ആ കൂര്‍ത്തനോട്ടം എന്നിലേക്ക് തുളഞ്ഞു കയറുന്നു.
“അത്..മാസ്ക് ഇട്ടാ തണുത്ത വായു മൂക്കിലേക്ക് അടിക്കില്ല…അപ്പൊ കോള്‍ഡ് മാറും..!”
ഞാന്‍ ഒറ്റ ശാസത്തില്‍ പറഞ്ഞൊപ്പിച്ചു. കുഞ്ഞേച്ചി അതൊന്നും ഒട്ടും വിശ്വസിച്ചിട്ടില്ലെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ട്. മട്ടും ഭാവവുമൊക്കെ അത്ര പന്തിയല്ല.
“നല്ല മഴയല്ലായിരുന്നോ…തണുപ്പടിച്ചിട്ടുണ്ടാവും..!”
ഏട്ടത്തിയമ്മ എന്റെ സഹായത്തിനെത്തി.കുഞ്ഞേച്ചി ഒന്നിരുത്തി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“കഴിക്കുന്നത് വരെ അതങ്ങോട്ട് മാറ്റിക്കളയ് അമ്പുട്ടാ…അപ്പോഴേക്കും വെള്ളം ചൂടാക്കിത്തരാം.. നല്ലോണം ഒന്ന് ആവി പിടിച്ചാ മതി..!”
ഏട്ടത്തിയമ്മ കാര്യമറിയാതെ എന്നെ വെട്ടില്‍ ചാടിക്കുകയാണല്ലോ ഈശ്വരാ..!
അനത്തിയ ചായ എന്റെ മുന്നില്‍ വച്ചിട്ട് അവര്‍ ഉമ്മറത്തേക്ക് പോയി.
കുഞ്ഞേച്ചി എന്നെത്തന്നെ നോക്കി നില്‍ക്കുകയാണ്. ഇനിയെന്ത് ചെയ്യും..!
ഇരുന്നു പരുങ്ങിയാ അവള്‍ക്ക് വല്ല സംശയവും വന്നാ പ്രശ്നാവും. വരുന്നത് വരട്ടെ എന്ന് കരുതി ഞാന്‍ മാസ്ക് ഊരി മാറ്റി.
“ശ് ശ് ശ് ..!”
എരിവു വലിക്കുന്നത് പോലൊരു ശബ്ദമുണ്ടാക്കിക്കൊണ്ട് അവള് കസേര തള്ളി നിരക്കിക്കൊണ്ട് എഴുന്നേറ്റു.
“ഇതാണോ നിന്റെ കോള്‍ഡ്..? “
എന്റെ താടിയുയര്ത്തിപ്പിടിച്ചു കൊണ്ട് ആശങ്കയോടെ അവളെന്റെ ചുണ്ട് പരിശോധിച്ചു. ആ കണ്ണുകളിലേ രൂക്ഷഭാവം എന്നെ അല്പം ഭയപ്പെടുത്തി.
അവളെന്തോ ചോദിക്കാനൊരുങ്ങിയതായിരുന്നു. അപ്പോഴാണ് അച്ഛന് അങ്ങോട്ട് വന്നത്.
“മാസ്കിട് ..ദേ അച്ഛന് വരണുണ്ട്..!”
ഒരു കാറ്റടിക്കുന്ന ശബ്ദം പോലെ പറഞ്ഞിട്ട് അവള് അടുത്തുള്ള കസേരയിലിരുന്നു.
ഞാന്‍ പെട്ടെന്ന് മാസ്ക് എടുത്തിട്ടു.
“എന്ത് പറ്റി..! നിനക്ക് സുഖമില്ലേ ..?”
അച്ഛന് അല്പം ഭയപ്പെട്ട ശബ്ദത്തിലാണ് ചോദിച്ചത്.
“അവനു കോള്‍ഡാ അച്ഛാ…അതാ..!”
ഞാന്‍ മറുപടി പറയാന്‍ തുടങ്ങുമ്പോഴേക്കും കുഞ്ഞേച്ചി ഇടിച്ചു കയറിപ്പറഞ്ഞു കഴിഞ്ഞു.