“ഇപ്പ തന്നെ പന്ത്രണ്ടു ആകാറായി ..ഇനി ഇപ്പൊ എന്തിനാ ഉറങ്ങുന്നേ ..” ഇടം കയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കി അഞ്ജുവും അതിനു മറുപടി പറഞ്ഞു . അതിനു അച്ഛൻ ഒന്നും പറയാതെ അകത്തേക്ക് കടന്നു . ശേഷമാണ് ഞാൻ ഉമ്മറത്തേക്ക് കയറിയത് . ഒരു വൈറ്റ് ഷർട്ടും കറുത്ത ജീൻസ് പാന്റുമായിരുന്നു എന്റെ വേഷം . കയ്യും കാലുമൊക്കെ ഒന്ന് നിവർത്തികൊണ്ട് ഞാൻ പയ്യെ ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു . സമീപത്തുള്ള വീടുകളിലൊക്കെ എല്ലാവരും കിടന്നിട്ടുണ്ട് . ആകെക്കൂടി വെളിച്ചമുള്ളത് ഞങ്ങളുടെ വീട്ടിൽ മാത്രമാണ് . കിഷോറും ഞങ്ങളോടൊപ്പമാണ് മടങ്ങിയത് . അതുകൊണ്ട് അവൻ കയറി ചെന്നതോടെ ബാലേട്ടന്റെ വീട്ടിലും ലൈറ്റ് തെളിഞ്ഞു .
ഞാൻ തൂണിലേക്ക് ചാരികൊണ്ട് അഞ്ജുവിനെ നോക്കി . അവളും സ്വല്പം ക്ഷീണിച്ച മട്ടുണ്ട്. എന്നാലും മൊബൈലിൽ വന്ന മെസ്സേജുകൾക്കൊക്കെ കഴിയും പോലെ റിപ്ലൈ കൊടുക്കുന്നുണ്ട് . അത് ഞാൻ ശ്രദ്ധിച്ചതോടെ അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് മൊബൈൽ അടുത്ത് കിടന്ന ടീപോയിലേക്ക് വെച്ചു.
“ഫ്രെണ്ട്സ് ആഹ് …വിഷ് ചെയ്തുള്ള മെസ്സേജിന്റെ ബഹളം ആണ് ..” ഞാൻ അങ്ങോട്ട് ചോദിക്കാതെ താനെ അഞ്ജു എന്നോട് പയ്യെ പറഞ്ഞു . ഞാൻ അതിനു ഒന്ന് മൂളുക മാത്രം ചെയ്തു .
“എന്താ ഒരു മൂളക്കം ..” എന്റെ മറുപടിയിൽ തൃപ്തി വരാത്ത പോലെ അവൾ പുരികം ഇളക്കി .
“ഏയ് ..വേറെ ഇപ്പൊ എന്ത് പറയാനാ ..” ഞാൻ പയ്യെ ചിരിച്ചു .
“ഒന്നും പറയാൻ ഇല്ലേ ? താനെന്ത് മനുഷ്യനാടോ ..രണ്ടു ദിവസം കഴിഞ്ഞ ഞാൻ ഇവിടന്നു പോവില്ലേ ? ഒരു സ്നേഹവും ഇല്ലാത്ത ജന്തു ” എന്റെ മറുപടി കേട്ട് അഞ്ജു ഒന്ന് അമ്പരന്നു .
“അഹ് അതാണ് ഒരാശ്വാസം ..ഇനി കേറി വരുമ്പോ നിന്റെ തിരുമോന്ത കാണണ്ടല്ലോ ..മനുഷ്യന് സമാധാനവും കിട്ടും …” ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു ചിരിച്ചു .അതോടെ അവള് ഇരിക്കുന്നിടത്തു നിന്ന് വേഗം എഴുനേറ്റു എന്റെ നേരെ കൈചൂണ്ടി .