ഞാൻ തീർന്നുപോയി. അങ്ങേര് അതേ ഭാഷയിൽ തിരിച്ചടിച്ചിരുന്നെങ്കിൽ രംഗം കൊഴുത്തേനെ.. പക്ഷെ ആള് എന്നെ നൈസായിട്ട് തേച്ചൊട്ടിച്ചു.
: ശരിക്കും അവൻ ചെയ്തതാ ശരി. അത്രയും പേരുടെ മുന്നിൽ വച്ച് നിന്നെ വേണമെങ്കിൽ അതേ ഭാഷയിൽ അപമാനിക്കാമായിരുന്നല്ലോ…എടി ബുദ്ദൂസേ മോളെന്ന് വിളിക്കുന്ന എല്ലാരും തന്ത ആവുമോ..
: ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല. സംഭവം ഞാൻ ഓരോന്ന് ചോദിക്കുമ്പോ ഒരു തെണ്ടി എന്നെ നോക്കി വെള്ളമിറക്കുന്നുണ്ടായിരുന്നു, ആ കലിപ്പിൽ അറിയാതെ വായീന്ന് വീണുപോയി. പക്ഷെ ആള് നൈസായിട്ട് ഡീൽ ചെയ്തു.
: പാവം കൊച്ചൻ, ജീവിതത്തിൽ ഇതുപോലൊരു അപമാനം ഇതുവരെ ഉണ്ടായിട്ടുണ്ടവില്ല.
: സത്യം. ക്ലാസിലെ പിള്ളേരൊക്കെ ആ ഏട്ടനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…
: നീ അവനെ പോയൊന്ന് കണ്ട് ഒരു സോറി പറഞ്ഞോ… എന്നിട്ടും തണുത്തില്ലെങ്കിൽ ഒരു നല്ല പാർട്ടി കൊടുത്ത് തണുപ്പിക്കണം..
: അച്ഛന്റെ കൂടെ നടന്ന് കുരുട്ടുബുദ്ധിയൊക്കെ പഠിച്ചു അല്ലെ … മൂപ്പര് ആദ്യം പൈസ ഏറിയും എന്നിട്ടും നടന്നില്ലെങ്കിൽ ഗുണ്ടായിസം.
: എന്ന പിന്നെ എന്റെ മോള് അവനെ കേറി പ്രേമിച്ചോ…അല്ലപിന്നെ
: അമ്മയാണത്രെ അമ്മ….. പ്രേമിക്കാനൊന്നും എന്നെ കിട്ടില്ല. ഒന്ന് പോയേ..ഞാൻ കിടക്കട്ടെ
: ഞാൻ പോവാം… നീ എന്താ എന്നെ കണ്ടപ്പോൾ മറച്ചുവച്ചത്, ആദ്യം അത് കാണിക്ക്.
: എന്ത്…
: എനിക്കീ കുന്ത്രാണ്ടം ഉപയോഗിക്കാൻ അറിയില്ലെങ്കിലും നീ എന്നെ അത്രയ്ക്ക് പൊട്ടിയാക്കല്ലേ, തുറക്കെടി കമ്പ്യൂട്ടർ
: ഇന്ന കാണ്…
(കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിഞ്ഞ ഫോട്ടോ കണ്ട് ഇന്ദിര മൂക്കത്ത് വിരൽവച്ചുകൊണ്ട് തുഷാരയെ അടിമുടി നോക്കി… )
: ഇതാണോ നീ പറഞ്ഞ ആള്.. കണ്ടാൽ പറയില്ലല്ലോ പഠിക്കുന്ന കുട്ടിയാണെന്ന്
: ആള് കുറേകാലം ദുബായിൽ ജോലി ചെയ്യുവാരുന്നു. ഇപ്പൊ വീണ്ടും പഠിക്കണം എന്ന് തോന്നിയിട്ട് കോളജിലേക്ക് വന്നതാ. എന്നെക്കാളും ഒരു ഏഴോ എട്ടോ വയസ് കൂടുതൽ ഉണ്ടാവും.
: അടിപൊളി… അവൻ അറിഞ്ഞൊന്ന് തല്ലിയാൽ നിന്നെ നിലത്തൂന്ന് തൂത്തുവാരി എടുക്കേണ്ടിവന്നേനെ…
: ശരിയാ. ഫോട്ടോയിൽ കാണുന്നപോലൊന്നും അല്ല, നല്ല കട്ടയ്ക്ക് ഉരുട്ടിയെടുത്ത ബോഡിയാണ്.. ആള് ചുള്ളനാ
: ഉം… അപ്പൊ പെണ്ണിന്റെ മനസ്സിൽ എന്തോ ഒരു ചാഞ്ചാട്ടം ഉണ്ടല്ലോ..
: മണ്ണാങ്കട്ട… പോയേ
: നീ ഒരാളെ നല്ലതുപറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല… നിന്നെ നോക്കുന്ന ചെക്കന്മാരെ മൊത്തം നിനക്ക് പുച്ഛമല്ലേ.. ആദ്യായിട്ടാണല്ലോ ഒരുത്തനെപ്പറ്റി നല്ലത് പറഞ്ഞത്. അതുകൊണ്ട് ചോദിച്ചതാ
: ആണോ… ഒന്ന് മിണ്ടാതെ പോയെ… മോളെ വഴിതെറ്റിച്ചേ അടങ്ങൂ അല്ലെ