കയ്യിൽ താലമേന്തി താമര മൊട്ടുമാലയുമായി നാണത്തോടെ എന്നരികിലേക്ക് വന്ന തുഷാരയെ ആദ്യമായി കാണുന്നപോലെ എന്റെ കണ്ണുകൾ അവളെത്തന്നെ നോക്കിനിന്നു. ചോരച്ചുണ്ടുകളിൽ ഒളിപ്പിച്ചുവച്ച പുഞ്ചിരി എനിക്കുനേരെയെറിഞ്ഞ് സ്റ്റേജിലേക്ക് കയറിയ അവൾ സദസ്സിനെ വണങ്ങി എന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു. അവളിൽ നിന്നും ഉയർന്ന മുല്ലപ്പൂ മണം മൂക്കിലൂടെ അരിച്ചുകയറി. കൈനിറയെ വളകളണിഞ്ഞ് മാറ് മറയ്ക്കുമാറ് ആഭരണങ്ങളണിഞ്ഞ തുഷാരയെ എത്രനേരം നോക്കിയിരുന്നാലും മതിവരില്ല.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഴുത്തിൽ താലി ചാർത്തുമ്പോൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിൽക്കുന്ന അവളുടെ കണ്ണുകളിലെ തിളക്കം കാണേണ്ടതാണ്. തുഷാരയുടെ പുറകിലായി ലെച്ചുവുണ്ട്. ഞാൻ കെട്ടിയ താലി ശരിയായയി മുടിയൊക്കെ ഒതുക്കിവയ്ക്കുന്നത് ലെച്ചുവാണ്. തുഷാരയുടെ കണ്ണിൽ കണ്ട അതേ തിളക്കമുണ്ട് ലെച്ചുവിന്റെ കണ്ണുകൾക്കും. പരസ്പരം പൂമാലയണിഞ്ഞ് തുഷാര ആഗ്രഹിച്ചപോലെ അവളെ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി.
ബാക്കിയുള്ള ചടങ്ങുകളും ഗംഭീര സദ്യയും കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങാൻ നേരമാണ് രാജീവനും ഇന്ദിരയ്ക്കും മകളോടുള്ള സ്നേഹം അണപൊട്ടിയൊഴുകിയത്. ഇന്ദിര തുഷാരയെ കെട്ടിപിടിച്ച് കരയുമ്പോൾ രാജീവന്റെ കണ്ണ് നിറഞ്ഞത് കാണാം. ഇന്ദിരയെ ചേർത്തുപിടിച്ച് രാജീവൻ മകളുടെ കൈപിടിച്ച് എന്നെ ഏൽപ്പിക്കുമ്പോൾ തുഷാരയുടെ മിഴികളും ഈറനണിഞ്ഞിരുന്നു. കണ്ണ് നിറച്ചുകൊണ്ട് എന്റെ കൈപിടിച്ച് നടക്കുന്ന തുഷാരയെ നോക്കി ലെച്ചുവും പാച്ചുവും കളിയാക്കുന്നുണ്ടെങ്കിലും പെണ്ണിന്റെ കണ്ണുനീർ നിർത്താതെ ഒഴുകി…
: ഡീ കട്ടുറുമ്പേ…
: ഉം….
: ഇങ്ങനെ കരയല്ലെടി… എല്ലാം കാമറയിൽ ഒപ്പിയെടുക്കുന്നുണ്ടേ..
: അത് സാരൂല…. ഇതൊക്കെ എല്ലാരും ചെയ്യുന്നതാ…
: ഉം.. മതിയെടോ. കണ്ണ് തുടച്ചേ… ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലേടി പെണ്ണെ…
ഇത് കേട്ടയുടനെ തുഷാര നല്ലൊരു ചിരി പാസ്സാക്കി… ലെച്ചു ഉടനെ കണ്ണ് ബൾബാക്കി എന്നെ നോക്കി.
: എന്താടാ നീ അവളോട് പറഞ്ഞേ… പെണ്ണ് ഇത്ര പെട്ടെന്ന് ചിരിക്കാൻ
: ഞാൻ പുതിയ ബ്രഷ് വാങ്ങിയ കാര്യം പറഞ്ഞതാ…
: ഓഹ്…രണ്ടാളും കൊതിച്ച് കെട്ടിയപോലുണ്ടല്ലോ…
: അളിയോ… മറ്റേ ഡയലോഗ് പറയുന്നോ… ജങ്ക ജഗ ജഗാ…
വീട്ടിലേക്കുള്ള യാത്രയിൽ പുറകിലെ സീറ്റിൽ എന്നോട് ചേർന്നിരിക്കുകയാണ് തുഷാര. ലെച്ചു മുന്നിൽ ഇരുന്ന് എല്ലാവരെയും കിട്ടത്തക്ക വിധത്തിൽ ഫോണും പിടിച്ച് സെൽഫി എടുക്കുന്ന തിരക്കിൽ ആണ്.