നമ്മുടെ എറണാകുളത്തെ സ്ഥാപനങ്ങളിലേക്ക് വിശ്വസ്തനായ ഒരു നോട്ടക്കാരനെ ഞാൻ തിരക്കിക്കൊണ്ടിരിക്കുകയാണ്.. ഇവനെ അങ്ങ് വിട്ടേക്ക് ആൻ്റോച്ചാ… അപ്പൻ സന്തോഷത്തോടെ എന്നെ നോക്കി.. എനിക്കും സന്തോഷമായി..
എറണാകുളത്ത് ഞാൻ അപ്പൻ്റെ ഒപ്പം രണ്ട് തവണയേ പോയിട്ടുള്ളൂ.. ആദ്യകാഴ്ചയിൽ തന്നെ ആ നഗരം എന്നെ വിസ്മയിപ്പിച്ചു.കടലും, കായലും, ആകാശം തൊടുന്ന വൻ കെട്ടിടങ്ങളും കൺനിറയെ കാണാനൊത്തില്ല.അപ്പൻ ഐലൻ്റിലെ കമ്പനി ഓഫീസിൽ ഇരുത്തി പോയ തക്കത്തിന് പുറത്തിറങ്ങി അടുത്തുള്ള വാർഫിൽ പോയി ബോട്ടും, കപ്പലുകളും കണ്ട ഓർമ്മ ഇപ്പോഴും മനസിനെ ത്രസിപ്പിക്കുന്നു.
രാജേഷ് BMW ഓടിച്ചിട്ടുണ്ടോ?
ഇല്ല സർ.. താക്കോൽ ടീ പോയിൽ ഉണ്ട് ഒന്ന് ഓടിച്ച് നോക്കൂ. ഇനി എൻ്റെ പേഴ്സണൽ ഡ്രൈവർ നീയാണ്. നീയാദ്യം കിച്ചണിലേക്ക് ചെല്ല് വല്ലതും കഴിച്ചിട്ട് ഓടിച്ചാൽ മതി.
അപ്പനും, മുതലാളിയും ബംഗ്ലാവിന് അകത്തേക്ക് പോയി.. ഞാൻ കിച്ചൺ എവിടെയെന്നറിയാതെ വാ പൊളിച്ച് നിന്നു. ബംഗ്ലാവിൻ്റെ പുറക് വശത്ത് നിന്നും പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട പോലെ എനിക്ക് തോന്നി. ഞാൻ പതിയെ ആ ഭാഗത്തേക്ക് നടന്നു.
ജനലിലൂടെ ഒരാളനക്കം ഞാൻ കണ്ടു. മുഷിഞ്ഞ നൈറ്റിയിട്ട ഒരു ചേച്ചി വാതിൽ തുറന്ന് പുറത്ത് വന്നു. എന്താ മോനേ ? നീയേതാ?
ചേച്ചീ ഞാൻ രാജേഷ്, ആൻ്റോച്ചൻ്റെ മോനാ.. കിച്ചണിലേക്ക് ചെല്ലാൻ മുതലാളി പറഞ്ഞു.
കേറി വാ മോനേ.. വരൂ ചായ കുടിക്കാം.. ചേച്ചി ഒരു ഗ്ലാസ് നിറയെ ചായയും ഒപ്പം ആവി പറക്കുന്ന പുട്ടും കടലയും ഡൈനിങ്ങ് ടേബിളിൽ എടുത്ത് വച്ചു. ഞാൻ ചായ ഊതി ക്കുടിച്ചു. രാവിത്തെ തണുപ്പിന് വലിയ ആശ്വാസം തോന്നി.
ചേച്ചിയുടെ പേര്?
എൻ്റെ പേര് പാർവ്വതി .പാറു എന്ന് അടുപ്പമുള്ളവർ വിളിക്കും,ഇവിടെ അടുത്താ വീട് കെട്ടിയോൻ പപ്പനാഭൻ ഇവിടുത്തെ വാച്ചറാ…ഈ റബർ തോട്ടത്തിൻ്റെ അങ്ങേ മൂലയ്ക്കലാ എൻ്റെ വീട്.മുതലാളി കുടികിടപ്പായി തന്ന മുപ്പത് സെൻ്റ് സ്ഥലമാണ്. രണ്ട് പെൺമക്കള് ഉള്ളതുങ്ങളെ കെട്ടിച്ചയച്ചു. ബംഗ്ലാവിൽ ആരെങ്കിലും താമസത്തിന് വരുമ്പോൾ ഞാനിവിടുത്തെ അടുക്കളയിൽ വല്ലതും വച്ചുണ്ടാക്കാൻ വരും.. അല്ലാത്ത ദിവസങ്ങളിൽ മുറ്റമടിച്ച് തൂത്ത് പോകും. പത്തറുപത് വയസായില്ലേ. മുൻപ് തോട്ടത്തിൽ പണിക്കൊക്കെ പോകുമായിരുന്നു. ഇപ്പോൾ പോകാറില്ല.