പീ .കെ
Pee Kay | Author : SiniMol
എന്റെ പേര് മണിയൻ , കുറച്ചു പഴയ കാലമാണ് , ഞാൻ +2 പാസായപ്പോൾ പത്തു പതിനെട്ട് വയസ്സായി, എന്റെ അപ്പന് മരത്തിൽ കയറ്റം ,വരമ്പ് ഉണ്ടാക്കൽ ഒക്കെ ആയിരുന്നു പണി, പണിയൊക്കെ കഴിഞ്ഞാലും വീട്ടിൽ അങ്ങിനെ ഒന്നും കൊണ്ടുവരാറില്ലായിരുന്നു, കുടി തന്നെ കാരണം, കുടിക്കാൻ പണം ഇല്ലേൽ അമ്മയുടെ കുടുക്ക തല്ലിപൊട്ടിക്കാനും ഒരു മടിയും ഇല്ലായിരുന്നു, ഞങ്ങൾ ഉണ്ണിത്താൻ സാറിന്റെ പറമ്പിലെ കുടികിടപ്പുകാരായിരുന്നു.
കുടിക്കാൻ കാശില്ലാതെ വരുമ്പോൾ അപ്പൻ ഉണ്ണിത്താൻ സാറിന്റെ തെങ്ങിൽ കേറി കുലയോട് തേങ്ങാ പറിച്ചു കൊണ്ട് പോയി വിൽക്കുമായിരുന്നു, അതുകൊണ്ടൊക്കെ അങ്ങേർക്ക് ഞങ്ങളെ കണ്ണുകീറിയാൽ കണ്ടു കൂടായിരുന്നു. അയാൾ പറമ്പ് നോക്കാൻ വല്ലപ്പോഴും വരുമ്പോൾ എന്റെ കുടിലിന്റെ അടുത്തുള്ള തെങ്ങിൽ ഒരു തേങ്ങയും കാണാറില്ലായിരുന്നു. സാറിന്റെ ദേഷ്യമെല്ലാം എന്റെ അടുത്താണ് തീർക്കുന്നത് , പിറ്റേന്ന് രാവിലെ ക്ലാസിൽ വന്നു ഏ പ്ലസ് ബി ദി ഹോൾ സ്‌ക്വയർ എന്തുവാടാ എന്ന് ചോദിച്ചു എന്നെ തല്ലിച്ചതക്കും, ഞാൻ അത് കാണാതെ പഠിക്കാൻ ശ്രമിക്കാറുണ്ട് വീട്ടിൽ ഇരുന്നു പറയുമ്പോൾ ശരിയുമാണ് പക്ഷെ ഉണ്ണിത്താൻ സാർ എന്റെ അടുത്ത് ചൂരലുമായി വരുമ്പോൾ പഠിച്ചതെല്ലാം ഞാൻ മറന്നു പോകും.
എനിക്ക് ആകെ ഉള്ളത് ആരോ തന്ന പഴയ രണ്ടു കാക്കി നിക്കർ ആണ്. സാറിന്റെ ചൂരൽ പ്രയോഗം കഴിയുമ്പോൾ അത് മിക്കവാറും കീറിയിരിക്കും. ലംപ്സം ഗ്രാന്റ് എന്നൊരു സാധനം ഉണ്ട് , അത് കിട്ടുമ്പോൾ നല്ല നിക്കറും ഉടുപ്പും വാങ്ങിച്ചു തരാമെന്നു അമ്മ പറഞ്ഞാണ് ഞാൻ സ്‌കൂളിൽ പോകാറ് , ഏതാണ്ട് ഓണം ആകും ആ ഗ്രാന്റ് വരാൻ. വരുന്ന ദിവസം ഉണ്ണിത്താൻ സാറിന് കലി കൂടും ,”എല്ലാ പേലെനും കുറവനും മണ്ണാനും വേലനും എല്ലാം എഴുന്നേൽക്ക് “, ആദ്യം കുറെ നേരം എഴുന്നേൽപ്പിച്ചു നിർത്തി കുറെ അപഹസിക്കും , നിന്നെ ഒക്കെ ഹെഡ് മാസ്റ്റർ വിളിക്കുന്നു , നിനക്കൊക്കെ ഓണത്തിന് സർക്കാർ പണം വന്നിരിക്കുന്നു ചെന്ന് മേടിക്ക് ”