മറന്നുപോയിരുന്നോ ! അകത്ത് കയറ ലൈറ്റിട്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ചു പോയി. വാണി കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവളെ അവിടെ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
“ഓഹ്, ഇങ്ങോട്ട് തന്നെ വന്നോ! ഞാൻ കരുതി നീയിനി എൻ്റെ മുന്നിൽ വരില്ലെന്ന്”
“വാണീ ! എന്താ നീ..”
“ഇനിയും അഭിനയം നിർത്താനായില്ലേ?”
“ഞാൻ എന്ത് ചെയ്തെന്നാ..”
“നീയല്ലേ കിഷോറിനെ അപ്പ്രോച്ച് ചെയ്തത്, അവൻ എൻ്റെയടുത്തേക്ക് വരാൻ പോയപ്പോൾ നീ അവനെ തല്ലി!”
“വാണീ ! അവൻ ആണ് എൻ്റെ…”
“ഓ നിൻ്റെ.. നിൻ്റെ ഒരു.. എനിക്കറിയാം നിൻ്റെ ടൈപ്പിനെ. റിജക്ഷൻ ഹാൻഡിൽ ചെയ്യാൻ പഠിക്കണം. അവൻ എൻ്റെ ബോയ്ഫ്രണ്ടായത് കൊണ്ടല്ലേ നിന്നെ റിജക്ട് ചെയ്തത്. നിനക്ക് വേണ്ടത് കിട്ടിയില്ലെന്ന് പറഞ്ഞ് അവനെ തല്ലിയിട്ട് നുണയും പറയുന്നോ..”, അവൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. “നിന്നെ വിശ്വസിക്കാവുന്ന ഒരു സുഹൃത്തായിട്ടാണ് ഞാൻ കണ്ടത്”
എൻ്റെ കാലുകൾ തളർന്നുപോകുന്നത് പോലെ തോന്നി. ബോധം പോയിരുന്നെങ്കിൽ എന്ന് ആശിച്ചു. “യൂ ഹാവ് നോ ഐഡിയ..” ഞാൻ മുറിയിൽ നിന്ന് ഇറങ്ങി കോമൺ റൂമിലേയ്ക്ക് പോയി. അവിടത്തെ സോഫയിൽ കിടന്നപ്പോൾ ഇനി കരയാൻ ഉള്ള ഊർജ്ജം എനിക്കില്ലെന്ന് തോന്നി. ഭാഗ്യമെന്നേ പറയാൻ പറ്റൂ, ഞാൻ വേഗം തന്നെ ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ വാർഡൻ വന്ന് തട്ടിവിളിച്ചപ്പോൽ ആണ് ഞാൻ എണീറ്റത്. “ഹലോ, മുറിയിൽ ബെഡ്ഡ് തന്നിരിക്കുന്നത് അവിടെ കിടക്കാനാണ്”
“ഓ, മേഡം, ഉം.. ഗുഡ് മോർണിങ്ങ്..”
“ങാ, അതൊക്കെ തന്നെ. എണീറ്റ് പോ..”
മുറിയിൽ ചെന്നപ്പോൾ വാണിയെ കണ്ടില്ല. ഏതായാലും അവളുടെ സാധനങ്ങൾ ഒക്കെ അവിടെത്തന്നെ ഉണ്ട്. ഞാൻ എൻ്റെ ബാഗ് എടുത്ത് വച്ച് സാധനങ്ങൾ പാക്ക് ചെയ്യാൻ തുടങ്ങി. മറ്റൊന്നിനെപ്പറ്റിയും അപ്പോൾ ചിന്തിക്കാൻ തോന്നിയില്ല. സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഒരു ട്രോളീ ബാഗും പിന്നെ ബാക്ക് പാക്കും മാത്രമേ ഉണ്ടായിരുന്നുള്ളു. പാക്ക് ചെയ്ത് വാർഡൻ്റെ അടുത്ത് ചെന്ന് വെക്കേറ്റ് ചെയ്യുന്ന കാര്യം പറഞ്ഞു. ഒന്നാം തീയതി ആയിരുന്നതിനാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡിപ്പോസിറ്റ് മുഴുവൻ തിരിച്ചു കിട്ടി. ഹോസ്റ്റലിൽ നിന്നിറങ്ങി തിരിഞ്ഞ് നോക്കാതെ നടന്നു.
ഇറങ്ങി നടന്ന് കഴിഞ്ഞപ്പോളാണ് ചെയ്തതിലെ മണ്ടത്തരം മനസ്സിലായത്. എവിടെ പോകുമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. ഇവിടെ ഒരു ഹോസ്റ്റൽ കണ്ടുപിടിക്കാനാണോ വിഷമം, ബോർഡുകളും പോസ്റ്റുകളിലെ പരസ്യ നോട്ടീസുകളും ഒക്കെ നോക്കി കുത്തനെ നടന്നു.