട്ട് അവന്‍ പറഞ്ഞത് അത്രയും ഞാൻ എന്റെ മനസ്സിലൂടെ ഒന്ന് ഓടിച്ച്
നോക്കി.

“എന്തിനാണ് എന്റെ മേല്‍ നി വശീകരണം പ്രയോഗിച്ചത്? അല്ലാതെ തന്നെ ഞാൻ നിന്റെ
ചോദ്യത്തിന് മറുപടി തരുമായിരുന്നു.” ബാൽബരിത് നിരസത്തോടെ പറഞ്ഞു.

ഞാൻ ഞെട്ടി. പക്ഷേ അത് ഞാൻ പുറത്ത് കാണിച്ചില്ല. ഇപ്പോൾ ഞാൻ ഓര്‍ക്കുന്നു. ഇന്ന്
കാലത്തും ഞാൻ ബാൽബരിത് നോട് ദേഷ്യപ്പെട്ട് സംസാരിച്ചപ്പോൾ എന്റെ സംസാരത്തിൽ വശീകരണം
ഉള്ളത് ഞാൻ മനസ്സിലാക്കിയിരുന്നു.

ഞാൻ പോലും അറിയാതെ എങ്ങനെ സംഭവിച്ചു? ഞാൻ അവന് മറുപടി കൊടുക്കാതെ അവിടെ നിന്നും
മറഞ്ഞ് ദ്രാവക ലോകത്ത് പ്രത്യക്ഷപെട്ടു.

“സർ……” ഭാനു എന്നെ വിളിക്കുന്നത് ഞാൻ കേട്ടു.

വിളി കേട്ട ആ ഭാഗത്ത് നോക്കുമ്പോള്‍ ഭാനു ഓടി വരുന്നതാണ്‌ ഞാൻ കണ്ടത്. ഒപ്പം
ചിരിച്ചുകൊണ്ട് വേഗം നടന്ന് വരുന്ന വാണിയേയും ഞാൻ കണ്ടു.

ഞാൻ ഭാനുവിൻറ്റെ ഉള്ളില്‍ അവന്റെ ജീവ ജ്യോതിയേ നോക്കി. ഇപ്പോഴും അതേ നിറം
തന്നെയാണ്, സ്വര്‍ണ്ണ നിറവും തൂവെള്ള നിറവും. പക്ഷേ ശക്തി കൊണ്ട്‌
നിറഞ്ഞിരിക്കുന്നു. എന്റെ കണ്ണഞ്ചി പോയി.

എന്നിട്ട് വാണിയേ നോക്കി. ഞങ്ങളുടെ ആത്മാവ് തമ്മിലുള്ള ബന്ധം ഇപ്പോഴും ഉള്ളത് ഞാൻ
അറിഞ്ഞു. എന്ത് നഷ്ടപ്പെട്ടാലും ഇത് മാത്രം നഷ്ടപ്പെടുത്താന്‍ ഞാൻ
തയാറായിരുന്നില്ല. അവൾട സ്വര്‍ണ്ണ ജീവ ജ്യോതി വെട്ടിത്തിളങ്ങി.

“ഞാൻ അസാധു അല്ല…. ഇത്രയും കാലം എന്റെ ശക്തി എന്നില്‍ നിന്നും മറഞ്ഞിരുന്നു
എന്നതാണ്‌ സത്യം. എന്റെ ശക്തി എനിക്ക് തിരികെ കിട്ടി.” ഭാനു ഉത്സാഹത്തോടെ വിളിച്ച്
കൂവി.

‘എനിക്ക് മനസ്സ് കൊണ്ട്‌ നിങ്ങളോട് സംസാരിക്കാന്‍ കഴിയും.’ വാണി എന്റെ മനസില്‍
പറഞ്ഞു.

പെട്ടന്ന് പ്രതീക്ഷിക്കാതെ വാണി എന്റെ മനസ്സില്‍ സംസാരിച്ചതും ഞാൻ ഞെട്ടി.
എന്നിട്ട് ഞാൻ ചിരിച്ചു.

‘ഭാനുവിന് കഴിയുമോ?’ ഞാൻ ചോദിച്ചു. ‘പിന്നെ എന്റെ ഉള്ള് നിനക്ക് കാണാന്‍ കഴിയുമോ?’

