“ഞാൻ.. ഞാൻ എണീറ്റ് വരുന്ന വഴി.. ശബ്ദം കേട്ട്..”, ഞാൻ കട്ടിലിൽ നിന്ന് എണീറ്റ് പുറം തിരിഞ്ഞ് നിന്നു. ശ്യാമ സ്റ്റാൻഡിൽ നിന്ന് ഒരു നൈറ്റി എടുത്ത് വേഗം ഇട്ടിട്ട് കട്ടിലിൽ ഇരുന്നു. ഞാനും കട്ടിലിൽ ഇരുന്ന് അവളെ നോക്കി.
“നീ ഹോസ്റ്റൽ നോക്കാൻ ഒന്നും പോകുന്നില്ലേ?”
“എന്തിന്?”
“ഇവിടെത്തന്നെ കൂടാനാണൊ നിൻ്റെ പ്ലാൻ?”
“ശ്യാമ മേഡത്തിന് വിഷമമാണോ ഞാൻ ഇവിടെ നിൽക്കുന്നത്?”
“നീയെന്നെ ശ്യാമയെന്ന് വിളിച്ചാൽ മതി”
“ശരി മേഡം”
അവളെന്നെ ദഹിപ്പിക്കുന്നത് പോലെ നോക്കി. “നിനക്കൊക്കെ ഈ സ്ഥലമൊക്കെ പറ്റുമോ താമസിക്കാൻ?”
“എനിക്കൊക്കെ എന്ന് പറഞ്ഞാൽ ആർക്കൊക്കെ ആണ് ശ്യാമാ?”
“നിങ്ങളൊക്കെ വലിയ ഐറ്റി മോഡേൺ പെണ്ണുങ്ങളല്ലേ, ഇതുപോലെ സാധാരണക്കാർ താമസിക്കുന്ന സ്ഥലത്തൊക്കെ താമസിക്കാൻ പറ്റുമോ! നീ ഒരാഴ്ച തികയ്ക്കുമെന്ന് ഞാൻ കരുതിയില്ല..”
“എന്നെ കണ്ടിട്ട് സാധാരണക്കാരിൽ നിന്ന് എന്ത് വ്യത്യാസമാണ് ശ്യാമാ ഉള്ളത്?”
“ഈ നാക്ക് തന്നെ ആദ്യം.. കുട്ടിയുടുപ്പും ഇട്ട് അണിഞ്ഞൊരുങ്ങി പാതിരാത്രി ആണുങ്ങളുടെ കൂടെ ചാടാൻ പോകുന്നവളല്ലേ”
ഞാൻ കുറേ നേരം മിണ്ടാതെ ശ്യാമയെ നോക്കിയിരുന്നു. അറിയാതെ എൻ്റെ കണ്ണൂകൾ നിറഞ്ഞ് വരുന്നുണ്ടായിരുന്നു. ഞാൻ എണീറ്റ് പോയി പല്ലൊക്കെ തേച്ച് ഫ്രെഷായി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. ഒറ്റയ്ക്കിരുന്നാണ് കഴിച്ചത്. ശ്യാമയും സുകന്യയും ഒന്നിച്ചിരുന്ന് ഭകഷണം കഴിച്ചു. ഇടയ്ക്ക് സുകന്യ എൻ്റെ നേരെ നോക്കി ശ്യാമയോട് എന്തോ ചോദിക്കുന്നതും അവൾ ആ, ആർക്കറിയാം എന്നപോലെ ആംഗ്യം കാണിക്കുന്നതും കണ്ടു. തിരികെ മുറിയിൽ വന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ ശ്യാമ മുറിയിലേയ്ക്ക് വന്നു. ഉച്ചയാകുന്നത് വരെ മിണ്ടിയതിനും നോക്കിയതിനും ഒക്കെ അവൾ കുത്തുവാക്കുകൾ പറഞ്ഞുകൊണ്ടേ ഇരുന്നു. അവൾക്ക് ലോകത്തെല്ലാവരോടും ദേഷ്യമാണെന്ന് എനിക്ക് തോന്നി.
ഞാൻ ലാപ്ടോപ്പ് മടക്കി വച്ചു.
“ശ്യാമാ, ഞാൻ ആരാണെന്നാണ് ശ്യാമ ധരിച്ചുവച്ചിരിക്കുന്നത്?”
“നീയൊക്കെ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് വീണവരല്ലേ, ഞാനൊക്കെ എന്ത് കരുതുന്നു എന്നത് നിനക്കൊക്കെ ഒരു പ്രശ്നമാണോ?”
അത് കൂടി കേട്ടപ്പോൾ എൻ്റെ കണ്ണുകൾ ശരിക്ക് നിറഞ്ഞുപോയി. “ശ്യാമാ, ശ്യാമയ്ക്കറിയാമോ, എൻ്റെ പേരൻ്റ്സ് ആരാണെന്ന് പോലും എനിക്കറില്ല..”