ജോമോന്റെ ചേച്ചി 2
Jomonte Chechi Part 2 | Author : Jomon | Previous Part
“ഇനി ഞാൻ എങ്ങനെയാ ജോ ഇവിടെ നിൽക്കുന്നെ.. എന്ത് പറഞ്ഞു നിൽക്കും.. ഇന്നലെ വരെ പറയാൻ ഒരു കാരണം ഉണ്ടായിരുന്നു.. ജോയലിന്റെ പെണ്ണ് ആണെന്ന്.. ഇന്നോ..”
അവൾ പറഞ്ഞതിലും കാര്യമുണ്ട്.. വേഗന്ന് തന്നെ ഞാൻ അവളുടെ കൈ തട്ടി മാറ്റി കട്ടിലിൽ നിന്ന് ഇറങ്ങി അമ്മയുടെയും അച്ഛന്റെയും മുറി ലക്ഷ്യമാക്കി നടന്നു
ഇരുന്നിടത്ത് നിന്ന് ഒന്ന് അനങ്ങാൻ കൂടെ ശ്രമിക്കാതെ ചേച്ചി ആ ഇരിപ്പ് തുടർന്നു
അമ്മയുടെ റൂമിലേക്ക് ഓടി കയറിയ ഞാൻ കണ്ടത് കട്ടിലിൽ ഇരുന്ന് എന്തോ സംസാരിക്കുന്ന അച്ഛനെയും അമ്മയെയും തന്നെ ആണ്
ചേട്ടനെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി
എന്നെ കണ്ടതും സംസാരം നിർത്തിയവർ എന്നെ നോക്കി
“എന്താ ജോ നീ ഉറങ്ങിയില്ലേ.. നാളെ ക്ലാസ്സിൽ പോണ്ടേ നിനക്ക്..”
വളരെ ശാന്തനായി എന്നോട് അച്ഛൻ ചോദിച്ചു
എന്നെ തല്ലിയ വിഷമം അച്ഛന് ഉണ്ടെന്ന് എനിക്ക് തോന്നി.. എങ്കിലും അച്ഛനെ നോക്കാതെ ഞാൻ അമ്മയോട് ചോദിച്ചു
“ചേട്ടന്റെ കല്യാണം കഴിഞ്ഞോ..?
“മ്മ്..”
അമ്മ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്
“അപ്പൊ ഇനി ചേച്ചിയുടെ കാര്യമോ… ചേച്ചി ഇനി എങ്ങോട്ട് പോകും..”
ഉള്ളിലെ സങ്കടത്തിലും ദേഷ്യത്തിലും എന്റെ ശബ്ദം ഇടറിയിരുന്നു
അതിന് അമ്മ ഒന്നും പറഞ്ഞില്ല.. അടുത്തിരുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കി ഇരുന്നു
ഞാൻ അച്ഛനെ നോക്കി
എന്റെ ചോദ്യത്തിനുള്ള മറുപടി അച്ഛൻ ആണ് തന്നത്
“നിന്റെ ചേച്ചി എങ്ങോട്ട് പോകാൻ..?
ങേ.. ഇനി ഇവർക്ക് ഞാൻ ചോദിച്ചത് മനസിലായി കാണില്ലേ
“ചേട്ടൻ കെട്ടുമെന്ന ഒറപ്പിൽ അല്ലേ ഇത്രയും കാലം ചേച്ചി ഇവിടെ നിന്നത്.. ഇനി അത് നടക്കില്ലല്ലോ..”
ഞാൻ ചോദിച്ചു.. അതിന് അച്ഛന്റെയും അമ്മയുടെയും മുഖത്തു ഒരു ചിരി മാത്രം ആയിരുന്നു മറുപടി
ഇതിപ്പോ എല്ലാത്തിനും വട്ടായോ.. അതോ എനിക്ക് മാത്രം വട്ടായത് ആണോ.. ഇവിടെ രണ്ടു പേരിരുന്ന് ചിരിക്കുന്നു.. അവിടെ റൂമിൽ ഒരുത്തിയിരുന്നു കരയുന്നു