‘എനിക്ക് നിങ്ങളുടെ മനസില്‍ മാത്രമേ സംസാരിക്കാൻ കഴിയുകയുള്ളു. മറ്റുള്ളവരോട്
സംസാരിക്കാന്‍ എനിക്ക് കഴിയില്ല. ഭാനുവിൽ ഞാൻ പരീക്ഷിച്ച് നോക്കി — കഴിഞ്ഞില്ല.
നമ്മുടെ ആത്മബന്ധമാണ് അതിന്‌ കാരണം. ഭാനുവിന് ആരുടെയും മനസില്‍ സംസാരിക്കാന്‍
കഴിയില്ല. എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ കഴിയും പക്ഷേ നിങ്ങളെ പോലെ മനസ്സിനെ
കാണാന്‍ കഴിയില്ല.’

“നമുക്ക് തിരികെ പോകാം.” ഞാൻ പറഞ്ഞു. പുഞ്ചിരിയോടെ അവർ രണ്ടുപേരും എന്റെ കൈയിൽ
പിടിച്ചു.

ഞാൻ ഞങ്ങളുടെ ലോകത്ത് എന്റെ മുറിയില്‍ പ്രത്യക്ഷപെട്ടു.

അവിടെ ആരും ഇല്ലായിരുന്നു. ഞങ്ങൾ പുറത്ത്‌ ഹാളില്‍ വന്നപ്പോൾ അവിടെ മൂര്‍ത്തി
ഇരിക്കുന്നത് കണ്ടു.

“എന്താ സർ, ഒരുപാട്‌ ജോലി ഉണ്ടെന്ന് പറഞ്ഞിട്ട് നിങ്ങളുടെ റൂമിൽ കേറിയ അതേ വേഗത്തിൽ
പുറത്ത്‌ വന്നല്ലോ?” മൂര്‍ത്തി ചെറു ചിരിയോടെ ആരാഞ്ഞു.

“ഞങ്ങളുടെ ജോലി കഴിഞ്ഞില്ല എന്ന് ആരാ പറഞ്ഞത്?” ഭാനു ചിരിച്ചുകൊണ്ട് ചോദിച്ചു.

കാര്യം മനസ്സിലാവാതെ മൂര്‍ത്തി ഞങ്ങൾ മൂന്ന് പേരെയും മാറിമാറി നോക്കി.

“ങേ…. രണവാൾ ഉണ്ടാക്കി കഴിഞ്ഞിട്ട് മാത്രമേ നി മുറിയില്‍ നിന്നും പുറത്തേക്ക്‌
വരികയുള്ളൂ എന്നാണ് ഞാൻ വിചാരിച്ചത്. ഇപ്പൊ എന്ത് പറ്റി?” രാധിക ചേച്ചി കളിയാക്കും
പോലെ ചോദിച്ചു.

“വാൾ ഉണ്ടാക്കി കഴിഞ്ഞു.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

രാധിക ചേച്ചി സംശയ ഭാവത്തില്‍ എന്നെ നോക്കി.

“ഞാൻ അദ്യം മുതലേ പറഞ്ഞ്‌ തുടങ്ങാം — അതായത് എന്റെ ജനനം തൊട്ട് ഈ നിമിഷം വരെയുള്ള
എല്ലാ കാര്യവും ഞാൻ നിങ്ങളോട് പറയാം. അതൊരു നീണ്ട കഥയാണ് —അതുകൊണ്ട്, നമുക്ക്
ഇരുന്നാലോ?”

എല്ലാവരും ഹാളില്‍ തന്നെ ഇരുന്നു.

“ഞാൻ ജനിച്ച അന്നു എന്റെ അമ്മ…………” ഞാൻ എന്റെ കഥ അവരോട് പറയാൻ തുടങ്ങി. ഒന്നും
മറച്ച് വെക്കാതെ എല്ലാം അവരോട് പറഞ്ഞു. ഒരു രഹസ്യവും ഞാൻ മറച്ച് വെച്ചില്ല. എന്റെ
കഴിവുകൾ എന്തെല്ലാം എന്നും എനിക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും ഞാൻ അവരോട്
പറഞ്ഞു. എനിക്ക് അറിയാവുന്ന എല്ലാം ഒന്ന് വിടാതെ ഞാൻ പറഞ്ഞ് അവസാനിപ്പിച്ചു.

