എന്നോട് യാത്ര പറഞ്ഞു സുധി ഉൾപ്പെടെ ഓർ മൂന്നുപേരും റൂമിനു പുറത്തേക്കിറങ്ങി. കുറച്ചുകഴിഞ്ഞ് സുധി അകത്തേക്ക് കയറി.
സുധി: രാത്രി വല്ലതും കഴിക്കണ്ടേ? എന്താണ് തരേണ്ടത് എന്ന് ഞാൻ അവരോട് ചോദിച്ചിട്ട് വരട്ടെ.
സുധി നേഴ്സുമാരെ കാണാൻ പുറത്തേക്ക് പോയി. ഇന്നലെ രാത്രി ഭദ്രകാളി എന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവും. കാണാത്തതിൻ്റെ ഗർവ്വും, ഇത്രയും ദിവസം വിളിക്കാത്തതിൻ്റെ ദേഷ്യവും എങ്ങനെ പറഞ്ഞൊതുക്കും ദൈവമേ? ഫോൺ ആണെങ്കിൽ ഇനി നാളെ എത്തു എന്ന് തോന്നുന്നു. സുധി വന്നു.
സുധി: കഞ്ഞി കൊടുത്തൊ അല്ലെങ്കിൽ ബ്രെഡ് കൊടുത്തൊ എന്ന് പറഞ്ഞു. കഞ്ഞി മേടിക്കാൻ കാൻ്റിനിൽ ചെല്ലണം, കുറച്ചു കഴിഞ്ഞിട്ട് ഞാൻ ചെന്ന് മേടിച്ചിട്ട് വരാം. ഓ ട്രിപ്പ് കഴിയാറായിട്ടുണ്ട് ഞാൻ ചെന്ന് പറഞ്ഞിട്ട് വരട്ടെ.
വീണ്ടും സുധി നേഴ്സുമാരെ തപ്പി പോയി, ഒരു നേഴ്സ് വന്ന് ബാക്കി ഉണ്ടായിരുന്നത് സ്പീഡിൽ കയറ്റി. ട്രിപ്പ് ഒക്കെ ഊരിമാറ്റി. നേഴ്സ് മരുന്നിൻറെ പൊതി സുധിയെ ഏൽപിച്ചു, തരേണ്ട വിവരങ്ങളും പറഞ്ഞു. ഞാൻ പതിയെ എഴുന്നേറ്റിരുന്നു, ബാത്റൂമിൽ പോകണം എന്ന് തോന്നിയതുകൊണ്ട് കട്ടിലിൽ നിന്ന് ഇറങ്ങി പതിയെ നടന്ന് ബാത്ത്റൂമിൽ പോയി തിരിച്ചു വന്നു. സുധിയുടെ സംസാരത്തിൽ നിന്നും ഇത് മെഡിക്കൽ കോളേജ് ആണെന്നും, എൻറെ ഓഫീസറുടെ ഇടപെടൽ മൂലമാണ് റൂം കിട്ടിയതെന്നും അറിഞ്ഞു. ഓഫീസിലുള്ളവർ ഇടയ്ക്ക് കാണാൻ വന്നിട്ടുണ്ടായിരുന്നു എന്നും അറിഞ്ഞു. ഞങ്ങൾ സംസാരിച്ചിരുന്നു, സംസാരം സുധിയുടെയും പെണ്ണിൻ്റെയും വിഷയത്തിലേക്ക് കടന്നു.
ഞാൻ: സുധി, നിങ്ങളുടെ പ്രശ്നം എന്തായി?
സുധി: അവന്മാർ എൻറെ ഓഫീസിൽ വന്ന് രേഖാമൂലം കംപ്ലൈൻറ് ചെയ്തു, അതുകൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും പണിഷ്മെൻറ് ട്രാൻസ്ഫർ ആയിട്ടുണ്ട്. എങ്ങോട്ടാണെന്ന് അറിയില്ല. അതുകൊണ്ട് റൂം നോക്കുന്നത് തൽക്കാലം പിന്നീട് ആകാം എന്ന് വെച്ചു.
ഞാൻ: ആ കുട്ടിയുടെ വീട്ടിൽ ഇതൊക്കെ അറിഞ്ഞൊ?
സുധി: അത് മറ്റൊരു വിഷയം, ലക്ഷ്മിയുടെ വീട്ടുകാർ വന്ന് എന്നോട് ബഹളമുണ്ടാക്കി. ഞാൻ അവളെ എന്തോ മോശമായ രീതിയിൽ കാണുന്നു എന്ന് കരുതിയാണ് വന്ന ബഹളമുണ്ടാക്കിയത്. ഞാൻ വിവരങ്ങളൊക്കെ അവരോട് പറഞ്ഞു, കാർന്നവന്മാരോട് വന്ന് പെണ്ണ് ചോദിക്കാൻ പറഞ്ഞിട്ടുണ്ട്.
ഞാൻ: നീ വിവരം വീട്ടിൽ പറഞ്ഞിട്ടുണ്ടോ?
സുധി: ചെറുതായൊന്നു സൂചിപ്പിച്ചിട്ടുണ്ട്.
ഞാൻ: ഇനി പോകുമ്പോൾ നമുക്ക് ഒരുമിച്ചു പോകാം, ഞാൻ സംസാരിക്കാം നിൻറെ വീട്ടുകാരോട്.
ആ സംഭാഷണം അങ്ങനെ തീർന്നു. കുറച്ചു കഴിഞ്ഞപ്പോൾ സുധി കഴിച്ചിട്ട് വരാം നിനക്ക് കഞ്ഞിയും വാങ്ങി വരാം എന്ന് പറഞ്ഞ് പോയി. എൻറെ ചിന്ത വീണ്ടും ഭദ്രകാളിയുടെ അടുത്തേക്ക്. എന്നെ ഇന്നലെ കാണാത്ത ദേഷ്യം വേറെ, ഇന്നും