അവൾ എൻ്റെ മുഖത്തേയ്ക്ക് വിശ്വസിക്കാനാവാത്ത ഭാവത്തിൽ നോക്കി.
“ഞാൻ ഗ്രാമത്തിലെ ജന്മിയുടെ തൊഴുത്തിൽ ആണ് വളർന്നത്. അവിടത്തെ വേലക്കാരികളും അമ്മയും ആണ് എന്നെ നോക്കിയത്. അതാണെൻ്റെ ആദ്യത്തെ ഓർമ്മ. ഓർമ്മയുള്ള കാലം മുതലേ ഞാൻ ജോലി ചെയ്യുന്നുണ്ടായിരുന്നു. വളർന്ന് കഴിഞ്ഞപ്പോൾ അവിടത്തെ മകന് എന്നോടുള്ള നോട്ടവും ഭാവവും പെരുമാറ്റവും ഒക്കെ മാറി. ഒരു ദിവസം രാത്രി എന്നെ കയറിപ്പിടിച്ച അവൻ്റെ അടുത്തുനിന്നും കുതറിയോടിയ ഞാൻ രാത്രി മുഴുവൻ ഒളിച്ചിരുന്നാണ് കഴിച്ചുകൂട്ടിയത്. രാവിലെ അവിടത്തെ അമ്മയോട് അത് പറഞ്ഞപ്പോൾ അവർ എൻ്റെ കരണത്തടിച്ചു. നന്ദിയില്ലാത്തവളെന്ന് വിളിച്ചു. പിന്നെ ഒരുപാട് ഒരുപാട് പറഞ്ഞു. അവരുടെ കണ്ണ് തെറ്റിയപ്പോൾ ഇറങ്ങിയോടി കുളത്തിൽ ചാടാൻ പോയ എന്നെ അവിടത്തെ മറ്റൊരു സ്ത്രീയാണ് എന്നെ ഇവിടെ കൊണ്ടുവന്ന ആൻ്റിയെ പരിചയപ്പെടുത്തി അന്ന് രാത്രി തന്നെ അവിടന്ന് രക്ഷപ്പെടുത്തി അയച്ചത്. ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോ അവൻ്റെ വെപ്പാട്ടിയായി ജീവിക്കണ്ട വന്നേനേ”
ശ്യാമയുടെ മുഖത്ത് പഴയ വെറുപ്പ് അപ്പോൾ കണ്ടില്ല. അവൾ എൻ്റെ മുഖത്തുതന്നെ നോക്കിയിരിക്കുകയായിരുന്നു.
“ആ ആൻ്റി എനിക്ക് ഇവിടെ ഒരു സൂപ്പർമാർക്കറ്റിൽ ജോലിശരിയാക്കി തന്നു. താമസിക്കാൻ എന്നെപ്പോലുള്ള കുറേ കുട്ടികളുടെ കൂടെ ഒരു സ്ഥലവും തന്നു. അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന വോളണ്ടിയർമാർ വഴിയാണ് ഞാൻ എഴുതാനും വായിക്കാനും പഠിച്ചത്. തുല്യതാ പരീക്ഷ എഴുതിയെടുത്തിട്ട് ഞാൻ പകൽ ജോലി കഴിഞ്ഞ് ഈവനിങ്ങ് ക്ലാസ്സിൽ പോയിട്ടാന് ഡിഗ്രി എഴുതിയെടുത്തത്.”
“എൻ്റെ ഉൾവലിഞ്ഞ സ്വഭാവവും സംസാരിക്കാനുള്ള പേടിയും കാരണം എനിക്ക് ജോലികിട്ടാനും ഒട്ടും എളുപ്പമായിരുന്നില്ല. ശ്യാമ പറഞ്ഞതുപോലുള്ളവരെ കണ്ട് എനിക്ക് അസൂയ തോന്നുമായിരുന്നു. ഇവിടം വരെ എത്താമെങ്കിൽ അതിലേയ്ക്കും ഒരുപാട് ദൂരമില്ലെന്ന് ഞാൻ മനസ്സിലാക്കി. അവർ ആസ്വദിക്കുന്നതൊക്കെ എനിക്കും ആകാമെന്ന് എനിക്കും തോന്നി. ഞാൻ കോച്ചിങ്ങ് ക്ലാസ്സുകൾക്കും ട്രെയിനിങ്ങിനും ഒക്കെ പോയി. ഒരുദിവസം കൊണ്ട് പൊട്ടിവീണ പെണ്ണല്ല ശ്യാമാ ഞാൻ, എൻ്റെ വിധി ഞാൻ തീരുമാനിക്കണം എന്ന വാശിയിൽ ഞാൻ എന്നെത്തന്നെ മാറ്റിയെടുത്തതാണ്”
ശ്യാമ എന്തോ പറയാൻ വന്നു. പിന്നെ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ഇരുന്നു.
“എത്രയൊക്കെ ശ്രമിച്ചാലും ഒരു ചെറിയ കാര്യം മതി ശ്യാമാ മനസ്സിലുള്ള ധൈര്യമൊക്കെ പോകാൻ. എനിക്ക് പറ്റിയ ആ തെറ്റാണ് വാണി”
ശ്യാമ എൻ്റെ മുഖത്തേയ്ക്ക് നോക്കി. വാണിയെ ആദ്യം കണ്ടതു മുതൽ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി വന്നതുവരെയുള്ള കാര്യങ്ങൾ പറഞ്ഞുതീർന്നപ്പോളേയ്ക്കും ഞാൻ കരഞ്ഞുപോയി. രണ്ട് കൈകൊണ്ടും മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന എൻ്റെ അരികിൽ ശ്യാമ വന്നിരുന്നു. അവൾ എൻ്റെ തോളിലൂടെ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അവളുടെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു. ഇത്തവണ അവൾ എന്നെ വഴക്ക് പറഞ്ഞില്ല. മിണ്ടിയതും ഇല്ല. എൻ്റെ തോളിൽ തട്ടിക്കൊണ്ടിരിക്കുകമാത്രം ചെയ്തു.
ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി. “എനിക്ക് വാണിയോട് പ്രേമമായിരുന്നു. എന്നെ എല്ലാവരും കളിയാക്കി വിളിച്ചുകൊണ്ടിരുന്നത് തന്നെ ആണ് ഞാനെന്ന് എനിക്ക് തോന്നുന്നു. അതും ശ്യാമയുടെ കാഴ്ചപ്പാടിൽ തെറ്റാണെങ്കിൽ ഞാൻ