എന്റെ ഉള്ളില്‍ ഇപ്പോൾ ഒരു ഇരുണ്ട കവാടം ഉള്ള കാര്യം മാത്രം ഞാൻ ആരോടും പറഞ്ഞില്ല.

ഒരുപാട്‌ നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. നേരം നല്ലപോലെ ഇരുട്ടി
കഴിഞ്ഞിരുന്നു.

എന്റെ ജീവ ചരിത്രം അവരോട് പറഞ്ഞത് കൊണ്ടാണോ എന്തോ, എനിക്ക് ഇന്നുവരെ തോന്നാത്ത ഒരു
ആശ്വാസം…. ഒരു സമാധാനം എന്റെ ഉള്ളില്‍ ഉണ്ടായി.

“അപ്പോ ഇന്ന് രാത്രി ചെകുത്താന്‍ ലോകത്ത് നമ്മൾ പോകണം എന്നാണോ സർ —”

“എന്റെ പേര്‌ പറ ഭാനു.” ഞാൻ അവനെ തറപ്പിച്ച് നോക്കി കൊണ്ട്‌ പറഞ്ഞു.

“അങ്ങന പറഞ്ഞ്‌ ശീലിച്ച് പോയി. ഇനി മുതൽ ഞാൻ പേര് പറയാം.” ഭാനു ചിരിച്ചുകൊണ്ട്
പറഞ്ഞു.

ദ്രാവക ലോകത്ത് നിന്നും വന്നത് തൊട്ടേ ഭാനു ഭയങ്കര സന്തോഷത്തിലാണ്… അതുപോലെ
ഉത്സാഹവും. ചിലപ്പോ അവന്റെ മാലാഖ ശക്തി ആയിരിക്കും ഇതിന് കാരണം.

ചെകുത്താന്‍ ലോകത്ത് പോയാലും അവന് ഇതുപോലെ സന്തോഷവും ഉത്സാഹവും കാണിക്കാൻ
കഴിഞ്ഞെങ്കില്‍ മതിയായിരുന്നു.

“ഞാൻ പേര് പറഞ്ഞ്‌ വിളിക്കില്ല.” വാണി ചിരിച്ചുകൊണ്ട് പറഞ്ഞു.

ങേ, അതിന്‌ ഞാൻ അവളോട് ഒന്നും പറഞ്ഞില്ലല്ലോ. അപ്പോഴാണ് അവളെ തന്നെ നോക്കി
ഇരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്. ഞാൻ ചിരിച്ചു.

“ഞാൻ നിന്നെ വെറുതെ നോക്കി ഇരുന്നതാണ് വാണി.” വാണിയോട് ഞാൻ പറഞ്ഞു.

“ചെകുത്താന്‍ ലോകത്ത് പോകരുത് എന്ന് ഞാൻ പറയില്ല, റോബി. കാരണം നി ചെയ്യുന്നതാണ്
ശെരിയെന്ന് എന്റെ മനസ്സ് പറയുന്നു. ഇപ്പോൾ തന്നെ ഒന്‍പത് മണി കഴിഞ്ഞു. ഞാൻ
എന്തെങ്കിലും കഴിക്കാൻ റെഡി ആക്കം. നിങ്ങൾ തയ്യാറായിക്കോളു.” രാധിക ചേച്ചി പറഞ്ഞു.

“പോകുന്നതിന് മുമ്പ് ഒരു പരീക്ഷണം കൂടി എനിക്ക് നടത്താൻ ഉണ്ട്. പരീക്ഷണം എന്ന്
പറയാൻ കഴിയില്ല. കാരണം, എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ എനിക്ക് നല്ല നിശ്ചയം
ഉണ്ട്.”

എല്ലാവരും ആശങ്കയോടെ എന്നെ നോക്കി.

പെട്ടന്ന് എന്റെ കൈയിൽ കഠാര യുടെ രൂപത്തിലുള്ള ഒരു എഴുത്ത് കോൽ പ്രത്യക്ഷപെട്ടു.
പ്രപഞ്ച ശക്തിയില്‍ കുളിച്ച് നില്‍ക്കുന്ന എഴുത്ത് കോൽ. എന്റെ അമൂല്യ സൃഷ്ടികളിൽ
ഒന്ന്. പ്രപഞ്ച ശക്തി അനുഗ്രഹിച്ച എഴുത്ത് കോൽ.

