വേറെ ഹോസ്റ്റൽ നോക്കിക്കോളാം”
അവൾ ഒന്നും പറഞ്ഞില്ല. വീണ്ടും എന്നെ ചേർത്ത് പിടിക്കുക മാത്രം ചെയ്തു. അല്പസമയം കഴിഞ്ഞ് അവൾ സംസാരിക്കാൻ തുടങ്ങി..
“പല്ലവീ, സോറി. നിന്നെ ഒന്നുമറിയാതെയാണ് ഞാൻ വിഷമിപ്പിച്ചുകൊണ്ടിരുന്നത്.. നീ മോശമല്ല, ചെലപ്പോ ആരും മോശമല്ലായിരിക്കും. ഞാനെന്തറിഞ്ഞു”, അവൾ മുഖം കുനിച്ചിരുന്നു. പിന്നെ തുടർന്നു.
“എന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണ്. പല്ലവിയുടെ വാണിയെപ്പോലെ എനിക്കും ഉണ്ടായിരുന്നു ഒരു ക്രഷ്. അവളോട് പക്ഷേ ഞാൻ അത് പറഞ്ഞു. അവൾ അത് എല്ലാവരോടും പറഞ്ഞു. ഒരു ദിവസം കൊണ്ട് ഞാൻ വീട്ടിലും ഗ്രാമത്തിലും കൊള്ളരുതാത്തവൾ ആയി. ശരിക്കും എന്നെ എന്ത് വിളിക്കണമെന്നോ പറയണമെന്നോ ഒന്നും അവർക്ക് അറിയില്ലായിരുന്നു. അവർ ആദ്യമായി ആണത്രേ ഇങ്ങനെയൊന്ന് കേൾക്കുന്നത്. അന്ന് രാത്രി തന്നെ എൻ്റെ മുറച്ചെറുക്കനെക്കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കാൻ അവർ തീരുമാനിച്ചു. ചത്ത് കളയുമെന്ന് ഞാൻ ഭീഷണിപ്പെടുത്തിയപ്പോൾ അവരെന്നെ അവിടെനിന്ന് തല്ലിയോടിച്ചു. സിന്ധുമേഡം ആണ് എന്നെ കൂടെക്കൂട്ടിയതും രക്ഷിച്ചതും. ഞാൻ പോലീസിൽ ചേർന്നതും ഒക്കെ മേഡത്തിൻ്റെ മാത്രം സഹായം കൊണ്ടാണ്. അവർ മാത്രമാണ് എനിക്ക് ഇപ്പോ കുടുംബം.. എന്നെപ്പോലെ തന്നെയായിട്ടും ഇവിടെ ഒരു കുഴപ്പവും ഇല്ലാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നവരെ കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. എല്ലാവരോടും. അവർ ചെയ്യാത്ത എന്താണ് ഞാൻ ചെയ്തത്.. എന്നിട്ടും എനിക്ക് മാത്രം..”
ഞാൻ ശ്യാമയെ കെട്ടിപ്പിടിച്ചു. അവൾ എതിർത്തില്ല. എന്നെ തള്ളിമാറ്റിയും ഇല്ല. അങ്ങനെ ഇരിക്കുമ്പോളാണ് സുകന്യ മുറിയിലേയ്ക്ക് കയറി വന്നത്. ഞങ്ങളെ കണ്ട് അവൾ അദ്ഭുതത്തോടെ നോക്കി.
“നിങ്ങൾ ഫ്രണ്ട്സായോ അതിനിടയിൽ !”
“എന്താ സുകന്യമേഡം, വിശ്വാസം വരുന്നില്ലേ?”, എൻ്റെ ശബ്ദത്തിലെ സന്തോഷം എന്നെത്തന്നെ അമ്പരപ്പിച്ചുകളഞ്ഞു.
“ഫ്രണ്ട്സോ ! നിന്നെ മുറിയിൽ നിന്ന് ഇടക്കി വിടുന്നില്ലെന്ന് തീരുമാനിച്ചെന്ന് കരുതി അങ്ങനെയുള്ള സ്വാതന്ത്ര്യം ഒന്നും എടുക്കണ്ട. ങാ”, ശ്യാമ മുഖം വീർപ്പിച്ചു.
“അതൊക്കെ അവിടെ നിക്കട്ടേ, വാ ലഞ്ച് കഴിക്കാൻ പോകാം. ഇന്ന് സ്പെഷ്യൽ ഉള്ളതാ”, സുകന്യ ഓർമ്മിപ്പിച്ചു.
ഞങ്ങൾ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. സുകന്യയും ശ്യാമയും അവരുടെ ഡ്യൂട്ടി കഥകൾ ഒക്കെ പറഞ്ഞ് ഒരുപാട് ചിരിച്ചു. ഞാനും അതിൽ ചേർന്നു. എനിക്ക് പറഞ്ഞ് ചിരിക്കാൻ കഥകളൊന്നും ഇല്ലായിരുന്നെങ്കിലും.
ഭക്ഷണം കഴിഞ്ഞ് വന്നപ്പോൾ സുകന്യ അവളുടെ മുറിയിലേയ്ക്ക് പോയി. ശ്യാമ നേരെ കട്ടിലിൽ കയറി കിടന്നു. “ഞാൻ ഉറങ്ങാൻ പോകുന്നു. എന്നെ