ശ്രമിച്ചു. ഞാൻ അവളുടെ അടുത്തേയ്ക്ക് അല്പം കൂടി ചേർന്നിരുന്നു. അവൾ എന്നെ സർവ്വ ശക്തിയുമെടുത്ത് തള്ളിമായിയിട്ട് എൻ്റെ കവിളിൽ ആഞ്ഞടിച്ചു.
വേദനയാണൊ അപമാനമാണോ വിഷമമാണോ, എന്താണ് മനസ്സിൽ തോന്നിയതെന്ന് എനിക്ക് ഓർമ്മയില്ല, പക്ഷേ സ്വാഭാവികമായ പ്രതികരണം പോലെ, എനിക്ക് പോലും മനസ്സിലാകുന്നതിനു മുന്നേ ഞാൻ അവളുടെ കവിളിൽ തിരിച്ചടിച്ചുകഴിഞ്ഞിരുന്നു. ക്രുദ്ധയായി അവൾ എൻ്റെ നേരെ വന്നപ്പോൾ ഞാൻ അവളുടെ കൈകൾ അടക്കം അവളെ വട്ടം പിടിച്ച് തറയിലേയ്ക്ക് മറിഞ്ഞുവീണു. എന്നെ കുടഞ്ഞെറിയാൻ അവൾ ശ്രമിച്ചപ്പോൾ ഞാൻ അവളുടെ മുകളിൽ കയറി അവളെ ആവുന്നത്ര മുറുക്കി പിടിച്ചു. അവൾ ഉരുണ്ട് എൻ്റെ എൻ്റെ മുകളിൽ കയറി. എൻ്റെ കൈകളിൽ നിന്ന് അവൾ സ്വതന്ത്രയായപ്പോൾ വരാൻ പോകുന്ന വേദനയെ നേരിടാൻ തയ്യാറായി ഞാൻ കണ്ണുകൾ അടച്ചു. അവളുടെ കൈകൾ ഉയർന്ന് പൊങ്ങുന്നത് ഞാൻ കണ്ടിരുന്നു.
ഒരുപാട് സമയം കഴിഞ്ഞിട്ടും എൻ്റെ മുഖത്ത് അടികിട്ടിയില്ല. എൻ്റെ നെറ്റിയിലേയ്ക്ക് ഒരിറ്റ് കണ്ണുനീർ വീണു. ഞാൻ നോക്കിയപ്പോൾ അവൾ മുഷ്ടിചുരുട്ടി എൻ്റെ വയറിൽ ഇരിക്കുകയായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ഞാൻ അവളെ വലിച്ച് എൻ്റെ നെഞ്ചിലേയ്ക്കിട്ടു. ഞങ്ങൾ രണ്ടുപേരും പൊട്ടിക്കരഞ്ഞു.
“ശ്യാമാ, എനിക്ക് ആരുമില്ല”, ഞാൻ അവളോട് പറഞ്ഞു. അവൾ എന്നെ ചേർത്ത് പിടിച്ചു. ഞാൻ അവളുടെ കവിളിൽ കയ്യോടിച്ചു. അവൾ എൻ്റെ നെറ്റിയിൽ ചുംബിച്ചു.
“അങ്ങനെ ഒരുദിവസം വന്ന് നിനക്ക് വേണ്ടതൊക്കെ എടുത്തോണ്ട് പോകാൻ പറ്റുമോ?”, അവൾ ചോദിച്ചു.
“നമ്മൾ രണ്ടാളും ആവശ്യത്തിലധികം സഹിച്ചതല്ലേ? എനിക്ക് ഇനി വയ്യ”
“എനിക്കിഷ്ടമല്ല നിൻ്റെ സ്റ്റൈലും രീതികളും ഒന്നും”
“നീ നല്ലനടപ്പ് നടന്നിട്ട് നിനക്കെന്ത് കിട്ടി?”
“അതൊന്നും എനിക്കറിയില്ല. നിൻ്റെ ആഗ്രഹം നടക്കില്ല”
“നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്ക് നീ മാത്രമേ ഉള്ളൂ, നിന്നെ ഞാൻ വിട്ട് പോവില്ല”
“എനിക്ക് വേണ്ട നിന്നെ”
“എനിക്ക് നിന്നെ വേണം”
“നടക്കില്ലെന്ന് ഞാൻ പറഞ്ഞില്ലേ”
“എന്നാൽ എന്നെ തല്ലിയിറക്കി വിടണ്ടവരും”
“ഞാൻ അത് ചെയ്യും”
“നീയത് ചെയ്യില്ല”
“നിനക്കെങ്ങനെ അറിയാം?”
“എനിക്കറിയില്ല. പക്ഷേ നിനക്ക് എന്നെ ഇറക്കിവിടാൻ പറ്റില്ല”
“എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടൊന്നും അല്ല, പക്ഷേ, ഇതൊന്നും ശരിയല്ല. സിന്ധുമേഡം..”, അവൾ പാതിവഴിയിൽ നിർത്തി.