“എന്താണിത്…. കഠാര യാണോ?” വിടര്‍ന്ന കണ്ണുകളോടെ മൂര്‍ത്തി ചോദിച്ചു. മറ്റുള്ളവരും
അതിന്റെ ശക്തിയില്‍…. അതിന്റെ അഴകിൽ മയങ്ങി അതിനെ തന്നെ നോക്കിയിരുന്നു.

“ഇതിന് ഞാൻ കൊടുത്ത പേരാണ്, പ്രപഞ്ച ജ്യോതി. പ്രപഞ്ച ശക്തി ഇതിനെ അനുഗ്രഹിച്ചത്
കൊണ്ടും, പിന്നെ ഇതിന്റെ തേജസ്സ് — അതും ഒരു കാരണം, അങ്ങനെയാണ്‌ ഈ പേര്‌ ഇതിന്‌
ലഭിച്ചത്. അതുകൂടാതെ……” ഞാൻ പറയാൻ മടിച്ചു.

“എന്ത്, എന്തെന്ന് റോബി പറയൂ.” ഭാനു ആകാംഷയോടെ തിരക്കി.

ഉടനെ ഞാൻ എന്റെ വലത് കൈയിൽ, ജന്മനായുള്ള പ്രപഞ്ച വാൾ അടയാളത്തിൽ ഞാനെന്റെ നോട്ടം
പായിച്ചു. മറ്റുള്ളവരും അതിൽ നോക്കി.

എന്റെ കൈയിൽ കാണുന്ന വാളിൽ പ്രപഞ്ച ഭാഷയായ ചിത്രാക്ഷരം കൊണ്ടുള്ള നൂറ് കണക്കിന്
വാക്കുകൾ കൊണ്ട്‌ അലങ്കരിച്ചത് കാണാന്‍ കഴിഞ്ഞെങ്കിലും, ഇപ്പോൾ അതിൽ ഒരു വാക്ക്
മാത്രം ചെറിയ തിളക്കമുള്ളതായി കാണപ്പെട്ടു.

“അത് എന്ത് വാക്കാണ് റോബി…?” രാധിക ചേച്ചി ചോദിച്ചു.

“പ്രപഞ്ച ജ്യോതി.” ഞാൻ പറഞ്ഞു.

രാധിക ചേച്ചി പുഞ്ചിരിച്ചു. “ഇപ്പോൾ പ്രപഞ്ച ജ്യോതി ഉപയോഗിച്ച് എന്ത് ചെയ്യാനാണ്
നിന്റെ ഭാവം?”

“നിങ്ങൾ എല്ലാവരുടെയും കൈയിൽ ഞാൻ വരയ്ക്കാന്‍ പോകുന്നു. ആണുങ്ങള്‍ക്ക് എന്റെ കൈയിൽ
കാണുന്നത് പോലത്തെ പ്രപഞ്ച വാൾ. പെണ്ണുങ്ങള്‍ക്ക് ഈ കഠാര രൂപത്തിലുള്ള എഴുത്ത്
കോല്‍.” ഞാൻ പറഞ്ഞു.

എല്ലാവരും കൗതുകത്തോടെ എന്നെ നോക്കി.

“ഞാൻ വരച്ച് കഴിഞ്ഞാൽ, നിങ്ങളുടെ യോഗ്യത എന്തെന്ന് പ്രപഞ്ച ശക്തി അളക്കും.
നിങ്ങളുടെ യോഗ്യത അതിന്‌ ബോധ്യപ്പെടാൽ നിങ്ങള്‍ക്ക് എന്തെങ്കിലും ഒരു ശക്തി പ്രദാനം
ചെയ്യും. ആ ശക്തി എന്തായിരിക്കുമെന്ന് എനിക്ക് അറിയില്ല.”

