മഴക്കാലമായാൽ തൊടിയിലെ വെള്ളക്കെട്ടിൽ അവളോടൊപ്പം കളിച്ചിരുന്ന ഓർമ്മകൾ മനസ്സിൽ ഒരു കുളിരായി ഇന്നും നിലനിൽക്കുന്നു. ഉറങ്ങാൻ കിടന്നാൽ എന്നെ കെട്ടിപിടിക്കാതെ ലെച്ചുവിന് ഉറക്കം വരില്ല. ഓരോ അവധിക്കാലം കഴിഞ്ഞ് ഞാൻ തിരിച്ചു പോകുമ്പോഴും ഈറൻ മിഴികളോടെ എന്നെ യാത്രയാക്കുന്ന ലെച്ചുവിന്റെ മുഖം ഇപ്പോഴും ഓർമയിലുണ്ട്. കെട്ടിപിടിച്ചൊരു ഉമ്മയും തന്ന് കണ്ണുനീർ പൊഴിച്ചുകൊണ്ട് ഓടിമറയുന്ന ലെച്ചുവിനെ കാണുമ്പോൾ എല്ലാവരും കളിയാക്കും. അമ്മയും അമ്മാവനും ഒക്കെ അന്നേ പറയും ശ്രീക്കുട്ടൻ ആയിരുന്നു മൂത്തതെങ്കിൽ പിടിച്ചു കെട്ടിക്കാമായിരുന്നു എന്ന് …അവർ കളിയായി പറഞ്ഞ കാര്യം നടന്നിരുന്നെങ്കിൽ എന്ന് ഇപ്പൊ ആശിച്ചുപോകുന്നുണ്ട് ലെച്ചുവിന്റെ ഇപ്പോഴത്തെ സൗന്ദര്യം കാണുമ്പോൾ.
…………….
ശ്രീക്കുട്ടാ … എന്നും വിളിച്ച് അമ്മ അടുത്ത് വന്നപ്പോഴാണ് ഓർമകളിൽ നിന്നും ഉണർന്നത്. അമ്മയുടെ മടിയിൽ തലവച്ച് കിടക്കാൻ നല്ല രസാണ്. കുറച്ചുനേരം അങ്ങനെ കിടന്നു. കുട്ടികാലത്ത് അച്ഛന്റെ ദേഹത്ത് കയറി കിടന്നാണ് ശീലിച്ചത്. അച്ഛൻ പോയപ്പോൾ അമ്മയുടെ മടിയിൽ കിടന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. പിന്നീട് ആ കിടത്തം ഒരു ശീലമായി. അമ്മയൊരു പാവം ആണ്. സ്കൂൾ ടീച്ചർ ആയിരുന്നു. കുട്ടികൾക്കൊക്കെ പ്രിയപ്പെട്ട ലക്ഷ്മി ടീച്ചർ. അച്ഛൻ പോയപ്പോഴും ‘അമ്മ തളരാതെ പിടിച്ചു നിന്നത് സ്കൂളിൽ കുട്ടികളോടൊത്ത് സമയം ചിലവഴിക്കുന്നത് കൊണ്ടാണെന്ന് എല്ലാവരും പറയും. കുട്ടികളെ ജീവനായിരുന്നു അമ്മയ്ക്ക്. അമ്മയുടെ അതേ സ്കൂളിൽ പഠിച്ചു വളർന്നതുകൊണ്ട് ചീത്ത കൂട്ടുകെട്ടുകളിൽ ഒന്നും ഞാൻ ചെന്ന് തലവച്ചു കൊടുത്തില്ല. അച്ഛന്റെ മരണശേഷം തീർത്തും നിരാശനായിരുന്ന എന്നെ ചേർത്തുപിടിച്ചത് കിച്ചാപ്പിയും കൂട്ടരും ആണ്. അങ്ങനെ പതിയെ നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക വേദികളിലൊക്കെ സജീവ സാന്നിധ്യമായി മാറി. ക്യാപ്റ്റൻ മാധവന്റെ മകൻ എന്ന പരിഗണന എപ്പോഴും എനിക്കൊരു മുതൽക്കൂട്ട് ആയിരുന്നു. അച്ഛന്റെ പേരിൽ നടത്താറുള്ള പല പരിപാടികളിലും നിറസാന്നിധ്യമായി ഞാൻ മാറിയിരുന്നു. എന്നും ഞങ്ങളെ ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന നാട്ടുകാർ. എല്ലാവരുമായും അടുത്തിടപഴകി അവരുടെ വിഷമങ്ങളിൽ കൂട്ടുകൂടി എന്ത് ആവശ്യത്തിനും വിളിപ്പുറത്ത് ഉണ്ടാവുന്ന എന്നെയും എന്റെ കൂട്ടുകാരെയും വലിയ കാര്യമാണ് നാട്ടിൽ എല്ലാവർക്കും. പ്രവാസത്തിലേക്ക് കടന്നതിൽ പിന്നെയാണ് നാടിന്റെ സ്പന്ദനങ്ങളിൽ നിന്നും അകന്നുപോയത്. ഇനി വീണ്ടും പൂർവാധികം ശക്തിയോടെ നാട്ടുകാരിൽ ഒരാളായി അവരുടെ ഇടയിലേക്ക് ഇറങ്ങണം.
: മോനെ എണീക്കെടാ… വിശക്കുന്നില്ലേ എന്റെ കുട്ടിക്ക്
: കുറച്ച് കഴിയട്ടെ എന്റെ ലക്ഷ്മിക്കുട്ടീ… എത്ര കാലായി എന്റെ അമ്മേടെ മടിയിൽ ഇതുപോലെ കിടന്നിട്ട്…
: ഞാൻ വിളിക്കാഞ്ഞിട്ടാണോ…. നീ വരാഞ്ഞിട്ടല്ലേ