“പെണ്ണുങ്ങളായാൽ അതുപോലെ ജീവിക്കണം. കെട്ടിയൊരുങ്ങി നടക്കുമ്പോ അതുപോലൊക്കെ ഉണ്ടാവുമെന്ന് ഓർക്കണം”, അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എന്നോട് വല്ലാത്ത ദേഷ്യമുള്ളത് പോലെ. ഞാൻ കരഞ്ഞുപോയി. കട്ടിലിൽ ഇരുന്ന് മുഖം പൊത്തി കരഞ്ഞ് തുടങ്ങിയപ്പോൾ ശ്യാമ മുറിയിൽ നിന്നും പുറത്തേയ്ക്ക് പോയി. അല്പ സമയം കഴിഞ്ഞ് അവൾ കയറിവന്നപ്പോളും ഞാൻ കരയുകയായിരുന്നു.
“മതി, എണീക്ക്”, അവൾ പറഞ്ഞു. ശബ്ദത്തിൽ അപ്പോളും ദേഷ്യമായിരുന്നു. അവൾ എൻ്റെ കയ്യിൽ പിടിച്ച് വലിച്ചു. ഞാൻ അവളുടെ വയറിലൂടെ എൻ്റെ രണ്ട് കൈകളും ചുറ്റിപ്പിടിച്ചു.
“എന്തിനാ മേഡം എന്നോടിങ്ങനെ ദേഷ്യപ്പെടുന്നത്.. ഞാൻ ഒന്നും ചെയ്തില്ലല്ലോ” എന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു. അവളെ പെട്ടന്ന് വട്ടം പിടിച്ചത് അവൾക്ക് ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല. പലതവണ എൻ്റെ കൈകൾ എടുത്ത് മാറ്റാൻ ശ്രമിച്ചെങ്കിലും ഞാൻ അവളെ അമർത്തി പിടിച്ച് അവളുടെ വയറിൽ മുഖമമർത്തി കരഞ്ഞുകൊണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞുകാണും, അവളുടെ പ്രതിഷേധമൊക്കെ നിന്നമട്ടായിരുനു. അവൾ എൻ്റെ തോളിൽ കൈവച്ചു. എൻ്റെ മുഖം പിടിച്ച് മുകളിലേയ്ക്കാക്കി.
“മതി കരഞ്ഞത്. വാ, ഭക്ഷണം കഴിക്കാൻ പോകാം”
ഞാൻ എണീറ്റപ്പോളാണ് കണ്ടത്, എൻ്റെ കണ്ണീരൊക്കെ വീണ് അവളുടെ യൂണിഫോം ഷർട്ടിൻ്റെ മുന്നിൽ ഒരു വലിയ വട്ടം. അത് കണ്ട് അവൾക്ക് പിന്നെയും ദേഷ്യം വന്നു. അവൾ എന്തോ പറയാനൊരുങ്ങിയതും ഞാൻ കുനിഞ്ഞ് അവളുടെ കാലുകളിലേയ്ക്ക് പിടിക്കാൻ ചെന്നു.
“ശ്യാമ മേഡം, സോറി.. സോറി..”
“ഛേ, എന്തായിത്..”, അവൾ എൻ്റെ രണ്ട് കയ്യിലും പിടിച്ച് എണീപ്പിച്ചു. “ശ്യാമയെന്ന് വിളിച്ചാൽ മതി എന്നെ. ഭക്ഷണം നീ വാങ്ങിത്തരണം, മുഖം കഴുകി വാ”
വാണിയെ കണ്ടുമുട്ടിയ ദിവസത്തെ ശപിച്ചുകൊണ്ട് ഞാൻ പോയി മുഖമൊക്കെ കഴുകി വന്നു. പേഴ്സ് എടുത്ത് ശ്യാമയുടെ പിന്നാലെ നടന്നു. പുറത്തെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അവൾ ഒന്നും മിണ്ടിയില്ല. എൻ്റെ മുഖത്ത് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. ഞാൻ തലകുനിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് എണീറ്റപ്പോളേയ്ക്കും പട്രോൾ കാർ തിരികെ എത്തിയിരുന്നു. മുറിയുടെ താക്കോൾ എൻ്റെ കയ്യിൽ തന്നിട്ട് ശ്യാമ കാറിൽ കയറി പോയി. ഞാൻ മുറിയിൽ തിരികെയെത്തി. മുറിയൊക്കെ ഒന്ന് വൃത്തിയാക്കി. അലക്കി ഇട്ടിരുന്ന തുണികൾ ഒക്കെ മടക്കി ശ്യാമയുടെ ബെഡ്ഡിൽ വച്ചു. എൻ്റെ കട്ടിലൊക്കെ ഒന്ന് വൃത്തിയാക്കിയിട്ട് ബെഡ്ഷീറ്റ് മടക്കി തലയണയുണ്ടാക്കി തലയിൽ വച്ച് കിടന്നു. ആവശ്യത്തിലധികം കരഞ്ഞതിനാലാവണം, മനസ്സ് കാലിയായിരുന്നു. വ്യക്തവും. ഉറക്കം വരാൻ അധികസമയം എടുത്തില്ല. ആ മുറീയിൽ ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു സുരക്ഷിതത്വം എനിക്ക് തോന്നി. ഞാൻ ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങി.