“എന്താടാ പറയ്?”
“അ…അത്…പ്..പിന്…പിന്നെ”
“വിക്കാതെ പറയ് ചെക്കാ ”
മാലതി അനന്തുവിന്റെ താടിക്ക് തട്ടി.
“അമ്മേ അത് പിന്നെ എനിക്കൊരു കുട്ടിയെ ഇഷ്ട്ടാണ്.”
വിറച്ചുകൊണ്ടാണ് അനന്തു അത് പറഞ്ഞത്.
“ആരാടാ അത്?”
ഒരു കള്ള ചിരിയോടെ മാലതി മകന്റെ മുഖത്തേക്ക് ഉറ്റു നോക്കി.
“അഞ്ജലി ചേച്ചിയല്ലേ?”
ശിവ ഇടക്ക് കയറി ഗോൾ അടിച്ചു.
സ്വന്തം ചേട്ടന്റെ സംസാരം കേട്ട് അവൾക്ക് ആകാംക്ഷ അടക്കാനായില്ല.
അനിയത്തിയുടെ പറച്ചിൽ കേട്ട് അവളുടെ താടിക്കിട്ടൊരു തട്ട് കൊടുക്കാനാണ് അപ്പൊ അനന്തുവിന് തോന്നിയത്.
എന്നാൽ തല്ക്കാലം അവൻ സംയമനം പാലിക്കുകയാണ് ചെയ്തത്.
‘ആണോടാ അഞ്ജലി മോളാണോ?”
മാലതിയുടെ ചോദ്യത്തിൽ നിറഞ്ഞു നിന്നത് കൗതുകമായിരുന്നു.
“എന്റെ പൊന്നമ്മേ അഞ്ജലിക്കുട്ടി ഒന്നുമല്ല വേറൊരു പെണ്ണാ”
“അതാരാ ചേട്ടാ?”
ശിവ കാര്യമായ ആലോചന തുടങ്ങി.
“നീ തന്നെ പറയെടാ ചെക്കാ ആരാ ആള്?”
മാലതി അവന്റെ നെറുകയിൽ പതിയെ തഴുകി.
അമ്മയുടെ സ്നേഹ നിർഭരമായ തഴുകലിന്റെ ആലസ്യത്തിൽ അനന്തുവിന്റെ കണ്ണുകളിൽ പതിയെ ഉറക്കം പിടിച്ചു.
“അമ്മേ ഈ നാട്ടിൽ തന്നെയുള്ള കുട്ടിയാ…… നല്ല കുട്ടിയാ അമ്മയ്ക്ക് ഒരുപാട് ഇഷ്ട്ടാകും….. എനിക്കുറപ്പാ.”
അനന്തു തന്റെ പ്രണയിനിയെ കുറിച്ച് മാലതിക്ക് മുന്നിൽ വെളിപ്പെടുത്തി.
“ആരാടാ പെണ്ണ്?എന്താ സംഭവം?പേരെന്താ?”
അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ടാണ് മാലതി അത് ചോദിച്ചത്.
അരുണിമയെ കണ്ടതു മുതൽ അവളുമായി ഇടപഴകിയതു വരെയുള്ളതും കൂടാതെ അറിയാതെ പ്രൊപ്പോസ് ചെയ്തതടക്കമുള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ അവൻ അവർക്ക് മുന്നിൽ വെളിപ്പെടുത്തി.
അനന്തുവിന്റെ ഫ്ലാഷ് ബാക്ക് പറച്ചിൽ കേട്ട് ശിവ അറിയാതെ വായ് പൊളിച്ചിരുന്നു പോയി.
മാലതിയും സമാന അവസ്ഥയിലായിരുന്നു.
“എടാ കള്ളകാമുകാ ഇത്രേമൊക്കെ ഒപ്പിച്ചു വച്ചിട്ടാണോ ഒരു വാക്ക് പറയാതിരുന്നേ?”
അനന്തുവിന്റെ ഇടുപ്പിൽ നുള്ളിക്കൊണ്ട് ശിവ പരിഭവം അറിയിച്ചു.
“ഓരോന്നിനും അതിന്റെതായ സമയമില്ലേ ദാസാ”
അനന്തു അനിയത്തിയെ നോക്കി പല്ലിളിച്ചുകൊണ്ട് പറഞ്ഞു.
“മോനെ ദാസാ നിനക്ക് അത്രയ്ക്ക് ഇഷ്ട്ടാണോ അരുണിമയെ ?
മാലതിയുടേതായിരുന്നു ചോദ്യം.
“ഒത്തിരി ഇഷ്ട്ടാണ് അമ്മേ….. ജീവനാണ്….”
“അപ്പൊ അവൾക്കും ഇഷ്ട്ടാണോ നിന്നെ?”