“അപ്പോൾ അതുകൊണ്ട്‌ നമുക്ക് ഒരുപാട്‌ ആ —”

“ ഇതുകൊണ്ട്‌ വെറും ഏഴ് പേരുടെ കൈയിൽ മാത്രമേ എനിക്ക് വരയ്ക്കാന്‍ കഴിയുകയുള്ളു.
അത് കഴിഞ്ഞാല്‍ ഈ പ്രപഞ്ച ജ്യോതി അപ്രത്യക്ഷമാകും. ഇതുപോലെ വേറെ എനിക്ക് ഒരിക്കലും
സൃഷ്ടിക്കാനും കഴിയില്ല. അതാണ്‌ പ്രപഞ്ച ശക്തി എന്റെ മനസില്‍ പറഞ്ഞത്.”

പിന്നെ ആരും ഒന്നും സംസാരിക്കാത്ത കൊണ്ട് ഞാൻ അവർ അഞ്ച് പേരുടെ കൈയിലും വരച്ചു.
പക്ഷേ ഒന്നും സംഭവിച്ചില്ല. കുറച്ച് നേരം അവരെല്ലാം അവരുടെ കൈയിൽ നോക്കി ഇരുന്നു.

“നമുക്ക് പോകാൻ സമയം അടുത്ത് കൊണ്ടിരിക്കുന്നു.” അവസാനം എന്റെ ശബ്ദമാണ് നിശബ്ദതയെ
തകർത്തത്.

ഞാനും വാണിയും എന്റെ മുറിയിലേക്ക് പോയി. പെട്ടന്ന് വാണി ചിരിച്ചു. ഞാൻ അവളെ നോക്കി.

“ വിനോദയാത്രക്ക് പോകുന്നത് പോലെയാണോ നമുക്ക് പോകേണ്ടത്? ചെകുത്താന്‍ ലോകത്ത്
ഡ്രെസ്സും മറ്റ് സാധനങ്ങളും എടുത്തുകൊണ്ട്‌ പോകുമ്പോൾ….. .” വാണി പൊട്ടിച്ചിരിച്ചു.

അതുകേട്ട് ഞാനും ചിരിച്ചു. “നമുക്ക് ആവശ്യമെന്ന് തോന്നുന്നത് എന്ത് വേണമെങ്കിലും
എത്ര വേണമെങ്കിലും എടുക്ക് വാണി. അതെല്ലാം എന്റെ മോതിരത്തിൽ ഞാൻ സൂക്ഷിക്കാം.
ഒന്നും കൈയിൽ കൊണ്ട്‌ നടക്കേണ്ട കാര്യമില്ല.” ഞാൻ പറഞ്ഞതും വാണി ആശ്വാസത്തോടെ എന്നെ
നോക്കി പുഞ്ചിരിച്ചു.

“എനിക്കും ഉണ്ട് സാധനങ്ങൾ. അതും റോബിയുടെ സ്റ്റോറില്‍ സൂക്ഷിക്കണം.” ഭാനു
ചിരിച്ചുകൊണ്ട് നടയില്‍ നിന്ന് പറഞ്ഞു.

എല്ലാം കഴിഞ്ഞ് ഞങ്ങൾ ആറ് പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അവസാനം അതും
കഴിഞ്ഞു.

ഓരോ മോതിരം ഞാൻ മൂര്‍ത്തി ക്കും കൃഷ്ണൻ ചേട്ടനും കൊടുത്തു. ഇതാണ് നിങ്ങളുടെ രക്ഷാ
കവചം. അവർ സന്തോഷത്തോടെ വാങ്ങി. പിന്നെ മറ്റുള്ളവർ ക്കുള്ള രണവാളും, മോതിരവും ഞാൻ
അവരെ ഏല്പിച്ചു.

രാധിക ചേച്ചി വാണിയേ കെട്ടിപിടിച് കൊണ്ട് അവളോട് സംസാരിച്ചു. അവർ രണ്ട് പേരും
കരഞ്ഞു.

അതുകഴിഞ്ഞ്‌ ചേച്ചി ഭാനുവിനെ കെട്ടിപിടിച് അവന്റെ മുതുകത്ത് പതിയെ തടവി.

ഞാൻ കൃഷ്ണന്‍ ചേട്ടനോടും മൂര്‍ത്തി ചേട്ടനോടും സംസാരിച്ചു. ഞാൻ തിരിച്ച് വരുന്നത്
വരെ ഓഫീസ് കൈകാര്യം ചെയ്യാൻ പറഞ്ഞു.

