എന്തിനാണ് ഈ പൈസ അച്ഛൻറെ അക്കൗണ്ടിലേക്ക് മാറ്റിയത്? ഞങ്ങൾക്ക് അണ്ണൻ പൈസ ഒന്നും തരാൻ ഇല്ല. ഇനി ഹോസ്പിറ്റലിൽ ചിലവാക്കിയ പൈസ ആണെങ്കിൽ ഇത്രയും വരില്ല. അതുമല്ല ഞങ്ങൾ അണ്ണനെ നോക്കിയതിൻറെ പേരിൽ ആണ് ഈ പൈസ ഇട്ടതെങ്കിൽ, പൈസയ്ക്ക് വേണ്ടി അല്ല ഞങ്ങൾ അണ്ണനെ നോക്കിയത്. ഉണ്ടായിരുന്ന വണ്ടി രണ്ടും വിറ്റ് ആ പൈസ കൂടി അച്ഛൻറെ അക്കൗണ്ടിലേക്ക് മാറ്റി. ഞങ്ങൾക്ക് ഈ പൈസ വേണ്ട അണ്ണ ആർക്കെങ്കിലും കൊണ്ടുപോയി കൊടുത്തോ. പിന്നെ ഈ ജോലി രാജിവെച്ച് ഒളിച്ചോടാൻ വേണ്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. അണ്ണന് ഈ കിട്ടിയത് പത്മനാഭൻറെ ചക്രമാണ്, അത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല. കിട്ടിയ ഭാഗ്യം കളഞ്ഞിട്ട് പോകുന്നത് മണ്ടത്തരമാണ് അണ്ണാ. അണ്ണന് ഇഷ്ടമുള്ളത് പോലെ ജീവിക്കാം ഞാനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. എൻറെ പേര് പറഞ്ഞു അണ്ണൻ വീട്ടിൽ വരാതിരിക്കണ്ട. ഞാൻ അണ്ണൻറെ കണ്ണിൻ വെട്ടത്ത് ഉറപ്പായും വരില്ല. ഇനിയും അണ്ണൻ എൻറെ പേര് പറഞ്ഞു ജോലി രാജിവെച്ച് പോകാനാണ് പുറപ്പാടെങ്കിൽ, അണ്ണൻ ഇവിടെ നിന്നും ട്രെയിൻ കയറുന്നതിനുമുമ്പ് ഈ വീട്ടിൽ തിരിച്ചു വരേണ്ടി വരും. അണ്ണന് എന്നെ അറിയാമല്ലോ വാശിക്ക് ഞാൻ ഒട്ടും മോശമല്ല. ഇനിയെല്ലാം അണ്ണൻറെ താൽപര്യം പോലെ നടക്കട്ടെ. ഈ പൊതി പൈസയാണ് പോകുമ്പോൾ ഇതു കൂടി കൊണ്ടു പൊയ്ക്കോ. സ്നേഹത്തിന് പൈസ കൊണ്ട് അളക്കുന്ന വ്യക്തിയെ ഞാൻ ആദ്യമായി കാണുകയാണ്. ശരി, എന്നാൽ ഞാൻ അണ്ണൻറെ സമയം നഷ്ടപ്പെടുത്തുന്നില്ല.
ഇത് പറഞ്ഞ് സീത പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇറങ്ങിപ്പോയത്. കുറച്ചുനേരം അതേ ഇരിപ്പ് ഇരുന്നു, പിന്നെ എഴുന്നേറ്റ് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് നടന്നു. അവിടെ ചെന്ന് കയറുമ്പോൾ ചേട്ടൻ ജോലിക്ക് പോയിട്ടില്ല എല്ലാവരുടെയും മുഖത്ത് വല്ലാത്ത മ്ലാനത. സീതയെ അവിടെയെങ്ങും കണ്ടില്ല, ഞാൻ അകത്തേക്ക് കയറിയിട്ടും ആർക്കും ഒരു ഭാവ വ്യത്യാസവും ഇല്ല.
ചേട്ടൻ: ഓ അജയനൊ ഇരിക്കു.
ഞാൻ സെറ്റിയിൽ ഇരുന്നു. ചേച്ചി പോയി ഒരു ഗ്ലാസ് ചായ എടുത്തു കൊണ്ട് വന്നു തന്നു.
ചേച്ചി: ഈ ചായക്ക് പൈസ ഒന്നും വേണ്ട.
ചേച്ചിയുടെ കുത്തിയുള്ള വാക്ക് കേട്ടപ്പോൾ വേദന തോന്നി.
ചേച്ചി: അല്ല മോനെ, ഞങ്ങൾക്ക് എന്തിനാണ് അത്രയധികം പൈസ. ഞങ്ങൾ ഇതുവരെ തന്ന ഭക്ഷണത്തിൻറെ പൈസ കൂടി കൂട്ടി ആണോ ഇട്ടത്.
ചേട്ടൻ: ഒന്നു നിർത്തിയേ, പോട്ടെ അജയ അവൾ എന്തെങ്കിലും മണ്ടത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിച്ചേക്ക്. പോയി അജയനെ എന്തെങ്കിലും കഴിക്കാൻ എടുത്തു കൊടുക്കു. അജയൻ ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ?
ഞാൻ: ഉവ്വ് ചേട്ടാ.