ഇനി തനിക്ക് മെന്റൽ ആയിട്ടാണോ ഇത്തരം അമാനുഷിക കാഴ്ചകളുമൊക്കെ കാണുന്നതെന്ന് ദക്ഷിണക്ക് പലപ്പോഴും തോന്നിയിരുന്നു.
കണ്ണിനു കുളിർമ നൽകുന്ന കുറച്ചു പ്രകൃതി രമണീയമായ കാഴ്ചകൾ കാണാൻ അവളുടെ മനസ് വെമ്പി.
അപ്പോഴും മുത്തുമണി എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്.
“നീ അവനെ ഒരിക്കലും വിട്ടു കളയരുത്……..ഇന്ന് നിനക്ക് വേണ്ടി ജനിച്ചവനുമായി നിന്റെ കൂടികാഴ്ച നടക്കും……ആ നിമിഷം നിന്റെ വലം കണ്ണ് തുടിക്കും…… നെഞ്ചിടിപ്പ് വേഗത്തിലാകും……. ശരീരം വിയർത്തൊഴുകും……. അടിവയറ്റിൽ ഒരു കാളലുണ്ടാകും….”
അവളുടെ പറച്ചിലുകളെ അവഗണിച്ചുകൊണ്ട് ദക്ഷിണ പോകാനായി തുനിഞ്ഞു.
അപ്പോഴാണ് ബെഡിൽ കിടക്കുന്ന DSLR ക്യാമറ ശ്രദ്ധയിൽ പെട്ടത്.
തെല്ലൊരു നിമിഷം എന്തോ ചിന്തിച്ചു നിന്ന അവൾ ആ ക്യാമറയും കയ്യിൽ എടുത്തുകൊണ്ടു റൂമിനു വെളിയിലേക്കിറങ്ങി.
കോലായിൽ എത്തിയതും അവിടെ കുറച്ചു ആൾക്കാർ നിൽക്കുന്നത് കണ്ടു.
അപ്പോഴാണ് ജയശങ്കറിന്റെ ഭാര്യ ഇടനാഴിയിലൂടെ നടന്നു വരുന്നത് അവൾ ശ്രദ്ധിച്ചത്.
ദക്ഷിണയെ കണ്ടതും അവരുടെ മുഖത്തു പുഞ്ചിരി തിളങ്ങി.
“എന്താ ആന്റി ഇത്രേം പീപ്പിൾ ഇവിടെ?”
അവൾ സംശയത്തോടെ അവർക്ക് നേരെ കൈ ചൂണ്ടി.
“മോളെ അത് കുന്നത്ത് ദേവി ക്ഷേത്രത്തിൽ നിന്നുള്ള സംഘാടകരാ……. തൊയ്താരം ചടങ്ങിന് ക്ഷണിക്കാൻ വന്നതാ”
ദക്ഷിണയുടെ സംശയത്തെ അവർ അകറ്റി.
“ഓഹ് നൈസ്”
അവൾ ആ കാഴ്ച്ച നോക്കി നിന്നു.
കോലായിൽ ചാരുകസേരയിൽ പ്രൗഢിയോടെ ഇരിക്കുകയാണ് ലീല അന്തർജനം.
കൂടാതെ രുദ്രൻ തിരുമേനിയും രഘുവരനും ജയശങ്കറും അവിടെ സന്നിഹിതരായിരുന്നു.
ചടങ്ങിന് ഔദ്യോഗികമായി അവരെ ക്ഷണിച്ച ശേഷം സംഘാടകർ മടങ്ങി.
അപ്പോഴാണ് ദക്ഷിണ അങ്ങോട്ടേക്ക് കടന്നു വന്നത്.
“അച്ഛച്ചാ ”
ദക്ഷിണയുടെ നീട്ടിയുള്ള വിളി കേട്ട് രഘുവരൻ ചെവിയോർത്തു.
“എന്താ മോളെ?”
“ഞാനൊന്ന് ഹാങ്ങ് ഔട്ട് ചെയ്യട്ടെ……. വല്ലാതെ ബോറടിക്കുന്നു.”
അവൾ കൊഞ്ചിക്കൊണ്ട് രഘുവരന്റെ ഷർട്ടിന്റെ ബട്ടനിൽ കിള്ളാൻ തുടങ്ങി.
എന്തേലും കാര്യം സാധിച്ചെടുക്കാനുള്ള തന്റെ കൊച്ചു മകളുടെ സ്ഥിരം ഏർപ്പാടാണ് ഈ കിള്ളൽ.
രഘുവരൻ ചിരിയോടെ ഓർത്തു പോയി.
“എന്താട്ടാനാ കൊച്ചു പറയണേ?”
മുഖം ചുളിച്ചു കൊണ്ട് ലീല ചോദിച്ചു.
ആംഗലേയ ഭാഷ പരിജ്ഞാനം കുറവുള്ള അവർക്ക് പേരകുട്ടി പറഞ്ഞ വാമൊഴി മനസിലാക്കുവാനുള്ള സാംഗത്യം ഉണ്ടായിരുന്നില്ല.