സുഖ ചികിത്സ
Sukha Chikilsa | Author : Mausam Khan Moorthy
ബാങ്കിലെ ഓണം സെലിബ്രേഷൻ ദിവസമാണ് നവമിക്ക് ഉയർന്ന അതോറിറ്റികളുടെ ശാസനകൾ നിറഞ്ഞ ഇ-മെയിൽ വന്നത്.മെയിലുകൾ വായിച്ച് അവളാകെ തളർന്നിരുന്നു.സെറ്റ് സാരിയൊക്കെ ഉടുത്ത്,മനോഹരമായി കണ്ണെഴുതി,നിറഞ്ഞ ചിരിയോടെ ബ്രാഞ്ചിലാകെ ഓടി നടന്നിരുന്ന അവൾ പതിയെ തൻറെ കാബിനിലേക്ക് ഒതുങ്ങി.
അവൾ മാനേജരായ ബ്രാഞ്ചിലെ ബിസിനസ് വളരെ മോശമാണെന്നും,ഇനിയും ആ അവസ്ഥയിൽ തുടരാൻ കഴിയില്ലെന്നും ,നടപ്പു മാസത്തിൽ വൻ മാർജിനിലുള്ള ബിസിനസ് കൊണ്ടുവന്നില്ലെങ്കിൽ ഡീ പ്രമോട്ട് ചെയ്യാനോ പിരിച്ചു വിടാനോ സാധ്യതയുണ്ടെന്നുമൊക്കെയായിരുന്നു മെയിലിൽ ഉണ്ടായിരുന്നത്.കോടികളുടെ ടാർഗറ്റും അതിൽ കാണിച്ചിരുന്നു.
പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാലുള്ള അവസ്ഥകളെക്കുറിച്ചോർത്തപ്പോൾ അവളുടെ കണ്ണിൽ ഇരുട്ട് കയറി.നിരവധി ബാധ്യതകൾക്കും ഉത്തരവാദിത്തങ്ങൾക്കും നടുവിൽ നട്ടം തിരിഞ്ഞുകൊണ്ടിരുന്ന ഒരാളായിരുന്നു അവൾ.അതുകൊണ്ട് തന്നെ എങ്ങനെയും ജോലി നഷ്ടപ്പെടാതെ നോക്കാനവൾ ഉറച്ചു.അവൾ അടിയന്തിരമായി ഒരു സ്റ്റാഫ് മീറ്റിങ് വിളിച്ചു.മാർക്കറ്റിങ്ങിലെയും,ഡെസ്കിലേയും ആളുകളും,അസിസ്റ്റൻറ് മാനേജർ അപർണ്ണയും,ടെല്ലർമാരുമെല്ലാം അരമണിക്കൂറിനകം അവൾക്ക് മുന്നിൽ ഹാജരായി.
അവൾ കാബിനിലേക്ക് ഒതുങ്ങിയപ്പോൾ തന്നെ ആഘോഷ പരിപാടികളുടെ മാറ്റൽപം കുറഞ്ഞിരുന്നു.പിന്നെ അവൾ മീറ്റിങ് വിളിക്കുക കൂടി ചെയ്തതോടെ എല്ലാവരും ഒരു പന്തിയില്ലായ്മ മണത്തു.അവളുടെ ഗൗരവം നിറഞ്ഞ മുഖത്തേക്കവർ ആശങ്കയോടെ നോക്കി.
തനിക്ക് വന്ന മെയിലിനെക്കുറിച്ചും അതിലെ കാര്യങ്ങളെക്കുറിച്ചും നവമി എല്ലാവരോടുമായി വിശദീകരിച്ചു.അവിടമാകെ ശ്‌മശാന മൂകത പരന്നു.
“സ്തംഭിച്ച് നിന്നിട്ട് കാര്യമില്ല.മുന്നോട്ട് പോയല്ലേ പറ്റൂ.എല്ലാവരും കഴിവിൻറെ പരമാവധി ശ്രമിക്കുക.ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല.”-നവമി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“മാഡം പക്ഷേ നമ്മുടെ ടാർഗറ്റ് വളരെ വലിയ തുകയല്ലേ…അഞ്ചു കോടി! ഈ മാസത്തെ അവശേഷിക്കുന്ന ദിവസങ്ങൾക്കൊണ്ട് നമ്മളെങ്ങനെ ഇത്രയും വലിയ തുക അച്ചീവ് ചെയ്യും ?”-അപർണ്ണ വെപ്രാളത്തോടെ ചോദിച്ചു.