അതിനു ശേഷം കത്തുന്ന ഹോമ കുണ്ഠത്തിലെ തീ ജ്വാല ആ നാമ്പുകളെ തിരികെ സ്വാഗതം ചെയ്തു.
കുലശേഖരന്റെ ആജ്ഞ കിട്ടിയതും ആ കൊതുകുകൾ അനന്തുവിൽ നിന്നും പാനം ചെയ്ത രക്തം തിരികെ തളികകളിലേക്ക് ഛർദിച്ചു.
അതിനു ശേഷം മൃത പ്രായരായ അവറ്റകൾ നിന്ന നിൽപ്പിൽ കുഴഞ്ഞു വീണു.
ആ രണ്ടു കൊതുകുകളെയും കയ്യിലെടുത്ത് ഹോമ കുണ്ഠത്തിലേക്ക് അയാൾ ബലിയായി നിക്ഷേപിച്ചു.
ആ തീയിൽ മശകന്മാർ വെന്തുരുകി മരിച്ചു.
അതിനു ശേഷം കുലശേഖരൻ ആദ്യം ചില്ലു തളിക പതിയെ ഇരു കൈകൾക്കൊണ്ടും പൊക്കിയെടുത്തു.
അത് തന്റെ മുഖത്തിനു അഭിമുഖമായി ചേർത്തു വച്ച ശേഷം അയാൾ നാവ് പുറത്തേക്ക് നീട്ടി തളികയിലെ അനന്തുവിന്റെ രക്തം ഒരു രക്ഷസിനെ പോലെ നക്കിയെടുത്തു നൊട്ടി നുണഞ്ഞു.
അത് നുണഞ്ഞിറിക്കിയ ശേഷം കുലശേഖരൻ മന്ത്രോച്ഛാരണത്തോടെ അടുത്തുള്ള തുണി സഞ്ചിയിൽ നിന്നും നീളമുള്ള ചൂരൽ വടി ഉള്ളം കയ്യിലെടുത്തു മുറുകെ പിടിച്ചു.
അതിനു ശേഷം ആ സ്വർണ തളികയിൽ ചൂരൽ വടിയുടെ അറ്റം കൊണ്ട് രണ്ടു തവണ ശക്തിയിൽ അടിച്ചു.
പ്രഹരമേറ്റതും പൊടുന്നനെ ആ തളികയിൽ ആലേഖനം ചെയ്തിട്ടുള്ള വൃത്തങ്ങളിലൂടെയും ഗണിത രൂപങ്ങളിലൂടെയും അനന്തുവിന്റെ രക്തം നേർത്ത രൂപത്തിൽ സഞ്ചരിക്കുവാൻ തുടങ്ങി.
രക്തത്തിന്റെ സഞ്ചാര പദം പൂർത്തിയായതും കുലശേഖരൻ ആർത്തട്ടഹസിച്ചു.
“ഹ…ഹ….ഹ….ഹ… ഈ കുലശേഖരനെ പരാജയപ്പെടുത്താൻ ഒരു നാഗത്തിനും കഴിയുകയില്ല…… ആ യുവാവിന്റെ എല്ലാ രഹസ്യങ്ങളും നിഗൂഢതകളും ഞാനിതാ കണ്ടെത്താൻ പോകുന്നു…… ആ യുവാവിന്റെ ജീവ ഗണിതത്തിലൂടെ”
തളികയിലെ ആലേഖനം ചെയ്ത രൂപങ്ങളാണ് ജീവ ഗണിതങ്ങൾ.
കുലശേഖരന് തലമുറകളിലൂടെ സമ്മാനമായി കൈമാറി കിട്ടിയ ഒരു അമൂല്യമായ അപൂർവ യന്ത്രം.
ഒരു സ്വർണ തളികയും അതിൽ കോറിയിട്ടുള്ള വിവിധങ്ങളായ ഗണിത രൂപങ്ങളും.
ഈ തളികയിൽ ഒരു മനുഷ്യ രക്തം വീണു കഴിഞ്ഞാൽ ആ ഗണിത രൂപങ്ങളിലൂടെ രക്തം സഞ്ചരിച്ചു തുടങ്ങും.
അങ്ങനെ സഞ്ചാര പദം പൂർത്തിയാക്കി കഴിഞ്ഞാൽ രക്തത്തിന്റെ ഉടമയുടെ ജീവഗണിതം അവിടെ സൃഷ്ടിക്കപ്പെടും.
ജീവഗണിതത്തിലൂടെ ഒരു വ്യക്തിയുടെ ഭൂതം, ഭാവി,വർത്തമാനം,പൂർവകാല ജന്മങ്ങൾ, ജനനം,മരണം, കഴിവുകൾ, ദൗർബല്യങ്ങൾ എന്നിവയൊക്കെ കണക്കാക്കാനും മനസിലാക്കുവാനും സാധിക്കും.