മിഴി [രാമന്‍]

Posted by

എനിക്ക് വീണ്ടും ദേഷ്യം വരുന്നുണ്ടായിരുന്നു.. കണ്ണുകൾ വെറുതെ നിറയുന്നു. കാലുകൾ ആവശ്യമില്ലാതെ കുലുക്കുന്നു,വിറക്കുന്നു അവരുടെ സംസാരമാണേൽ തീരുന്നുമില്ല.. നിവർത്തിയില്ലാതെ ഞാൻ ഏന്തി ഹോണിന്‍റെ മുകളില്‍ കൈവെച്ചു നിന്നു .അത് നീട്ടിയടിച്ചു ..വഴിയരികിൽ നിൽക്കുന്ന കൂട്ടം മൊത്തം ഒറ്റയടിക്ക് തിരിഞ്ഞു നോക്കി

” ഹാ അഭി ” ചെറിയമ്മയെന്റെ കൈ പിടിച്ചു മാറ്റി.. എന്തൊക്കെയോ തകരാറുള്ള പോലെ എനിക്ക് തന്നെ തോന്നി.എങനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാല്‍ മതിയെന്നുന്നായിരുന്നു എനിക്ക് .വീണ്ടും ഞാന്‍  ഹോൺ അടിക്കാൻ കൈ നീട്ടിയതും.. പകരം ചെറിയമ്മ ചാടിക്കേറിയടിച്ചു ഒന്ന്.. വീണ്ടും നന്ദി.

അവര് കേറി… ബാക്കിൽ നിന്ന് കലപില… ചെറിയമ്മ വണ്ടിയെടുത്തു.. അര മണിക്കൂർ ഡ്രൈവ് വീട്ടിലേക്ക്..

“ഇന്നെന്തു പറ്റി ഇവളുടെ കൂടെ ഇരിക്കാത്തതാണല്ലോ ? ” തല മുന്നോട്ട് നീട്ടി നോക്കി അച്ഛൻ. ബാക്കിൽ നിന്ന് ചിരിയോടെ അമ്മയോട് ചോദിച്ചു … ഒന്ന് സ്വസ്ഥമായി കിടക്കാൻ വിചാരിച്ചാൽ അതും സമ്മതിക്കില്ല..

“നിങ്ങൾക്കെന്തിന്റെ കേടാ.. ഇനി പറഞ്ഞു മാറ്റാൻ ആണോ ” അമ്മയിടപെട്ടു..പിന്നെ അച്ചന്‍ എന്തൊ സ്വകാര്യം അമ്മയോട് പിറുപിറുത്തു

“അനു.. എന്ത് പറ്റി ഇവന്?നീയവനെ പിന്നീം തല്ലിയോ, തിളച്ചയെണ്ണയിൽ ഒരുതുള്ളി വെള്ളം വീണ സ്വഭാവം അല്ലെ ഇവന്.. എന്തായിപ്പൊരുമാറ്റം? ” അച്ഛന്റെ സംശയം തീരുന്ന ലക്ഷണമില്ല. ചെറിയമ്മ എന്റെ നേർക്കൊന്ന്  പാളി നോക്കിയത് ഞാൻ അറിഞ്ഞു.നിന്ന് കരഞ്ഞത്  കണ്ടിട്ടാണോ ഒന്നും മിണ്ടാത്തത്? കണ്ടിട്ടുണ്ടെങ്കിൽ ഇപ്പൊ എന്നെ കളിയാക്കാൻ പറഞ്ഞിട്ടുണ്ടാവും.. പറയും എന്ന് ഞാൻ വിചാരിച്ചു. അവൾ ഒന്നും പറഞ്ഞില്ല.ഡ്രൈവിങ്ങിൽ തന്നെ.

ഞാൻ പുറത്തേക്ക് നോക്കി നിന്നു.. രാത്രിയുടെ സൗന്ദര്യം..എല്ലാംപിറകിലേക്ക് മറയുന്നു.മായുന്നു.പുതിയത് നിറയുന്നു.

തെളിഞ്ഞും മങ്ങിയും തെരുവുവിളക്കുകൾ, ഇരുട്ടിൽ ഒറ്റപ്പെട്ട വീട്, റോഡ് സൈഡിൽ തെരുവ് പട്ടിയും മക്കളും.. വിശന്നിരിക്കുകയായിരിക്കും ഒറ്റനോട്ടത്തിൽ എന്നെ നോക്കുന്ന പോലെ തോന്നി, പണി കഴിഞ്ഞു വീട്ടിലേക്ക് നീട്ടി നടക്കുന്ന പോലെ തോന്നിയ ഒരാൾ.. അയാളുടെ കയ്യിൽ ഒരു പലഹാര പൊതി ഉണ്ടാവാം, വീട്ടിൽ ഒരു കുട്ടി അതിനു കാത്തുനിൽക്കുന്നുമുണ്ടാകാം.ചീറി പാഞ്ഞു ഒരാബുലൻസ്. ആരെങ്കിലുമൊക്കെ നെഞ്ചു തല്ലി കരയുന്നുണ്ടാകും.പ്രിയപ്പെട്ടവർക്കു വേണ്ടി.പ്രാർത്ഥിക്കുവോ? തിരിച്ചുവരവിന് വേണ്ടി, സൈഡിൽ മതിലിന്റെ മുകളിൽ പതുങ്ങിയൊരു പൂച്ച.തിളങ്ങുന്ന ഒരൊറ്റക്കണ്ണു മാത്രം, വിശന്നു കരഞ്ഞപ്പോൾ കിട്ടിയ സമ്മാനമായിരിക്കും .ഹോട്ടലിനു മുന്നിൽ കീറിയ ഒരു നിക്കറിട്ട ചെക്കൻ.. ഞാൻ തല മാറ്റി കളഞ്ഞു… രാത്രിയുടെ സൗന്ദര്യം, കോപ്പ്!!

Leave a Reply

Your email address will not be published. Required fields are marked *