ആ മൂർത്തിക്ക് പോലും വല്ലാത്തൊരു പേടിപ്പെടുത്തുന്ന ഭാവമായിരുന്നു.
അവിടെ നില പലകയിൽ പതിയെ പത്മാസനത്തിൽ ഇരുന്ന ശേഷം കുലശേഖരൻ വലതു കൈ മുഷ്ടി ചുരുട്ടി പിടിച്ച് അത് സ്വന്തം നെഞ്ചിൽ ഇരു മാറുകൾക്കും നടുവിലായി വച്ചു.
കണ്ണുകൾ പൂട്ടി അയാൾ ഏതോ മന്ത്രം ഉച്ഛരിച്ചു.
പൊടുന്നനെ ആ ഹോമ കുണ്ഠത്തിൽ ജ്വാലയുണ്ടായി.
അത് ആവേശത്തോടെ കത്തി തുടങ്ങി.
കുലശേഖരൻ പതിയെ കണ്ണുകൾ തുറന്നു.
എരിയുന്ന ഹോമകുണ്ഠത്തിലേക്ക് അയാൾ തെല്ലൊരു നിമിഷം കണ്ണു നട്ടിരുന്നു.
അതിനുശേഷം അയാൾ വീണ്ടും കണ്ണുകളടച്ചു മറ്റൊരു മന്ത്രം ജപിച്ചു.
ഇത്തവണ അയാൾ കണ്ണു തുറന്നതും എരിയുന്ന ഹോമ കുണ്ഠത്തിൽ രണ്ടു വസ്തുക്കൾ പ്രത്യക്ഷപ്പെട്ടു.
അതിലൊന്ന് സ്വർണ നിറമുള്ള ഒരു തളികയായിരുന്നു.
മറ്റൊന്ന് പൂർണമായും ചില്ല് കൊണ്ട് നിർമിതമായ തളിക.
അതു രണ്ടും ഇരു കൈകളിലും ഏറ്റു വാങ്ങിക്കൊണ്ട് കുലശേഖരൻ നെടുവീർപ്പെട്ടു.
ശേഷം ആ തളികകൾ കൺ മുന്നിലുള്ള പീഠത്തിന് മുകളിൽ വച്ചു.
ആ തളികയ്ക്ക് ഇളം ചൂടായിരുന്നു.
അതിൽ ആ സ്വർണ തളികയിൽ മാത്രം എന്തൊക്കെയോ രൂപങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.
അതിനു ശേഷം കുലശേഖരൻ വീണ്ടുമൊരു മന്ത്രം ജപിച്ച ശേഷം തീ കുണ്ഠത്തിൽ നിന്നും രണ്ടു തീ നാമ്പുകൾ വേർതിരിച്ചെടുത്തു.
ചുട്ടു പൊള്ളുന്ന ആ നാമ്പുകൾ അയാൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തു.
ശേഷം അവയെ മറ്റൊരു മന്ത്രം ചൊല്ലി വായുവിലേക്ക് വിട്ടു സ്വതന്ത്രമാക്കി.
ആ തീ നാമ്പുകൾ ആ മുറിയെ ഒരു തവണ വലം വച്ചു പറന്ന ശേഷം മുകളിലെ തുറന്നിരിക്കുന്ന ജനൽ പാളികൾക്കിടയിലൂടെ മുറ്റത്തേക്കിറങ്ങി.
ആ ചായ്പ്പിന് വെളിയിലെത്തിയതും അവ എന്തിനു വേണ്ടിയോ പരക്കം പാഞ്ഞു.
കുറച്ചകലെയായി അവിടെ കൂട്ടിയിട്ട പുല്ല് കെട്ടിന് ഇടയിൽ രണ്ടു കൊതുകുകൾ ഇരിപ്പുണ്ടായിരുന്നു.
രണ്ടു പെൺ കൊതുകുകൾ.
അതു ദർശിച്ചതും ആ തീ നാമ്പുകൾ പറന്നു വന്ന് ഒരേ പോലെ ആ മശകന്മാരുടെ ദേഹത്തേക്ക് തുളഞ്ഞു കയറി.
ആ കൊതുകുകൾക്ക് പിടയ്ക്കാൻ പോലും നേരം കൊടുക്കാതെ റോക്കറ്റ് പോലെ ആ രണ്ടു നാമ്പുകളും പറന്നുയർന്നു.