അത്രനേരം കാത്തിരിക്കുകയായിരുന്ന സാവിത്രിയുടെ മുഖത്ത് ആശ്വാസവും കണ്ടു.
“ഒന്ന് വിളിച്ചു പറയാരുന്നില്ലേ അച്ഛാ.അമ്മയിവിടെ സ്വസ്ഥത തന്നിട്ടില്ല.”കൂടെയുണ്ടായിരുന്ന ഗായത്രി പരിഭവം പറഞ്ഞു.
“വൈകിയാ ഇറങ്ങിയത്.അതിന്
ഇടയിൽ ഒട്ടും കരുതാതെ വന്ന തിരക്ക്.അത് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല.”മാധവൻ പറഞ്ഞു.
“ഈ രാത്രിയെന്ത് തിരക്ക്.രാത്രി
വൈകിയുള്ള ഓട്ടം നിർത്തണം എന്ന് പറഞ്ഞാൽ മാഷൊട്ട് കേൾക്കത്തുമില്ല.”സാവിത്രി പറഞ്ഞു.
“ചിലപ്പോൾ അങ്ങനെയാണ് സാവിത്രി.ശംഭുവിനിപ്പോൾ റസ്റ്റ് വേണ്ടുന്ന സമയവും.അപ്പോൾ അവൻ ഓടുന്നത് കൂടി ഞാൻ ഓടണ്ടേ.”
“അതും ശരിയാ.”സാവിത്രി പറഞ്ഞു.
“രണ്ടാളും ഇവിടെ തറഞ്ഞു നിക്കാതെ കിടക്കാൻ നോക്ക്.”
കിച്ചൻ ക്ലോസ്സ് ചെയ്തു വരുമ്പോൾ ആ വൈകിയ സമയവും ഹാളിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന അവരോട് ഗായത്രിക്ക് പറയേണ്ടി വന്നു.
ആകെ ടെൻഷനിലായിരുന്നു മാധവൻ.കമാലിന്റെ ഫോൺ വന്നപ്പോൾ അതിന് പിറകെ പോകേണ്ടിവന്നു.സലിമും കൂടെ ഉണ്ടായിരുന്നു.അത്രയും ഗൗരവം അതിനുണ്ടായിരുന്നു എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് തന്നെ.
തന്റെ അടിവേരിളക്കാൻ പോന്ന ഒന്നായിരുന്നു കാര്യം എന്ന് മാധവന് വ്യക്തമായി.എങ്ങനെ പരിഹാരം കാണും എന്നതായിരുന്നു പിന്നീടുള്ള ചർച്ച.കാര്യങ്ങൾ കൈവിട്ടു തുടങ്ങിയോ എന്ന് പോലും മാധവന് തോന്നിയ നിമിഷങ്ങൾ.
“പക്ഷെ എങ്ങനെ?”എന്ന ചോദ്യം മാധവൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു.തന്റെ വിശ്വാസ്യതയാവും തകരുക എന്ന് അയാൾക്ക് അറിയാമായിരുന്നു.
കമാലിനും സലിമിനും ഒപ്പം ആ വ്യക്തിക്ക് മുന്നിലിരിക്കുമ്പോൾ തത്കാലത്തെക്കെങ്കിലും ഒരു ധാരണയിലെത്തുക എന്നത് മാത്രമായിരുന്നു മനസ്സിൽ.അത് പ്രകാരം കാര്യങ്ങൾ ഉറപ്പിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്
“എന്താടി ശംഭുവിനൊരു മാറ്റം പോലെ?”കിടക്കാൻ നേരത്ത് എന്തോ ആലോചിച്ചുകൊണ്ട് മാധവൻ ചോദിച്ചു.
“എന്ത് മാറ്റം.നിങ്ങളുടെ ഓരോ തോന്നല്.അവന്റെ കണ്ണ് ചിമ്മിയാ എനിക്ക് മനസ്സിലാവും.മഴ കൊണ്ട് വല്ല കിറുക്കും പിടിച്ചോ മനുഷ്യാ.കിടന്നുറങ്ങാൻ നോക്കാതെ…..”സാവിത്രി അല്പം ഇഷ്ട്ടക്കേടോടെ പറഞ്ഞു.
തന്റെ തോന്നലാവും എന്നയാൾ കരുതി.അവനിലൊരു മാറ്റം ഉണ്ടെങ്കിൽ ആരെക്കാളും മുന്നേ സാവിത്രിയതറിയും എന്നും അയാൾക്കറിയാം.എന്നാലും എവിടെയോ എന്തോ തകരാറു പോലെ.വരട്ടെ നോക്കാം എന്ന ചിന്തയോടെ അയാളും ഉറക്കം പിടിച്ചു.