“ഹ്മ്മ് എന്തേലും സംഭാവന?”
“വേണ്ട അങ്ങുന്നേ…… ഞങ്ങള് തൊയ്താരം പാടിയുണർത്തലിന്റെ ഡേറ്റ് അറിയിക്കാൻ വന്നതാ….. പിന്നെ ക്ഷണിക്കാനും….”
“ഹ്മ്മ്”
ശങ്കരൻ എന്തോ ആലോചനയ്ക്കിടെ ഒന്നു മൂളി.
“എല്ലാർക്കും ചായയെടുക്കാൻ പറയട്ടെ?”
ബാലരാമൻ കുശലത്തോടെ ചോദിച്ചു.
“അയ്യോ വേണ്ടങ്ങുന്നേ ഞങ്ങളിറങ്ങുവാ…… അമ്പലത്തിൽ കുറെ പണിയുണ്ട്……. കൊയ്ത്തൊക്കെ തുടങ്ങാനുള്ള തയാറെടുപ്പിലാ…….. പത്തായപ്പുര വൃത്തിയാക്കി വെക്കണം…….പിന്നെ ക്ഷേത്ര മുറ്റത്തെ ഗോദയുടെ നിർമാണം…….. ഒരുപാട് പണികൾ ബാക്കിയാ…..”
“എങ്കിൽ ശരി എല്ലാം നന്നായി നടക്കട്ടെ.”
ബലരാമൻ അവരെ പോകാനായി അനുവദിച്ചു.
എല്ലാവരോടും യാത്ര ചോദിച്ച ശേഷം സംഘാടകര് ജീപ്പുകളിൽ കയറി മടങ്ങി
“എന്തുപറ്റി അച്ഛാ?”
അച്ഛന്റെ മുഖത്തെ മൗനം കണ്ട ബലരാമൻ അതിന്റെ കാരണം ആരാഞ്ഞു.
“ഒന്നുല്ല ബാലരാമാ…….. എന്തൊക്കെയോ ആലോചിച്ചു പോയി…….. അത് വിട്……. ടാ യതീ ഗോദയുടെ പണിയൊക്കെ എന്തായി?”
“ഇന്നത്തോടെ കഴിയും ഏട്ടാ”
ഗോദയിലെ പണിക്കാർക്ക് നിർദേശങ്ങൾ നൽകുന്നതിനിടെ യതീന്ദ്രൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“ഗുരുക്കളോ?”
“നാളെ തൊട്ട് വന്നു തുടങ്ങും”
“ഹാ നാളെ തന്നെ ശിവജിത്തിന്റെ പരിശീലനം തുടങ്ങട്ടെ…… നീ വേണം എല്ലാം നോക്കി നടത്താൻ കേട്ടല്ലോ?”
“ഉവ്വ് ഏട്ടാ”
യതിയുടെ മറുപടി കേട്ടതും ശങ്കരൻ ചാരു കസേരയിലിരുന്ന് പതിയെ ഉറക്കം പിടിച്ചു.
എല്ലാവരുടെയും ഊണിലും ഉറക്കത്തിലും ഭൂമി പൂജയെന്ന മന്ത്രണം മാത്രം. . . . . ദക്ഷിണ ഒരു കുളിയൊക്കെ കഴിഞ്ഞ് മഞ്ഞ ദാവണിയിൽ നനഞ്ഞ മുടിയിഴകൾ തോർത്തിൽ ചുറ്റി കെട്ടിയത് പതിയെ അഴിച്ചുടുത്തതും സമൃദ്ധമായ പനങ്കുല പോലത്തെ മുടിയിഴകൾ സ്വതന്ത്രമായി.
അതിനെ ഇടതു കൈകൊണ്ട് മാടിയൊതുക്കിക്കൊണ്ട് ദക്ഷിണ നില കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.
ദാവണിയിൽ പോലും അവളുടെ ആകാര ഭംഗിക്ക് മാറ്റ് കൂടിയതേയുള്ളൂ.
മേശ വലിപ്പിൽ നിന്നും ഒരു ചുവന്ന പൊട്ടെടുത്ത് നെറ്റിയിൽ തൊടുവാനായി അവൾ ഒരുങ്ങിയതും നിലകണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് ഒന്നു ശ്രദ്ധ പാളി.
അവിടെ കയ്യും കെട്ടി പുച്ഛത്തോടെ ചിരിക്കുന്ന തന്റെ തന്നെ പ്രതിബിംബം.
അതു കണ്ടതും നെഞ്ചിലൊരു കാളലോടെ അവൾ രണ്ടു ചുവട് പിറകിലേക്ക് വച്ചു.