ഇപ്പോൾ വേദിയിലിരിക്കുന്ന എല്ലാവർക്കുമായി നന്ദി പറയുകയുണ്ടായി. അത് വെറും കാപട്യമായിരുന്നു. എനിക്ക് മനസ് തുറന്ന് നന്ദിപറയാനുള്ളത് ഒരാളോട് മാത്രമാണ്. അഹങ്കാരിയായ എന്നെ ഇന്ന് ഈ കോളേജിലെ നല്ലൊരു വിദ്യാർത്ഥിയാക്കി മാറ്റിയ ആ ആളോട്, ഇത്രയും വലിയൊരു പരിപാടിയിൽ ഞാൻ ഈ സ്റ്റേജിനെ അഭിമുകീകരിക്കാൻ എനിക്ക് അവസരമൊരുക്കിയത് അയാളാണ്, തുഷാരയെന്ന തന്റേടിയായ അഹങ്കാരി പെണ്ണിനെ നല്ലവഴിക്ക് കൊണ്ടുവരാൻ ആ വ്യക്തി സ്വയം ഇല്ലാതായി. എനിക്കുവേണ്ടി എരിഞ്ഞടങ്ങിയ ചാരമാണ് അയാളിന്ന്. എന്റെ വാശിയും കുറുമ്പും ഒരാളുടെ സന്തോഷങ്ങൾ കെടുത്തിയപ്പോൾ അതെനിക്കൊരു ഹരമായിരുന്നു. വർഷങ്ങളോളം സ്നേഹിച്ച പെണ്ണ് ഇട്ടെറിഞ്ഞുപോയപ്പോഴും പതറാതെ നിന്ന ആ നിലപാടിന്റെ ആൾരൂപം തുഷാരയെന്ന വെറും പീറപ്പെണ്ണിന്റെ ചെയ്തികൾ കാരണം താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചെടുത്ത തീരുമാനത്തിന് മുന്നിൽ അടിപതറിയ ആ ദുഖകരമായ കാഴ്ച്ച എന്റെ കണ്ണുകളെ തുറപ്പിച്ചത് പുതിയൊരു ലോകത്തേക്കാണ്. ഇന്ന് നിങ്ങൾ കാണുന്ന തുഷാരയെന്ന പുതിയ ലോകത്തിലേക്ക്. ആ വ്യെക്തിയോടുള്ള നന്ദിയും കടപ്പാടും ഞാൻ ഈ അവസരത്തിൽ കൂപ്പുകൈകളോടെ നിങ്ങൾക്കുമുന്നിൽ വയ്ക്കുന്നു. ആ മഹത് വ്യക്തി മറ്റാരുമല്ല ഈ കോളേജിലെ തന്നെ ഏറ്റവും സീനിയർ ആയ വിദ്യാർത്ഥി… വിദ്യാർത്ഥി എന്നുപറഞ്ഞാൽ കുറഞ്ഞുപോകും, ഏട്ടനാണ് നമുക്ക് എല്ലാവർക്കും, ശ്രീലാൽ. ഞാൻ എന്റെ മനസ്സിൽ ശ്രീയേട്ടനെന്ന് വിളിക്കുന്ന ആ നല്ല മനുഷ്യനോടുള്ള നന്ദി മാത്രമാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്. ഇത്രയും കാര്യങ്ങൾ ശ്രീയേട്ടന്റെ മുന്നിൽ പോയിനിന്ന് പറയാനുള്ള ധൈര്യം എനിക്കില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരവസരത്തിൽ ഞാൻ നിങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി ഇത്രയും പറഞ്ഞപ്പോഴും ഒരിക്കൽ പോലും എന്റെ കണ്ണുകൾ ശ്രീയേട്ടന്റെ കണ്ണുകളിലേക്ക് പോവാതിരുന്നത്. ആദ്യമായി ഞാൻ ആ മുഖത്തേക്ക് നോക്കി സംസാരിച്ച ദിവസം എന്റെ ക്ലാസിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ നാണംകെട്ട് അപമാനിതനായി ഇറങ്ങിപോകേണ്ടിവന്ന ആ ഏട്ടനുവേണ്ടി ഞാൻ ഇത്രയും വലിയ സദസിനെ സാക്ഷിയാക്കി ചോദിക്കുകയാണ്…. ഈ അഹങ്കാരി പെണ്ണിനെ ആ ജീവിതത്തിലേക്ക് കൂടി കൈപിടിച്ച് കയറ്റുമോ…
…yes… I love you dear sree…. “
ഏറ്റവും പിൻനിരയിൽ ഇരുന്ന ഞാൻ കസേര തട്ടിത്തെറുപ്പിച്ച് എഴുന്നേറ്റ് വേദിയിലേക്ക് നടന്നടുക്കുമ്പോൾ സദസ്സ് മുഴുവൻ കരഘോഷങ്ങളോടെ എന്നെ വരവേറ്റു. രണ്ടടി പൊക്കത്തിലുള്ള സ്റ്റേജിലേക്ക് ചാടി കയറിയ എന്റെ കൈ ചെന്നുപതിച്ചത് തുഷാരയുടെ കവിളിലാണ്. ജീവിതത്തിൽ ഇതുവരെ ഒരു പെണ്ണിനേയും അറിഞ്ഞുകൊണ്ട് നോവിച്ചിട്ടില്ലാത്ത എന്റെ കൈ തുഷാരയുടെ കവിളിൽ ആദ്യമായി പതിഞ്ഞു. കൈയ്യടികളോടെ എന്റെ വരവ് ആസ്വദിച്ച സദസ്സ് പെട്ടെന്ന് ശാന്തമായി. ഒരു മൊട്ടുസൂചി വീണാൽ പോലും കേൾക്കുന്ന അത്രയും നിശബ്ദതയിൽ സദസ്സ് മുഴുവൻ അമ്പരന്നുനിന്നു…
: അതെ, നീ പറഞ്ഞത് തന്നെയാണ് ശ്രീലാൽ. ചാരം. പക്ഷെ ചാരമാണെന്ന് കരുതി കയ്യിടുമ്പോൾ സൂക്ഷിക്കണം, കെടാത്ത കനലുണ്ടെങ്കിൽ കൈപൊള്ളും. ഇനി നീ കണ്ടോ ഫീനിക്സ് പക്ഷിയെപ്പോലെ ഞാൻ പറന്നുയരും…
നിറ കണ്ണുകളോടെ വേദിയിൽ നിന്നും പുറത്തേക്കിറങ്ങി ഓടിയ തുഷാരയെ നോക്കികൊണ്ട് മനസ്സിൽ ചെറുപുഞ്ചിരിയുമായി ഞാൻ പഴയ ശ്രീലാലായി പുറത്തേക്ക് നടന്നു നീങ്ങി….
(തുടരും)
© wanderlust