“അവൾ പുറത്തോട്ട് പൊക്കോട്ടെന്നാ ചോദിച്ചേ?”
രഘുവരൻ തന്റെ സഹോദരിക്ക് വേണ്ടി അത് മാതൃ ഭാഷയിലേക്ക് തർജമ ചെയ്തു.
“ഹൈ പെങ്കുട്ടിയോള് പുറത്ത് പോകെ….. ശിവ ശിവ”
എന്തോ വലിയ പാപം ചെയ്ത പോലെ അവർ പിറു പിറുത്തു.
അവരുടെ സംസാരശൈലി ദക്ഷിണക്ക് അത്രയ്ക്ക് പിടിച്ചില്ല.
മുംബൈയയിൽ നിന്നും വന്നപ്പോ തൊട്ടുള്ള അവരുടെ സംസാരവും ചുളിഞ്ഞ മുഖവും തുറിച്ചു നോട്ടവും കാണുമ്പോഴൊക്കെ ദക്ഷിണക്ക് ചൊറിഞ്ഞു കയറുമായിരുന്നു.
എങ്കിലും അവൾ സംയമനം പാലിച്ചു.
പക്ഷെ അവരുടെ പറച്ചിൽ കേട്ട് ദക്ഷിണയുടെ മുഖം വാടിയിരുന്നു.
അതു കണ്ടതും രഘുവരനും വല്ലാത്ത സങ്കടം തോന്നി.
“സാരല്യ മോളെ പോയിട്ട് വാ”
അച്ഛച്ചൻ പച്ചക്കൊടി വീശിയത്തും നൂറു വാട്ടിന്റെ ബൾബ് പോലെ അവളുടെ മുഖം മിന്നി തെളിഞ്ഞു.
“താങ്ക്യൂ മൈ ഡിയർ ഗ്രാൻഡ്പ”
അവൾ അദ്ദേഹത്തിന്റെ കഴുത്തിൽ പിടിച്ചു തൂങ്ങി.
“ആയ്ക്കോട്ടെ മോളെ ഡ്രൈവറെ വിടണോ?”
“ഏയ് വേണ്ട എനിക്ക് ഒറ്റക്ക് ഡ്രൈവ് ചെയ്യണം.”
ദക്ഷിണയുടെ പറച്ചിൽ കേട്ടതും ജയശങ്കർ ഇടപെട്ടു.
“മോളെ എന്റെ കാറിൽ പൊക്കോ….. പുതിയ കാറാണ്….. മോൾക്ക് ഇഷ്ട്ടാവും..”
“താങ്ക്യൂ ഇളയച്ഛ.”
ദക്ഷിണയുടെ സന്തോഷം കണ്ടതും നിറഞ്ഞ ചിരിയോടെ ജയൻ മുറിയിലേക്ക് പോയി.
അവിടെ മേശ വലിപ്പിൽ നിന്നും ചാവി എടുത്തുകൊണ്ട് വന്ന് ചൂടോടെ അവളെ ഏൽപ്പിച്ചു.
മനയുടെ മുറ്റത്ത് കിടക്കുന്ന കാർ കണ്ടു ദക്ഷിണ ശരിക്കും സർപ്രൈസ്ഡ് ആയി.
അവളുടെ പൂച്ചകണ്ണുകൾ വെട്ടി തിളങ്ങി.
അത് Lincoln zephyr 1947 എന്ന കാർ ആയിരുന്നു.
Pure black.
അവരോട് യാത്ര പറഞ്ഞിട്ട് അവൾ ഓടി വന്ന് ആ കാറിന്റെ ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ ചാടിക്കയറിയിരുന്നു.
അവൾ ശരിക്കും എക്സൈറ്റഡ് ആയി മാറി.
“What a royal look!!”
ദക്ഷിണയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു പോയതാണ്.
ആ കാറിന്റെ രാജകീയ ഉൾവശം അവളെ ശരിക്കും മത്തു പിടിപ്പിച്ചു.
അവളിലെ കാർ ഭ്രാന്തിയെ അത് തൊട്ടുണർത്തി.
ആ വണ്ടി ഓൺ ചെയ്ത് ഒന്ന് ഇരപ്പിച്ച ശേഷം വെടിച്ചില്ല് പോലെ അതിനെ പായിച്ചു.