അവസാനം രാധിക ചേച്ചി എന്റെ മുന്നില്‍ വന്ന് നിന്നു. അവരുടെ കണ്ണ് നിറഞ്ഞിരുന്നു.
പെട്ടന്ന് അവരെന്നെ കെട്ടിപിടിച്ചു കൊണ്ട് കുറച്ച് നേരം പതിയെ തേങ്ങി കരഞ്ഞു.

“ഒരുപാട്‌ രണശൂരൻമാർ നിന്നെ വെറുക്കുന്നു, റോബി. പക്ഷേ നി അതൊന്നും ഓര്‍ത്ത്
വിഷമിച്ചില്ല. എന്നിട്ടും നി അവര്‍ക്ക് നല്ലത് മാത്രം ചെയ്തു. നിന്നെ അടിമ
പെടുത്താൻ ശ്രമിച്ചവരെ ക്ഷമിച്ചു, നിന്നെ കൊല്ലാന്‍ തുനിഞ്ഞവരെ പോലും പൊറുത്ത്
വെറുതെ വിട്ടു. വേണമെങ്കിൽ അത്ര പേരെയും നിനക്ക് നിസ്സാരമായി കൊല്ലാന്‍
കഴിയുമായിരുന്നു — അത് നി ചെയ്തില്ല റോബി. നിന്നില്‍ ചെകുത്താന്റെ ശക്തി ഉണ്ടെങ്കിൽ
പോലും നി നന്മയുടെ അവതാരം ആണെന്ന് ഒരിക്കലും മറക്കരുത്. എന്റെ സ്നേഹം എപ്പോഴും
നിന്റെ കൂടെ ഉണ്ടാവും. നന്മയെ മറക്കരുത് — എന്നെ മറക്കരുത്.” അത്രയും പറഞ്ഞിട്ട്
രാധിക ചേച്ചി എന്നില്‍ നിന്നും അകന്നു. പക്ഷേ അപ്പോഴും എന്റെ കയ്യില്‍ അവർ
പിടിച്ചിരുന്നു.

“പന്ത്രണ്ട് ആകാൻ രണ്ട് മിനിറ്റ് മാത്രമുണ്ട്.” ഭാനു പറഞ്ഞു.

“റോബി ജീപ്പിന്റെ താക്കോൽ എടുത്തില്ലല്ലോ?” കൃഷ്ണൻ ചേട്ടൻ ചോദിച്ചു.

ഞാൻ ചിരിച്ചു. അവസാനം കൃഷ്ണൻ ചേട്ടൻ എന്നെ പേര് പറഞ്ഞ്‌ വിളിച്ചിരിക്കുന്നു.
എനിക്ക് സന്തോഷം തോന്നി.

“ഞങ്ങൾ ജീപ്പിൽ പോകുന്നില്ല.” അത് പറഞ്ഞതും വാണി എന്റെ വലത് കൈയും ഭാനു എന്റെ ഇടത്
കൈയിലും പിടിച്ചു.

എന്റെ ലോകത്ത് നിന്നും അപ്രത്യക്ഷനായി എന്റെ ലോകത്ത് തന്നെ വേറൊരു സ്ഥലത്ത്‌
പ്രത്യക്ഷപ്പെടാന്‍ കഴിയുമോ എന്ന് ഞാൻ നേരത്തെ ഒരു പരീക്ഷണം നടത്തിയിരുന്നു. പക്ഷേ
അത് വിജയിച്ചില്ല.

അതുകൊണ്ട്‌ ഞാൻ അദ്യം ദ്രാവക ലോകത്ത് പ്രത്യക്ഷപെട്ടു. അത് കഴിഞ്ഞ് അവിടെനിന്നും
ബാൽബരിത് ഉള്ള വീട്ടിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ചെകുത്താന്‍ ലോകത്ത് എന്താണ്‌ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് ഒരു അറിവും ഇല്ലാതെ
അന്ധമായി ഞങ്ങൾ പോകുന്നു. ഞാൻ വാണിയേ നോക്കി. വാണി പുഞ്ചിരിച്ചു. എന്നിട്ട് ഞാൻ
ഭാനുവിനെ നോക്കി. അവന്‍ ഇളിച്ച് കാണിച്ചു.

തുടരും….

Leave a Reply