പറഞ്ഞിരുന്നില്ല.
“മേഡം, ശ്യാമയുടെ റൂമിൽ തന്നെ ഒഴിവുണ്ട്”. അവൾ ഒരു ചിരിയോടെ പറഞ്ഞു. “പല്ലവി ഇപ്പോ മറ്റ് ഓപ്ഷനുകൾ ഒന്നും ഇല്ലാതിരിക്കുകയല്ലേ.. തൽക്കാലം അവിടെ കൂടട്ടേ.”
“എന്താ ശ്യാമാ? കുഴപ്പമുണ്ടോ?”, സിന്ധു മേഡം ചോദിച്ചു.
“എന്ത് കുഴപ്പം, മേഡം”, അവൾ എന്നെ നോക്കി. മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നു.
“എന്നാ ശരി, ശ്യാമാ ഇവളെ അവിടെ സെറ്റിൽ ആക്കൂ. നീ എന്നിട്ട് നെക്സ്റ്റ് റൗണ്ടിനു വരുമ്പോ തിരിച്ചു വന്നാൽ മതി. ഞങ്ങൾ ആ വഴി വരാം.”
വണ്ടി ശ്യാമയുടെ ഹോസ്റ്റലിനു മുന്നിൽ നിന്നു. എന്നെയും ശ്യാമയെയും അവിടെ ഇറക്കിയിട്ട് അവർ പോയി. ശ്യാമ മുന്നിൽ നടന്നു. ഞാൻ പിന്നാലെയും. വാർഡനെ കണ്ട് കാര്യം പറഞ്ഞപ്പോൾ അവർക്ക് ഒരുപാട് സംശയയങ്ങളും ചോദ്യങ്ങളും ആയിരുന്നു. സിന്ധു മേഡത്തെ കൂട്ടി വരണോ എന്ന് ശ്യാമ ചോദിച്ചപ്പോൾ അവർ പെട്ടന്ന് ഒരു ഫോം എടുത്ത് ഫിൽ ചെയ്ത് കൊടുക്കാൻ പറഞ്ഞു. ഡിപ്പോസിറ്റ് എമൗണ്ടും കൊടുത്ത് സെറ്റിൽ ചെയ്ത് ഞങ്ങൾ മുറിയിലെത്തി.
രണ്ട് കട്ടിലുകളും ഒരു മേശയും ഉള്ള കുടുസ്സുമുറി ആയിരുന്നു. അറ്റാച്ച്ഡ് ബാത്ത്റൂം ഇല്ല. കട്ടിലിൽ ബെഡ്ഡും ഇല്ലായിരുന്നു.
“ഇതാണ് നിൻ്റെ കട്ടിൽ. ബെഡ്ഡ് ഒന്നും ഇല്ല. വേണേൽ വാങ്ങണം. നിനക്ക് പറ്റുമോ?”
“ബെഡ്ഡ് വാങ്ങാനോ?”
“അല്ല, ബെഡ്ഡ് ഇല്ലാതെ കിടക്കാൻ”
“ശ്യാമ മേഡത്തിന് ഡ്യൂട്ടിയല്ലേ, ഞാൻ മേഡത്തിൻ്റെ ബെഡ്ഡീൽ കിടന്നോളാം”, ഞാനൊരു ചിരിയോടെ പറഞ്ഞു. പക്ഷേ അവളുടെ പ്രതികരണത്തിലോ നോട്ടത്തിലോ ഒട്ടും തമാശയില്ലായിരുന്നു.
“നീ നിൻ്റെ കട്ടിലിൽ കിടന്നാൽ മതി. പറ്റില്ലെങ്കിൽ വല്ല ഹോട്ടലിലും പൊയ്ക്കോ. ഓരോരോ തലവേദന”, അവൾ ദേഷ്യപ്പെട്ടു. ഞാൻ വല്ലാതായിപ്പോയി. അവൾ എനിക്ക് ബാത്ത് റൂം കാണിച്ചു തന്നു. മെസ്സിൽ ഭക്ഷണം ഇല്ലായിരുന്നു. അത് വാർഡനും പറഞ്ഞിരുന്നു. ഞാൻ മടിച്ചു മടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അവൾ എന്താണെന്നുള്ള ഭാവത്തിൽ എന്നെ നോക്കി.
“മേഡം, എനിക്ക് വിശക്കുന്നുണ്ട്, ഞാൻ ഉച്ചയ്ക്കും ഒന്നും കഴിച്ചില്ല”
“പുറത്ത് ഹോട്ടലുണ്ട്. പോയി കഴിച്ചോ”
“എനിക്ക് ഒറ്റയ്ക്ക്..”
“പാതിരാത്രി ഡാൻസ് ചെയ്യാൻ പോകാൻ പേടിയൊന്നും ഇല്ലായിരുന്നല്ലോ. ഇപ്പോ എന്താ വിശേഷം?”, അവൾ ഒച്ചയെടുത്തു.
ഞാൻ തലകുനിച്ച് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഹോട്ടലിലെ സംഭവം എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു.