അവിടെയുള്ള തളികകളിൽ നിന്ന് അവർ ഇരുവരും ഒരുമിച്ച് ചരടും മണികളും കയ്യിലെടുത്തു.
ഈ സമയം അരുണിമയ്ക്ക് ഒരു വിളിപ്പാടകലെ ദക്ഷിണ നിന്ന് ക്യാമറ ഓരോ പോയിന്റിലേക്കും സൂം ചെയ്ത് ഫോട്ടോയെടുക്കുകയായിരുന്നു.
ആവശ്യത്തിനുള്ള ഫോട്ടോസ് എടുത്തു കഴിഞ്ഞതും അവൾ ക്യാമറ കയ്യിൽ തൂക്കി പിടിച്ചു കൊണ്ട് അൽമരത്തിന്റെ മറുവശത്തൂടെ തിരികെ പോകുവാനായി നടന്നു തുടങ്ങി.
പൊടുന്നനെ ഒരു കാറ്റ് ശക്തിയിൽ തഴുകിയതും അരുണിമ ഞെട്ടിപ്പോയി.
അവൾക്ക് വല്ലാത്തൊരു സ്നേഹവും വാത്സല്യവും മനസിൽ നൊടിയിടയിൽ ഉടലെടുത്തു.
തന്റെ ആരോ അവിടെ ഉണ്ടെന്ന് അരുണിമയുടെ മനസ് പറയുകയായിരുന്നു.
അവൾ അങ്കലാപ്പോടെ ചുറ്റും നോക്കി.
എന്നാൽ ഒന്നും തന്നെ കാണാനായില്ല.
പെട്ടെന്ന് തന്റെ ഉൾ മനസ് അൽമരത്തിന്റെ മറവിലേക്ക് വരാൻ പറയുന്ന പോലെ അരുണിമയ്ക്ക് തോന്നി.
അനിയത്തിയെ അവിടെ വിട്ട് അവളുടെ കാലുകൾ യന്ത്രികമായി ധൃതിയിൽ അങ്ങോട്ടേക്ക് ചലിച്ചു.
ചേച്ചിയുടെ മാറ്റം കണ്ടു ഒന്നും മനസിലാകാതെ അവൾ തല ചൊറിഞ്ഞു.
ദക്ഷിണ ഫോട്ടോ എടുത്തു കൊണ്ടിരുന്ന സ്ഥാനത്ത് വന്നു നിന്നതും അരുണിമയ്ക്ക് വല്ലാത്തൊരു നഷ്ട ബോധം തോന്നി.
പെട്ടെന്ന് അവളിൽ വിഷാദം വന്നു നിറഞ്ഞു.
അപ്പോഴേക്കും ദക്ഷിണ ആൽമരത്തിന്റെ മറു വശത്തു എത്തിയിരുന്നു.
അരുണിമ നിൽക്കുന്നതിന്റെ എതിർ വശം.
പെട്ടെന്ന് ഒരു കാറ്റ് അവളെ ശക്തിയിൽ തഴുകിയതും അരുണിമയിൽ വന്ന പോലെ ദക്ഷിണയിലും ചില മാറ്റങ്ങൾ സംഭവിച്ചു.
സന്തോഷത്തോടെ ഇരുന്ന അവളുടെ മനസ് ആകെ കലങ്ങി മറിഞ്ഞു.
അരുണിമയ്ക്ക് ആരോടോ സ്നേഹവും വാത്സല്യവും തോന്നിയപ്പോൾ ദക്ഷിണക്ക് തോന്നിയത് വന്യമായ കോപവും വിദ്വേഷവും ആയിരുന്നു.
അകാരണമായി അവളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി ദൃഢമായി.
ആ സ്ഥലത്ത് നിന്നും കാണാമറയത്തേക്ക് ഓടി രക്ഷപ്പെടാൻ തന്നോട് ആരോ പറയുന്ന പോലെ ദക്ഷിണക്ക് തോന്നി.
അവൾ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് ആ മൊട്ടക്കുന്നിന്റെ നടകൾ ഓടിയിറങ്ങി.
ആ സമയം അവൾ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.
ദക്ഷിണയുടെ നിയന്ത്രണത്തിൽ പോലും അല്ലായിരുന്നു അപ്പോൾ മനസ്.
മറ്റാരോ നിയന്ത്രിക്കുന്ന യന്ത്രമനുഷ്യനെ പോലെയായിരുന്നു അവൾ.
അല്ലെങ്കിൽ hypnotise ചെയ്യപ്പെട്ട പോലെ.