പട്രോൾ കാറുകളോ, സൂപ്പർ മാർക്കറ്റുകൾ, ബക്കാലകൾ ഇങ്ങോട്ടെല്ലാം പോണ ഡെലിവറി ട്രക്കുകളോ ചവറു നീക്കം ചെയ്യണ വണ്ടികളോ ഒക്കെ ഒഴിച്ചാൽ വിജനമായിരുന്നു. എന്നും അഞ്ചുമണിക്ക് ഞങ്ങളുടെ താമസസ്ഥലത്തെ നിരത്തുകൾ മുഴുവനും കുടുംബത്തോടെ നടക്കാനിറങ്ങുന്ന ഈജിപ്തുകാർ, പലസ്തീനികൾ, ലെബനാനികൾ, സിറിയക്കാർ, പിന്നെ ചുരുക്കം നമ്മടെ നാട്ടുകാരും… കൗതുകമുണർത്തുന്ന കാഴ്ച്ചയായി.
മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്ന് കാലത്ത് മൊബൈലിലൊരു വിളി. വീട്ടീന്നല്ല. അവടന്നാണേല് അമ്മേടെ വാട്ട്സ്ആപ്പ് മെസേജേ കാണൂ. എടുത്തില്ല. കട്ടു ചെയ്തു. വല്ല ഹാക്കേർസുമാണേലോ? പിന്നേം വിളി. പിന്നേം കട്ട്. അപ്പോളൊരു മെസേജ് പോപ്പപ്പു ചെയ്തു. വിലാസ്! മൂർത്തിയങ്കിളാണ്! ഫോണെടുക്ക് പ്ലീസ്!
അടുത്ത വിളി വന്നപ്പോൾ ഞാനറ്റന്റു ചെയ്തു. വിലാസ്! നീ വീട്ടിലാണോ? മൂർത്തിയങ്കിൾ! ടെൻഷനിലാണ്.
ആണങ്കിൾ.
ഓഹ്, താങ്ക് ഗോഡ്! അങ്കിളിന്റെ സ്വരത്തിലുള്ള ആശ്വാസം ഞാനറിഞ്ഞു. ആ ടെൻഷൻ വിട്ടു പോവുന്നതും.
എന്നാണ് നാട്ടീപ്പോയത്? കഴിഞ്ഞാഴ്ച്ച നമ്മളു കണ്ടതല്ലേ? ഞാൻ ചോദിച്ചു.
ഒന്നും പറയണ്ട വിലാസ്. ഒരു പ്രോപ്പർട്ടി വില്ക്കാൻ എന്റെയൊപ്പു വേണം. പിന്നെ വില്ലേജോഫീസിൽ പോണം. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു വരാനുള്ളതായിരുന്നു. ദേ ഇപ്പോ ഇവിടെ ലോക്ക്ഡൗൺ! അവിടേം. ഫ്ലൈറ്റൊന്നും അങ്ങോട്ടില്ല. എയർപോർട്ട് ക്ലോസു ചെയ്തു.
സാരമില്ലങ്കിൾ. കൊറച്ചുനാള് വീട്ടില് റെസ്റ്റുചെയ്യ്. ഞാൻ പറഞ്ഞു.
അതല്ല വിലാസ്! മീന അവിടെ ഒറ്റയ്ക്കാണ്!ഇത്തവണ ഞാനാണ് ഞെട്ടിയത്.
എന്താണങ്കിൾ ഈപ്പറയണത്? രാജേഷില്ലേ?
ഹ! അവന്റെ വൈഫിന്റെ ഡെലിവറിയല്ലേ. അവൻ എന്റെ കൂടിങ്ങു വന്നു.
ആന്റി ടെൻഷനിലാണോ?
ആണോന്നോ! ഇന്നലെ വരെ അവളുടെ കസിനും വൈഫും വരുമായിരുന്നു. പെർമിഷനൊക്കെ എടുത്തിരുന്നു. പത്തു മിനിറ്റ് ഡ്രൈവു ചെയ്താ മതി. ഇന്നു കാലത്താണറിയണത് അവരുടെ ഏരിയ മുഴുവനും കർഫ്യൂ ആക്കി. കേസുകൾ കൂടിയപ്പോ…അവിടെ മുഴുവനും നമ്മുടെ നാട്ടുകാരും ബങ്കാളികളുമാണ്. ഇപ്പോ അവർക്ക് വെളിയിലിറങ്ങാൻ പറ്റില്ല. മീനയാണെങ്കിൽ കരച്ചിലാണ്. നീ പോയി അവളെക്കാണ്. ഞാൻ വിളിച്ചു പറഞ്ഞോളാം. അങ്കിൾ ഫോൺ കട്ടുചെയ്തു.
പണിയായല്ലോ! ഈ ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്. ഈ മൂർത്തിയങ്കിൾ എന്റെയതേ ഫ്ലോറിലാണ്. എൽ ഷേപ്പിലുള്ള ഇടനാഴീടെ രണ്ടറ്റങ്ങളിലാണ് ഞങ്ങൾ. പുള്ളീടേത് രണ്ടു ബെഡ്റൂമുള്ള വലിയ ഫ്ലാറ്റാണെന്നാ എന്നോട് പറഞ്ഞത്. ഹായ് ബായ് പരിചയമേ അങ്ങേരും മോനുമായിട്ടൊള്ളൂ. ഒന്നുരണ്ടു