എൻ്റെ കിളിക്കൂട് 14 [Dasan]

Posted by

എനിക്ക് എങ്ങനെയും വീട്ടിൽ എത്തണമെന്ന ചിന്തയിൽ ഒരു ഓട്ടോ പിടിച്ച് വീടിൻറെ ഗേറ്റിൽ വന്നിറങ്ങിയപ്പോൾ, ഒരു ആശ്വാസമായി. ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. ഇപ്പോൾ എൻറെ പെണ്ണ് കൊമ്പും കയറ്റി പിടിച്ച് നിൽപ്പുണ്ടാവും. എൻറെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. ഈ അമ്മുമ്മയും മകളും എവിടെപ്പോയി? ആരോട് ചോദിക്കും? സിറ്റൗട്ടിൽ എൻറെ ബാഗ് വെച്ച്, ഗേറ്റിന് പുറത്തേക്കിറങ്ങി. പൗലോസിൻ്റെ വീട്ടിൽ ചെന്ന് ചോദിക്കാമെന്ന് കരുതി, അവിടേക്ക് നടന്നു. പൗലോസിനെ അമ്മ വീടിന് മുമ്പിൽ ഇരുന്ന് ഓല മെടയുന്നു.
ഞാൻ: വല്യമ്മേ.
ഞാൻ അവരെ അങ്ങനെയാണ് വിളിക്കുന്നത്
ഞാൻ: അമ്മൂമ്മയും കിളിയും അവിടെ ഇല്ലല്ലോ? രണ്ടുപേരും എവിടെപ്പോയി?
എന്നെ കണ്ടപ്പോൾ അവർ എഴുന്നേറ്റു.
വല്യമ്മ: ആ പെൺകൊച്ച്, വീട്ടിൽ പോയി. പിന്നെ ആ ചേച്ചി അവിടെ ഒറ്റക്കായതു കൊണ്ട്, സുബ്രഹ്മണ്യൻ വന്നു വിളിച്ചു കൊണ്ടുപോയി. ഇടക്ക് ഇവിടെ വന്ന് അടിച്ചു വാരിയിട്ട് തിരിച്ച് അങ്ങോട്ട് തന്നെ പോകും.
ഞാൻ: കിളി ഇനി തിരിച്ചു വരില്ലേ?
വല്യമ്മ: ചേച്ചി പറഞ്ഞത് തിരിച്ചു വരില്ല എന്നാണ്.
ഞാൻ തിരിച്ചു നടന്നു വീട്ടിലെത്തി ബാഗ് സിറ്റൗട്ടിൽ ഒതുക്കിവെച്ച് ചിറ്റയുടെ വീട്ടിലേക്ക് നടന്നു. കിളി എന്തിനാണ് പോയത്? തിരിച്ചു വരില്ല എന്ന് പറയാൻ കാരണമെന്ത്? വിവരങ്ങളൊക്കെ അറിയണമെങ്കിൽ അമ്മൂമ്മയെ തന്നെ കാണണം. ഞാൻ ധൃതിയിൽ നടന്നു. എൻറെ മനസ്സ് കിളി എന്തിനാണ് പോയത് എന്നറിയാൻ വേപുഥ പൂണ്ടു. രണ്ടുദിവസം വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞ് പിണങ്ങി പോകേണ്ട കാര്യം എന്ത്? അതു തന്നെയാണോ കാര്യം? ചിറ്റയുടെ വീട്ടിലെത്തുമ്പോൾ അമ്മുമ്മ വാതുക്കൽ ഇരിപ്പുണ്ട്. എന്നെ കണ്ട ഉടനെ
അമ്മുമ്മ: എത്ര ദിവസമായി എടാ നിന്നെപ്പറ്റി ഒരു വിവരവുമില്ലല്ലോ.
ഞാൻ: എനിക്ക് സുഖമില്ലാതെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു അമ്മുമ്മെ. മഞ്ഞപ്പിത്തം ആയിരുന്നു, ഇവിടെ അറിയിക്കേണ്ട എന്ന് പറഞ്ഞതുകൊണ്ട് സുധി വിളിച്ചു പറഞ്ഞില്ല. മൂന്നുദിവസം തീരെ ഓർമയുണ്ടായിരുന്നില്ല.
ഈ സംസാരം കേട്ടപ്പോൾ ചിറ്റ പുറത്തേക്ക് വന്നു.
ചിറ്റ: എന്തു കോലമാണ് ഇത്. ആകെ ക്ഷീണിച്ച് കണ്ണൊക്കെ കുഴിഞ്ഞു.
അമ്മൂമ്മ: നിനക്ക് ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ? ഞാൻ സുബ്രഹ്മണ്യനെയും കൂട്ടി അവിടെ വരുമായിരുന്നല്ലൊ? നിൻറെ കോലം തന്നെ പോയി.
ഞാൻ: നമുക്ക് വീട്ടിലേക്ക് പോയാലോ അമ്മൂമ്മെ ?
ചിറ്റ: ഇനി ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി, അതുമല്ല രണ്ടു ദിവസത്തേക്ക് നീ അങ്ങോട്ട് പോയിട്ട് എന്തിനാ ഇവിടെ തന്നെ നിന്നാൽ പോരെ?
ഞാൻ: എൻറെ ബാഗ് സിറ്റൗട്ടിൽ വെച്ചിട്ടാണ് ഞാൻ പോന്നത്. എനിക്കൊന്ന് നന്നായി കുളിക്കണം, നന്നായിട്ട് ഒന്നുറങ്ങണം.
എനിക്ക് ഒന്നിനും കഴിയില്ലായിരുന്നു. ഉറങ്ങാൻ പോയിട്ട് മന സമാധാനത്തോടെ ഇരിക്കാൻ തന്നെ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും ഇവിടെ നിന്നാൽ അമ്മുമ്മയോട് ഒന്നും ചോദിച്ചു മനസ്സിലാക്കാൻ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *