വൈകുന്നേരമായി പിന്നെ തിരിച്ചു വീട്ടിലേക്ക്. അതുവരെ അവൾ എന്നോട് ഒന്നും മിണ്ടിയില്ല. വീടെത്തുമ്പോൾ വൈകുന്നേരം ആറു മണിയായി, മുറിയിൽ കയറി ഡ്രസ്സ് മാറി പുറത്തിറങ്ങി. ഞാൻ ഇറങ്ങിയതിനു ശേഷം ആണ് അവൾ കയറിയത്. ഞാൻ പോയി അമ്മയോട് പുറത്തേക്ക് ഒന്ന് പോയിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങി, മിണ്ടാത്ത അവളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഞാൻ ഹാർബറിലേക്ക് നടന്നു അവിടെ ഉണ്ടായിരുന്ന ഒന്ന് രണ്ടു ഫ്രണ്ട്സിനോട് വർത്താനം പറഞ്ഞു 9 മണിയായപ്പോൾ തിരിച്ചു വീട്ടിലെത്തി.
അമ്മ: മോളോട് പറയാതെ ആണോടാ നീ പോയത്?
ഞാൻ: അമ്മയോട് പറഞ്ഞില്ലേ?
അമ്മ: നീ മോളോട് പറയാഞ്ഞതെന്ത്?
ഞാൻ: ഞാൻ അകലെ ഒന്നുമല്ലല്ലോ പോയത്.
അമ്മ: മോള് നിനക്കുള്ള ചായയുമായി വന്ന് അന്വേഷിച്ചപ്പോഴാണ്, ഞാൻ പറഞ്ഞത്. അപ്പോഴാണ് മോൾ അറിയുന്നത്.
ഞാൻ ഒന്നും പറയാതെ ഹാളിലിരുന്നു പത്രം വായിക്കാൻ തുടങ്ങി. അപ്പോഴേക്കും അച്ഛൻ വന്നു.
അച്ഛൻ: ഇനി ചോറ് എടുത്തോ, മോള് എന്തിയേ?
അമ്മ: ഇത്രയും നേരം എന്നെ സഹായിച്ച് ഇവിടെ ഉണ്ടായിരുന്നു, ഇപ്പോൾ അങ്ങോട്ടുപോയി സൂര്യയും അമ്മയുമായി ഇരിപ്പുണ്ട്. മക്കളെ വാ ചോറ് എടുക്കാം.
സൂര്യയുടെ മുറിയിൽനിന്നും സൂര്യയും സീത ഇറങ്ങിവന്നു. അടുക്കളയിലേക്ക് പോകുന്ന വഴി സീത എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് പോയി. ഇതെന്തൊരു മേട്, വൈകുന്നേരം വരെ മിണ്ടാതിരുന്ന ആള് എന്നെ നോക്കി പേടിപ്പിക്കുന്നൊ. പോകുന്ന വഴി ഞാൻ അവളോട് എത്രയോ പ്രാവശ്യം കെഞ്ചിയതാണ്, അവൾ പെണ്ണാണെങ്കിൽ മിണ്ടിയില്ല. എന്നിട്ട് ഇപ്പോൾ എന്നെ നോക്കി പേടിപ്പിക്കുന്നു. ഭക്ഷണത്തിന് ഇരുന്നപ്പോൾ, ഞാൻ ഒഴിച്ച് എല്ലാവരും സീതയോട് കളിച്ചു ചിരിച്ചു സംസാരിക്കുന്നുണ്ട്, എന്തിന് അമ്മൂമ്മ വരെ. അവൾ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ട്. ഞാൻ അധികം സംസാരിക്കാതെ ഭക്ഷണം കഴിച്ച് കൈ കഴുകി റൂമിലേക്ക് പോയി, കയറി കിടന്നു. അവൾ വരാൻ കാത്തു നിന്നില്ല കിടന്നുറങ്ങി. പിറ്റേന്നു നേരം പുലർന്നു ഇന്ന് തിരുവനന്തപുരത്തുനിന്നും അച്ഛനുമമ്മയും ചിറ്റപ്പനും ചിറ്റയും അമ്മായിയും അമ്മാവനും വരുന്ന ദിവസമാണ്. എഴുന്നേറ്റു നോക്കുമ്പോൾ കട്ടിലിൽ ആളില്ല, മാത്രമല്ല അവളുടെ ഡ്രസ്സുകൾ കിടക്കുന്നു. ഒന്നു കിടക്കുന്നതും എഴുന്നേറ്റു പോകുന്നതും ഞാൻ അറിയുന്നില്ല. അറിഞ്ഞിട്ടും വലിയ പ്രയോജനമില്ല, ഒന്നും മിണ്ടാൻ കൂടാതെ ആളോട് എന്നു പറയാൻ. ഞാൻ കുളിയൊക്കെ കഴിഞ്ഞ് റൂമിന് പുറത്തിറങ്ങിയത്. റൂമിന് പുറത്തിറങ്ങിയതും ഫോൺ ബെൽ അടിക്കുന്നത് കേട്ട് ഞാൻ വീണ്ടും തിരിച്ചു കയറി. അവിടെ നിന്നും അച്ഛനാണ് വിളിച്ചത്, അവർ റങ്ങുകയാണെന്ന് പറയാനാണ് വിളിച്ചത്. റൂമിനു പുറത്തിറങ്ങി അനിയനോട് അച്ഛനെ തിരക്കിയപ്പോൾ ഹാർബറിൽ പോയിരിക്കുകയാണ് എന്ന് പറഞ്ഞു. വിവരം പറയാൻ അമ്മയെ തിരക്കി അടുക്കളയിൽ ചെന്നപ്പോൾ, സീത അടുക്കളയിലുണ്ട്.
ഞാൻ: തിരുവനന്തപുരത്ത് നിന്ന് അച്ഛൻ വിളിച്ചിരുന്നു.
ഇതുകേട്ടപ്പോൾ സീത എന്നെ നോക്കി.
ഞാൻ: അവർ പുറപ്പെടുകയാണ് എന്ന് പറഞ്ഞു. അവർക്കുള്ള ഭക്ഷണം ?
അമ്മ: മീൻകറി ഇന്നലെ റെഡിയാക്കി വെച്ചിട്ടുണ്ട്, വറുക്കാനുള്ള മീൻ മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. അച്ഛൻ വരുമ്പോൾ ചെമ്മീനാ കൂന്തലൊ കൊണ്ടുവരാം എന്ന് പറഞ്ഞിട്ടുണ്ട്. പച്ചക്കറിക്ക് അരിഞ്ഞു കൊണ്ടിരിക്കുന്നു. നിങ്ങൾ ഇന്നലെ അവിടെ പോയപ്പോൾ അവരോടൊക്കെ പറഞ്ഞിട്ടില്ലേ?
ഞാൻ: പറഞ്ഞിട്ടുണ്ട്, അവർ രാവിലെ എത്തും എന്നാണ് പറഞ്ഞത്.
അമ്മ: നീ പുറത്തേക്ക് പോവുകയാണെങ്കിൽ, പച്ചക്കറി കടയിൽ 50 വാഴയില പറഞ്ഞിട്ടുണ്ട് അത് മേടിച്ചിട്ട് പോരുക.
ഞാൻ: വേറെ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ?